നോങ്ഡംബ നോറത്തെ എടികെ മോഹൻബഗാനുമായി കൈമാറ്റം ചെയ്താണ് ശുഭഘോഷിനെ ടീമിൽ എത്തിക്കുന്നത്.

യുവ കൊൽക്കത്തൻ മുന്നേറ്റ താരം ശുഭ ഘോഷിനെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മോഹൻ ബഗാൻ അക്കാദമിയിലൂടെ വളർന്നു വന്ന ഇരുപത് വയസ്സുകാരനായ താരം, കഴിഞ്ഞ സീസണിൽ നിലവിലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പരിശീലകനായ കിബു വിക്യൂനയുടെ കീഴിൽ ഡ്യുറണ്ട് കപ്പിലൂടെയാണ് മോഹൻ ബഗാന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 

കഴിഞ്ഞ സീസണിൽ കിബുവിന്റെ കീഴിൽ ഐ ലീഗ് ജേതാക്കളായ മോഹൻ ബഗാന്റെ ടീമിൽ ഉണ്ടായിരുന്ന ശുഭഘോഷ് എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. കളിക്കളത്തിൽ ഓരോ 40 മിനിറ്റിലും ഓരോ ഗോൾ നേടുന്നു എന്നതാണ് താരത്തിന്റെ ഇത് വരെയുള്ള ആകെ പ്രകടനത്തിന്റെ ബാക്കിപത്രം. ബ്ലാസ്റ്റേഴ്‌സിന്റെ വിങ്ങർ ആയിരുന്ന നോങ്ഡംബ നോറത്തെ എടികെ മോഹൻബഗാന് നൽകുന്ന ഒരു സ്വാപ്പ് ഡീൽ ആയതിനാൽ ക്ലബ്ബിൽ നിന്ന് താരത്തോടൊപ്പം ഒരു കൈമാറ്റ തുകയും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. 2023 വരെയാണ് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള താരത്തിന്റെ കരാർ.

” എനിക്ക് ഇതൊരു പുതിയ തുടക്കമാണ്.  എനിക്ക് ഇപ്പോൾ ഒരു പുതിയ കുടുംബം ലഭിച്ചു, കേരള ബ്ലാസ്റ്റേഴ്‌സിനായി സേവനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഗോളുകൾ നേടണം, മത്സരങ്ങൾ വിജയിക്കണം. അതിനാണ് ഞാൻ ഇവിടെ വന്നത്. എനിക്ക് ഇങ്ങനെയൊരു അവസരം നൽകിയതിന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടും ഏറ്റവും പ്രധാനമായി കിബു സാറിനോടും നന്ദി അറിയിക്കുന്നു. ആരാധകരെ സന്തോഷിപ്പിക്കാനും നിങ്ങളുടെ സ്നേഹവും പിന്തുണയും ലഭിക്കാനും ഞാൻ ആഗ്രഹിക്കുന്നു. നാമെല്ലാവരും പറയുന്നതുപോലെ #YennumYellow! ” – ശുഭഘോഷ് പ്രതികരിച്ചു.

” ശുഭ ഞങ്ങളുടെ ടീമിൽ ചേരുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഗോളുകൾ നേടുന്ന ഒരു സ്വാഭാവിക സ്‌ട്രൈക്കറാണ് അദ്ദേഹം. കഴിഞ്ഞ സീസണിൽ അവനോടൊപ്പം പ്രവർത്തിച്ചിരുന്ന കിബുവിന് താരത്തെ പറ്റി പല നല്ല കാര്യങ്ങളും പറയാനുണ്ടായിരുന്നു. അവൻ ടീമിനെ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് കാണുന്നതിനായി ഞാൻ വളരെ ആവേശത്തിലാണ്. ” – കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിന്ക്യസ് പ്രതികരിച്ചു.

For more updates, follow Khel Now on Twitter, Instagram and join our community on Telegram.