Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഒരു ക്ലബ്ബിനൊപ്പം ലീഗിലെ ആദ്യ മത്സരം കളിക്കുക എന്നത് ഒരു ഫൈനൽ കളിക്കുന്നതിന് തുല്യമാണ് - കിബു വിക്യൂന

Published at :November 19, 2020 at 11:20 PM
Modified at :November 19, 2020 at 11:23 PM
Post Featured Image

Dhananjayan M


കുറഞ്ഞ ദൈർഘ്യമുള്ള പ്രീ സീസൺ ടീമിന്റെ ഒത്തിണക്കത്തെയും കൂട്ടുകെട്ടുകൾ രൂപപ്പെടുന്നതിനെയും ബാധിച്ചെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് കിബു വിക്യൂനയും ക്യാപ്റ്റൻ  കോസ്റ്റ നമോയിൻസുവും

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിന്റെ എടികെ മോഹൻബഗാനുമായുള്ള ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തിലാണ് കോച്ചും ക്യാപ്റ്റനും ഇക്കാര്യം സൂചിപ്പിച്ചത്.

" കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എടികെ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ്. കഴിഞ്ഞ സീസണിൽ നിന്ന് വലിയ വ്യത്യാസം ഇല്ലാത്ത ടീമുമായാണ് ഇത്തവണ എടികെ മോഹൻബഗാൻ ലീഗിൽ എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആകട്ടെ താരതമ്യേനെ പുതിയ ടീം ആണ്. എന്നിരുന്നാലും കേരള ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിൽ തന്നെ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ തന്നെ നാളെ എടികെ മോഹൻബഗാനുമായുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. " - കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഖ്യപരിശീലകൻ കിബു വിക്യൂന സംസാരിച്ചു തുടങ്ങി.

" മോഹൻബഗാനെ പറ്റി വൈകാരികമായി ഞാൻ ഓർക്കുന്നു. കാരണം കഴിഞ്ഞ ഒരു സീസൺ ഞാൻ ആ ക്ലബ്ബിന്റെ ഭാഗമായിരുന്നു. അവർ എനിക്ക് നല്ല രീതിയിൽ പരിഗണന നൽകിയിരുന്നു. എനിക്ക് ക്ലബ്ബിലും ബോർഡിലും ആരാധകർക്ക് ഇടയിലുമായി ധാരാളം സുഹൃത്തുക്കൾ ഉണ്ട്. "

" കേരളത്തിൽ എത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നെ വളരെ ഹൃദ്യമായി തന്നെ സ്വാഗതം ചെയ്തു. ഇവിടെ നല്ലൊരു ടീമിനെ ഉണ്ടാക്കിയെടുത്തു. നാളെ ക്ലബ്ബിനൊപ്പമുള്ള എന്റെ ആദ്യ മത്സരമാണ്. അതിന് ശേഷം പത്തൊൻപത്തിൽ അധികം മത്സരങ്ങൾ ഈ സീസണിൽ കളിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. " - കിബു കൂട്ടിചേർത്തു

" എടികെ മോഹൻബഗാൻ വളരെയധികം പരിചയസമ്പത്തുള്ള ടീമാണ്. കൂടാതെ ഇവർ എല്ലാവരും ഒരു സീസൺ എങ്കിലും ഒരേ കോച്ചിന് കീഴിൽ ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ പുതിയൊരു ടീമുമായാണ് ഇത്തവണ ലീഗിൽ എത്തുന്നത്. "

https://www.youtube.com/watch?time_continue=1&v=l3lGHNivn_c&feature=emb_logo
Watch: Kerala Blasters tactical profile in ISL 2020-21

" ഞങ്ങൾക്ക് നാല് പേർ അടങ്ങുന്ന മികച്ച ഗോൾകീപ്പമാരുടെ നിരയുണ്ട്. ആൽബിനോ, പ്രഭ്സുഖാൻ, ബിലാൽ, മുഹീത് എന്നിവർ നിലവാരമുള്ള താരങ്ങളാണ്. അവർ നല്ല രീതിയിൽ തന്നെ ഗോൾകീപ്പിങ് പരിശീലകന് കീഴിൽ പരിശീലനം നടത്തുന്നുണ്ട് കൂടാതെ അവരുടെ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. കൂടാതെ ടീമിന്റെ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കാൻ അവർ തമ്മിൽ ആരോഗ്യകരമായ മത്സരം നടക്കുകയാണ്. " - ലീഗിൽ വേണ്ടത്ര അനുഭവസമ്പത്ത് ഇല്ലാതെ ഗോൾകീപ്പർമാരെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു.

ഒരു ടീമിനെ പ്രതിനിധീകരിക്കുന്നത് ആരാണെന്ന് തീരുമാനിക്കേണ്ടത് ആ ടീമിലെ താരങ്ങളാണ്. അതിനാൽ തന്നെ ടീമിലെ കളിക്കാരുടെ അഭിപ്രായം കണക്കിലെടുത്താണ് ക്ലബ്ബിന്റെ ഈ സീസണിലെ ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തത്. കൂടാതെ ഒരു ടീമിന്റെ നായകനാകുക എന്നത് ഒരു ആംബാൻഡ് അണിയുന്നതിന് വേണ്ടി മാത്രമല്ല. അത് കളിക്കളത്തിലും പുറത്തും ടീമിന്റെ പ്രധിനിധി ആയിതീരാൻ കൂടിയാണ്. ഞാൻ സാധാരണ മൂന്നോ നാലോ ക്യാപ്റ്റന്മാരെ ടീമിൽ ഉൾപെടുത്താറുണ്ട്. ചിലപ്പോൾ ഭാവിയിൽ നിലവിലെ മൂന്ന് പേർക്കൊപ്പം മറ്റൊരാളെയും ഞാൻ ക്യാപ്റ്റൻ ആയി ഉൾപ്പെടുത്തും. " - ഒന്നിലേറെ ക്യാപ്റ്റന്മാരെ ടീമിൽ എടുത്തതിനുള്ള ചോദ്യത്തിന്  കിബു മറുപടി പറഞ്ഞു.

യുവതാരങ്ങളിൽ ഞാൻ ഒരാളുടെയും പേര് എടുത്ത് എടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. അവർ എല്ലാവരും വളരെ ഉത്സാഹത്തോടും ഊർജത്തോടും ഉള്ളവരാണ്. കോച്ചിന്റെ കളിരീതി അവർ ഇതുവരെ കളിച്ചതിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽ തന്നെ അവർ വളരെ താല്പര്യത്തോട് കൂടി പുതിയ രീതി മനസിലാക്കുന്നു. കോച്ചിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ അവർ ശ്രമിക്കുന്നു. " - യുവതാരങ്ങളെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകൻ കോസ്റ്റ നമോയിൻസു പ്രതികരിച്ചു.

" ഞാൻ ഒരിക്കലും താരങ്ങളുടെ വയസ്സ് ശ്രദ്ധിക്കാറില്ല. അതിനാൽ തന്നെ ഈ ടീമിനെ പരിശീലനത്തിലും പരിശീലന മത്സരങ്ങളിലും ഒരേ പോലെ ഉപയോഗിക്കുന്നു. തങ്ങൾക്ക് കിട്ടുന്ന അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നവർ ആദ്യ പതിനൊന്നിൽ കളിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന് ധാരാളം യുവതാരങ്ങളും അതോടൊപ്പം തന്നെ അനുഭവസമ്പത്തുള്ള നിരയുമുണ്ട്. അതിനാൽ തന്നെ സന്തുലിതമായ ഒരു സ്‌ക്വാഡിനെ രൂപപ്പെടുത്താൻ ആണ് ഞാൻ ശ്രമിക്കുന്നത്. വിദേശതാരങ്ങളിൽ പലരും പലഘട്ടങ്ങളിലായാണ് ടീമിനൊപ്പം ചേർന്നത്. അത് അവരുടെ പരിശീലനത്തേയും ബാധിച്ചിട്ടുണ്ട്. എങ്കിലും അടുത്ത മത്സരത്തിന് എല്ലാവരും തയ്യാറാണ്." - കിബു തുടർന്നു

" സ്പാർടാ പ്രഗുമായുള്ള എന്റെ കരാർ അവസാനിച്ചതിന് ശേഷം എന്റെ കരിയർ കുറച്ച് കൂടി ഉയരത്തിൽ എത്തിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഈ ക്ലബ്ബിന്റെ ലക്ഷ്യവും, അവർ നേടിയെടുക്കാൻ ആഗ്രഹിക്കുന്നത് എന്താണെന്നും മനസിലാക്കുകയും കൂടാതെ ശക്തരായ ഒരു ആരാധകകൂട്ടായ്മയും എന്നെ ഇവിടേക്ക് ആകർഷിച്ചു. എന്റെ ആഗ്രഹങ്ങൾ പൂർത്തിയാക്കേണ്ട സ്ഥലമാണ് ഇതെന്ന് മനസിലാക്കി. കൂടാതെ ഞാൻ മുൻപ് പരിശീലിച്ചിരുന്ന കോച്ചിന്റെ സാന്നിധ്യവും കാര്യങ്ങൾ എളുപ്പമാക്കി. "

" ഞാൻ എപ്പോഴും പടിപടിയായി കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഞാൻ എപ്പോഴും എന്റെ മുന്നിൽ നിൽക്കുന്ന പോരാട്ടത്തെ കുറിച്ചാണ് ആലോചിക്കുക. ഞങ്ങൾ ഇന്ന് ആലോചിക്കുന്നത് നാളത്തെ മത്സരത്തെ കുറിച്ചാണ്. അല്ലാതെ ഈ സീസൺ എങ്ങനെ അവസാനിക്കും എന്നതിനെ കുറിച്ചല്ല. ഞങ്ങൾ ഇന്ന് ഉറ്റുനോക്കുന്നത് നാളത്തെ മത്സരമാണ്. നല്ല പോലെ പരിശീലനം നടത്തുവാനും അവിടെ നിന്ന് ലഭിക്കുന്നത് കളിക്കളത്തിൽ നടപ്പിലാക്കുവാനും. നാളത്തെ മത്സരം വിജയിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. " - കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിനെ കുറിച്ച്കോ സ്റ്റ നമോയിൻസു സംസാരിച്ചു.

" ഞങ്ങളുടെ പ്രധാനപ്പെട്ട താരമാണ് നിഷു കുമാർ. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഈ സീസണിൽ ഞങ്ങളോടൊപ്പം ചേർന്നതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങളോടൊപ്പം ഒരു നല്ല സീസൺ അവന് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. "

"ഞങ്ങൾക്ക് ലഭിച്ച പ്രീ സീസൺ വളരെ ചെറുതായിരുന്നു. കുറച്ച് കൂടി നീണ്ടുനിൽക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കാരണം വിസ പ്രശ്നങ്ങൾ മൂലം പല വിദേശതാരങ്ങളും ഇന്ത്യയിൽ എത്താൻ വൈകിയിരുന്നു. ഈ കളിരീതിയോട് പൊരുത്തപ്പെടാൻ താരങ്ങൾക്ക് ശാരീരികമായും ടാക്ടികൽ ആയും സമയം ആവശ്യം ആയിരുന്നു. എങ്കിലും അടുത്ത ഒരു മാസത്തിൽ ഞങ്ങൾ ഇന്നത്തേക്കാളും മികച്ചത് ആയിരിക്കും. അടുത്ത ഒരു മാസത്തിലേറെ രണ്ടു മാസത്തിലും. എങ്കിലും ഞങ്ങളുടെ താരങ്ങൾ എല്ലാവരും നാളത്തെ മത്സരത്തിന് തയ്യാറാണ്. ഞങ്ങൾ ഓരോ ദിവസവും ടീമിനെ മെച്ചപ്പെടുത്തുന്നതാണ്." - കിബു കൂട്ടിച്ചേർത്തു.

" സാധാരണയായി ഫുട്ബോളിൽ ഒരു ടീമിൽ താരങ്ങൾക്ക് ഇടയിൽ ഒത്തിണക്കം ഉണ്ടാക്കാനും അത് വഴി നല്ല കൂട്ടുകെട്ടുകൾ രൂപപ്പെടുത്താനും ധാരാളം സമയം ലഭിക്കുമായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥയിൽ ലോക ഫുട്ബോളിൽ തന്നെ ധാരാളം മാറ്റങ്ങൾ ഉണ്ടായി. നല്ലൊരു പ്രീ സീസൺ ലഭിക്കാതെയും കാണികൾ ഇല്ലാതെയും മറ്റും വേറെയൊരു അവസ്ഥയിലൂടെയാണ് ഈ സീസൺ കടന്ന് പോകുന്നത്. "

" അതിനാൽ തന്നെ ഞങ്ങളും വ്യത്യസ്തമായാണ് ഈ സീസണിണെ കാണുന്നത്. അതിനാൽ തന്നെ കോച്ച് പറഞ്ഞത് പോലെ വരും ദിവസങ്ങളിൽ കളിക്കളത്തിൽ നല്ല കൂട്ടുകെട്ടുകൾ ഉണ്ടാകിയെടുക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. അടുത്ത ഒരു മാസത്തിൽ നിലവിൽ ഉള്ളതിനേക്കാൾ ഞങ്ങൾ മികച്ചതായിരിക്കും. " - കോസ്റ്റ സംസാരിച്ചു.

നാളെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിൽ എടികെ മോഹൻബഗാനും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടുമ്പോൾ കഴിഞ്ഞ സീസണിൽ ഇന്ത്യൻ ലീഗുകളിൽ തങ്ങളുടെ ടീമുകളെ ടൂർണമെന്റ് ജേതാക്കളാക്കിയ പരിശീലകരുടെ ഏറ്റുമുട്ടലിന് കൂടിയാണ് ഗോവ സാക്ഷ്യം വഹിക്കുക

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement