കഴിഞ്ഞ ബുധനാഴ്ചയാണ് കിബു വിക്യൂനയുമായി വഴി പിരിയുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ടീമിന്റെ മുഖ്യ പരിശീലകൻ കിബു വികുനയുമായുള്ള കരാർ അവസാനിപ്പിക്കുന്നതായി ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം സീസണിന് മുന്നോടിയായി സമ്മർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ കിബു വിക്യൂനയുടെ കീഴിലാണ് 2020-21 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ക്ലബ് കളിക്കാൻ ഇറങ്ങിയത്.

എല്ലാവർക്കും അറിയുന്നതുപോലെ നല്ല റിസൾട്ടുകൾ കൈവരിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ഇതുവരെയുള്ള ലീഗിൽ 18 മത്സരങ്ങളിൽ നിന്ന് മൂന്നെണ്ണം മാത്രമാണ് കേരളം വിജയിച്ചത്. ഏഴ് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ബാക്കി എട്ട് മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

അതേസമയം, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ക്ലബ്ബിൽ ദൗര്‍ഭാഗ്യകരമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അതാണ് കിബു വികുനയുടെ പുറത്താക്കലിന് കാരണമായതെന്നും ഖേൽ നൗ മനസ്സിലാക്കുന്നു. ടീമിലെ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ള നിരവധി കളിക്കാരുടെ വിശ്വാസവും ബഹുമാനവും നഷ്ടപ്പെട്ടതിനെത്തുടർന്നാണ് മോഹൻ ബഗാന്റെ മുൻ പരിശീലകൻ കൂടി ആയിരുന്ന കിബു വിക്യൂന രാജി വെച്ചതെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും.

” ക്ലബിന്റെ റിക്രൂട്ട്‌മെന്റ് നയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ, മത്സരങ്ങൾക്കിടെയുള്ള ഗെയിംപ്ലാൻ തുടങ്ങിയ കാരണങ്ങളാൽ അദ്ദേഹത്തിന് ടീമിലെ താരങ്ങളുടെ ബഹുമാനം നഷ്ടപ്പെട്ടു. ” – ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരത്തിനാണ് പരിശീലന സെഷനുകളുടെ ചുമതലയുണ്ടായിരുന്നതെന്നും ഞങ്ങൾ മനസ്സിലാക്കി. കാരണം പല കളിക്കാരും പ്രധാന പരിശീലകനേക്കാൾ ആ ടീമംഗത്തിന് കീഴിൽ പരിശീലനം നേടുന്നത് എളുപ്പമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

” ഞങ്ങൾ കളിക്കാരെ സ്കൗട്ട് ചെയ്യുന്ന രീതി മോശമായിരുന്നു, ഈ സീസണിലെ പദ്ധതികളും പ്രതീക്ഷകളും നിലവിലെ യാഥാർത്ഥ്യത്തേക്കാൾ വളരെ കൂടുതൽ ആയിരുന്നു. ” – ഹൈദരാബാദിനെതിരായ നാല് ഗോളുകളുടെ തോൽവിക്ക് ശേഷം കിബു വിക്യൂന പ്രതികരിക്കുകയുണ്ടായി. അദ്ദേഹം ആദ്യമായാണ് ആ വിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നത്. മാത്രമല്ല, ക്ലബ്ബിന്റെ റിക്രൂട്ട്‌മെന്റിൽ അദ്ദേഹം സന്തുഷ്ടനല്ലെന്ന് മാനേജ്‌മെന്റിനും ടീമിനും മുമ്പ് അറിയാമായിരുന്നു.

ഉദാഹരണത്തിന്, തന്റെ കീഴിൽ മുൻ സീസണിൽ ഐ-ലീഗ് കിരീടം നേടിയ മോഹൻ ബഗാൻ ടീമിൽ നിന്ന് മൂന്ന് പേരെയെങ്കിലും അദ്ദേഹത്തിന് ആവശ്യമായിരുന്നു. പക്ഷേ മാനേജ്മെന്റ് സമ്മതിക്കാത്തതിനെ തുടർന്ന് അവർ മറ്റ് ക്ലബ്ബുകളിൽ ചേരുകയുണ്ടായി. കൂടാതെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കരാറിൽ എത്തിയ ചില താരങ്ങളിലും കിബു അസംതൃപ്തനായിരുന്നു.

കൂടാതെ, മത്സരങ്ങളിൽ കിബു പകരക്കാരെ ഇറക്കുന്നതിലും ധാരാളം ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. ലീഗിൽ എടി‌കെ മോഹൻ ബഗാനും എഫ്‌സി ഗോവയ്‌ക്കുമെതിരായതുമായ രണ്ട് മത്സരങ്ങളിൽ ഒരു പകരക്കാരനെ മാത്രം ഉപയോഗിച്ചതിൽ സ്‌ക്വാഡിൽ ഉണ്ടായിരുന്ന ചില താരങ്ങൾ സന്തുഷ്ടരായിരുന്നില്ല എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലീഗിന്റെ രണ്ടാം പകുതിയിൽ ടീമിന്റെ പ്രകടനവും സബ്സ്ടിട്യൂഷൻ ബെഞ്ചിലുള്ള താരങ്ങളെ ഉപയോഗിക്കാൻ വികുനയുടെ വിമുഖതയും കണക്കിലെടുക്കുമ്പോൾ ടീമിൽ ആകെ ഒരു നിരാശയുണ്ടായിരുന്നു. പരിചയസമ്പന്നരായ വിദേശതാരങ്ങളെ നേതൃത്വത്തിനായി ഉപയോഗിച്ച് തുടങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിലെ ഇന്ത്യൻ താരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് കാരണമായി.

ചുരുക്കത്തിൽ, കിബു വികുനയ്ക്ക് ടീമിന്റെ ആന്തരികമായ നിയന്ത്രണം നഷ്ടപ്പെട്ടു. ക്ലബ് മാനേജ്മെന്റ് ഇത് അദ്ദേഹത്തെ കൃത്യമായി അറിയിക്കുകയും സീസണിന്റെ അവസാനത്തിൽ ടീം വിടാനുള്ള ഒരു കരാറിലെത്തുകയും ചെയ്തു. എന്നാൽ, ഹൈദരാബാദിനെതിരായ ഉണ്ടായ നാല് ഗോളുകളുടെ ഞെട്ടിക്കുന്ന തോൽവി ഈ പ്രക്രിയയെ വേഗത്തിലാക്കി. ആ മത്സരത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ തന്നെ ടീമിൽ നിന്ന് പുറത്തുപോകാൻ കോച്ച് തീരുമാനിച്ചിരുന്നു.

” മത്സരം കഴിഞ്ഞയുടനെ, കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ തന്റെ അവസാന മത്സരമാണിതെന്ന് കിബു വിക്യൂന താരങ്ങളെ അറിയിച്ചു. ” – ഖേൽ നൗ മനസിലാക്കി . മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ ടീമിന്റെ ശേഷിക്കുന്ന ലീഗ് മത്സരങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, ” അടുത്ത മത്സരത്തെപ്പറ്റി ചിന്തിക്കാൻ ഞങ്ങൾക്ക് സമയമുണ്ട് ” എന്നാണ് അദ്ദേഹം മറുപടി നൽകിയത്. അപ്പോഴേക്കും അദ്ദേഹം ക്ലബ് വിടാനുള്ള തീരുമാനം ഉറപ്പിച്ചതായി സൂചിപ്പിക്കുന്നു. ബുധനാഴ്ച ക്ലബ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

നിലവിലെ അവസ്ഥയിൽ, ടീമിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് ടീമിന്റെ ഇടക്കാല പരിശീലകൻ ആയി ചുമതല ഏറ്റെടുക്കുമെന്നും വ്യക്തമായിട്ടുണ്ട്. നിലവിലെ സീസണിലേക്ക് ക്ലബ് ഒരു മുഖ്യ പരിശീലകനെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. അടുത്ത വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ ഒരാളെ എടുക്കാൻ ആയിരിക്കും സാധ്യത. ഇനി ഈ സീസണിൽ ക്ലബ്ബിന് ബാക്കിയുള്ള തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളിൽ ചെന്നൈയിൻ എഫ്‌സിയെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും.

For more updates, follow Khel Now on TwitterInstagram and join our community on Telegram.