മലേഷ്യൻ ക്ലബ്ബായ ജോഹോർ ദാറുൽ തസിമീന് വേണ്ടി ബൂട്ടാണിഞ്ഞ താരമാണ് ഡിയസ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് തട്ടകത്തിൽ എത്തിച്ച അർജന്റീനിയൻ മുന്നേറ്റ താരമാണ് ആണ് ജോർജ് ഡിയസ്. നിലവിൽ ഡിയസ് അടക്കം അഞ്ചു വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിൽ എത്തിച്ചിട്ടുണ്ട്.

അർജന്റീനിയൻ ഒന്നാം ഡിവിഷൻ ക്ലബ്ബായ അത്ലെറ്റിക്കോ പ്ലാറ്റൻസിൽ നിന്ന് വായ്പാടിസ്ഥാനത്തിലാണ് താരം കേരളത്തിൽ എത്തുന്നത്. മുന്നേറ്റ നിരയിലേക്കായി മറ്റ് ഐഎസ്എൽ ക്ലബ്ബുകൾ നടത്തുന്ന വിദേശ സൈനിംഗുകളിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ഡിയസ്. മിക്ക ക്ലബ്ബുകളും സാധാരണ ഗതിയിൽ ആക്രമണത്തിന്റെ ചുമതല ഏൽപ്പിക്കാൻ ടാർഗറ്റ് മാൻ ശൈലിയുള്ള താരങ്ങളെ ക്ലബ്ബിലെത്തിക്കുകയാണ് പതിവ്. എന്നാൽ ജോർജ് ഡിയസ് ഈ അതിരുകളെ ലംഘിക്കുന്നു. കാരണം, അദ്ദേഹം ഒരു ക്രിയേറ്റീവ് ഫോർവേഡ് ആണ് എന്നത് തന്നെയാണ്. കളിക്കളത്തിൽ വളരെ മാര്‍ദ്ദവമേറിയ ടച്ചുകളും മിനുസമാർന്ന ചലനങ്ങളും കൊണ്ട് താരം ആരാധകരെ സന്തോഷിപ്പിക്കുന്നു.

ജോർജ് ഡിയസ് മൈതാനത്ത് എങ്ങനെ കളിക്കുന്നു എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഇവാൻ വുക്കോമാനോവിക്ക് താരത്തെ എങ്ങനെ ഉപയോഗിക്കും എന്നും ഒരു ഡാറ്റാ സ്പെഷ്യലിസ്റ്റിന്റെ വീക്ഷണത്തിൽ ഞങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു.

ഇവാൻ വുക്കോമാനോവിക്കിന്റെ കീഴിലെ കേരള ബ്ലാസ്റ്റേഴ്‌സിൽ ജോർജ് ഡിയസിന്റെ സ്ഥാനം

ഇവാൻ വുക്കോമാനോവിക്ക് സാധാരണയായി എതിർടീമുകളുടെ കരുത്തും ശൈലിയും അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന, പരിതസ്ഥിതികളോടു പൊരുത്തപ്പെടാവുന്ന ഫ്ലാറ്റ് 4-4-2 ശൈലിയിലാണ് കളിക്കുന്നത്. പ്രതിരോധത്തിൽ നിന്ന് ബിൽഡ് അപ്പ് ചെയ്ത് കളിക്കുന്ന ഈ ശൈലിയിൽ രണ്ട് സ്ട്രൈക്കർമാർ ആക്രമണത്തിന്റെ ചുമതലയേൽക്കും. പന്തവകാശത്തിൽ ഊന്നിയ ഈ സംവിധാനത്തിൽ പതുക്കെ പന്ത് ബിൽഡ് അപ്പ് ചെയ്ത് ഫൈനൽ തേർഡിൽ എത്തിക്കുന്നു.

ഇവിടെ മുന്നേറ്റ നിരയിൽ രണ്ട് സ്ട്രൈക്കർമാരിൽ ഒരാൾ സപ്പോർട്ടിങ് സ്ട്രൈക്കറിന്റെ പങ്ക് വഹിക്കുന്നു. പുറകിലേക്ക് ഇറങ്ങി ലിങ്ക്-അപ്പ് പ്ലേയിലേക്ക് പോകുന്നു. ഈ സപ്പോർട്ടിങ് സ്ട്രൈക്കറിന് പന്തിന് വേണ്ടി കറങ്ങി നടക്കാനും പന്ത് ചോദിച്ചു വാങ്ങി കളിയുടെ രീതി നിർദ്ദേശിക്കാനും സ്വാതന്ത്രം ഉണ്ട്. അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ജോർജ് ഡിയസുമായി കരാറിൽ എത്തിയതിൽ അതിശയിക്കാനില്ല. കാരണം വുക്കോമാനോവിക്കിന്റെ പദ്ധതികളിൽ ഒരു സപ്പോർട്ട് സ്ട്രൈക്കറിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്താണോ അവയെല്ലാം ഡിയസിൽ ചേരുന്നു.

ഫൈനൽ തേർഡിൽ ജോർജ് ഡിയസിന്റെ ഏറ്റവും പ്രധാന സവിശേഷതകൾ ഡ്രിബ്ലിംഗ്, പാസിംഗ്, ലിങ്ക് അപ്പ് പ്ലേ എന്നിവയാണ്. സാങ്കേതികമായി ഏറെ മികവ് പുലർത്തുന്ന താരം ഒരു ക്രീയേറ്റീവ് ഫോർവേഡ് ആയതിനാൽ മനോഹരമായി തന്നെ പന്ത് കൈവശം വയ്ക്കുന്നു. ക്ഷമയോടെ പന്ത് കൈവശം വയ്ക്കുന്ന താരം, അനാവശ്യമായ പാസുകളോ ക്രോസുകളോ നൽകാതെ, കൃത്യമായ സമയങ്ങളിൽ നിര്‍ണ്ണായകമായ പാസ്സുകൾ നൽകാനാണ് ശ്രമിക്കുക. തന്റെ ട്രേഡ്മാർക്ക് ആയ ആങ്ഗിൾഡ് ബോളുകൾ നൽകാൻ മൈതാനത്തിന്റെ രണ്ട് ഹാഫ് സ്പേസിലും ഡിയസിനെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.

പന്തിന് മുകളിൽ അസാമാന്യമായ നിയന്ത്രണം പ്രകടിപ്പിക്കുന്ന ജോർജ് ഡിയസ് അനായാസമായി താരങ്ങളെ മറികടന്ന് മുന്നേറും. ഡിയസ് ഒരു വലംകാലൻ താരമാണെങ്കിലും, ഇടതുകാലും ഒരേപോലെ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനാൽ തന്നെ കളിക്കളത്തിൽ പ്രവചനത്തിന് അതീതമാണ് താരത്തിന്റെ ഷോട്ടുകൾ. കളിക്കളത്തിൽ ഡിയാസിനെ കളി ശൈലി കൂടുതലായും ഡ്രിബിളുകളും വൺ – ടുകളുമാണ്.

ഇനി മൈതാനത്ത് വൈഡ് ആയി കളിക്കുമ്പോൾ, ബോക്സിലേക്ക് നിയർ പോസ്റ്റിനെ ലക്ഷ്യമിട്ടുള്ള ലോ ക്രോസുകൾ താരം നൽകാൻ ശ്രമിക്കാറുണ്ട്. പന്ത് കൈവശം ഇല്ലാത്ത സമയത്ത് ബോക്സിലേക്കുള്ള മുന്നേറ്റങ്ങൾ എതിർ ടീമുകളുടെ പ്രതിരോധങ്ങളെ തകർക്കാൻ കഴിവുള്ളവയാണ്.

കളിയെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഡിയാസ് ആക്രമണത്തിന് വേണ്ടി മുന്നേറുന്ന താരങ്ങളെ കണ്ടെത്താൻ ശ്രമിക്കുകയും അവരുടെ കാലിൽ എത്തുന്ന രീതിയിലുള്ള ക്രൂഷ്യൽ പന്തുകൾ നൽകുകയും ചെയ്യുന്നു. മികച്ച വർക്ക് റേറ്റും എതിർ ബോക്സിലേക്ക് ഓടുന്ന സഹതാരങ്ങളുടെ കൃത്യമായി പിന്തുടരാനുള്ള കഴിവും എതിർ താരങ്ങളെ പന്തിന് വേണ്ടി ശക്തമായി പ്രസ്സ് ചെയ്യാനും സാധിക്കുന്ന താരം കൂടിയാണ് ഡിയസ്. മുന്നേറ്റനിരയിൽ ഏത് പൊസിഷനിലും കളിക്കാൻ സാധിക്കുന്ന ഡിയസിന്റെ കഴിവ് വുക്കോമാനോവിക്കിന് കളിക്കളത്തിൽ പ്രയോജനപ്പെടും എന്ന് ഉറപ്പാണ്. എന്നിരുന്നാൽ പോലും, താരത്തിന്റെ കളിക്കളത്തിലെ സ്ഥിരതയും ശാരീരികക്ഷമതയും നിലവിൽ ഒരു ചോദ്യചിഹ്നമാണ്.

പുതിയ സീസൺ ഐഎസ്എല്ലിൽ 4-4-2 എന്ന ശൈലിയിൽ കളിക്കാൻ സാധ്യതയുള്ള കേരള ബ്ലാസ്റ്റേഴ്‌സിൽ ജോർജ് ഡിയസ് സപ്പോർട്ടിങ് സ്ട്രൈക്കറായി കളിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്പാനിഷ് താരം അൽവാരോ വാസ്കസ് മുന്നിലേക്ക് കയറി പാസ്സുകൾ സ്വീകരിച്ച് ഗോളുകൾ നേടാനും ശ്രമിക്കും. ഈ രണ്ട് താരങ്ങളും പരസ്പരം സപ്പോർട്ട് ചെയ്ത് കളിക്കുകയാണെങ്കിൽ കേരളത്തിന്റെ ആക്രമണം മറ്റ് ടീമുകളെക്കാൾ ശക്തമാകാൻ സാധ്യതയുണ്ട്.

ഡാറ്റ പ്രൊഫൈൽ

ജോർജ് ഡിയസിന്റെ ഏറ്റവും മികച്ച സീസൺ എന്നത് 2019ൽ ബൊളീവർ എഫ്‌സിയോടൊപ്പം ഉണ്ടായിരുന്ന സമയമാണ്. അന്ന് ലീഗിൽ താരം 20 ഗോളുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ 2019 സീസണിലെ ഡാറ്റ ഉപയോഗിച്ച് നമുക്ക് താരത്തെ കുറച്ചുകൂടി ആഴത്തിൽ വിശകലനം ചെയ്യാം.

അദ്ദേഹത്തിന്റെ അറ്റാക്കിങ് KPI വ്യക്തമാകുന്ന ഒരു റഡാർ ആണ് മുകളിൽ നൽകിയിട്ടുള്ളത്. മുകളിൽ നൽകിയ ചിത്രം പരിശോധിക്കുമ്പോൾ 2019 സീസണിൽ ബൊളീവിയൻ ലീഗിൽ മോശമല്ലാത്ത പ്രകടനം താരം കാഴ്ച വെച്ചതായി മനസിലാക്കാം.

റഡാറിൽ നിന്ന് ഏറ്റവും മികച്ചതായി കാണുന്നത് ഡിയസിന്റെ xGയും ബോക്സിലെ ടച്ചുകളും യഥാക്രമം 78 ഉം 96 ഉം ശതമാനം ആയി വരുന്നതാണ്. പക്ഷേ, 13.36 ന്റെ xG- യിൽ അദ്ദേഹം ലീഗിൽ 20 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഇത് ഡിയസിന്റെ ഓവർ-പെർഫോമൻസിനെ സൂചിപ്പിക്കുന്നു.

ബൊളീവിയൻ ലീഗിന്റെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ, മികച്ച പൊസിഷനുകളിൽ നിന്ന് ധാരാളം ഷോട്ടുകൾ എടുക്കുന്ന ഒരു ശരാശരി ആക്രമണകാരിയാണ് ഡിയസ് എന്ന് അദ്ദേഹത്തിന്റെ ഡാറ്റ പ്രൊഫൈൽ സൂചിപ്പിക്കുന്നു.

നിലവിൽ 31 വയസ്സ് പിന്നിട്ട ജോർജ് ഡിയസ് തന്റെ കരിയറിൽ രണ്ടുതവണ മാത്രമേ ഗോളുകളിൽ ഇരട്ട സംഖ്യ കണ്ടിട്ടുള്ളു എന്നതും പലപ്പോഴും ആവശ്യത്തിന് മത്സരങ്ങൾ കളിച്ചിട്ടില്ല എന്നതും അദ്ദേഹത്തിന്റെ സ്ഥിരതയെക്കുറിച്ചുള്ള സംശയം ജനിപ്പിക്കുന്നുണ്ട്.

ഉപസംഹാരം

ജോർജ് ഡിയസ് എന്ന താരം മനോഹരമായി ആക്രമിക്കാൻ സാധിക്കുന്ന താരമാണ് എന്നും ക്ലബിന്റെ എക്സ്-ഫാക്ടറാകാനുള്ള കഴിവുകൾ ഉണ്ടെന്നും തോന്നുമ്പോൾ തന്നെ ഡാറ്റ വിശകലനം ചെയ്യുമ്പോൾ ശരാശരി നിലവാരം മാത്രമാണ് താരത്തിൽ കാണുന്നത്. എന്നാൽ, ഒരുപക്ഷേ താരത്തിന്റെ കഴിവുകളെ മനസിലാക്കാൻ സാധിക്കുന്ന ഒരു പരിശീലകന്റെ കീഴിൽ ഡിയസ് എത്തുമ്പോൾ മുകളിൽ പറഞ്ഞത് എല്ലാം പിൻവലിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും, കളിക്കളത്തിൽ ആരാധകരുടെ ശ്രദ്ധയെ ആകർഷിക്കാൻ സാധിക്കുന്ന താരമാണ് ജോർജ് ഡിയസ്.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.