സ്പാനിഷ് ജൂനിയർ ലീഗിലെ ടോപ് സ്കോറർ ആയിരുന്ന മലയാളി താരം നെമിൽ മനസ്സ് തുറക്കുന്നു.

ഗോവയിൽ നിന്ന് സ്പെയിനിലേക്കൊരു കോഴിക്കോടൻ കൊടുംകാറ്റ് . അതായിരുന്നു മുഹമ്മദ് നെമിൽ എന്ന 19 വയസ്സുകാരൻ പയ്യൻ. കോഴിക്കോട്ടെ വിപി സത്യൻ സോക്കർ അക്കാദമിയിലൂടെ ഫുട്ബോൾ ജീവിതമാരംഭിച്ച നെമിൽ റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ് നടത്തിയ ട്രയൽസിലൂടെയാണ് മുംബൈ റിലയൻസ് അക്കാദമിയിൽ എത്തുന്നത്. അവിടെ നിന്നാണ് 2019ൽ പരിശീലനത്തിനായി സ്പെയിനിലെ മാർസറ്റ് അക്കാദമിയിൽ പരിശീലിനത്തിന് താരം എത്തുന്നത്. അവിടെ പരിശീലനം നടത്തുന്ന സമയത്ത് തന്നെ താരത്തെ 2020ൽ എഫ്സി ഗോവ നാല് വർഷത്തെ കരാറിൽ ടീമിലെത്തിച്ചു. എങ്കിലും നെമിലിന് സ്പെയിനിൽ പരിശീലനം തുടരാൻ ഗോവ അനുമതി നൽകുകയുണ്ടായി.

ആ സമയത്ത് ട്രയൽസ് വഴി ബാഴ്സലോണയിലെ മൂന്നാം ഡിവിഷൻ ക്ലബ് ഇഎഫ് ഗ്രാമയുടെ അണ്ടർ 19 ടീമിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. സ്പാനിഷ് അണ്ടർ 18 സെക്കന്റ് ഡിവിഷനിൽ അസാമാന്യ പ്രകടനം നടത്തിയ താരത്തിന് ഏറെ വൈകാതെ അവരുടെ ഫസ്റ്റ് ടീമിലേക്ക് നെമിലിന് പ്രമോഷൻ ലഭിച്ചു. ടൂർണമെന്റിലെ ടോപ് സ്കോറർ ആയിരുന്നു നെമിൽ.

ലാലിഗയിൽ നിന്നും സ്പാനിഷ് രണ്ടാം ഡിവിഷനിൽ നിന്നും ക്ലബ്ബുകൾ അവരുടെ റിസർവ് ടീമുകളിലേക്ക് നെമിലിനെ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഈ റിസർവ് ടീമുകൾ സ്പെയിനിലെ നാലും അഞ്ചും ഡിവിഷനുകളാണ് കളിക്കുന്നത് എന്നതിനാൽ തന്നെ അവയെല്ലാം ഒഴിവാക്കി താരം ഗോവയിലേക്ക് തിരികെ മടങ്ങുകയായിരുന്നു. നിലവിൽ എഫ്‌സി ഗോവയുടെ ഡ്യൂറൻഡ് കപ്പ് ടീമിന്റെ ഭാഗമാണ് മുഹമ്മദ് നെമിൽ.

താരവുമായി ഖേൽനൗ പ്രതിനിധി നടത്തിയ അഭിമുഖത്തിൽ തന്റെ ഫുട്ബോൾ ജീവിതത്തെക്കുറിച്ചും സ്പാനിഷ് ലീഗിലെ അനുഭവങ്ങളെക്കുറിച്ചും എഫ് lസി ഗോവ ചേർന്നത് ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ തുടർന്ന് വായിക്കാം.

ഫുട്ബോൾ ജീവിതം ആരംഭിച്ചതിനെക്കുറിച്ച്

” എന്ന് മുതൽ ആണെന്ന് കൃത്യമായി ഓർമയില്ലെങ്കിലും വളരെ ചെറുപ്പം മുതൽക്കേ തന്നെ ഞാൻ ഫുട്ബോൾ കളിക്കുമായിരുന്നു. എന്റെ ആദ്യത്തെ ക്ലബ് ഞാൻ ജനിച്ചു വളർന്ന കോഴിക്കോട് ആസ്ഥാനമായതായിരുന്നു. തുടർന്ന് കോഴിക്കോടിലെ തന്നെ മറ്റൊരു ക്ലബ്ബിന് വേണ്ടിയും കളിച്ചു. പിന്നീട് റിലയൻസ് ഫൗണ്ടേഷൻ കോഴിക്കോട് ട്രയൽസ് നടത്തിയപ്പോൾ അതിൽ പങ്കെടുത്തു. അതിന്റെ ഫൈനൽ സെലക്ഷൻ നടന്നത് തൃശ്ശൂരിൽ വെച്ചാണ്. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളെ എല്ലാവരെയും മുംബൈയിൽ എത്തിച്ചു. അവിടെ വെച്ച് അഖിലേന്ത്യ തലത്തിൽ സെലക്ഷൻ നടത്തി 24 താരങ്ങളെ അവർ തിരഞ്ഞെടുത്തു. ഞാനും അതിലെ ഒരാളായി മാറി. ” – നെമിൽ സംസാരിച്ചു തുടങ്ങി.

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു RFYCയുടെ ( റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ്) ഭാഗമായത് എന്നത് തീർച്ചയാണ്. RFYC യോടൊത്ത യാത്രയിൽ എന്നെ സഹായിച്ചതിന് എല്ലാ പരിശീലകരോടും സ്റ്റാഫുകളോടും ഏറ്റവും മുഖ്യമായി ശ്രീമതി. നിത അംബാനിയോടും ഞാൻ നന്ദി അറിയിക്കുന്നു. ഞാനിന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് കാരണം അവർ വിദ്യാഭ്യാസത്തിലും ഫുട്ബോളിലും ഒരേ തരത്തിലുള്ള ശ്രദ്ധചെലുത്തുന്നതിലാണ്. ” – അവൻ കൂട്ടിച്ചേർത്തു.

സ്പാനിഷ് ഫുട്ബോളിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് ” റിലയൻസ് ഫൗണ്ടേഷനാണ് എന്നെ സ്പെയിനിലെ മാർസറ്റ് അക്കാദമിയിലേക്ക് അയച്ചത്. ആദ്യമായി സ്പെയിനിൽ എത്തുമ്പോൾ എനിക്ക് അവിടുത്തെ ഭാഷ പോലും അറിയില്ലായിരുന്നു. അവിടെ ഇംഗ്ലീഷ് സംസാരിക്കാറില്ല. സ്പാനിഷ് ആയിരുന്നു പ്രധാന ഭാഷ. നല്ലൊരു അന്തരീക്ഷമായിരുന്നു അവിടെ എനിക്ക് ചുറ്റുമുണ്ടായിരുന്നത്. സ്പാനിഷ് ക്ലാസുകൾ ലഭിച്ചിരുന്നു. മാർസട്ടിലെ ആ ഫുട്ബോൾ ജീവിതത്തിൽ റിലയൻസിലെയും മാർസറ്റിലെയും പരിശീലകർ എന്നെ ധാരാളമായി സഹായിച്ചിരുന്നു. ആ അക്കാദമിയിലെ പരിശീലനം എന്നെ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ” – മുഹമ്മദ് നെമിൽ വ്യക്തമാക്കി.

സ്പാനിഷ് ജൂനിയർ ലീഗിൽ നടത്തിയ പ്രകടനത്തെ കുറിച്ച്

” ഞാൻ മാർസറ്റ് അക്കാദമിക്ക് വേണ്ടി കളിക്കുന്ന സമയത്താണ് ബാഴ്സലോണ ആസ്ഥാനമായ എഫ്ഇ ഗ്രാമ എന്ന ക്ലബ്ബ് എന്നെ ട്രയൽസിന് ക്ഷണിക്കുന്നത്. ഒരു ആഴ്ച നീണ്ടുനിന്ന ട്രെയൽസിന് ശേഷം ഞാൻ അവരുടെ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അവർ എന്നെ സൈൻ ചെയ്യുകയും ഒരു സീസൺ ക്ലബ്ബിന് ഒപ്പം കളിപ്പിക്കുകയും ചെയ്തു. തുടക്കത്തിൽ എനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ സീസൺ അവസാനമായപ്പോഴേക്കും ഞാൻ 12 കളികളിൽ നിന്നും ഏഴു ഗോളുകൾ നേടി. ക്ലബ്ബിന് ഒപ്പമുള്ള ആ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു. ” – നെമിൽ കൂട്ടിച്ചേർത്തു

എഫ്‌സി ഗോവയുമായി കരാറിലേർപ്പെട്ടതിനെക്കുറിച്ച്

സ്പെയിനിൽ നിന്നും ഇന്ത്യയിൽ നിന്നും അടക്കം ധാരാളം ഓഫറുകൾ താരത്തിന് വന്നെങ്കിലും എഫ്സി ഗോവ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്ന് ഗോവയിലെ സ്പാനിക് സാന്നിധ്യം ആണെന്ന് താരം വ്യക്തമാക്കി.

” തീർച്ചയായും എനിക്ക് മറ്റ് ധാരാളം ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ഞാൻ ഗോവ തെരഞ്ഞെടുക്കാനുള്ള കാരണം ഗോവയിലെ സ്പാനിഷ് സാന്നിധ്യം കൂടിയാണ്. സ്പാനിഷ് താരങ്ങളുടെ കളിരീതി എന്നെ വളരെയധികം ആകർഷിച്ച ഒന്നാണ്. കൂടാതെ തിരഞ്ഞെടുത്തതിന് മറ്റൊരു കാരണം ഇവിടുത്തെ സംസ്കാരം എന്നെ വല്ലാതെ ആകർഷിച്ചതിനാലാണ്. കൂടാതെ എഫ്സി ഗോവയുടെ കളി ശൈലി എന്റെ രീതിയോട് ഇണങ്ങുന്നതായും എനിക്ക് തോന്നി. ” – മുഹമ്മദ് നെമിൽ വ്യക്തമാക്കി.

പരിശീലകൻ ജുവാനുമായുള്ള ആദ്യ ചർച്ചകൾ

” സ്പെയിനിൽ വെച്ച് ക്ലബ്ബിന്റെ പരിശീലകൻ ജുവാൻ ഫെർണാണ്ടൊവുമായി സംസാരിച്ചിരുന്നു. അദ്ദേഹം ട്രെയിനിങ് സെഷനുകളെ കുറിച്ചും എഫ്സി ഗോവയിൽ എന്തൊക്കെ സംഭവിക്കും എന്നതിനെ കുറിച്ചും സംസാരിച്ചു. അദ്ദേഹത്തോടൊപ്പം സംസാരിക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷവാനാണ്. ” – നെമിൽ സൂചിപ്പിച്ചു.

ഒരു മിഡ്ഫീൽഡറിന് വേണ്ട കഴിവുകൾ

“ഒരു മിഡ്ഫീൽഡറിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവായി ഞാൻ കാണുന്നത് ഒരു മത്സരം സ്കാൻ ചെയ്യുക എന്നതാണ്. അതിനൊപ്പം തന്നെ പാസിംഗ്, ഡ്രിബ്ലിങ്ങ്, കമ്മ്യൂണിക്കേഷൻ എന്നിവയും മധ്യ നിര താരത്തിന് ഉണ്ടാവേണ്ടത് പ്രധാനമാണ്. എനിക്ക് എല്ലായ്പ്പോഴും ഗോളുകൾ നേടാൻ ഇഷ്ടമാണ്. പാസിംങ്ങിനും ഡ്രിബിലുകൾക്കും ഒപ്പം തന്നെ മറ്റ് സഹതാരങ്ങളോടൊപ്പം തമാശകളിൽ ഏർപ്പെടുന്നതിനും ഇഷ്ടമാണ്.” – താരം കൂട്ടിച്ചേർത്തു.

എഫ്സി ഗോവ ഫാൻസിന് നൽകുന്ന സന്ദേശം

” എനിക്ക് നിങ്ങളുടെ മുന്നിൽ കളിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷേ ദൗർഭാഗ്യവശാൽ ഈ പകര്‍ച്ചവ്യാധി നിലനില്‍ക്കുന്ന സമയങ്ങളിൽ അതിന് സാധിക്കുന്നതല്ല. എല്ലാം വേഗം തന്നെ ശരിയാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങളെ പിന്തുണയ്ക്കുന്നത് തുടർന്നുകൊണ്ടേയിരിക്കൂ… Forca Goa!” – നെമിൽ അവസാനിപ്പിച്ചു.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.