ഗോകുലം കേരള എഫ്‌സിയിൽ നിന്നാണ് താരം ഹൈദരാബാദിലേക്ക് ചേക്കേറുന്നത്

മുൻ ജൂനിയർ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരവും അണ്ടർ 19 സാഫ് കപ്പ് ജേതാവുമായ മുഹമ്മദ് റാഫി ഹൈദരാബാദ് എഫ്‌സിയിലേക്ക് നീങ്ങുന്നതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്തിന് കീഴിലുള്ള ഹൈദരാബാദ് എഫ്‌സിയുടെ റിസർവ് നിരയിലേക്കാണ് താരത്തെ സൈൻ ചെയ്തിരിക്കുന്നത്.

“മുൻ ഇന്ത്യൻ ദേശീയ താരം മുഹമ്മദ് റാഫിയുമായുള്ള കരാർ പൂർത്തിയാക്കാൻ ഹൈദരാബാദ് എഫ്‌സി ശ്രമിക്കുന്നു,” ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു. ഒരു വർഷത്തെ കരാറിലാണ് താരം ഹൈദരാബാദിൽ എത്തുന്നത്. കരാർ പ്രകാരം ക്ലബ്ബിന് വേണമെങ്കിൽ ഒരു വർഷത്തേക്ക് കൂടി റാഫിയുടെ കരാർ നീട്ടാൻ സാധിക്കുമെന്നും ഉറവിടങ്ങൾ വ്യക്തമാക്കുന്നു.

ഈ വർഷം നടന്ന കേരള പ്രീമിയർ ലീഗിൽ എംഎ ഫുട്ബോൾ അക്കാദമിയുടെ താരമായിരുന്നു മുഹമ്മദ് റാഫി. ലീഗിലെ മികച്ച പ്രകടനത്തിന്റെ ഫലമായി ഈ വർഷം മെയ്യിൽ എംഎ ഫുട്ബോൾ അക്കാദമിയിൽ നിന്നും ഗോകുലം കേരള എഫ്‌സി മുഹമ്മദ് റാഫിയെ ക്ലബ്ബിന്റെ റിസർവ് നിരയിലേക്ക് എത്തിച്ചിരുന്നു. ഹൈദരാബാദിൽ നിന്നുള്ള ഓഫർ താരത്തിന് ലഭിച്ചതിനെ തുടർന്ന് മുഹമ്മദ് റാഫിയുമായുള്ള കരാർ പരസ്പര സമ്മതത്തോടെ ഗോകുലം കേരള എഫ്‌സി റദ്ദാക്കി താരത്തെ ക്ലബ്ബിൽ നിന്ന് റിലീസ് ചെയ്തിരുന്നു.

” ഹൈദരാബാദിൽ നിന്ന് ഓഫർ വന്നപ്പോൾ റാഫിക്ക് ആ ക്ലബ്ബിലേക്ക് മാറാൻ ആഗ്രഹം ഉണ്ടായിരുന്നു. മറ്റൊരു സ്ഥലത്ത് തന്റെ കഴിവ് തെളിയിക്കാൻ അവൻ ആഗ്രഹിച്ചതിനാൽ ക്ലബ്ബിൽ നിന്ന് റിലീസ് ചെയ്യപ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അതിനാൽ തന്നെ അവന്റെ ആഗ്രഹത്തോടൊപ്പം നിൽക്കുവാൻ തീരുമാനിക്കുകയും NOC നൽകുകയും ചെയ്തു. ” – ക്ലബ് പ്രസിഡന്റ് വിസി പ്രവീൺ വ്യക്തമാക്കി.

മുൻ ഇന്ത്യൻ ജൂനിയർ ടീം അംഗം ആയിരുന്ന മുഹമ്മദ് റാഫി ഇന്ത്യൻ അണ്ടർ 19 ടീമിനോപ്പം നേപ്പാളിൽ വെച്ച് നടന്ന സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജേതാക്കളായിട്ടുണ്ട്. കൂടാതെ ജൂനിയർ ടീമിനോപ്പം എഎഫ്‌സി U19 യോഗ്യത ടൂർണമെന്റും കളിച്ചിട്ടുണ്ട്. കൂടാതെ ടീമിനോപ്പം റഷ്യ, വനാറ്റു, തുർക്കി എന്നീ രാജ്യങ്ങളിൽ ധാരാളം സൗഹൃദ ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ, ബംഗളുരു എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്ന താരം റിസർവ് ടീമിനോപ്പം ബംഗളുരു സൂപ്പർ ഡിവിഷൻ നേടിയിട്ടുണ്ട്.

ഹൈദരാബാദ് എഫ്‌സി ആകട്ടെ ഈ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ ക്ലബിൽ എത്തിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് മുഹമ്മദ് റാഫി. കേരള പ്രീമിയർ ലീഗിലെ ക്ലബ്ബായ ലൂക്ക എസ്‌സിയിൽ നിന്ന് അബ്ദുൾ റബീഹിനെ ഹൈദരാബാദ് എഫ്‌സി ജൂൺ അവസാന വാരം ക്ലബ്ബിന്റെ സീനിയർ ടീമിന്റെ ഭാഗമാക്കിയിരുന്നു.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.