ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ്‌സി കേരളയുടെ മുഖ്യ പരിശീലകൻ ആയിരുന്നു ടിജി പുരുഷോത്തമൻ.

എഫ്‌സി കേരളയുടെ മുൻ പരിശീലകൻ ടിജി പുരുഷോത്തമനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിന്റെ മുഖ്യ പരിശീലകൻ ആയി നിയമിച്ചതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം വിട്ട രഞ്ജിത്ത് ടിഎയ്ക്ക് പകരമായാണ് പുരുഷോത്തമൻ പരിശീലനായി എത്തുന്നത്.

” റിസർവ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ടിജി പുരുഷോത്തമനെ നിയമിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ” – ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. 2017-18 സീസൺ മുതൽ ഐ ലീഗ് രണ്ടാം ഡിവിഷൻ കളിക്കുന്ന എഫ്‌സി കേരളയുടെ മുഖ്യ പരിശീലകൻ ആയിരുന്നു. 2019-20 ൽ സന്തോഷ്‌ ട്രോഫി കളിച്ച കേരള ടീമന്റെ സഹ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഡെംപോ എഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ (SBT), വിവാ കേരള (പിന്നീട് ചിരാഗ് യുണൈറ്റഡ് കേരള), വാസ്കോ ഗോവ എന്നീ ടീമുകൾക്ക് വേണ്ടി ഗോൾ വല കാത്തിരുന്ന അദ്ദേഹം നാഷണൽ ഫുട്ബോൾ ലീഗ് (NFL) ജേതാവ് കൂടിയാണ്. കൂടാതെ കളിക്കാരനായി തന്നെ മഹീന്ദ്ര യുണൈറ്റഡിനൊപ്പം ഡ്യുറണ്ട് കപ്പും ഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്. വിവാ കേരളയുടെ ക്യാപ്റ്റൻ കൂടിയായിരുന്നു അദ്ദേഹം. കേരള ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ എന്ന നിലയിൽ 2001ലെ സന്തോഷ്‌ ട്രോഫി നേട്ടത്തിലും ടിജി പുരുഷോത്തമൻ പങ്കാളിയായിരുന്നു.

നിലവിൽ എഎഫ്‌സി എ ലൈസൻസ് പരിശീലന യോഗ്യത കൈവശമുള്ള ടിജി 2017-18 ൽ എഫ്‌സി കേരളയോടൊത്തുള്ള ആദ്യ സീസണിൽ തന്നെ ടീമിനെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ എത്തിച്ചിരുന്നു. ആ സീസണിൽ ക്ലബ്‌ പത്തിൽ ആറോളം മത്സരങ്ങൾ ജയിച്ചെങ്കിലും അവസാന റൗണ്ടിലേക്ക് കടക്കാനായില്ല.2019-20 സീസണിലും തൃശ്ശൂർ ആസ്ഥാനമാക്കിയ ഈ ക്ലബ് രണ്ടാം ഡിവിഷൻ കളിച്ചിരുന്നു. ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് വിജയിക്കുകയും എഫ്‌സി ഗോവ റിസർവ് ടീമിനോടും മുംബൈ സിറ്റി എഫ്‌സിയുടെ റിസർവ് ടീമിനോടും സമനില പിടിക്കുകയും ചെയ്തു. എന്നാൽ കോവിഡ് 19 പകർച്ചവ്യാധി മൂലം ലീഗ് അവസാനിക്കപ്പെട്ടു.

യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ വികസിപ്പിക്കാനുമുള്ള സ്വത്വസിദ്ധമായ കഴിവുള്ള വ്യക്തിയാണ് ടിജി. എഫ്‌സി കേരളയിലൂടെ ധാരാളം യുവ പ്രതിഭകളെ അദ്ദേഹം ഇന്ത്യൻ ഫുട്ബോളിനും കേരള ഫുട്ബോളിനും നൽകിയുട്ടുണ്ട് അതിനാൽ തന്നെ അദ്ദേഹത്തിന്റെ കീഴിൽ സച്ചിൻ സുരേഷ്, ഷഹാജാസ് തെക്കൻ, ഉമേഷ് പെരാംബ്ര, കെൻസ്റ്റാർ ഖർഷോംഗ്, ലെയ്‌മിൻലൂൺ ഡംഗൽ, ഗോതിമയൂം മുക്താസാന തുടങ്ങിയ പ്രതിഭാധനരായ താരങ്ങൾ ഉൾപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീം വളരെ നന്നായി തന്നെ വളർന്നു വരുമെന്ന് കരുതാം.

കൂടാതെ, കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെ സഹപരിശീലകൻ ആയിരുന്ന ടോമാസ്സ് ടിച്ചൊർസ് റിസർവ് ടീമിന്റെ ടെക്നിക്കൽ അഡ്വൈസർ ആയി നിയമക്കപ്പെടും. ഇരുപത്തിയെട്ട്കാരനായ ടിച്ചൊർസ് കൊച്ചിയിൽ എത്തിയെന്നും നിലവിൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ ആണെന്നും ഖേൽ നൗ മനസിലാക്കുന്നു.

For more updates, follow Khel Now on TwitterInstagram and do not forget to join our community on Telegram.