അനുഭവസമ്പത്തും യുവത്വവും തമ്മിൽ ഒരുപോലെ യോജിപ്പിച്ച സ്‌ക്വാഡാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റേത്.

2020-21 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുന്നു. അതിനോടൊപ്പം തന്നെ എല്ലാ ടീമുകളും അവരുടെ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിലാണ്. കേരളത്തിൽ നിന്ന് ഐഎസ്എൽ കളിക്കുന്ന ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് നവംബർ 20 ന് ഗോവയിലെ ബാംബോളിയിലെ ജിഎംസി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടും.

പുതിയ ഐഎസ്എൽ സീസൺ ഇതുവരെ നടന്നതിനേക്കാൾ വ്യത്യസ്തമായി കോവിഡ് 19 പകർച്ചവ്യാധി ഭീതി മൂലം ഗോവയിലെ ഒരു ജൈവ ബബിളിനുള്ളിലാണ് മുഴുവൻ മത്സരവും നടത്തുന്നത്. എല്ലാ ടീമുകളും ഏതാനും ആഴ്ചകൾ‌ക്കുമുമ്പ് ഗോവയിൽ എത്തി ബയോ ബബിളിനുള്ളിൽ കടക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ സ്വീകരിക്കുകയും ചെയ്തു. നിലവിൽ എല്ലാ താരങ്ങളുടെയും ക്വാറന്റൈൻ കാലാവധി അവസാനിക്കുകയും ഓരോരുത്തരായി പരിശീലനത്തിന് ഇറങ്ങുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മികച്ച ഒരു ടീമുമായാണ് കളിക്കളത്തിൽ ഇറങ്ങുന്നത്. ആറ് പുതിയ വിദേശ താരങ്ങളെ ടീമിൽ എത്തിക്കുകയും പ്രാദേശിക താരങ്ങളിൽ ഭൂരിഭാഗത്തിനും പുതിയ സ്‌പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിങ്കിസ്, ഹെഡ് കോച്ച് കിബു വികുന എന്നിവരുടെ നേതൃത്വത്തിൽ കരാർ നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.

ഐ‌എസ്‌എൽ 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ച് പ്രധാന കളിക്കാരെ പരിചയപ്പെടാം.

5. നോങ്‌ഡാംബ നൊറേം

Nongdamba Naorem stat

കഴിഞ്ഞ 2019/20 സീസണിൽ ഐ ലീഗ് കിരീടം നേടിയ മോഹൻബഗാന്റെ താരമായിരുന്നു നോങ്‌ഡാംബ നൊറേം. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ചേക്കേറിയ നൊറേം മോഹൻബഗാന്റെ വിങ്ങുകളിൽ ഒരു മുതൽക്കൂട്ട് ആയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തന്റെ മാതൃക്ലബ്ബിലേക്ക് തിരിച്ചെത്തിയ താരം തന്റെ കഴിവിന്റെ പരമാവധി ക്ലബിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഏറ്റവും ശ്രദ്ധേയമായ കാര്യം, കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ജേതാക്കളാക്കിയ ടീമിന്റെ മുഖ്യപരിശീലകൻ കിബു വിക്യൂനയാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത്. കിബു കഴിഞ്ഞ സീസണിൽ ഇരുപതുകാരനായ നോരമിന് കളിക്കളത്തിൽ ധാരാളം അവസരങ്ങൾ നൽകുകയും അത് വഴി അവനെ വളർത്തിയെടുക്കുകയും ചെയ്തു. 

കളിക്കളത്തിൽ വേഗത, ഡ്രിബ്ലിങ് എന്നിവ കൈമുതലാക്കിയ നോറം മികച്ച ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയും ലഭിക്കുന്ന അവസരങ്ങൾ ഗോൾ ആക്കിമാറ്റാൻ ശ്രമിക്കുകയും ചെയ്യും. ഈ പ്രത്യേകതകളാണ് പുതിയ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ താരത്തെ ശ്രദ്ധേയമാകുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിൽ കളിക്കളത്തിൽ സെന്റർ ഫോർവേഡായ ഗാരി ഹൂപ്പർ, വലത് വിങ്ങിലെ രാഹുൽ കെപി, അറ്റാക്കിങ് മിഡ്ഫീൽഡറായ ഫാകുണ്ടോ പെരേര എന്നിവർക്ക് ഒപ്പം ഇടത് വിങ്ങിൽ ആയിരിക്കും നോങ്‌ദംബ നൊറേമിന്റെ സ്ഥാനം.

4. വിസെന്റെ ഗോമസ്

കേരള ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വർഷത്തെ കരാറിൽ എത്തിയ സ്പാനിഷ് താരമാണ് വിസെന്റെ ഗോമസ്. കൂടാതെ ടീമിൽ ഒന്നിൽ കൂടുതൽ വർഷം നീണ്ടുനിൽക്കുന്ന കരാർ സ്വന്തമാക്കിയ ഏക വിദേശതാരമാണ് ഗോമസ്. ഗോമേസുമായുള്ള ഈ നീണ്ട കരാർ ക്ലബ്ബ് മാനേജ്മെന്റിന് താരത്തിനൊടുള്ള വിശ്വാസ്യത സൂചിപ്പിക്കുന്നു.

തന്റെ കരിയറിൽ ഇതുവരെ ജന്മനാടായ സ്പെയിനിൽ മാത്രം കളിച്ച താരമാണ് വിസെന്റെ. യുഡി ലാസ് പാൽമസിന് വേണ്ടി സ്പാനിഷ് രണ്ടാം ഡിവിഷനിൽ കളി തുടങ്ങിയ വിസെന്റെ പിന്നീട് ക്ലബ്ബിനൊപ്പം ലാലിഗയിലേക്ക് സ്ഥാനക്കയറ്റം നേടുകയായിരുന്നു. ഒൻപതു വർഷത്തോളം ലാസ് പാൽമസിന് വേണ്ടി കളിച്ച താരം പിന്നീട് 2018ലാണ് ഡിപ്പാർട്ടിവോ ഡി ലാ കോരുനയിൽ എത്തുന്നത്. തുടർന്ന് സ്പാനിഷ് രണ്ടാം ഡിവിഷനായ ലാലിഗ സെഗുണ്ട ലീഗിൽ ടീമിനൊപ്പം രണ്ട് സീസൺ കളിക്കുകയുണ്ടായി.

കളിക്കളത്തിൽ ഡിഫൻസിവ് മിഡ്ഫീൽഡിൽ ഒരു അങ്കർമാനായി കളിക്കുന്ന താരമാണ് വിസെന്റെ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന് തൊട്ട് മുന്നിൽ നങ്കൂരമിട്ട് കളിമെനയാൻ സാധിക്കുന്ന താരമാണ് അദ്ദേഹം. താരത്തെ ടീമിന്റെ ആക്രമണത്തിനും പ്രതിരോധത്തിനും ഇടയിൽ അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ കളിക്കളത്തിൽ ഉപയോഗിക്കാനായിരിക്കും കിബു ശ്രമിക്കുക. കൂടാതെ എതിർ ടീമുകളുടെ ആക്രമണങ്ങളുടെ മുനയൊടിക്കാനും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങൾ പ്രതിരോധത്തിൽ നിന്ന് ആരംഭിക്കാനും കോച്ച് വിസെന്റെ ഗോമസിനെ ആശ്രയിക്കും. കൂടാതെ ഈ അടുത്ത കാലം വരെയും സീസണിൽ 40ന് മുകളിൽ മത്സരങ്ങൾ സ്ഥിരമായി കളിച്ച താരമാണ് വിസെന്റെ. അതിനാൽ തന്നെ കുറച്ച് മത്സരങ്ങൾ കളിക്കുന്ന ഹ്രസ്വലീഗായ ഐഎസ്എല്ലിൽ ടീമിന് ഒരു മുതൽക്കൂട്ടാണ് താരം.

3. സഹൽ അബ്ദുൾ സമദ്

നിലവിൽ ഐഎസ്എല്ലിൽ ക്ലബ്ബുകളുമായുള്ള കരാർ  2025 വരെ നീട്ടിയ നാല് ഇന്ത്യൻ ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് സഹൽ അബ്ദുൾ സമദ്. ഈ അടുത്ത സീസണുകളിൽ കളിക്കളത്തിൽ പ്രതീക്ഷിച്ചത്ര മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിരയിലെ ഏറ്റവും പ്രധാനപെട്ട താരമാണ് സഹൽ. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളായ മുൻ താരം ഐഎം വിജയനും നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചെത്രിയും ‘ ഭാവിയുടെ താരം ‘ എന്ന് വിശേഷിപ്പിച്ച സഹൽ ഈ സീസണിൽ തന്റെ കഴിവ് പൂർണമായും കളിക്കളത്തിൽ ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഖേൽ നൗവിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രൊഫൈൽ പരിശോധിച്ചാൽ അതിൽ നൽകിയിരിക്കുന്ന മൂന്ന് ഫോർമേഷനുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് സഹലിനെ ആദ്യ പതിനൊന്നിൽ ഉൾപെടുത്തിരിക്കുന്നത്. അതിന് കാരണം ഞങ്ങൾ വിശ്വസിക്കുന്നത് കളിക്കളത്തിൽ പകരക്കാരനായി ഇറങ്ങി സഹലിന് മികച്ച പ്രകടനം കാഴ്ചവെക്കും എന്നാണ്. രണ്ടാം പകുതിയിൽ ഇറങ്ങി ഗോൾ നേടാനും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും താരത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ സീസണിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ എൽകോ ഷട്ടോറി സഹലിനെ താരത്തിന് പ്രിയപ്പെട്ട നമ്പർ 10 സ്ഥാനത്ത് നിന്ന് മാറ്റി കളിപ്പിച്ചു. ഇത് താരത്തിന്റെ കളിമികവിനെയും ആത്മവിശ്വാസത്തേയും പ്രതികൂലമായി ബാധിച്ചു എന്ന് വേണം കരുതാൻ. എന്നാൽ ഇത്തവണ സഹലിന് കളിക്കളത്തിൽ അവന്റെ കഴിവുകളുടെ പരമാവധി പുറത്തെടുക്കാൻ സാധിക്കുന്ന രീതിയിൽ കൃത്യമായ ഒരു പൊസിഷൻ ഒരുക്കിയിട്ടുണ്ടെന്ന് പരിശീലകനായ കിബു വിക്യൂന വ്യക്തമാക്കിയിട്ടുണ്ട്.

2. ഗാരി ഹൂപ്പർ

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു വർഷത്തെ കരാറിലാണ് ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പർ വരുന്ന സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് വേണ്ടി ഇന്ത്യയിൽ എത്തുന്നത്. 500ൽ അധികം പ്രൊഫഷണൽ ക്ലബ് മത്സരങ്ങളിൽ നിന്നായി 200ൽ അധികം ഗോളുകൾ നേടിയ ഹൂപ്പർ നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഏറ്റവും അധികം അനുഭവസമ്പത്തുള്ള മുന്നേറ്റതാരങ്ങളിൽ ഒരാളാണ്.

ഇംഗ്ലീഷ് ലീഗിൽ നോർവിച് സിറ്റി, ഷെഫ്ഫീൽഡ് വെഡ്നെസ്‌ഡേ, ലേറ്റൺ ഓറിയന്റ് എന്നീ ക്ലബ്ബുകൾക്കും സ്കോട്ടീഷ് ലീഗിൽ സെൽടിക്കിനും ഓസ്ട്രേലിയൻ എ ലീഗിൽ വെൽലിങ്ടോൺ ഫീനിക്സിനും വേണ്ടി കളിച്ച താരമാണ് ഗാരി ഹൂപ്പർ. നിലവിൽ മുപ്പതിരാണ്ടുകാരനായ ഗാരി ഹൂപ്പർ ആയിരിക്കും കോച്ച് കിബു വിക്യൂനയുടെ കീഴിൽ ടീമിന്റെ പ്രഥമസ്ട്രൈക്കർ. എതിർ ടീമിന്റെ ബോക്സിന്റെ അടുത്ത് ക്ലോസ് റേഞ്ചിൽ നിന്ന് കൃത്യമായി പന്ത് വലയിൽ എത്തിക്കാൻ സാധിക്കുന്ന താരം ബോക്സിനുള്ളിൽ വളരെയധികം അപകടകാരിയാണ്. ഈയിടെ അവസാനിച്ച ഓസ്ട്രേലിയൻ എ ലീഗിന്റെ 2019/20 സീസണിൽ 21 മത്സരങ്ങളിൽ നിന്നായി 8 ഗോളുകളും 5 അസ്സിസ്റ്റുകളും നേടി ക്ലബ്ബിനെ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

‘ ഫീനിക്സിന് ഒരു ജേതാവിനെ നഷ്ട്ടപെട്ടു ‘ ഗാരി ഹൂപ്പർ എ ലീഗ് വിട്ടപ്പോൾ ഓസ്ട്രേലിയയിലെ ഫുട്ബോൾ വിദഗ്‌ദ്ധർ പറഞ്ഞ വാക്കുകളാണിത്. അതിൽ നിന്ന് തന്നെ മനസിലാക്കാം ഗാരി ഹൂപ്പർ അവിടെ ടീമിന് എത്രത്തോളം പ്രധാനപെട്ടതാണെന്ന്. ഫീനിക്സിന് വേണ്ടി താരം പുറത്തെടുത്ത പ്രകടനം കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും ആവർത്തിക്കുകയാണെകിൽ ക്ലബ്ബിന്റെ ഈ സീസണിലെ ഏറ്റവും മികച്ച സൈനിങ് ആയി ഹൂപ്പർ മാറും.

1. കോസ്റ്റ നമോയിൻസു

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ്ങുകളിൽ ഏറ്റവും പ്രായം കൂടിയ താരമാണ് കോസ്റ്റ നമോയിൻസു ആണ്.  ഹൂപ്പറിനെപ്പോലെ, ഒരു സീസണിലേക്കുള്ള കരാറിലാണ് അദ്ദേഹം ക്ലബിൽ ചേർന്നത്. സിംബാബ്‌വെയിൽ തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ച താരം പിന്നീട് യൂറോപ്പിലേക്ക് താമസം മാറ്റുകയും 2008 ൽ പോളിഷ് ക്ലബ്ബായ ഡബ്ല്യുഎസ്എസ് വിസ്ല എന്ന ക്ലബ്ബിൽ ചേർന്നു. തുടർന്ന് ആറുമാസത്തിനുശേഷം പോളണ്ടിലെ തന്നെ സാഗ്ലെബി ലുബിനിലേക്ക് മാറി. ക്ലബ്ബിൽ അഞ്ച് സീസണുകൾക്ക് ശേഷം ചെക്ക് ഒന്നാം ഡിവിഷൻ ക്ലബ് എസി സ്പാർട്ട പ്രാഗുമായി കരാർ വെച്ചു. തുടർന്ന് കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ, ക്ലബ്ബിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗിലും യുവേഫ യൂറോപ്പ ലീഗിലുമായി 40 മത്സരങ്ങൾ ഉൾപ്പെടെ 200 ലധികം മത്സരങ്ങൾ അദ്ദേഹം കളിച്ചു.

മുൻ സിംബാബ്‌വെ ദേശീയ താരമായ കോസ്റ്റ നിലവിലെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വിക്യുന പോളണ്ടിലെ സാഗ്ലെബി ലുബിനിൽ അസിസ്റ്റന്റ് കോച്ച് ആയി പ്രവർത്തിക്കുന്ന സമയത്ത് അദ്ദേഹത്തിന് കീഴിൽ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉയർന്ന ശാരീരിക ക്ഷമത ഈ 34 കാരനെ ലീഗിലെ മറ്റ് പ്രതിരോധതാരങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നു. ഐഎസ്എൽ 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയുടെ നേതൃത്വം വഹിക്കുക കോസ്റ്റ ആയിരിക്കും.

ഒരൊറ്റ ക്ലബ്ബിന് വേണ്ടി മാത്രമായി 200 ലധികം മത്സരങ്ങൾ കളിക്കുന്നത് ഒരു ചെറിയ നേട്ടമല്ല. അതിനാൽ തന്നെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ ഒത്തൊരുമയോടെ കൊണ്ട് പോകാൻ കിബു വിക്യൂന കോസ്റ്റ നമോയിൻസുവിന്റെ അനുഭവസമ്പത്തിനെ ഉപയോഗിക്കുമെന്ന് തീർച്ച. ക്ലബ്ബിന്റെ ടീം ക്യാപ്റ്റൻ ആയിതീരാൻ സാധ്യത കൽപ്പിക്കുന്ന താരം കൂടിയാണ് കോസ്റ്റ .

For more updates, follow Khel Now on Twitter and join our community on Telegram.