Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

വിജയപ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സ് ; സ്ഥിരത നിലനിർത്താൻ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

Published at :November 26, 2020 at 2:40 AM
Modified at :November 26, 2020 at 2:40 AM
Post Featured Image

Dhananjayan M


ലീഗിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡും ഏറ്റുമുട്ടുമ്പോൾ അറിയേണ്ട വസ്തുതകൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിന് ഗോവയിൽ തിരിതെളിഞ്ഞു. ലീഗ് മത്സരങ്ങളുടെ ആദ്യത്തെ ആഴ്ച അവസാനിക്കുമ്പോൾ ഈസ്റ്റ്‌ ബംഗാൾ ഒഴിച്ചുള്ള എല്ലാ ടീമുകളും ഒരു മത്സരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യത്തെ ആഴ്ച കാണികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. വരുന്ന ആഴ്ചകളിലും ഇത് പ്രതീക്ഷിക്കാം. കൂടാതെ ഈ വ്യാഴാഴ്ച വൈകുന്നേരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് എതിരെ തങ്ങളുടെ ലീഗിലെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങുന്നു. കഴിഞ്ഞ കളിയിലെ തങ്ങളുടെ പിഴവുകൾ തിരുത്തി ലീഗിൽ തിരിച്ചുവരാൻ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ശ്രമിക്കുന്നത്.

വളരെയധികം പ്രതീക്ഷകളോടെയാണ് പുതിയ കോച്ച് കിബു വിക്യൂനയുടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസൺ ആരംഭിച്ചത്. എന്നാൽ എടികെ മോഹൻബഗാനെതിരെയുള്ള ഉദ്ഘാടന മത്സരത്തിൽ ക്ലബിന് തോൽവിയേറ്റുവാങ്ങേണ്ടി വന്നു. എന്നാൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ആകട്ടെ ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനമാണ് മുംബൈ സിറ്റി എഫ്‌സിക്ക് എതിരെയായ ആദ്യ മത്സരത്തിൽ കാഴ്ചവെച്ചത്. ഒരു മത്സരം കൊണ്ട് ടീമുകളെ ഒരിക്കലും വിലയിരുത്താൻ കഴിയില്ല എന്നത് കൊണ്ട് തന്നെ ഗോവയിലെ ജിഎംസി സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന അടുത്ത മത്സരം ഇരു ടീമുകളുടെയും പരിശീലകരുടെ പുതിയ തന്ത്രങ്ങളുടെ പ്രയോഗ വേദി ആയിരിക്കും.

സീസണ് മുന്നോടിയായി ഇരു ക്ലബ്ബുകളും തങ്ങളുടെ ടീമുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ താരങ്ങളെ ക്ലബ്ബിന് വേണ്ടി സൈൻ ചെയ്ത ക്ലബ്ബുകൾ പഴയ താരങ്ങളിൽ കുറച്ച് പേരെയും നിലനിർത്തിയിട്ടുണ്ട്. അതിനാൽ തന്നെ നവംബർ 26ന് നടക്കാനിരിക്കുന്ന മത്സരത്തിന്റെ വിവിധങ്ങളായ ഘടകങ്ങൾ പരിശോധിച്ച് നോക്കാം.

ടീം വിശകലനം

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

https://youtu.be/juVZYcb0AhI

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ സീസണുകളിൽ മികച്ച പ്രകടനം നടത്തിയ ടീമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ആദ്യ മൂന്ന് സീസണുകളിൽ രണ്ടെണ്ണത്തിൽ ടീം ഫൈനലിൽ എത്തിയിരുന്നു. എന്നാൽ അവസാന സീസണുകൾ ഒട്ടും ശോഭനീയമല്ലായിരുന്നു. എന്നാൽ ഇത്തവണ സീസണ് മുന്നോടിയായി കരോലിസ് സ്‌കിന്‍കിസിനെ ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ ആയും മോഹൻബഗാനെ കഴിഞ്ഞ സീസണിൽ ഐ ലീഗ് ജേതാക്കളാക്കിയ കിബു വിക്യൂനയെ മുഖ്യപരിശീലകൻ ആയും നിയമിച്ചു. കൂടാതെ കഴിഞ്ഞ സീസണിലെ 21 കളിക്കാർ ക്ലബ് വിട്ടപ്പോൾ 16 പേരെ ടീമിലേക്ക് പുതുതായി എത്തിച്ചു. കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളിൽ സെർജിയോ സിഡോഞ്ചയെ മാത്രമേ ക്ലബ് നിലനിർത്തിയിരുന്നുള്ളു.

എന്നാൽ ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി ഏറ്റുവാങ്ങുക ആയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത മോഹൻബഗാന്റെ ഫിജിയൻ താരം റോയ് കൃഷ്ണ ക്ലബ്ബിന്റെ വിജയഗോൾ നേടുകയായിരുന്നു. എങ്കിലും ആ ഒരു ഗോൾ മാറ്റിവെക്കുക ആണേൽ മികച്ച പ്രകടനം തന്നെയാണ് കേരളം പുറത്തെടുത്തിരിക്കുന്നത്. ടീമിന്റെ പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്താനും കളിക്കളത്തിൽ ടീമിന്റെ ഘടന നിലനിർത്തുവാനും ഡ്രിബിൾ ചെയ്ത് മുന്നേറുവാനും കേരള ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ആക്രമണത്തിൽ കുറച്ച് കൂടി ശ്രദ്ധ ചെലുത്തുകയും മധ്യനിരയും ആക്രമണനിരയും തമ്മിലുള്ള ബന്ധം കുറച്ചുകൂടി മികവുറ്റതാക്കുകയും ചെയ്താൽ ടീം കൂടുതൽ ശക്തരാകും.

മുൻപ് സൂചിപ്പിച്ചത് പോലെ, കേരള ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ ആരാധകർക്കും കളി നിരീക്ഷകർക്കും ടീമിന്റെ കഴിവ് തെളിയിക്കണമെങ്കിൽ അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് എതിരെ ഒരു വിജയം അനിവാര്യമാണ്.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്‌സി

https://youtu.be/FOIGVstbarE

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഐഎസ്എല്ലിൽ തന്റെ കഴിവ് തെളിയിച്ച പരിശീലകൻ ആയ സെർജിയോ ലോബേറയുടെ കീഴിൽ താരതിളക്കത്തോടെ വരുന്ന മുംബൈ സിറ്റി എഫ്‌സി ലീഗിൽ ശക്തമായ പോരാട്ടം കാഴ്ച വെക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ മുംബൈയെ തോൽപ്പിച്ച നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഈ സീസണിൽ ലീഗിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു ടീമായി മാറി.

നോർത്ത് ഈസ്റ്റ്‌ താരങ്ങൾ പന്തിന്മേൽ കാണിച്ചിരുന്ന അച്ചടക്കവും ക്ഷമയും എടുത്ത് പറയേണ്ടതാണ്. വളരെയധികം സമതുലനതയോടെയും മത്സരത്തിൽ നിന്ന് ശ്രദ്ധ തെറ്റാതെയുമാണ് താരങ്ങൾ കളിച്ചത്. ഇന്ത്യയിൽ എത്തി ക്ലബ്ബുകളിൽ തങ്ങളുടെ കഴിവ് തെളിയിച്ച, കാണികളാൽ ശ്രദ്ധിക്കപ്പെടുന്ന സെർജിയോ ലോബെറ, അന്റോണിയോ ഹബാസ്, കിബു വിക്യൂന, ഓൻ കോയിൽ തുടങ്ങിയ പരിശീലകർക്കൊപ്പം ചേർത്തുവെക്കാൻ കഴിയുന്ന പേരാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ 35കാരനായ പരിശീലകൻ ജെറാഡ് നസിന്റെയും.

കൂടാതെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് തുടർച്ചയായ രണ്ടാമത്തെ വിജയം നേടുകയാണെങ്കിൽ കാണികൾക്കും ആരാധകർക്കും ടീമിന് മുകളിൽ ഉള്ള വിശ്വാസം ഊട്ടിഉറപ്പിക്കപ്പെടും.

ടീം വാർത്ത

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ആയ കിബു വിക്യൂന അടുത്ത മത്സരത്തിനുള്ള ആദ്യപതിനൊന്നിലും പകരക്കാരുടെ നിരയിലും പ്രകടമായ മാറ്റങ്ങൾ കൊണ്ട് വരുമെന്ന് ഉറപ്പാണ്. എന്നാൽ ക്ലബ്ബിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ശരീരികക്ഷമത പൂർണമായും വീണ്ടെടുക്കാൻ സാധിക്കാത്ത നിഷുകുമാറിന് അടുത്ത മത്സരത്തിൽ അവസരം ലഭിക്കുമോ എന്ന് കണ്ട് തന്നെ അറിയണം.

കൂടാതെ, മലയാളി താരം രാഹുൽ കെപിക്കും കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയുള്ള അടുത്ത മത്സരവും നഷ്ടമാകും. ആദ്യത്തെ മത്സരത്തിന് മുന്നോടിയായി ഉണ്ടായ പരുക്കിൽ നിന്ന് താരം സുഖപ്പെട്ട് വരുന്നതേ ഉള്ളൂ. പരുക്കിൽ നിന്ന് വേഗത്തിൽ മുക്തമായികൊണ്ടിരിക്കുന്ന താരം കഴിഞ്ഞ ആഴ്ച പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഒരു മത്സരത്തിന് കൂടി വിശ്രമം അനുവദിക്കാൻ ആണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ, മുംബൈക്ക് എതിരായുള്ള മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് മികച്ച പ്രകടനം കാഴ്ച വെച്ചതിനാൽ പരിശീലകനായ ജെറാഡ് നസ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ കളിക്കളത്തിൽ ഇറക്കാൻ ആയിരിക്കും സാധ്യത കൂടുതൽ. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സിനെ ദുർബലരായി കാണുകയില്ലെന്ന് കോച്ച് മുൻപ് തന്നെ വ്യക്തമാകിയിട്ടുണ്ട്. അതിനാൽ തന്നെ ക്ലബ്ബിന്റെ ശക്തരായ ടീമിനെ തന്നെ ആയിരിക്കും കോച്ച് കളത്തിൽ ഇറക്കുക. അത് കഴിഞ്ഞ ആഴ്ച മുംബൈ സിറ്റി എഫ്‌സിക്ക് എതിരെ ഇറങ്ങിയ ടീമിന് സമാനമായിരിക്കും.

ഇഞ്ചോടിഞ്ച്

കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡും ഇതുവരെ 12 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ അഞ്ച് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സും മൂന്നെണ്ണത്തിൽ നോർത്ത് ഈസ്റ്റും വിജയിച്ചിട്ടുണ്ട്. ഈ പന്ത്രണ്ട് മത്സരങ്ങളിൽ നിന്നായി കേരള ബ്ലാസ്റ്റേഴ്‌സ് 12 ഗോളുകൾ നേടിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ്‌ 7ഉം. കഴിഞ്ഞ സീസണിൽ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളും അവസാനിച്ചത് സമനിലയിൽ ആയിരുന്നു. ഡിസംബർ 28 ലെ മത്സരം 1-1 ഉം ഫെബ്രുവരി 7ലേത് 0-0യും ആയിരുന്നു.

ശ്രദ്ധിക്കേണ്ട താരങ്ങൾ

ഫാകുണ്ടോ പെരേര ( കേരള ബ്ലാസ്റ്റേഴ്‌സ് )

എടികെ മോഹൻബഗാനുമായുള്ള മത്സരത്തിൽ പകരക്കാരൻ ആയിട്ടാണ് ഫാകുണ്ടോ പെരേര കളിക്കളത്തിൽ ഇറങ്ങിയത്. ഗോവയിലെ ബയോ ബബിളിൽ വൈകി എത്തിയ താരത്തിന് ടീമുമൊത്തുള്ള പരിശീലനത്തിന് കിട്ടിയ അവസരം കുറവായതിനാലാകാം താരം ആദ്യ പതിനൊന്നിൽ ഉൾപെടാതിരുന്നത്. എങ്കിലും വരുന്ന ആഴ്ചകളിൽ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പതിനൊന്നിൽ സ്ഥിരം സാന്നിധ്യമായി പ്രതീക്ഷിക്കാം. ക്ലബ്ബിൽ കളിക്കളത്തിൽ ഫൈനൽ തേർഡിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന ആരുമില്ലെന്ന്  കഴിഞ്ഞ മത്സരം തെളിയിച്ചതാണ്. അത്തരം സന്ദർഭങ്ങളിൽ സഹൽ അബ്ദുൾ സമദിന് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ ഫാകുണ്ടോ പെരേര ആയിരിക്കും ക്ലബ്ബിന്റെ നമ്പർ 10 സ്ഥാനത്ത് കളിക്കുക.

എടികെ എംബിയുമായുള്ള ആദ്യ മത്സരത്തിൽ, സന്ദേശ് ജിങ്കൻ, ടിരി തുടങ്ങിയവർ കോട്ടക്കെട്ടുന്ന ക്ലബ്ബിന്റെ പ്രതിരോധത്തെ തകർത്ത് ഗോൾ അടിക്കാൻ സാധിക്കുന്ന പൊസിഷനിൽ എത്താൻ കഴിയുമെന്ന്  നോങ്ഡാംബ നോറം, റിഥ്വിക് ദാസ്, ഗാരി ഹൂപ്പർ എന്നിവർ തെളിയിച്ചിരിക്കുന്നു. അതിനാൽ തന്നെ ഫാകുണ്ടോ പോലെയുള്ള ഒരു മികച്ച നമ്പർ 10 കളിക്കാരൻ കൂടി കളിക്കളത്തിൽ ഉണ്ടായാൽ വലിയൊരു വ്യത്യാസം അനുഭവപ്പെടും. കൂടാതെ മുംബൈ സിറ്റി എഫ്‌സിയുമായുള്ള ക്ലബ്ബിന്റെ സൗഹൃദമത്സരത്തിൽ അത് തെളിഞ്ഞതുമാണ്.

ഖാസ്സാ കാമര ( നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് )

മുംബൈ സിറ്റി എഫ്‌സിയുമായുള്ള നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപെട്ട താരമാണ് ഖാസ്സാ കാമര. മത്സരം തുടങ്ങിയത് മുതൽ കൃത്യമായ ടാക്കളുകളുമായി ഈ ഫ്രഞ്ച് - മൗറീഷ്യൻ താരം കളം നിറഞ്ഞ് കളിക്കുകയായിരുന്നു. കളിക്കളത്തിൽ താരങ്ങളെ മുന്നോട്ട് നയിക്കുകയും അച്ചടക്കത്തോടെ കളിപ്പിക്കുവാനും താരം ശ്രദ്ധിച്ചിരുന്നു. കൂടാതെ മുംബൈയുടെ കുന്തമുനയായ അഹമ്മദ് ജാഹുവിന് മത്സരത്തിൽ നേടികൊടുത്ത ചുവപ്പ് കാർഡും സസ്പെന്ഷനും കാമരയെ ഫൗൾ ചെയ്തത് മൂലം ഉണ്ടായതാണ്.

മധ്യനിരയിലും മുന്നേറ്റനിരയിലും കൃത്യമായ താളം കണ്ടെത്താൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്‌സിന് ഖാസ്സാ കാമരയുടെ കളിക്കളത്തിലെ കൃത്യമായ സാന്നിധ്യം കളി ദുഷ്കരമാക്കും എന്ന് ഉറപ്പാണ്. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ കളിയൊഴുക്കിനെ നിയന്ത്രിക്കുന്ന താരം അവരുടെ രണ്ടാമത്തെ വിജയത്തെ വളരെയധികം സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

സാധ്യത ലൈൻഅപ്പ്‌

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ( 4-2-3-1 )

ആൽബിനോ ഗോമേസ് ( GK ); നിഷു കുമാർ, ബക്കറി കോൺ, കോസ്റ്റ നമോയിൻസു, ജെസ്സൽ കാർനെറോ; വിസെൻറ് ഗോമസ്, സെർജിയോ സിഡോഞ്ച; ഫാകുണ്ടോ പെരേര, റിഥ്വിക് ദാസ്, നോങ്‌ഡാംബ നൊറേം, ഗാരി ഹൂപ്പർ.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ( 4-4-2 )

ചൗധരി ( GK ); അഷ്തോഷ് മെഹ്ത, ബെഞ്ചമിൻ ലാംബോട്ട്, ഡിലൻ ഫോക്സ്, ഗുർജിന്ദർ കുമാർ; നിന്തോയ് മീതെയ്, ലാലേങ്മാവിയ, ഖാസ്സാ കാമര, ലൂയിസ് മാഷാഡോ; ലേലരേംപുയ, ക്വസി അപ്പിയാ.

നിങ്ങൾക്ക് അറിയാമോ?

  • ഈ സീസൺ ഐഎസ്എല്ലിൽ കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും അധികം ഷോട്ട് ഉതിർത്ത താരങ്ങൾ (8) ഉള്ള രണ്ട് ടീമുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആണ്.
  • എടികെ മോഹൻബഗാനുമായുള്ള മത്സരത്തിൽ 0 ഷോട്ട് ഓൺ ടാർഗറ്റ് ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്.
  • എടികെ എംബിയുമായുള്ള മത്സരത്തിൽ ആദ്യപകുതിയിൽ 69.3% ബോൾ പോസ്സഷൻ ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്.
  • മുംബൈ സിറ്റിയുമായുള്ള മത്സരത്തിൽ ആകെ 34.4% ബോൾ പോസ്സഷനും 294 പാസ്സുകളുമാണ് നോർത്ത് ഈസ്റ്റിന് ഉണ്ടായിരുന്നത്.
  • മുംബൈ സിറ്റി എഫ്‌സിക്ക് എതിരെ നോർത്ത് ഈസ്റ്റ്‌ അടിച്ച 7 ഷോട്ടുകളിൽ 2 എണ്ണം ലക്ഷ്യത്തിൽ എത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡുമായുള്ള തമ്മിലുള്ള മത്സരം സ്റ്റാർ സ്പോർട്സ് 1 എസ്ഡി, എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2 എസ്ഡി, എച്ച്ഡി (ഇംഗ്ലീഷ്), സ്റ്റാർ സ്പോർട്സ് ഹിന്ദി 1 എസ്ഡി, എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ ഗോൾഡ് 2 (ഹിന്ദി) എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും, ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും സ്റ്റാർ സ്പോർട്സ് പ്രാദേശിക ചാനലുകളിലും ( ബംഗ്ലാ, കന്നഡ, തമിഴ്, തെലുങ്ക്, മറാത്തി ), ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, ജിയോ ടിവി എന്നിവയിലും മത്സരം തത്സമയം കാണാവുന്നതാണ്.

Advertisement