പുതിയ സീസണിലെ ഐഎസ്എല്ലിലെ തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങളിൽ ടീം ഈ ജേഴ്‌സി അണിഞ്ഞ് കളിക്കളത്തിൽ ഇറങ്ങും.

ലോകമെമ്പാടുമുള്ള മുൻനിര കോവിഡ് പ്രവർത്തകരുടെ ധീരവും അചഞ്ചലവുമായ പ്രവർത്തനങ്ങളെ മുൻനിർത്തി അവരോടുള്ള ആദരസൂചകമായി പുതിയ സീസണിലേക്കുള്ള മൂന്നാം ജേഴ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കോവിഡ് 19 പകർച്ചവ്യാധിക്ക് എതിരായുള്ള പോരാട്ടത്തിൽ നിരന്തരം പോരാടുന്ന യോദ്ധാക്കൾക്ക് ആദരവേകി ഈ വർഷം ആദ്യം ക്ലബ്ബ് ആരംഭിച്ച #SaluteOurHeroes ക്യാമ്പയിന്റെ തുടർച്ചയായാണ് ക്ലബ്ബിന്റെ മൂന്നാം കിറ്റ് കോവിഡ് പോരാളികൾക്ക് സമർപ്പിക്കാനുള്ള തീരുമാനം.

ക്ലബ്ബിന്റെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് #SaluteOurHeroes എന്ന ക്യാമ്പയിൻ വഴി ലോകമെമ്പാടുമുള്ള മലയാളികളായ മുൻ‌നിര പ്രവർത്തകരുടെ പ്രചോദനത്മകമായ അനുഭവങ്ങളും അക്ഷീണമായ പരിശ്രമങ്ങളും ജനങ്ങൾക്കിടയിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട് . ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലെ തിരഞ്ഞെടുത്ത മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങൾ അഭിമാനത്തോടെ ഈ കിറ്റ് ധരിക്കും.

കൂടാതെ, ഈ പ്രത്യേക ജേഴ്‌സി രൂപകൽപ്പന ചെയ്തിരിക്കുന്നത് അതിന്റെ കടുത്ത ആരാധകരിലൊരാളാണെന്നും ക്ലബ് അറിയിച്ചു. ജേഴ്‌സയിലെ പാറ്റേൺ രൂപകൽപ്പന ചെയ്തത് ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ബിഎസ്‌സി വിദ്യാർത്ഥിയായ സുമന സായിനാഥാണ്. ക്ലബ്ബിന്റെ ജേഴ്‌സി രൂപകൽപ്പന ചെയ്യാൻ ആരാധകർക്ക് അവസരം നൽകുന്നതിനായി കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ മത്സരത്തിൽ നിന്ന് ലഭിച്ച മുന്നൂറിലധികം എൻട്രികളിൽ നിന്നാണ് സുമനയെ വിജയിയായി പ്രഖ്യാപിച്ചത്. വിജയിക്ക് ക്ലബ്ബിൽ നിന്നും കസ്റ്റമൈസ് ചെയ്ത ജേഴ്‌സി സമ്മാനമായി ലഭിക്കും.

” ഈ കോവിഡ് പകർച്ചവ്യാധി സമയത്ത് നമ്മുടെ പോരാളികൾക്ക് ആദരവേകി ജേഴ്‌സി രൂപകൽപ്പന ചെയ്യുന്നത് മുതൽ ഈ മത്സരം വിജയിക്കുന്നതുവരെ, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുമായുള്ള എന്റെ യാത്ര അവിസ്മരണീയമായിരുന്നു. ഏറ്റവും മികച്ചതും വലുതുമായ ആരാധകവൃന്ദമുള്ള ഒരു ക്ലബ്ബിന്റെ ജേഴ്സിയുടെ രൂപകൽപ്പന പോലെയുള്ള ഒന്ന് ചെയ്യാൻ സാധിച്ചത് തീർച്ചയായും എന്റെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമാണ്. എനിക്ക് ലഭിച്ച എല്ലാ സ്നേഹത്തിനും കേരള ബ്ലാസ്റ്റേഴ്‌സിലെ മുഴുവൻ അംഗങ്ങൾക്കും ആരാധകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാറ്റിനുമുപരിയായി കോവിഡിനെതിരെ രാവും പകലും ധീരമായി പോരാടുന്ന യോദ്ധാക്കൾക്കും ഒരു വലിയ നന്ദി. എല്ലാവർക്കും മികച്ച ആരോഗ്യം ഉണ്ടാകാൻ ആശംസിക്കുന്നു. ” – സുമന സായിനാഥ്‌ സംസാരിച്ചു


For more updates, follow Khel Now on Twitter and join our community on Telegram.