Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

കിബു വിക്കൂന: ടീമിന്റെ പ്രകടനത്തിൽ സന്തുഷ്ടനാണ്

Published at :January 21, 2021 at 6:15 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ഈ സീസണിൽ കൊമ്പന്മാരുടെ മൂന്നാം വിജയമാണിത്.

അലറി വിളിക്കാൻ നിറഞ്ഞു കവിഞ്ഞ ഗാലറി ഇല്ലാതെ ആയിപ്പോയി, ശരിക്കും ഇന്ന് ഗോവയിൽ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു വധം ആണ് നടത്തിയത്. ഒരു ഗോളിന് പിന്നിലായി പോയ ബ്ലാസ്റ്റേഴ്‌സ് അവിശ്വസനീയമാം വിധം നടത്തിയ തിരിച്ചു വരവിൽ രണ്ടാംപകുതിയിൽ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ ബ്ലൂസിനെ തകർത്ത് വിട്ടു, ഇന്ന് ഗോളുകൾ നേടിയില്ല എങ്കിലും ശരിക്കും വിജയത്തിന് ചാലക ശക്തി ആയി പ്രവർത്തനം നടത്തിയത് ഗോൾ കീപ്പർ ആൽബിനോ ഗോമസും, രണ്ട് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ച ഗാരി ഹൂപ്പറും ആണ്. ഗോളടിക്കാൻ വന്ന ഹൂപ്പർന് ഇപ്പോൾ ഗോളടിപ്പിക്കുന്നത് ആണ് ഹരം. വിജയ്ത്തിന് ശേഷം കിബു വിക്കൂന മാധ്യമങ്ങൾക്ക് മുന്നിൽ എത്തി. അവസാന വിസിൽ മുഴങ്ങുന്നതുവരെ കളി വിട്ടു കൊടുക്കാത്ത ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട വീര്യത്തെ പ്രശംസിച്ചുകൊണ്ടാണ് വിക്കൂന ആരംഭിച്ചത്.

“ഈ മനോഭാവം ടീമിന്റെ ഒരു പ്രധാന ഭാഗമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു. "കളിക്കാരുടെ മനോഭാവവും പ്രതിബദ്ധതയും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. അവസാന മൂന്ന് കളികളിൽ, ഞങ്ങൾ അത് പിച്ചിൽ കാണിക്കുകയും അതിനുള്ള ഫലങ്ങൾ നേടുകയും ചെയ്തു. എന്നാൽ ഇന്ന് കാര്യങ്ങൾ അൽപ്പം വ്യത്യസ്തമായിരുന്നു, കാരണം ഞങ്ങൾ ബെംഗളൂരു എഫ്‌സിക്കെതിരെയാണ് കളിക്കുന്നത്, അവർക്ക് വളരെ നല്ല കളിക്കാർ ഉണ്ടായിരുന്നു എന്നത് മാത്രമല്ല, അവർ ആദ്യ പകുതിയിൽ തന്നെ ലീഡും നേടി. എന്നാൽ ടീമിന്റെ പരിശ്രമം കൊണ്ട് ഞങ്ങൾ തിരിച്ചെത്തി, ഇപ്പോൾ ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ ലഭിച്ചതിനാൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്." വിക്കൂന കൂട്ടിച്ചേർത്തു.

പ്രതിരോധ തന്ത്രത്തെക്കുറിച്ച്

ബി‌എഫ്‌സിക്കെതിരെ വ്യത്യസ്തമായ പ്രതിരോധ നിരയുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്, ജെസ്സൽ കാർനെറോ, നിഷു കുമാർ, ബക്കറി കോൺ എന്നിവർ ആദ്യ ഇലവനിൽ നിന്ന് വിട്ടുനിൽക്കുന്നു. ജീക്സൺ സിംഗ് കോസ്റ്റാ നമോയിൻസുവിനൊപ്പം പങ്കാളികളായി. ഡെനേചന്ദ്ര മൈതേയി വളരെ നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റാർട്ടിംഗ് ഇലവനിലേക്ക് മടങ്ങി. ഈ മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ആ തീരുമാനത്തിന് പിന്നിൽ ചില 'തന്ത്രപരമായ കാരണങ്ങൾ' ഉണ്ടെന്ന് കോച്ച് വിശദീകരിച്ചു.

"തന്ത്രപരമായ കാരണങ്ങൾ. കാരണം ഞങ്ങൾ ലൈനപ്പ് തിരഞ്ഞെടുക്കുമ്പോൾ എതിരാളികളെയും അവരുടെ സാധ്യതകളെയും കുറിച്ച് ചിന്തിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഇന്ന് രാത്രി കളിക്കാൻ അവസരം ലഭിച്ച എല്ലാവരുടെയും പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. ദെനേചന്ദ്ര ഇതുവരെ അധികം കളിച്ചിട്ടില്ലെങ്കിലും അദ്ദേഹം നന്നായി കളിച്ചു, സെൻട്രൽ ഡിഫെൻസിൽ ജീക്സണും നന്നായി കളിച്ചു. സെന്റർ ബാക്ക്, മിഡ്ഫീൽഡർ എന്നീ പൊസിഷനിൽ കളിക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം കാണിച്ചു."

"ഫുൾ ബാക്ക് എന്ന നിലയിൽ സന്ദീപിനും ഇന്ന് രാത്രി വ്യത്യസ്തമായ ഒരു റോളാണ് ഉണ്ടായിരുന്നത്. മൊത്തത്തിൽ എല്ലാവരുടേയും പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്.” വിക്കൂന പറഞ്ഞു.

ഹാഫ്-ടൈം ചർച്ചകൾ

അവസാന 45 മിനിറ്റിൽ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. അത്കൊണ്ട് തന്നെ ഹാഫ് ടൈമിൽ കളിക്കാരുമായി എന്തെങ്കിലും തന്ത്രപരമായ ചർച്ചകൾ നടത്തിയോ എന്ന ചോദ്യത്തിന് കോച്ചിന്റെ മറുപടി ഇങ്ങനെയായിരുന്നു, “ഇത് തികച്ചും വ്യത്യസ്തമായ ടീമാണെന്ന് ഞാൻ കരുതുന്നില്ല. ആദ്യ പകുതിയിലും അവർ നന്നായി കളിച്ചു. സഹലിന് കിട്ടിയ രണ്ട് മികച്ച അവസരണങ്ങൾ ഉൾപ്പെടെ നിരവധി അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ അതെല്ലാം ഗോളായി പരിവർത്തനം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല."

"രണ്ടാം പകുതിയിൽ ഞങ്ങൾ രണ്ട് സ്ട്രൈക്കർമാരുമായാണ് ഇറങ്ങിയത്, ഗാരി ഹൂപ്പർ മുന്നിലും, രാഹുൽ അദ്ദേഹത്തിന്റെ പിന്നിലും. ബംഗളുരു തിരികെ കളിയിലേക്ക് തിരുച്ചുവരുന്നതിന് മുമ്പേ ഞങ്ങൾക്കായിരുന്നു കൂടുതൽ പന്തടക്കം. ഇത് അവരുടെ പകുതിയിൽ കൂടുതൽ സമയം കളിക്കാനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ഞങ്ങളെ പ്രേരിപ്പിച്ചു.” കിബു വിക്കൂന വിശദീകരിച്ചു.

വിജയത്തിന്റെ പ്രാധാന്യം

“തീർച്ചയായും, ഇത് ഒരു പ്രധാന വിജയമാണ്. ഞങ്ങൾക്ക് ഇപ്പോൾ 13 പോയിന്റുണ്ട്, അതിൽ ഏഴെണ്ണം ഞങ്ങളുടെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്നാണ്. കൂടാതെ, പിന്നിൽ നിന്ന് ഞങ്ങൾ തിരിച്ചെത്തിയ രീതി നമ്മുടെ മനോഭാവത്തെക്കുറിച്ച് ധാരാളം പറയുന്നു. ഈ സീസണിൽ കൂടുതൽ പോയിന്റുകൾ നേടാനാകുമെന്ന് വിശ്വസിക്കുന്ന ഒരു ടീം ഞങ്ങളുടെ പക്കലുണ്ട്.” മുൻ മോഹൻ ബഗാൻ പരിശീലകൻ പറഞ്ഞു.

“ഞങ്ങൾ മുന്നോട്ട് പോകണം. ഞങ്ങളുടെ കളിക്കാരെ പരിക്കിൽ നിന്നും വീണ്ടെടുക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും, കാരണം ഞങ്ങൾക്ക് വെറും മൂന്ന് ദിവസത്തിനുള്ളിൽ മറ്റൊരു ഗെയിം ഉണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കുകൾ

സ്റ്റാർ സ്‌ട്രൈക്കർ ജോർദാൻ മുറെയെ പകുതിസമയത്ത് പുറത്തേക്കു വിളിച്ചതിനെക്കുറിച്ച് കിബു വിക്കൂനയുടെ പ്രതികരണം ഇതായിരുന്നു “ജോർദാൻ കഴിഞ്ഞ കളി മുതൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു. ഇന്ന് രാത്രി രണ്ടാം പകുതിയിൽ അദ്ദേഹത്തിന് തുടരാനായില്ല."

"രണ്ട് സ്‌ട്രൈക്കർമാരുമായി ഞങ്ങൾക്ക് തുടരേണ്ടിവന്നു, അതിനാൽ ഞങ്ങൾ ഗാരിയെ മുന്നിലും രാഹുലിനു പിന്നിലും കളിപ്പിച്ചു. പ്യൂട്ടിയയും ആക്രമണത്തിൽ മികച്ച ഗെയിം കളിച്ചു. ഇന്ന് രാത്രി അദ്ദേഹം എന്റെ പ്രതീക്ഷകൾ നിറവേറ്റി, അദ്ദേഹത്തിന്റെ പ്രകടനമാണ് ഇന്ന് രാത്രി ഞങ്ങൾ വിജയിച്ചതിന്റെ ഒരു പ്രധാന കാരണം. ഞാൻ നേരത്തെ പറഞ്ഞതുപോലെ ടീമിലെ എല്ലാവരുടേം പ്രകടനത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്.” അദ്ദേഹം സൈൻ ഓഫ് ചെയ്തു.

പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് മുന്നേറാൻ ഈ വിജയം ബ്ലാസ്റ്റേഴ്‌സിനെ സഹായിച്ചു, വരും ദിനങ്ങളിൽ ഇതുപോലുള്ള വിജയങ്ങൾ തുടരാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് പ്ളേ ഓഫിലേക്ക് കുതിക്കും, ആ കുതിപ്പ് ഒരു പക്ഷേ കിരീടത്തിൽ ആയിരിക്കും അവസാനിക്കുന്നത്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.