പരിക്കുകൾ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചു എന്നും കോച്ച് പറഞ്ഞു.
ഗോവയിലേ ആളൊഴിഞ്ഞ തിലക് മൈതാനിയിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ് സിയെ നേരിടാൻ കേരളാ ബ്ലാസ്‌റ്റേഴ്‌സ് തയ്യാറെടുത്തപ്പോൾ ജയത്തിൽ കുറഞ്ഞൊന്നും തന്നെ ആരും പ്രതീക്ഷിച്ചില്ല, പ്രതീക്ഷ ശരിവക്കും വിധം ഏഴാം മിനിറ്റിൽ തന്നെ മുറെയിലൂടെ ഗോൾ വല കുലുക്കി ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി, പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല, ഒന്നിന് പുറകേ ഒന്നൊന്നായി വന്ന ഒഡീഷ ആക്രമണം ബ്ലാസ്റ്റേഴ്‌സ് നിരയെ തകർത്തെറിഞ്ഞു. രണ്ടാം പകുതിയിൽ സൂപ്പർ താരം ഗാരി ഹൂപ്പെറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോൾ കൂടി നേടി എങ്കിലും നാലു ഗോൾ നേടിയ ഒഡീഷ മത്സരം തങ്ങളുടെ പേരിൽ കുറിച്ചു. മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കിബു വികൂന ആദ്യ ചോദ്യത്തിന് ഉത്തരം നൽകുന്നതിനുമുമ്പ് ആരാധകരോട് ക്ഷമ ചോദിക്കുകയും അവർ വളരെയധികം തെറ്റുകൾ വരുത്തിയെന്ന് സമ്മതിക്കുകയും ചെയ്തു.
വികൂനയുടെ ക്ഷമാപണം
“കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇന്ന് രാത്രി, ഞങ്ങൾ വളരെയധികം തെറ്റുകൾ വരുത്തി. പിച്ചിൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന ടീമല്ല ഇത്. ക്ഷമിക്കണം, എല്ലാവരോടും ക്ഷമിക്കൂ” അദ്ദേഹം പറഞ്ഞു.
ഈ തോൽവിയെത്തുടർന്ന് ടീമിനുള്ളിൽ എന്താണ് മാറ്റം വരുത്തേണ്ടത് എന്നതിനെക്കുറിച്ച് കോച്ച് പറഞ്ഞു
“ഇപ്പോൾ എല്ലാം മാറേണ്ടതുണ്ട്. ഞങ്ങൾ വളരെയധികം തെറ്റുകൾ ചെയ്തു. ഈ ഫലത്തിന് ശേഷം ടീമിന് നിരാശ അനുഭവപ്പെടും, അതിനാൽ അവർക്ക് മാനസിക പിന്തുണയും ആവശ്യമാണ്. ഞങ്ങൾക്ക് ഞായറാഴ്ച ഒരു കളി ഉണ്ട്, ഞങ്ങൾക്ക് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഞായറാഴ്ച ജംഷദ്‌പൂർ എഫ്‌സിക്കെതിരെ മൂന്ന് പോയിന്റുകൾ ഞങ്ങൾക്ക് ആവശ്യമാണ്” അദ്ദേഹം പ്രതികരിച്ചു.
തന്റെ ടീമിന്റെ തോൽവിയെ പറ്റി അദ്ദേഹം മനസ് തുറന്നു
“ഒരു ടീം നാല് ഗോളുകൾ വഴങ്ങുമ്പോൾ ആ മത്സരത്തിൽ നിന്ന് പിന്നെ പോയിന്റുകൾ നേടുന്നത് വളരെ പ്രയാസമാണ്. ഞങ്ങൾ ഇത്രയധികം ഗോൾ വഴങ്ങരുതായിരുന്നു.”
തോൽവിയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ മത്സരം വിശകലനം ചെയ്യും, ഞങ്ങൾ എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും” അദ്ദേഹം വിശദീകരിച്ചു. “ഞങ്ങൾ നന്നായി ആരംഭിക്കുകയും ആദ്യഗോൾ നേടുകയും ചെയ്തു. അവരുടെ സമനില ഗോൾ ഞങ്ങളിൽ വലിയ മാറ്റമൊന്നും വരുത്തിയില്ല. അവർ രണ്ടാം ഗോൾ നേടിയപ്പോൾ കളി മാറി, ഞങ്ങൾ അനുയോജ്യമായ രീതിയിൽ പ്രതികരിച്ചില്ല, പിന്നീട് രണ്ടാം പകുതി മോശമായി ആരംഭിച്ചു. പിന്നീട് അവർ വീണ്ടും സ്കോർ ചെയ്തു, ഞങ്ങൾ നന്നായി പ്രതികരിക്കാൻ തുടങ്ങിയപ്പോഴേക്കും മത്സരം നഷ്ടപ്പെട്ടു.”
പരിക്കുകൾ ടീമിനെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചു കൂടി അദ്ദേഹം സംസാരിച്ചു.
ഫിറ്റ്നസ് പ്രശ്നങ്ങളും ടീമിന്റ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചു എന്ന് കിബു വികൂന സമ്മതിച്ചു.
“ഞങ്ങളുടെ ടീമിൽ കുറച്ച് ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ ഞങ്ങളുടെ അവസാന പരിശീലനത്തിനിടെ കോസ്റ്റയ്ക്ക് ചെറിയ പരിക്കേറ്റു. അദ്ദേഹം കളിക്കാൻ തയ്യാറായില്ല”. നേരത്തെ ഉണ്ടായ പരിക്കിൽ നിന്ന് ബക്കറി കോണും സുഖം പ്രാപിച്ചുവരികയായിരുന്നു. 90 മിനിറ്റ് മുഴുവൻ കളിക്കാൻ അദ്ദേഹം തയ്യാറായില്ല. ലഭ്യമായ ഞങ്ങളുടെ കളിക്കാരുമായി ഞങ്ങൾക്ക് ഗെയിം കളിക്കേണ്ടി വന്നു.”
ഒൻപത് മത്സരങ്ങളിൽ നിന്ന് ഒരു ജയം നേടിയ ബ്ലാസ്റ്റേഴ്സ് വെറും ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ്. ഈ വർഷത്തെ പ്ലേ-ഓഫ് സ്ഥാനം നഷ്ട്ടമാകും എന്ന് കരുതേണ്ട സമയമായി എന്നു ആരാധകർക്ക് തോന്നും ഏങ്കിലും കിബു പ്രതീക്ഷ കൈവിട്ടില്ല.
“ഇനി മുന്നോട്ട് പോകണം. ഈ ടീമിന് മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ മുതൽ, ഈ തോൽവിയിൽ നിന്ന് ഞങ്ങൾക്ക് കരകയറുകയും അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. തന്ത്രപരവും വൈകാരികവുമായ വശങ്ങൾ ഉൾപ്പെടെ എല്ലായിടത്തും ഞങ്ങൾ മെച്ചപ്പെടണം” കിബു വികുന പറഞ്ഞു.
പോയിന്റ് പട്ടികയിൽ പിന്നിൽ നിന്നും രണ്ടാമത് ആയി അവശേഷിക്കുന്നു എങ്കിലും തന്റെ ടീമിൽ കിബുവിന് ഇപ്പോഴും പ്രതീക്ഷയുണ്ട് ഫുട്ബാളിൽ അസാധ്യം ആയി ഒന്നുമില്ല എന്നത് പലകുറി തെളിയിക്കപ്പെട്ടത് ആണ്, കിബുവിന്റെ തന്ത്രങ്ങൾ അദ്ഭുതങ്ങൾ കൊണ്ടുവരേണ്ട സമയം ആയിക്കഴിഞ്ഞു, അതേ ഇനി അത്ഭുതങ്ങളിൽ വിശ്വസിക്കാം കാത്തിരിക്കാം ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക്…
For more updates, follow Khel Now on Twitter, Instagram and join our community on Telegram.