ചെന്നൈയിൻ എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്

സ്പാനിഷ് താരം സെർജിയോ സിഡോഞ്ചയുടെ പരിക്ക് ഗുരുതരം സീസൺ നഷ്ടമായേക്കും എന്ന സൂചനയുമായി ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ്സ് സ്കിൻകിസ്സ്, ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സ്കിൻകിസ്സ് ഈ വിവരം പുറത്ത്‌വിട്ടത്.

ചെന്നൈയിൻ എഫ്‌സി ഡിഫെൻഡർ മെമ്മോയുടെ ടാക്കിളിൽ ഏറ്റ പരിക്കുമൂലം വലതു കണങ്കാലിന്റെ ഇരുവശത്തുമുള്ള ലിഗ്‌മെന്റിനേറ്റ വിള്ളൽ കാരണമാണ് താരത്തിന് സീസണിൽ നിന്ന് ദീർക്കകാലത്തേക്ക് വിട്ട് നിക്കേണ്ടി വരുന്നതെന്നാണ് എസ് ഡി സന്ദേശത്തിൽ പറയുന്നത്. ക്ലബ് വളരെ ശ്രദ്ധയോടെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങളുടെ ക്യാപ്റ്റന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുന്നു എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിന്‍കിസിന്റെ സന്ദേശത്തിന്റെ പൂർണരൂപം.

“ചെന്നൈയിൻ എഫ്‌സി ഡിഫെൻഡർ മെമ്മോ നടത്തിയ ടാക്കിൽ കാരണമുണ്ടായ പരിക്കിൽ അദ്ദേഹത്തിന് ഉടൻ തന്നെ കടുത്ത വേദനയും വീക്കവുമുണ്ടായി. വലത് കണങ്കാലിൽ നടത്തിയ എം‌ആർ‌ഐ സ്കാനിലൂടെ സിഡോഞ്ചയുടെ പരുക്കിന്റെ വ്യാപ്തി ഞങ്ങൾക്ക് മനസിലായി, അയാൾ ദീർഘകാലത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്കാൻ റിപ്പോർട്ടുകളെക്കുറിച്ച് ഞങ്ങൾ ഓർത്തോപെഡിക് സ്പെഷ്യലിസ്റ്റുകളുമായി ആലോചിക്കുകയും കളിക്കാരന്റെ അവസ്ഥ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ചെയ്യും.”

ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് സിഡോഞ്ച. കഴിഞ്ഞ സീസണിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് നില നിറുത്തിയ ഏക വിദേശ താരവും സിഡോയാണ്. കേവലം മൂന്ന് മത്സരങ്ങൾ മാത്രം കഴിയവേ ആരാധകർക്ക് ഏറെ പ്രിയപെട്ടവനും ഈ സീസണിലെ മൂന്ന് ക്യാപ്റ്റന്മാരിൽ ഒരാൾ കൂടിയായ താരത്തിന്റെ നഷ്ട്ടം ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകും.

2018-19 സീസണിൽ ജംഷദ്‌പൂർ എഫ്‌സിക്ക് വേണ്ടി കളിച്ചാണ് സിഡോ ഐ‌ എസ് ‌എൽ കരിയർ ആരംഭിച്ചത്. അടുത്ത സീസണിൽ സിഡോഞ്ച കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തി. ഐ എസ് എല്ലിൽ ഇതുവരെ 28 മത്സരങ്ങൾ കളിച്ച സിഡോ അഞ്ച് ഗോളുകളും ആറ് അസിസ്റ്റുകളും തന്റെ പേരിൽ സ്വന്തമാക്കിയിട്ടുണ്ട്.

സിഡോയുടെ വിടവ് നികത്താൻ ടീം മാനേജ്മെന്റ് എന്ത് തീരുമാനമാണ് സ്വീകരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മഞ്ഞപ്പട. ഡിസംബര്‍ ആറിന് ഫറ്റോര്‍ഡയില്‍ എഫ്‌സി ഗോവക്കെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

For more updates, follow Khel Now on Twitter and join our community on Telegram.