Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

റിസർവ് ടീമിൽ നിന്ന് ഏഴ് യുവതാരങ്ങൾക്ക് പ്രീസീസൺ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

Published at :October 10, 2020 at 2:19 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : KBFC Media)

Dhananjayan M


പ്രീസീസണിൽ കഴിവ് തെളിയിക്കുന്ന താരങ്ങളെ കാത്തിരിക്കുന്നത് വരുന്ന 2020-21 സീസണിൽ ഐഎസ്എൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്ന്റെ സീനിയർ ടീമിന്റെ ഭാഗമാകാൻ ഉള്ള അവസരമാണ്.

ഇന്ത്യൻ ഫുട്ബോളിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിലും മുൻനിര താരങ്ങളായി  വികസിപ്പിക്കുന്നതിലും എല്ലാ കാലത്തും പ്രാധാന്യം നൽകിയിരുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇതുവരെയുള്ള എല്ലാ സീസണിലും യുവതാരങ്ങൾക്ക് കളിക്കളത്തിൽ ആദ്യ പതിനൊന്നിൽ അടക്കം മികച്ച അവസരങ്ങൾ ക്ലബ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറ് സീസണിലെ കണക്കുകൾ പരിശോധിച്ചാൽ മൂന്ന് സീസണിലും ടൂർണമെന്റിലെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ കളിക്കാരാണ്.

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിൽ നിന്ന് ഏഴ് പേരെയാണ് ഗോവയിലെ ടീമിന്റെ പ്രീസീസൺ സ്‌ക്വാഡിൽ ഉൾപെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ കേരള പ്രീമിയർ ലീഗ് അടക്കമുള്ള ടൂർണമെന്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗോൾകീപ്പർ മുഹീത് ഷബീർ, പ്രതിരോധതാരം കെൻസ്റ്റാർ ഖർഷോംഗ്, മധ്യനിര താരങ്ങളായ ഗോതിമയും മുക്താസന, ആയുഷ് അധികാരി, നോങ്ദാംബ നോറം, മുന്നേറ്റ താരങ്ങളായ ഷയ്ബോർലങ് ഖാർപ്പൻ, നോറം മഹേഷ്‌ സിങ് എന്നിവർക്കാൻ റിസർവ് ടീമിൽ നിന്നും സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. പ്രീ സീസണിലെ പരിശീലനങ്ങളിലുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിക്കുന്ന സീനിയർ ടീമിന്റെ ഭാഗമാകാൻ അവസരം ലഭിക്കും.

https://twitter.com/KeralaBlasters/status/1314532712959549442

യുവതാരങ്ങളുടെ വികസനം ക്ലബ്ബിന്റെ പ്രധാന അജണ്ടയാണെങ്കിലും, കളിക്കാരുടെ കളിക്കളത്തിലെ നിലവാരം വിട്ടുവീഴ്ച ചെയ്യാനാവാത്ത ഒരു ഘടകമായി ക്ലബ് വിലയിരുത്തുന്നു. പത്തൊൻപത് വയസ്സുകാരനായ ആയുഷ് അധികാരിയെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരപരിചയം നേടുവാനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള ഡെവലപ്പിങ് ടീമായ ഇന്ത്യൻ ആരോസിലേക്ക് വായ്പാടിസ്ഥാനത്തിൽ കൈമാറി. സീസണിൽ താരം ക്ലബ്ബിനായി പതിമൂന്ന് മത്സരങ്ങളിൽ കളിക്കളത്തിൽ ഇറങ്ങി. അതിൽ പന്ത്രണ്ട് മത്സരങ്ങളിൽ ആദ്യ പതിനൊന്നിൽ അംഗമായിരുന്നു. ഇന്ത്യൻ ആരോസിനായി കളിക്കളത്തിൽ മികച്ച ആക്രമണ ഫുട്ബോൾ കാഴ്ചവെച്ചു ആയുഷ്. നോങ്ദാംബ നോറമാകട്ടെ കഴിഞ്ഞ സീസണിലെ ഐ - ലീഗ് ജേതാക്കളായിരുന്ന മോഹൻബഗാനിലേക്കായിരുന്നു വായ്പാടിസ്ഥാനത്തിൽ നീങ്ങിയത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകൻ ആയ മുൻ മോഹൻബഗാൻ കോച്ച് കിബു വിക്യൂനയുടെ കീഴിൽ ഇടത് വിങ്ങിൽ മികച്ച പ്രകടനമായിരുന്നു താരം ക്ലബ്ബിൽ കാഴ്ചവെച്ചത്. മോഹൻ ബഗാന് വേണ്ടി കഴിഞ്ഞ സീസണിൽ 2 ഗോളുകളും 3 അസ്സിസ്റ്റുകളും നോറം നേടി.

എന്നാൽ, മുഹീത് ഷബീർ, ഗോതിമയും മുക്താസന, ഷയ്ബോർലങ് ഖാർപ്പൻ തുടങ്ങിയ താരങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാണ്. നോറം മഹേഷ്‌ സിങ്, കെൻസ്റ്റാർ ഖർഷോംഗ് എന്നീ താരങ്ങൾ കഴിഞ്ഞ സീസണിൽ ഷില്ലോങ്ങ് ലജോങ്ങിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ടീമിൽ എത്തിയവരാണ്. കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയുള്ള കഴിഞ്ഞ സീസണിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലബ് ഈ താരങ്ങളുടെ കരാർ സ്ഥിരപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കേരള പ്രീമിയർ ലീഗ് ജേതാക്കൾ ആയപ്പോൾ ഈ അഞ്ച് താരങ്ങളും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Advertisement