തുടർച്ചയായ നാലാമത്തെ സീസണിലും പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പുറത്തായിരിക്കുന്നു.

വളരെയധികം പ്രതീക്ഷകളോടെ ആരംഭിച്ച ഒരു സീസൺ. ഐ ലീഗിൽ മികച്ച വിജയശതമാനമുള്ള കോച്ചിനെയും മറ്റ് ക്ലബ്ബുകളിൽ കളിച്ചു അനുഭവസമ്പത്ത് നേടിയ കഴിവുള്ള താരങ്ങളെയും ടീമിൽ എത്തിക്കുന്നു, ആരാധകരുടെ കുന്നോളം പ്രതീക്ഷകളും അടക്കാനാവാത്ത ആവേശവും. സീസണിനോടുവിൽ അവിശേഷിച്ചത് ആകട്ടെ യാഥാർഥ്യ ബോധം ഉൾകൊള്ളുന്ന കുറെ തോൽവികളും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനങ്ങളും. കഴിഞ്ഞ നാല് വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇത് കാലത്തിന്റെ ആവർത്തനങ്ങൾ ആണ്. മാറ്റമില്ലാത്ത ശീലങ്ങൾ ആണ്.

2020-21 ഐഎസ്എൽ സീസൺ ആരംഭിക്കുന്നതിന് മുൻപായി കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ ആയി കരോലിസ് സ്കിങ്കിസ്നെയും മുഖ്യ പരിശീലകനായി കിബു വിക്യൂനയെയും നിയമിച്ചതിലൂടെ ടീം ഇത്തവണ രണ്ടും കല്പിച്ചാണ് ലീഗിലേക്ക് ഇറങ്ങുന്നത് എന്നൊരു പ്രതീതി ഉണ്ടാകാൻ സാധിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഒരു കുതിപ്പിന് ഒരുങ്ങുകയാണെന്ന തോന്നൽ കാഴ്ചക്കാരിൽ ഉണ്ടാക്കാനും അവർക്ക് സാധിച്ചു. കൂടാതെ ഗാരി ഹൂപ്പറിന്റെയും വീസെന്റെ ഗോമസിന്റെയും നിഷു കുമാറിന്റെയും സൈനിങ്ങുകൾ ആ പ്രതീക്ഷകൾക്ക് അടിത്തറ നൽകുകയാണ് ചെയ്തത്.

ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോൽവിയേറ്റ് വാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ആറ് മത്സരങ്ങൾക്ക് ശേഷമാണ് ഹൈദരാബാദ് എഫ്‌സിക്ക് എതിരായി ലീഗിൽ ആദ്യത്തെ വിജയം കണ്ടെത്തിയത്. അതിന് ശേഷം ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചത്. 20 മത്സരങ്ങളിൽ നിന്നായി 3 വിജയങ്ങളും 8 സമനിലകളും 9 തോൽവികളും നേടി ലീഗിൽ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ അവസാനിപ്പിച്ചത്.

2020-21 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഫാക്ട് ഷീറ്റ്

Kerala Blasters Fact Sheet

മികച്ച പ്രകടനങ്ങൾ

ജോർദാൻ മുറായി
Jordan Murray Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള അരങ്ങേറ്റ സീസണിൽ തന്നെ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ് ജോർദാൻ മുറായി. ഇംഗ്ലീഷ് മുന്നേറ്റ താരമായ ഗാരി ഹൂപ്പറിന് പകരക്കാരനായി എത്തിച്ച ഈ ഓസ്ട്രേലിയൻ സ്ട്രൈക്കർ കളിക്കളത്തിൽ ആ പൊസിഷനിൽ ക്ലബിന്റെ ടോപ് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. എങ്കിലും 19 കളികളിൽ നിന്നും 7 ഗോളുകളും ഒരു അസ്സിസ്റ്റും താരം നേടിയിട്ടുണ്ട്.

ഹൈദരാബാദിനും ജംഷെഡ്പൂർ എഫ്‌സിക്കും എതിരായ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് മുറായിയുടെ ഗോളുകൾ ആയിരുന്നു. ഒരുപക്ഷെ, മുറായി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച സ്ട്രൈക്കർ അല്ലായിരിക്കാം എന്നാൽ കളിക്കളത്തിൽ ഏറ്റവും അധികം വർക്ക്റേറ്റ് ഉള്ള, ടീമിനോട് പ്രതിബദ്ധതയോടെ കളിക്കുന്ന താരമാണ്.

ഗാരി ഹൂപ്പർ
Gary Hooper Kerala Blasters

ധാരാളം പ്രതീക്ഷകളോടുകൂടിയാണ് സെല്‍റ്റിക്കിനും നോർവിച് സിറ്റിക്കും വെലിങ്ടൺ ഫീനിക്സിനും മറ്റും വേണ്ടി കളിക്കളത്തിൽ ഇറങ്ങിയ ഗാരി ഹൂപ്പർ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. സീസണിന്റെ തുടക്കത്തിൽ വേണ്ടത്ര പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയ താരത്തിന്റെ ആദ്യ പതിനൊന്നിലെ സ്ഥാനം ജോർദാൻ മുറായി ഏറ്റെടുക്കുകയായിരുന്നു. തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും ഒരു നമ്പർ 9 പൊസിഷനിൽ കളിച്ച താരത്തെ പിന്നീട് നമ്പർ 10 പൊസിഷനിലേക്ക് ഇറക്കി കളിപ്പിക്കുകയായിരുന്നു.

ആദ്യ ഘട്ടങ്ങളിൽ ആ പൊസിഷനിൽ താരത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് തോന്നിപ്പിച്ചെങ്കിലും വേഗം തന്നെ ആ പൊസിഷനുമായി പൊരുത്തപ്പെടുകയും കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും അധികം ഗോൾ സംഭാവനകൾ (9- 5 ഗോളുകളും 4 അസ്സിസ്റ്റുകളും). ബംഗളുരു എഫ്‌സിക്ക് എതിരായ രണ്ട് മത്സരത്തിലും രാഹുൽ കെപിക്ക് നൽകിയ അസ്സിസ്റ്റുകൾ മാത്രം ശ്രദ്ധിച്ചാൽ മതി ടീമിന് ആവശ്യമായ രീതിയിൽ താരത്തിന് ഉണ്ടായ മാറ്റം മനസിലാക്കാൻ.

സന്ദീപ് സിങ്
Sandeep Singh Kerala Blasters

ആദ്യ കുറച്ചു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പതിനൊന്നിൽ ഉൾപെടാതിരുന്ന താരമായിരുന്നു ഈ മണിപ്പൂരി ഡിഫെൻഡർ. ഹൈദരാബാദിനെതിരായി കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയ മത്സരത്തിലാണ് സന്ദീപ് ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ടീമിൽ സ്ഥിരം സാന്നിധ്യമായി തീരുവാനും സന്ദീപിന് സാധിച്ചു.

ടീമിനൊപ്പം 14 മത്സരങ്ങളിൽ കളിക്കളത്തിൽ ഇറങ്ങിയ മുൻ ട്രാവു എഫ്‌സി താരം 51 ടാക്കിളുകളും 45 ക്ലിയറൻസുകളും 22 ബ്ലോക്കുകളും സ്വന്തം പേരിൽ രേഖപെടുത്തിയിട്ടുണ്ട്. പ്രതിരോധത്തിൽ ഏതു പൊസിഷനിലും കളിക്കാനുള്ള കഴിവാണ് താരത്തെ വേറിട്ട് നിർത്തുന്നത്. പരിക്ക് പറ്റി പുറത്തിരിക്കേണ്ടി വന്ന നിഷു കുമാറിന് പകരം വലത് വിങ് ബാക്ക് പൊസിഷനിലും താരം ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിരുന്നു.

പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നവർ

ബക്കാരി കോനെ
Bakary Kone Kerala Blasters

പ്രതിരോധ നിരയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നടത്തിയ വിദേശ സൈനിങ്ങുകൾ പരാജയപ്പെട്ടു എന്ന് വേണം കരുതാൻ, പ്രത്യേകിച്ചും ബക്കാരി കോനയുടെ പ്രകടനം പരിശോധിക്കുമ്പോൾ. 14 മത്സരങ്ങളിലായി 982 മിനിറ്റുകൾ താരം ടീമിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങുകയുണ്ടായി. ടീമിന്റെ പ്രതിരോധം നിയന്ത്രിക്കാനായി എത്തിച്ച താരങ്ങളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച വിദേശ താരമായി കോനെ മാറുകയായിരുന്നു.

ടീമിന് വേണ്ടി വെറും 29 ടാക്കിളുകളും 38 ക്ലിയറൻസുകളും 16 ബ്ലോക്കുകളും മാത്രം രേഖപെടുത്തിയ താരമാണ് കോനെ. അതിലുപരി അദ്ദേഹം കളിക്കളത്തിൽ വരുത്തിയ ധാരാളം പിഴവുകൾ കേരള ബ്ലാസ്റ്റേഴ്‌സ് അനാവശ്യമായി ഗോളുകൾ വഴങ്ങാൻ കാരണമായി തീർന്നിരുന്നു.

ബക്കാരി കോനെ : ഐഎസ്എൽ 2020-21 സീസൺ
  • മത്സരങ്ങൾ: 14
  • ഗോൾ: 0
  • അസ്സിസ്റ്റ് : 0
  • ഒരു മത്സരത്തിലെ ശരാശരി പാസ്സുകൾ: 28.07
  • ഒരു മത്സരത്തിലെ ശരാശരി ടാക്കിളുകൾ: 2.07
  • ഒരു മത്സരത്തിലെ ശരാശരി ക്ലിയറൻസുകൾ: 2.71
  • ഒരു മത്സരത്തിലെ ശരാശരി ബ്ലോക്കുകൾ: 1.14

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനങ്ങള്‍

1. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2 – 0 ഹൈദരാബാദ് എഫ്‌സി
2. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2 – 1 ബംഗളുരു എഫ്‌സി
3.ജംഷെഡ്പൂർ എഫ്‌സി 2 – 3 കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

മുഖ്യപരിശീലകന്റെ റിപ്പോർട്ട് കാർഡ്

മുൻപ് സൂചിപ്പിച്ചത് പോലെ തന്നെ കരിയറിൽ വിജയങ്ങൾ നേടിയ പരിചയസമ്പത്ത് കൊണ്ടാണ് കിബു വിക്യൂന കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. 2019-20 വർഷത്തിൽ മോഹൻ ബഗാനൊപ്പം ഐ ലീഗ് കിരീടം നേടി സീസൺ അവസാനിപ്പിച്ചതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ ആയി പ്രഖ്യാപിക്കുന്നത്. എന്നാൽ, അതിന് ശേഷം അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്‌സിൽ ആ വിജയകഥ തുടർന്നു കൊണ്ട് പോകാൻ സാധിച്ചിരുന്നില്ല.

പന്ത് കൈവശം വെച്ച് കളിക്കുന്ന പൊസ്സഷൻ ഫുട്ബോൾ കളി രീതി ഇഷ്ടപ്പെടുന്ന കിബു വിക്യൂനയെ പോലെയൊരു കോച്ചിന് ആവശ്യമായ വിഭവസമ്പത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായിരുന്നില്ല. പ്രതിരോധത്തിൽ നിന്ന് കളി ബിൽഡ് അപ്പ് ചെയ്യുന്ന ശൈലി ഉപയോഗിക്കുന്ന കിബുവിന് കിട്ടിയത് ബോൾ പ്ലെയിങ് സെന്റർ ബാക്കുകൾ അല്ലാത്ത കോസ്റ്റ നമോൻസുവിനെയും ബക്കറി കോനെയെയുമാണ്. എന്തായാലും, ഡിസംബർ അവസാനത്തോടയാണ് തന്റെ ശൈലിയിൽ ഉണ്ടായ അപാകതകൾ മനസിലാക്കാനും അതിൽ മാറ്റങ്ങൾ വരുത്താനും അദ്ദേഹത്തിന് കഴിഞ്ഞത്.

കഴിഞ്ഞ മാസം, കിബു വിക്യൂന അപ്രതീക്ഷിതമായി ക്ലബ് വിടുന്നതിന് കാരണമായ ചില സാഹചര്യങ്ങൾ ഉണ്ടായതായി ഖേൽ നൗ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന് കീഴിൽ ടീം തുടർച്ചയായി മോശം റിസൾട്ടുകൾ ഉണ്ടാക്കിയത് ആ പ്രശ്‌നങ്ങളിലെ ഒരു ഭാഗം മാത്രം ആയിരുന്നു. അതിന് പുറമെ തന്നെ ധാരാളം പ്രശ്നങ്ങൾ അദ്ദേഹത്തിന് ടീമിന് പുറത്തേക്ക് വഴി വെച്ചിരുന്നു. താരങ്ങളുടെ സൈനിങ്ങുകളുമയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായും ബന്ധപെട്ട് കിബു വിക്യൂന എല്ലായിപ്പോഴും മൗനം പാലിക്കുകയാണുള്ളത്. എങ്കിലും അദ്ദേഹത്തിന് ആവശ്യമുള്ള കൂടുതൽ താരങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശമോ അവസരമോ അദ്ദേഹത്തിന് ലഭിച്ചിരുന്നേൽ ഈ സീസൺ കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചു മറ്റൊന്ന് ആയേനെ.

കൊമ്പന്മാർ ഇപ്പോൾ പുതിയ സീസണിലേക്കുള്ള പരിശീലകനെ തേടുകയാണ്. ആരാധകർ ആകട്ടെ കഴിഞ്ഞ സീസനുകളിൽ ക്ലബ്ബിന് പറ്റിയ തെറ്റുകൾ ഇത്തവണയും ആവർത്തിക്കാതിരിക്കട്ടെ എന്ന പ്രതീക്ഷയിൽ ആണ്.

സീസണിൽ നിന്ന് ലഭിച്ച പാഠങ്ങൾ

ആദ്യ മൂന്ന് സീസണുകളിൽ രണ്ടെണ്ണത്തിലും ഫൈനലിൽ കയറിയ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നീട് ആ പ്രകടനത്തിലേക്ക് തിരികെ പോകാൻ സാധിച്ചില്ല. ലീഗിൽ ആധിപത്യം ഉറപ്പിക്കാൻ സാധിക്കുന്ന ടീമായി അവരെ കാണാൻ സാധിക്കുന്നില്ല എന്നാണ് വാസ്തവം. വമ്പിച്ച ആരാധക സമ്പത്തുള്ള, സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ സ്വാധീനമുള്ള ഒരു ടീമിന്റെ ഈ അവസ്ഥ നിരാശജനകമാണ്. 2016 മുതലുള്ള ഓരോ സീസണും കേരള ബ്ലാസ്റ്റേഴ്‌സിന് നൽകുന്നത് ഒരേ പാഠങ്ങളാണ്. അതിനാൽ തന്നെ ഇനി മുതൽ സൈനിങ്ങുകൾ കൂടുതൽ കാര്യക്ഷമമാക്കിയും വിദേശ താരങ്ങളുടെ സ്കൗട്ട്ടിങ് കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് . മാനേജ്മെന്റിന്റെ ഘടനയിൽ ഈ മാറ്റം ഉണ്ടാകുന്നത് തീർച്ചയായും ആരാധകർ സ്വാഗതം ചെയ്യുന്നതാണ്.

ഒരു നല്ല കോച്ചിനെയോ കുറച്ചു നല്ല താരങ്ങളെയോ മാത്രം ടീമിലേക്ക് എടുത്താൽ ഒരിക്കലും ജയസാധ്യതയുള്ള ഉള്ള ഒരു ടീമിനെ ഉണ്ടാക്കി എടുക്കാൻ സാധിക്കില്ല എന്ന് ഈ സീസൺ കൊണ്ട് തന്നെ ക്ലബ് മനസിലാക്കി എന്ന് കരുതാം. അത് മനസിലാക്കി ഒരു കോച്ചിന് ആളുടെ കളിശൈലിക്ക് അനുയോജ്യമായ താരങ്ങളെ കിട്ടുന്നതോ അല്ലെങ്കിൽ ലഭ്യമായ താരങ്ങൾക്ക് അനുയോജ്യമായ കോച്ചിനെ മാനേജ്മെന്റ് തിരഞ്ഞെടുക്കുകയോ വേണം.

ആരാധകന്റെ അവലോകനം

അനസ് യൂസഫ് : പുതിയൊരു കോച്ച് ആയതുകൊണ്ടും പുതിയ താരങ്ങളും അടങ്ങിയ താരതമ്യേനെ ഒരു പുതിയ ടീം ആയത്കൊണ്ടും ഈ സീസണിൽ ഐഎസ്എൽ കിരീടം നേടുന്ന ടീമായി ഞാൻ കേരള ബ്ലാസ്റ്റേഴ്‌സിനെ കണ്ടിരുന്നില്ല എന്നതാണ് സത്യം. ശരാശരിക്ക് മുകളിൽ പ്രകടനങ്ങൾ നടത്തുന്ന, എന്നാൽ പോയിന്റ് ടേബിളിൽ അഞ്ചാമതോ ആറാമതോ ആയി സീസൺ അവസാനിപ്പിക്കുന്ന ടീം എന്നതായിരുന്നു എന്റെ പ്രതീക്ഷ.

എന്നാൽ സ്കൗടിങ്ങിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ടീമിന്റെ സിസ്റ്റത്തിനോട് ഒരു തരത്തിലും പൊരുത്തപ്പെട്ടു പോകാൻ സാധിക്കാത്ത വിദേശ താരങ്ങളെ ടീമിലേക്ക് എടുത്തത് അതിൽ പ്രധാനമാണ്. ടീമിന്റെ സിസ്റ്റത്തിനോട് ഒരിക്കലും പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്ത, കളിക്കളത്തിൽ അലസരായ വിദേശതാരങ്ങളെ പ്രധാന പൊസിഷനുകളിൽ കളിപ്പിച്ചതും ടീമിന് തിരിച്ചടിയായി. കോച്ചിന്റെ സിസ്റ്റത്തിലോട്ട് ഒട്ടും പൊരുത്തപ്പെടാതെയായ താരങ്ങളെ പല വഴികളിലൂടെയും ടീമിനോപ്പം ഒരേ നൂലിൽ കെട്ടാൻ ശ്രമിച്ചെങ്കിലും അതിനൊരു തുടർച്ച ഉണ്ടായില്ല.

ഈ സീസണിൽ നിന്ന് ലഭിച്ച ഏറ്റവും മികച്ച കാര്യം എന്താണെന്ന് വെച്ചാൽ ഒരുപാട് ഇന്ത്യൻ യുവതാരങ്ങൾക്ക് നീണ്ട കരാർ നൽകി ടീമിനോപ്പം ദീർഘകാലത്തേക്ക് നിലനിർത്തുകയുണ്ടായി. കൂടാതെ ക്ലബ്ബിന് ഭാവിയിലേക്ക് ഒരു വിഷൻ രൂപപ്പെടുത്തി എടുക്കുന്നതിനായി ഒരു സ്പോർട്ടിങ് ഡയറക്ടറിനെ എത്തിച്ചതാണ്. “” ഏറ്റവും അധികം നെഗറ്റീവ് ആയി തോന്നിയത് ടീമിന്റെ തകർന്നടിഞ്ഞ പ്രതിരോധമാണ്. മുൻ സീസണുകളിൽ ഏറ്റവും നല്ല പ്രതിരോധ നിരക്ക് പേര് കേട്ട ടീമിന്റെ ഈ സീസണിലെ സ്ഥിതി പരിതാഭകരമായിരുന്നു. ഒന്നോ രണ്ടോ ഗോളുകൾ മാത്രം അടിക്കുകയും ബാക്കിയുള്ള സമയം മുഴുവൻ പ്രതിരോധത്തിൽ ഊന്നി മത്സരങ്ങൾ ജയിച്ചിരുന്ന ചരിത്രമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഏറ്റവും അധികം ഗോളുകൾ വഴങ്ങിയ ടീമുകളിൽ ഒന്നാണ്. ഇത്തവണ ഗോളുകൾ നേടുന്നതിൽ വിജയം കണ്ടെത്തിയ ടീമിന് അവസാന മത്സരം വരെയും വഴങ്ങുന്ന ഗോളുകളുടെ എണ്ണത്തിലും രീതികളിലും മാറ്റം വരുത്താൻ സാധിക്കാതെ പോയത് കിബുവിന്റെ ടാക്ടിസിൽ വന്ന പിഴവായിരുന്നു.

അടുത്ത സീസണിലും പ്രതീക്ഷകളെ കുറിച്ച് പഴയ പല്ലവി ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദീർഘ കരാർ കൊടുത്തു നിലനിർത്തിയ ധാരാളം യുവതാരങ്ങൾ അടുത്ത സീസണിലെ പ്രതീക്ഷകളാണ്. പുതിയ കോച്ചിന്റെ കീഴിൽ നിലവാരമുള്ള മികച്ച യുവതാരങ്ങൾക്കൊപ്പം ഒരു പ്ലേ ഓഫ് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിൽ കുറഞ്ഞത് ഒന്നും ആരാധകർ അർഹിക്കുന്നില്ല. ഇത്രയും ശക്തമായി ടീമിനെ പിന്തുണക്കുന്ന ഞങ്ങൾക്ക് വേണ്ടത് മാനേജ്മെന്റ് തരും എന്ന് തന്നെയാണ് വിശ്വാസം. കൂടാതെ തെറ്റുകൾ എല്ലാം ഏറ്റ് പറഞ്ഞു ആരാധകർക്ക് ഒപ്പം നിൽക്കുന്ന ഒരു സ്പോർട്ടിങ് ഡയറക്ടർ കൂടി ടീമിനൊപ്പം ഉള്ളത് ഒരു പ്രതീക്ഷ കൂടിയാണ്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.