ഒഡിഷക്ക് എതിരായ മത്സരത്തിന് ശേഷമാണ് ടീമിന്റെ മനോഭാവത്തിൽ മാറ്റം വന്നതെന്നും കിബു സൂചിപ്പിച്ചു.

കൈപ്പിടിയിൽ ഒതുക്കാൻ കഴിയുമായിരുന്ന മൂന്ന് പോയിന്റുകളെ നഷ്ടപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 65 ആം മിനുട്ടിൽ ഗോവയുടെ പ്രതിരോധ താരം ഇവാൻ ഗോൺസലെസിനു ലഭിച്ച ലഭിച്ച റെഡ് കാർഡ് മുതലെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയാതെ പോയതും ഗോവയുടെ പെനാൽറ്റി ബോക്സിനു മുന്നിൽ ഗാരി ഹൂപ്പർ തനിക്ക് ഗോളുകൾ നേടാൻ കിട്ടിയ സുവർണാവസരങ്ങൾ സഹതാരങ്ങൾക്ക് പാസ്സ് നൽകി മറ്റൊരു അവസരമാക്കാൻ ശ്രമിച്ചതും ടീമിന് തിരിച്ചടിയായി. ഹൂപ്പറിന്റെ അപ്രതീക്ഷിതമായുള്ള പാസ്സുകൾ പിടിച്ചെടുക്കാനും താരങ്ങൾക്ക് അവ ലക്ഷ്യത്തിൽ എത്തിക്കാനും സാധിച്ചിരുന്നെങ്കിൽ കുറഞ്ഞത് മൂന്ന് ഗോളുകൾ കേരളം നേടിയെടുത്തേനേ. രാഹുൽ കെപിയുടെ ഗോളിലൂടെ കളിയിലേക്ക് തിരിച്ചുവരവ് നടത്തി ഗോവക്ക് എതിരെ സമനില പിടിച്ച ശേഷം കിബു വിക്യൂന മാധ്യമങ്ങൾക്ക് അഭിമുഖം നൽകി. എഫ്‌സി ഗോവ കാഴ്ച വെച്ച കളി ശൈലിയെ കുറിച്ച് സംസാരിച്ചാണ് അദ്ദേഹം ആരംഭിച്ചത്.

” ഇന്ന് ആദ്യ പകുതിയിൽ അവർ നന്നായി തന്നെ കളിച്ചു. അവർക്ക് പന്ത് കൈവശപ്പെടുത്തി കളിക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങൾക്ക് ആക്രമണത്തെക്കാളേറെ പ്രതിരോധത്തിലേക്ക് ശ്രദ്ധ നൽകേണ്ടി വന്നു. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ കുറച്ചുകൂടി വ്യത്യസ്തമായി, എനിക്ക് തോന്നുന്നത്, രണ്ടാം പകുതിയിൽ ഞങ്ങളായിരുന്നു കളിക്കളത്തിൽ കുറച്ചുകൂടി നന്നായി കളിച്ച ടീം. ” – കിബു സംസാരിച്ചു.

മത്സരത്തെപ്പറ്റി

” കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങൾ ഇന്ന് ഞങ്ങൾക്ക് ലഭിച്ചു. ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ വേണമായിരുന്നു പക്ഷെ ഒരു പോയിന്റ് മാത്രമാണ് ലഭിച്ചത്. ഇന്നത്തെ മത്സരം വളരെ വിചിത്രമായിരുന്നു. ആദ്യ പകുതി മികച്ചതും രണ്ടാം പകുതി അതിൽ കൂടുതൽ മികച്ചതുമായിരുന്നു. അതിനാൽ തന്നെ ഈ സമനിലയിൽ ഞാൻ സംതൃപ്തനാണ്. ” – കിബു കൂട്ടിച്ചേർത്തു

ഗോവ പത്തുപേരായി ചുരുങ്ങിയിട്ടും വിജയഗോൾ നേടാൻ സാധിക്കാതിരുന്നതിനെ പറ്റി

” അത് വളരെയധികം ശ്രമകരമായിരുന്നു. ഞങ്ങൾക്ക് പന്ത് നിയന്ത്രണത്തിൽ കൊണ്ട് വരുകയും അതുവഴി അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യണമായിരുന്നു. എന്നാൽ അവർ (എഫ്‌സി ഗോവ) പ്രത്യാക്രമണത്തിൽ വളരെ മികച്ചവരാണെന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു. ഞങ്ങൾക്ക് ഒരു ഗോൾ കൂടി നേടാൻ ആഗ്രഹമുണ്ടായിരുന്നു അതേപോലെ പ്രതിരോധിക്കാനും. ” – അദ്ദേഹം വ്യക്തമാക്കി.

അടുത്ത മത്സരത്തിൽ രാഹുലിനും ജീക്സണും കിട്ടിയ സസ്പെൻഷനുകളെ പറ്റി

ഈ സീസണിൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളായി കിബുവിന്റെ കീഴിൽ ആദ്യ പതിനൊന്നിൽ സ്ഥിരം സ്ഥാനം ഉറപ്പിച്ച രണ്ടു ഇന്ത്യൻ യുവതാരങ്ങളാണ് രാഹുൽ കെപിയും ജീക്സണും. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഏറ്റ മഞ്ഞക്കാർഡുകൾ മൂലം ഇരുവർക്കും അടുത്ത മത്സരം നഷ്ടപെടും. അതെപ്പറ്റി കോച്ചിന്റെ പ്രതികരണം

” ഞങ്ങൾ 11 പേരുമായി കളിക്കും. അവരുടെ അഭാവം ഉണ്ടാകും എന്നത് സത്യമാണ്, നമുക്ക് കാണാം, ഇന്ന് കളിക്കാത്ത ചില കളിക്കാരുടെ റിക്കവറിയിൽ ഞങ്ങൾ ശ്രദ്ധിക്കും, കൂടാതെ അവസരങ്ങൾ നേടാൻ ആഗ്രഹിക്കുന്ന കളിക്കാർ ബെഞ്ചിലും ഉണ്ട്. ” – കിബു വിക്യൂന വ്യക്തമാക്കി.

അവസാന മത്സരങ്ങളിൽ ടീം കാണിക്കുന്ന പോരാട്ട വീര്യത്തെ പറ്റി

“ഒഡീഷയ്‌ക്കെതിരായ മത്സരത്തിന് ശേഷം എല്ലാവരും ഒരു പടി മുന്നോട്ട് വെച്ചു എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ ഒരുമിച്ച് കളിക്കുന്നു ഒരുമിച്ച് പോരാടുന്നു. പ്ലേ ഓഫിൽ ഇടം പിടിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്, ഞങ്ങൾ മുമ്പത്തേതിനേക്കാൾ കൂടുതൽ ധീരമായി കളിക്കുന്നു, ഗെയിമുകളിൽ കൂടുതൽ മത്സരസ്വഭാവം കാഴ്ച വെക്കുന്നു.” – കിബു സംസാരിച്ചു.

” ഞങ്ങളുടെ ആദ്യ പാദത്തിൽ ബെംഗളൂരുവിനും ഗോവയ്ക്കുമെതിരായ മത്സരങ്ങൾ ഞങ്ങൾ തോറ്റിരുന്നു. പക്ഷേ ഇപ്പോൾ അവർക്കെതിരായ രണ്ടാം പാദത്തിൽ 4 പോയിന്റുകൾ നേടിയെടുത്തു. എല്ലാ ടീമുകൾക്കെതിരെയും ഞങ്ങൾ നന്നായി കളിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ”

” ഞങ്ങൾ മുന്നോട്ട് പോകുകയും അടുത്ത മത്സരത്തിനായി ഞങ്ങളെ തയ്യാറാക്കുകയും വേണം. ജംഷദ്‌പൂറിനെതിരെ മൂന്ന് പോയിന്റുകൾ നേടണം. ” – അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.