പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ കിബു വിക്യൂനയോടൊപ്പം മലയാളി വിങ്ങർ രാഹുൽ കെപിയും പങ്കെടുത്തിരുന്നു.

ആവേശകരമായ മത്സരത്തിൽ ബംഗളുരു എഫ്‌സിയെ തോൽപ്പിച്ച ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം റൗണ്ടിൽ എഫ്‌സി ഗോവയെ നേരിടുന്നു. ജിഎംസി ബാംബോലിം സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തിൽ ടീം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഗോവയോട് തോറ്റിരുന്നു. നിലവിൽ പോയിന്റ് ടേബിളിൽ 12 മത്സരങ്ങളിൽ നിന്നായി 19 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് എഫ്‌സി ഗോവ . കേരള ബ്ലാസ്റ്റേഴ്സിന് ആകട്ടെ 12 മത്സരങ്ങളിൽ നിന്നായി 13 പോയിന്റുകൾ നേടി ഒൻപതാം സ്ഥാനത്തും.

മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകൻ കിബു വിക്യൂനയോടൊപ്പം മലയാളി വിങ്ങർ രാഹുൽ കെപിയും പങ്കെടുത്തു. പത്രസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ.

WATCH: Kibu Vicuna and Rahul KP speak at the pre-match press conference

ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിനെ കുറിച്ച്

കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി ഏഴ് പോയിന്റുകൾ നേടിയെടുത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് കുതിക്കുന്നത്. അവസാന മത്സരത്തിൽ ബംഗളുരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രകടിപ്പിച്ച പോരാട്ടവീര്യം പ്രശംസനീയമാണ്. അതിനെ സൂചിപ്പിച്ചുകൊണ്ടാണ് കിബു സംസാരിച്ചു തുടങ്ങിയത്.

” ഞങ്ങൾ ഓരോ മത്സരവും അവസാനം വരെ പോരാടുന്നു. ഞാൻ കരുതുന്നത്, അവസാനമത്സരങ്ങളിൽ ഞങ്ങൾ നന്നായി തന്നെ പോരാടിയതിനാലാണ് പോയിന്റുകൾ ലഭിച്ചത്. ” – കിബു പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ ആത്മവിശ്വാസത്തോടെയാണ് നാളെ കളികളത്തിലിറങ്ങുന്നത് എങ്കിലും ഗോവയെ പോലെ ശക്തമായ ടീമിനെതിരെയുള്ള മത്സരം ദുഷ്കരമായിരിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു.

” നാളത്തെ മത്സരം കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമാണ്. എങ്കിലും ഞങ്ങൾ താരങ്ങളുടെ റിക്കവറിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്. മത്സരത്തിനു വേണ്ടി ഞങ്ങൾ നല്ല രീതിയിൽ തന്നെ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ” – അദ്ദേഹം കൂട്ടിച്ചേർത്തു.

പത്ര സമ്മേളനത്തിൽ കിബുവിനൊപ്പം പങ്കെടുത്ത, ബംഗളൂരുവിന് എതിരായ കഴിഞ്ഞ മത്സരത്തിൽ വിജയ ഗോൾ നേടിയ രാഹുൽ കെപി ആ നിമിഷങ്ങളെ ഓർക്കാൻ ശ്രമിച്ചു.

എന്റെ ആ ഒരു ഗോളിന് പിന്നിൽ ധാരാളം വികാരങ്ങളുണ്ട് ഉണ്ട് ” – രാഹുൽ സംസാരിച്ചു തുടങ്ങി. ” ആദ്യമായി ദൈവത്തോടും എൻറെ ടീം അംഗങ്ങളോടും കോച്ചിങ് സ്റ്റാഫുകളോടും ഞാൻ നന്ദി പറയുന്നു. ആ ഗോളിൽ അത്ഭുതകരം എന്ന് പറയാനായി ഒന്നുമില്ല. അത് എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ്. കഠിനമായ പരിശീലിക്കുകയും പരിശീലകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്തതിനാലാണ് അവസാന നിമിഷം ആ ഒരു ഗോൾ നേടാനായത്. ” – രാഹുൽ കൂട്ടിച്ചേർത്തു.

” എന്റെ ജോലി ടീമിനെ സഹായിക്കലാണ് ” – രാഹുൽ

കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരങ്ങളിൽ ഒരാളാണ് രാഹുൽ കെ പി. ദേശീയ ടീമിലേക്ക് പരിഗണിക്കുന്നതിനെ പറ്റി ചോദ്യങ്ങൾ ഉയരുമ്പോൾ താൻ അതൊന്നും ശ്രദ്ധിക്കുന്നില്ല എന്നും തന്റെ ശ്രദ്ധ മുഴുവൻ ടീമിൽ ആണെന്നും രാഹുൽ പ്രതികരിക്കുകയുണ്ടായി.

” എന്റെ നിലവിലെ ലക്ഷ്യം ദേശീയ ടീമിലേക്ക് ശ്രദ്ധചെലുത്തുകയല്ല. മികച്ച പ്രകടനം കാഴ്ച വെക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിനെ സഹായിക്കലാണ്. നല്ല പ്രകടനം പുറത്തെടുത്താൽ ബാക്കിയെല്ലാം പുറകെ വരും എന്ന് ഞാൻ കരുതുന്നു. പക്ഷേ ഇന്ന് എന്റെ ജോലി സ്ഥിരതയോടെ നല്ല പ്രകടനം കാഴ്ച വെക്കുക എന്നതാണ്. ” – രാഹുൽ കൂട്ടിച്ചേർത്തു.

തന്റെയും മറ്റ് കളിക്കാരുടെയും പുരോഗതിയിൽ കോച്ച് കിബു വികുനയുടെ പങ്കിനെക്കുറിച്ച് സംസാരിച്ച രാഹുൽ, സ്പെയിൻ കളിക്കാരെ അദ്ദേഹം വളരെയധികം വിശ്വസിക്കുന്നുവെന്നും ആ വിശ്വാസം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എല്ലാവർക്കും ആത്മവിശ്വാസം നൽകുന്നുവെന്നും പറഞ്ഞു.

” അദ്ദേഹം എന്നെ വിശ്വസിക്കുന്നു, സ്ട്രൈക്കറുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെകിൽ അദ്ദേഹം എന്നെ സ്‌ട്രൈക്കറായി ഉപയോഗിക്കുന്നു. ഓരോ കളിക്കാരനിലും അദ്ദേഹത്തിന് വിശ്വാസമുണ്ട്, പരിശീലനത്തിലും അത് കാണാൻ സാധിക്കുന്നു. – രാഹുൽ പറഞ്ഞു. “കൂടാതെ, അദ്ദേഹം എല്ലായ്പ്പോഴും ഞങ്ങളെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു.” – അവൻ കൂട്ടിച്ചേർത്തു.

എഫ്‌സി ഗോവയെ പറ്റി

എഫ്‌സി ഗോവയെ പറ്റി സംസാരിച്ച കിബു വികുന, ലീഗിലെ ഏറ്റവും ആവേശമുള്ള ടീമുകളിലൊന്നാണെന്ന് അഭിപ്രായപ്പെട്ടു. ” മികച്ച കളിക്കാരെ മികച്ച രീതിയിൽ തയ്യാറാക്കിയ ടീമാണ് അവർ. ഓർട്ടിസ്, അംഗുലോ, റൊമാരിയോ തുടങ്ങിയ പോട്ടെന്ഷ്യൽ ഉള്ള കളിക്കാരുള്ള ടീമാണ് അവർ. ” കിബു അഭിപ്രായപ്പെട്ടു.

ഈ സീസണിന്റെ ആദ്യ പകുതിയിൽ ഗോവക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് 3-1 നു തോൽവി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ മുൻ അനുഭവത്തിൽ നിന്ന് തങ്ങൾ പഠിച്ചുവെന്നും അതേ തെറ്റുകൾ നാളെ ആവർത്തിക്കില്ലെന്നും വികുന ഉറപ്പ് നൽകി.

” ആദ്യ ഗെയിമിൽ അവർ ഞങ്ങൾക്ക് എതിരെ വളരെ എളുപ്പത്തിൽ ഗോളുകൾ നേടി എന്നത് സത്യമാണ്. എന്നാൽ നാളത്തെ മത്സരം കൂടുതൽ പ്രതിരോധാത്മകമായിരിക്കുമെന്ന് ഞാൻ കരുതുന്നു. കൂടാതെ, ഞങ്ങൾ മെച്ചപ്പെടുന്നു, സീസണിന്റെ തുടക്കത്തേക്കാൾ കൂടുതൽ അവസരങ്ങൾ ഇന്ന് സൃഷ്ടിക്കുന്നു. അതിനാൽ മൂന്ന് പോയിന്റുകൾ നേടാനുള്ള അവസരം നാളെ ഞങ്ങൾക്ക് ലഭിക്കും, “കിബു വികുന പറഞ്ഞു.

ആദ്യ നാലിലേക്കുള്ള പ്രതീക്ഷകളും ശുഭഖോഷും

കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണെങ്കിലും നാലാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സിയെക്കാൾ നാല് പോയിന്റ് മാത്രം പിന്നിലാണ് അവർ. അതിനാൽ ആദ്യ നാലിൽ എത്തുന്നതിന്റെ സാധ്യതയെക്കുറിച്ച് സംസാരിച്ച കിബു വികുന ഇപ്പോൾ താൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നാണ് അറിയിച്ചത്.

” ഞങ്ങൾ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് അടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പക്ഷേ, ഇന്ന് ഞങ്ങൾ അടുത്ത ഗെയിമിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ” – കിബു വ്യക്തമാക്കി

പുതിയ സൈനിംഗ് സുഭ ഘോഷ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടെന്നും ആവശ്യമുള്ളപ്പോഴെല്ലാം കളിപ്പിക്കാൻ തയ്യാറാണെന്നും പരിശീലകൻ പറഞ്ഞു.

” അവൻ ടീമിനൊപ്പം പരിശീലനം നടത്തുന്നു, നന്നായി കളിക്കുന്നു. ആവശ്യമെങ്കിൽ ഞങ്ങളെ സഹായിക്കാനും അവൻ തയ്യാറാണ്.” – അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു .

For more updates, follow Khel Now on Twitter, Instagram and join our community on Telegram.