Khel Now logo
HomeSportsWomen's Premier LeagueLive Cricket Score
Advertisement

Football in Malayalam

ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ; യുവതാരങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ഹൈദരാബാദ്

From stunning victories to unforgettable moments, get the inside scoop on every major story in the sports world.
Published at :December 26, 2020 at 10:39 PM
Modified at :December 27, 2020 at 4:06 AM
ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ; യുവതാരങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ഹൈദരാബാദ്

കഴിഞ്ഞ മത്സരത്തിൽ പോയിന്റ് ടേബിളിൽ ഒന്നാമതായുള്ള മുംബൈ സിറ്റി എഫ്‌സിക്ക് എതിരെ ഹൈദരാബാദ് എഫ്‌സി തോറ്റിരുന്നു.

ഈ ഞായറാഴ്ച ഗോവയിലെ ജിഎംസി ബാംബോലിം സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ നേരിടുന്നു. ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലീഗിൽ ഒൻപതാം സ്ഥാനത്താണ്. ഹൈദരാബാദ് ആകട്ടെ ഒൻപത് പോയിന്റുമായി ഏഴാം സ്ഥാനത്തും.

കഴിഞ്ഞ സീസണിൽ രണ്ട് ടീമുകളും ലീഗിൽ വളരെ പുറകിൽ ആയിരുന്നു. എന്നാൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിനെ അപേക്ഷിച്ച് ഹൈദരാബാദ് എഫ്‌സി ലീഗിൽ കുറച്ച് കൂടി മേധാവിത്വം പുലർത്തുന്നു. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അവർ തോറ്റത്. കേരള ബ്ലാസ്റ്റേഴ്‌സിന് ആകട്ടെ ഇനിയും ലീഗിൽ വിജയം കണ്ടെത്താൻ ആയിട്ടില്ല.

ഗോവയിലെ ജിഎംസി സ്റ്റേഡിയത്തിൽ ഡിസംബർ 27 നു ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഹൈദരാബാദ് എഫ്‌സിയെ നേരിടുമ്പോൾ മത്സരത്തിന്റെ വിവിധങ്ങളായ ഘടകങ്ങൾ പരിശോധിച്ച് നോക്കാം.

ടീം വിശകലനം

കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ലീഗിൽ ഒരു വിജയം കണ്ടെത്താൻ സാധിച്ചിട്ടില്ല. ആറ് മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനോപ്പവും ചെന്നൈയിൻ എഫ്‌സിക്ക് ഒപ്പവും എസ്‌സി ഈസ്റ്റ്‌ ബംഗാളിനോപ്പവും സമനില പിടിച്ചു നേടിയ മൂന്ന് പോയിന്റ് മാത്രമാണ് ഇത് വരെ ലീഗിൽ ടീമിന്റെ ആകെ സമ്പാദ്യം. കൂടാതെ ബാക്കി മൂന്ന് മത്സരങ്ങളിൽ എഫ്‌സി ഗോവയോടും എടികെ മോഹൻഭാഗനോടും ബംഗളുരു എഫ്‌സിയോടും ടീം തോൽവി ഏറ്റുവാങ്ങിയിരുന്നു.

[KH_ADWORDS type="4" align="center"][/KH_ADWORDS]

ഒരു ടീം എന്നതിലുപരി വ്യക്തിപരമായ ധാരാളം മിന്നലാട്ടങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളിക്കളത്തിൽ കാണാവുന്നതാണ്. ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിൽ ജീക്സൺ സിങ്ങിന്റെ ഹെഡർ അത്തരത്തിൽ ഒന്നാണ്. എന്നാൽ ടീമിന്റെ പ്ലേ ഓഫ്‌ സാധ്യതകൾക്കും ലീഗിലെ മികച്ച റിസൾട്ടുകൾക്കും വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിൽ ഒരു ടീം ആയി മുന്നേറേണ്ടതുണ്ട്.

രണ്ട് ടീമുകളുടെയും അവസാന മത്സരം കഴിഞ്ഞ ഞായറാഴ്ച ആയിരുന്നതിനാൽ ഇരു ടീമുകൾക്കും പരിശീലനത്തിനായി ഒരു ആഴ്ച മുഴുവൻ ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ ആവേശകരമായ ഒരു മത്സരം ഗ്രൗണ്ടിൽ പ്രതീക്ഷിക്കാം. അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് ഒരു തോൽവി വഴങ്ങിയത് ഒഴിവാക്കിയാൽ ഹൈദരാബാദ് എഫ്‌സി ഈ സീസണിൽ വളരെ നല്ലരീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ മത്സരത്തിലെ തോൽവി കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ സൂക്ഷിച്ചു കളിക്കാൻ ടീമിനെ പ്രേരിപ്പിക്കും.

ഈ മത്സരത്തിലെ വിജയം ഹൈദരാബാദ് എഫ്‌സിയെ പോയിന്റ് ടേബിളിൽ ആദ്യ നാലിൽ എത്തിക്കും. എന്നാൽ ലീഗിലെ ആദ്യ വിജയത്തിനായി അക്ഷമയോടെ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുന്നോട്ട് വരുന്നത് മൂന്ന് പോയിന്റ് നേടി ലീഗിൽ സ്ഥാനമുറപ്പിക്കുന്നതിന് വേണ്ടിയാണ്. അതിനാൽ തന്നെ രണ്ട് ടീമുകൾക്കും ഈ മത്സരം നിർണായകമാണ്.

ടീം വാർത്ത

കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ ആവേശമായി മാറിയ സഹൽ അബ്ദുൾ സമദ്, രാഹുൽ കെപി, ജോർദാൻ മുറായ്, ആൽബിനോ ഗോമേസ് എന്നിവരെ ആദ്യ പതിനൊന്നിലും ബെഞ്ചിലുമായി കാണാനുള്ള സാധ്യത ഏറെയാണ്. പരിക്ക് മൂലം ഇന്ത്യ വിട്ട ടീമിന്റെ നായകന്മാരിൽ ഒരാളായ സെർജിയോ സിഡോഞ്ച ഒഴികെ ബാക്കിയെല്ലാവരും അടുത്ത മൽസരത്തിന് തയ്യാറാണ്.

എന്നാൽ ഹൈദരാബാദ് എഫ്‌സിക്ക് ആകട്ടെ ജോയൽ ചിനനീസ്, ലൂയിസ് സസ്റ്ററെ, ഫ്രാൻ സന്താസ എന്നിവരുടെ അഭാവം വലക്കുമെങ്കിലും ഇന്ത്യൻ താരകളായ ലിസൺ കോലാക്കോ, ആശിഷ് റായ്, ആകാശ് മിശ്ര എന്നിവരുടെ പ്രകടനം കൊണ്ട് അത് പരിഹരിക്കാവുന്നതാണ്. കൂടാതെ അരിഡാനെ സന്റാന, ജോഹാ വിക്ടർ, ഹാലിചരൻ നർസാറി ചിങ്ലെൻസന സിങ് എന്നിവരെയും സ്‌ക്വാഡിൽ പ്രതീക്ഷിക്കാം.

ഇഞ്ചോടിഞ്ച്

https://www.youtube.com/watch?v=IyM4YVL3Wto&t=1s
Kerala Blasters thrashed Hyderabad FC 5-1 the last time they met

കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും ഇതുവരെ രണ്ട് തവണ മാത്രമാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ 2019 നവംബറിൽ നടന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി 2-1 നു കേരളത്തെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ 5-1 ന്റെ വമ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്.

സാധ്യത ലൈൻ അപ്പ്‌

കേരള ബ്ലാസ്റ്റേഴ്‌സ്

ഗോമെസ്; പ്രശാന്ത്, സന്ദീപ്, കോസ്റ്റ, നിഷു; രാഹുൽ കെപി, ജീക്സൺ, ഗോമേസ്, പെരേര; ഹൂപ്പർ, മുറായ്.

ഹൈദരാബാദ് എഫ്‌സി

പോൾ; റായ്, ഓണായിന്ത്യ, ചിങ്ലെൻസന, മിശ്ര; ശർമ, വിക്ടർ; പൂജാരി, യാസിർ, നർസാറി; സന്റാന.

ശ്രദ്ധിക്കേണ്ട താരങ്ങൾ

രാഹുൽ കെപി ( കേരള ബ്ലാസ്റ്റേഴ്‌സ് )

പ്രീസീസണിലെ പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങൾ നഷ്ട്ടപെട്ട രാഹുൽ കെപി ചെന്നൈയിൻ എഫ്‌സിക്ക് എതിരായ മത്സരത്തിലാണ് കളിക്കളത്തിൽ ഇറങ്ങിയത്. അതിന് ശേഷം എല്ലാ മൽസരത്തിലും ആദ്യ പതിനൊന്നിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാഹുൽ. ബംഗളുരു എഫ്‌സിക്ക് എതിരായ മത്സരത്തിൽ ഒരു ഗോളും നേടിയിരുന്നു.

കളിക്കളത്തിൽ വേഗതക്കും എത് പൊസിഷനിലും ഒരേ പോലെ കളിക്കാനും പേരുകേട്ട താരമാണ് രാഹുൽ. സെക്കന്റ്‌ സ്ട്രൈക്കർ ആയും വലത് വിങ്ങർ ആയും ഫുൾ ബാക്ക് ആയും വരെ കളിക്കാൻ ശേഷിയുള്ള താരമാണ് രാഹുൽ. കഴിഞ്ഞ സീസണിൽ രാഹുൽ ഐഎസ്എല്ലിലെ തന്റെ ആദ്യ ഗോൾ നേടിയത് ഹൈദരാബാദ് എഫ്‌സിക്ക് എതിരെയാണ്.

ലിസ്റ്റൺ കൊലാക്കോ ( ഹൈദരാബാദ് എഫ്‌സി )

https://www.youtube.com/watch?v=mCm46LUdom0
Liston Colaco provided two valuable assists in second-half as Hyderabad FC came from a goal down to defeat SC East Bengal

ഹൈദരാബാദ് എഫ്‌സിയുടെ അപകടകാരിയായ താരമാണ് ലീഗിലെ ഈ വർഷത്തെ കണ്ടെത്തൽ കൂടിയായ ഗോവൻ താരം ലിസ്റ്റൺ കൊലാക്കോ. സാധാരണ ക്ലബ്ബിന്റെ ആദ്യ പതിനൊന്നിൽ ഉൾപ്പെടാതെ ടീമിന് വേണ്ടി രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങുന്ന താരമാണ് ലിസ്റ്റൺ. സൂപ്പർ സബ് ആയി ഇറങ്ങുന്ന താരം കളിയുടെ ഗതി തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളവനാണ്. ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിൽ ബെഞ്ചിൽ നിന്നും വന്ന് രണ്ട് ഗോളുകൾക്ക് അവസരമൊരുക്കി മത്സരത്തിൽ പിന്നിലായ ഹൈദരാബാദിനെ വിജയിപ്പിക്കാൻ ചുക്കാൻ പിടിച്ചത് ഈ യുവ താരം ആയിരുന്നു.

[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]

നിങ്ങൾക്ക് അറിയാമോ?

● ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ ആറ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും വിജയിക്കാതിരിക്കുന്നത്.● ഈ സീസണിൽ കഴിഞ്ഞ ആറ് മത്സരങ്ങളിലായി 79 ഫൗളുകൾ ചെയ്ത ഹൈദരാബാദ് എഫ്‌സി ഇത് വരെ നേടിയത് മൂന്ന് മഞ്ഞക്കാർഡുകൾ മാത്രമാണ്.

കേരള ബ്ലാസ്റ്റേഴ്സും ബംഗളുരു എഫ്‌സിയും തമ്മിലുള്ള മത്സരം സ്റ്റാർ സ്പോർട്സ് 1 എസ്ഡി & എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2 എസ്ഡി & എച്ച്ഡി (ഇംഗ്ലീഷ്), സ്റ്റാർ സ്പോർട്സ് ഹിന്ദി 1 എസ്ഡി & എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ ഗോൾഡ് 2 (ഹിന്ദി) എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും, ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും സ്റ്റാർ സ്പോർട്സ് പ്രാദേശിക ചാനലുകളിലും ( ബംഗ്ലാ, കന്നഡ, തമിഴ്, തെലുങ്ക്, മറാത്തി ), ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, ജിയോ ടിവി എന്നിവയിലും മത്സരത്തിന്റെ തത്സമയം കാണാവുന്നതാണ്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Harigovind Thoyakkat
Harigovind Thoyakkat

Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.