ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന മലയാളി ഫുട്ബോൾ താരങ്ങൾ

(Courtesy : ISL Media)
കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ അഞ്ച് വ്യത്യസ്ത ടീമുകളിലായി 14 മലയാളി താരങ്ങളാണ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ നവംബർ 20ന് ഗോവയിൽ കൊടിയേറി. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാതലത്തിൽ ഗോവയിലെ ബയോ-ബബിളിനുള്ളിൽ കാണികളെ പ്രവേശിപ്പിക്കാതെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ഇത്തവണ ടൂർണമെന്റ് നടത്തുന്നത്.
വൻ പ്രതീക്ഷകളോടെയാണ് 11 ടീമുകൾ ലീഗിൽ മാറ്റുരയ്ക്കുന്നത്. അവയിൽ അഞ്ച് ടീമുകളിൽ മാത്രമാണ് മലയാളി സാന്നിധ്യം ഉള്ളത്. കേരളത്തെ പോലെ തന്നെ ഫുട്ബോൾ വേരോട്ടമുള്ള ഗോവ, ബംഗാൾ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളെ അപേക്ഷിച്ച് ലീഗിൽ മലയാളി താരങ്ങളുടെ എണ്ണം വളരെ കുറവാണ് എന്നത് ചർച്ചവിഷയമാക്കേണ്ട വസ്തുതയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് 2020-21 സീസണിൽ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിക്കുന്ന മലയാളി താരങ്ങളെ ക്ലബ് അടിസ്ഥാനത്തിൽ പരിചയപ്പെടാം.
കേരള ബ്ലാസ്റ്റേഴ്‌സ്
രാഹുൽ കെ.പി
ഇന്ത്യ ആതിഥേയം വഹിച്ച 2017 അണ്ടർ-17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരമാണ് രാഹുൽ കെ.പി. തൃശ്ശൂരുകാരനായ രാഹുൽ അണ്ടർ-17 ലോകകപ്പിന് വേണ്ടി തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലൂടെയാണ് ഫുട്ബോൾ പരിശീലനം ആരംഭിച്ചത്. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ രാഹുൽ പിന്നീട് എഐഎഫ്എഫിന്റെ ഡെവലപ്‌മെന്റൽ ടീമായ ഇന്ത്യൻ ആരോസിന്റെ ഭാഗമാക്കുകയും ചെയ്തു. അവിടെ നിന്നാണ് താരം കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. വിങ്ങുകളിലൂടെ ആക്രമണം നടത്തുന്ന രാഹുൽ കഴിഞ്ഞ സീസണിലും ഈ സീസണിലുമായി കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ടു ഗോളും നേടിയിട്ടുണ്ട്.
സഹൽ അബ്ദുൾ സമദ്
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനം എന്ന് ആരാധകരാലും ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളാലും വിശേഷിക്കപ്പെടുന്ന താരമാണ് സഹൽ അബ്ദുൾ സമദ്. യുഎഇയിലെ അൽ ഇതിഹാദ് അക്കാദമിയിലൂടെ വളർന്നു വന്ന സഹൽ കേരള സന്തോഷ് ട്രോഫി ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽ എത്തിയ താരം തുടർന്ന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുകയായിരുന്നു. ഐഎസ്എൽ 2018/19 സീസണിൽ ലീഗിലെ വളർന്നു വരുന്ന താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ സഹൽ തൊട്ട് അടുത്ത വർഷം തന്നെ എഐഎഫ്എഫിന്റെ എമേർജിങ് താരത്തിനുള്ള അവാർഡ് നേടിയെടുത്തു.
പ്രശാന്ത് കെ
കേരള ബ്ലാസ്റ്റേഴ്‌സിലെ വേഗതയേറിയ മറ്റൊരു മലയാളി യുവതാരമാണ് പ്രശാന്ത് കറുത്തടത്കുനി. ഒരു അത്‌ലറ്റ് ആയി കരിയർ ആരംഭിച്ച പ്രശാന്ത് പിന്നീട് ഫുട്ബോളിലേക്ക് തിരിയുകയായിരുന്നു. എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലും ഡിഎസ്കെ ശിവജിയൻസ് അക്കാദമിയിലും പരിശീലനം നടത്തിയ പ്രശാന്ത് 2016ലാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. പിന്നീട് വായ്പാടിസ്ഥാനത്തിൽ ചെന്നൈ സിറ്റി എഫ്‌സിയിലും കളിച്ചിട്ടുണ്ട്. വിങ്ങുകളിലൂടെ വേഗതയിൽ മുന്നേറാൻ കഴിയുന്ന താരത്തിന് കളിക്കളത്തിൽ ബോക്സിലേക്ക് മികച്ച ക്രോസ്സുകൾ കൂടി നൽകാൻ കഴിഞ്ഞാൽ ടീമിന്റെ ആദ്യ പതിനൊന്നിൽ സ്ഥിരം സാന്നിധ്യമായി തീരാം.
അബ്ദുൾ ഹക്കു
സാറ്റ് തിരുരിലൂടെ വളർന്നുവന്ന പ്രതിരോധ താരമാണ് അബ്ദുൾ ഹക്കു. ഡിഎസ്കെ ശിവജിയൻസ്, ഫതെഹ് ഹൈദരാബാദ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരത്തെ 2018ലാണ് ക്ലബ് സൈൻ ചെയ്യുന്നത്. ആ സീസണിൽ കളിക്കളത്തിൽ കാര്യമായ അവസരങ്ങൾ താരത്തിന് ലഭിച്ചില്ലെങ്കിലും കഴിഞ്ഞ സീസണിൽ ക്ലബ്ബിലെ പ്രതിരോധ താരങ്ങൾക്ക് ഉണ്ടായ പരിക്ക് ഹക്കുവിന് കൂടുതൽ അവസരം നൽകി.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
വിപി സുഹൈർ

ഈ സീസണിൽ മോഹൻബഗാനിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ചേക്കേറിയ മുന്നേറ്റതാരമാണ് വിപി സുഹൈർ. കേരളത്തിനെ ദേശീയ ഗെയിംസിലും സന്തോഷ് ട്രോഫിയിലും പ്രതിനിധീകരിച്ച സുഹൈർ കൊൽക്കത്ത ക്ലബ്ബായ യുണൈറ്റഡ് എസ്‌സിയിലൂടെയാണ് പ്രൊഫെഷണൽ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. തുടർന്ന് ഈസ്റ്റ് ബംഗാളിലും ഗോകുലം കേരള എഫ്‌സിയിലും കളിച്ച താരം കഴിഞ്ഞ സീസണിലാണ് മോഹൻബഗാനിൽ എത്തുന്നത്. ക്ലബ്ബിനൊപ്പം കഴിഞ്ഞ സീസണിലെ ഐ ലീഗ് കിരീടം നേടിയ താരം രണ്ട് വർഷത്തെ കരാറിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയത്.
ബ്രിട്ടോ പിഎം
മോഹൻബഗാനിൽ നിന്നും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയ മറ്റൊരു മലയാളി താരമാണ് ബ്രിട്ടോ. വിവ കേരളയിലൂടെയും പൂനെ എഫ്‌സിയിലൂടെയും ഫുട്ബോൾ കരിയർ ആരംഭിച്ച ബ്രിട്ടോ ഇന്ത്യൻ നേവിയോടൊപ്പം രണ്ട് തവണ സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്. പിന്നീട് ചർച്ചിൽ ബ്രദേഴ്സിലും തുടർന്ന് മോഹൻബഗാനിലും കളിച്ച താരം ക്ലബ്ബിനൊപ്പം
കൽക്കട്ട ഫുട്ബോൾ ലീഗും ഐ ലീഗും നേടിയിട്ടുണ്ട്.
മഷൂർ ഷെരിഫ്
ഐ ലീഗ് ക്ലബ്ബായ ചെന്നൈ സിറ്റി എഫ്‌സിയിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈൻ ചെയ്ത താരമാണ് മഷൂർ ഷെരിഫ്. ചെന്നൈ സിറ്റി എഫ്‌സിയിൽ ആദ്യ പതിനൊന്നിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ക്ലബിന് വേണ്ടി ഐ ലീഗ്, എഎഫ്‌സി കപ്പ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ട് തുടങ്ങിയ ടൂർണമെന്റിൽ താരം കളിച്ചിട്ടുണ്ട്. ചെന്നൈ സിറ്റിക്ക് ഒപ്പം ഐ ലീഗ് കിരീടം നേടിയ താരമാണ് മഷൂർ.
ഈസ്റ്റ് ബംഗാൾ
സികെ വിനീത്
ഐ ലീഗിൽ നിന്നും ഐഎസ്എല്ലിൽ അരങ്ങേറുന്ന എസ്‌സി ഈസ്റ്റ് ബംഗാൾ ജംഷെഡ്പൂരിൽ നിന്ന് സ്വന്തമാക്കിയ മലയാളി സ്ട്രൈക്കറാണ് സികെ വിനീത്. ചെന്നൈ കസ്റ്റംസിനൊപ്പവും കെഎസ്ഇബിക്ക് ഒപ്പവും ഫുട്ബോൾ കരിയർ ആരംഭിച്ച വിനീത് ചിരാഗ് യുണൈറ്റഡിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിൽ എത്തുന്നത്. പിന്നീട് യുണൈറ്റഡ് എസ്സി, ബംഗളുരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിൻ എഫ്‌സി, എന്നിവർക്ക് വേണ്ടിയും കളിച്ചിട്ടുണ്ട് താരം. ബംഗളുരു എഫ്‌സിക്ക് ഒപ്പം രണ്ട് തവണ ഐ ലീഗും രണ്ട് തവണ ഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട് വിനീത്.
മുഹമ്മദ് ഇർഷാദ്

വിവ കേരളയുടെയും ഡിഎസ്കെ ശിവജിയൻസിന്റെയും യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരമാണ് മുഹമ്മദ് ഇർഷാദ്. 2016/17 സീസണിൽ സന്തോഷ് ട്രോഫി താരമായിരുന്ന ഇർഷാദ് തുടർന്നാണ് ഗോകുലത്തിൽ എത്തുന്നത്. പിന്നീട് മിനർവ പഞ്ചാബ് എഫ്‌സിയിലേക്ക് മാറിയ താരം പ്രീസീസണിൽ ഉണ്ടായ പരിക്കും മത്സരങ്ങളുടെ അഭാവവും മൂലം തിരികെ ഗോകുലത്തിൽ എത്തുകയായിരുന്നു. ഗോകുലം കേരളയിൽ നിന്നാണ് ഇർഷാദ് ഈസ്റ്റ് ബംഗാളിലേക്ക് മാറിയത്. സ്ട്രൈക്കർ ആയാണ് കരിയർ ആരംഭിച്ചതെങ്കിലും നിലവിൽ സെന്റർ ബാക്ക് ആയാണ് താരം കളിക്കുന്നത്. മിഡ്‌ഫീൽഡർ ആയും വിങ്ബാക്ക് ആയും കളിക്കാൻ സാധിക്കുന്ന താരമാണ് ഇർഷാദ്.
മിർഷാദ് കെ
ഒരു വിക്കറ്റ് കീപ്പറിൽ നിന്ന് ഗോൾ കീപ്പറായി വളർന്ന താരമാണ് മിർഷാദ്. തുടർന്ന് കാസർഗോഡ് ജില്ല ജൂനിയർ ടീമിലൂടെ വളർന്ന താരം ഗോവ പ്രീമിയർ ലീഗ് ക്ലബ്ബായ എഫ്‌സി ബാർദേസിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിൽ എത്തുന്നത്. പിന്നീട് ഗോകുലം കേരള എഫ്‌സിയിൽ എത്തിയ മിർഷാദ് ക്ലബ്ബിനൊപ്പം കേരള പ്രീമിയർ ലീഗിൽ നടത്തിയ പ്രകടമായിരുന്നു താരത്തെ ഈസ്റ്റ് ബംഗാളിൽ എത്തിച്ചത്. 2017 മുതൽ ഈസ്റ്റ് ബംഗാളിന്റെ ഭാഗമായിരുന്ന താരത്തെ ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന സ്‌ക്വാഡിലേക്കും ഉൾപെടുത്തിയിട്ടുണ്ട്.
ബംഗളുരു എഫ്‌സി
ആഷിഖ് കുരുണിയൻ
ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരു എഫ്‌സിയുടെ വിങ്ങറാണ് മലപ്പുറത്തുകാരനായ ആഷിഖ് കുരുണിയൻ. കേരള ഫുട്ബോൾ അസോസിയേഷന്റെ വിഷൻ ഇന്ത്യ പ്രോഗ്രാമിലൂടെ വളർന്നു വന്ന താരം പിന്നീട് എഫ്‌സി പൂനെ സിറ്റിയുടെ അക്കാദമിയുടെ ഭാഗമായി മാറി. അവിടെ നിന്ന് സ്പാനിഷ് ക്ലബ്ബായ പൂനെയിൽ നിന്ന് വയ്പാടിസ്ഥാനത്തിൽ വില്ലാറയലിന്റെ സി ടീമിൽ എത്തിയ താരം നാല് മാസം ക്ലബ്ബിനൊപ്പം പരിശീലനത്തിൽ ഏർപ്പെട്ടു. തുടർന്ന് പരിക്ക് മൂലം വില്ലാറയലിൽ നിന്ന് പൂനെ സിറ്റി എഫ്‌സിയിലേക്ക് തിരിച്ചു എത്തി. കഴിഞ്ഞ സീസണിലാണ് താരം ബംഗളുരു എഫ്‌സിയിൽ എത്തുന്നത്. നിലവിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൽ സ്ഥിരം സാന്നിധ്യമാണ് ആഷിഖ്.
ലിയോൺ അഗസ്റ്റിൻ
ബംഗളുരു എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് കോഴിക്കോടുകാരനായ ലിയോൺ അഗസ്റ്റിൻ. ക്ലബ്ബിന്റെ അക്കാദമിയിലൂടെയും റിസർവ് ടീമിലൂടെയും വളർന്നു വന്ന താരം 2018ൽ ആൽബർട്ട് റോക്കയുടെ കീഴിൽ എഎഫ്‌സി കപ്പ് സ്‌ക്വാഡിലൂടെ സീനിയർ ടീമിൽ എത്തി. കഴിഞ്ഞ സീസണിൽ മികച്ച റിസർവ് താരത്തിനുള്ള ബംഗളുരു ആരാധകരുടെ അവാർഡ് നേടിയിരുന്നു. കോഴിക്കോട് നടന്ന സന്തോഷ്ട്രോഫി ദക്ഷിണ മേഖലാ റൗണ്ടിൽ കേരളത്തിനുവേണ്ടി തകർപ്പൻ പ്രകടനമാണ് ലിയോൺ കാഴ്ച വെച്ചത്. സീനിയർ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാൻ കഴിയുന്ന താരമാണ് ഇരുപത്തിരണ്ടുകാരനായ ഈ വിങ്ങർ.
ഷാരോൺ
ബംഗളുരു എഫ്‌സിയുടെ റിസർവ് ടീമിൽ നിന്നും സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടിയ മറ്റൊരു താരമാണ് മലപ്പുറംകാരൻ ഷാരോൺ. സായ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നുവന്ന താരം ജൂനിയർ വിഭാഗത്തിൽ കേരളത്തെ ദേശീയ തലത്തിൽ പ്രതിനിധീകരിച്ചുട്ടുണ്ട്. സായിക്ക് വേണ്ടി അണ്ടർ 18 ലീഗിൽ നടത്തിയ പ്രകടനമാണ് ഷാരോണിനെ ബംഗളുരു എഫ്‌സിയിൽ എത്തിച്ചത്. രണ്ടാം ഡിവിഷൻ ഐ ലീഗിൽ ബംഗളുരു എഫ്‌സിക്ക് വേണ്ടി താരം ഗോൾവല കാത്തിട്ടുണ്ട്.
ജംഷെഡ്പൂർ എഫ്‌സി
ടിപി രഹനേഷ്
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നിന്ന് ജംഷെഡ്പൂർ എഫ്‌സി സ്വന്തമാക്കിയ ഗോൾകീപ്പറാണ് ടിപി രഹനേഷ്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)ലൂടെയും എറണാകുളം ഗോൾഡൻ ത്രെഡ്സ് എഫ്‌സിയിലൂടെയും ചിരാഗ് യുണൈറ്റഡിലൂടെയും വളർന്നു വന്ന താരമാണ് രഹനേഷ്. ഐ ലീഗ് ക്ലബ്ബായ ഓഎൻജിസിയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിക്കുകയും പിന്നീട് മുൻനിര ഇന്ത്യൻ ക്ലബ്ബുകളായ ഷില്ലോങ്ങ് ലാജോങ്, നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ എന്നിവക്ക് വേണ്ടിയും കളിച്ചിട്ടുണ്ട് താരം.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
- Girona vs Getafe Prediction, lineups, betting tips & odds
- Brighton vs Chelsea Prediction, lineups, betting tips & odds
- Pep Guardiola identifies Florian Wirtz as 'dream' replacement for Kevin De Bruyne: Report
- ISL 2024-2025: Top five Indian players from matchweek 21
- ISL 2024-25: Updated Points Table, most goals, and most assists after match 125, Mumbai City FC vs FC Goa