Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കേരള ബ്ലാസ്റ്റേഴ്‌സ് ഓൾ ടൈം ഐ.സ്.ൽ 11 : ജിങ്കാനും ഹ്യൂമും പിന്നെ ആര്?

Published at :June 17, 2020 at 2:47 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)


ആരാധകരെ ആവേശം കൊള്ളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിരവധിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച  ഐ സ് ൽ 11 നെ ഖേൽ നൗ പരിശോധിക്കുകയാണ്.

ആദ്യ മൂന്നു സീസണുകളിൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ്  കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു സീസണുകളിലും  മികച്ച പ്രകടനം  കാഴ്ചവെച്ചവെക്കാൻ ടീമിന് കഴിഞ്ഞിരുന്നില്ല.

ഫുട്ബോൾ പാരമ്പര്യത്തിന് പേരുകേട്ട സംസ്ഥാനമാണ് കേരളം. നിരവധി ഇന്ത്യൻ ദേശിയ ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത കേരളത്തിന്‌ ഇടക്കെപ്പോഴോ ഫുട്ബോളിൽ  പിന്നോട്ട് പോയ അവസ്ഥയുണ്ടായി. എന്നാൽ ഐ സ് ല്ലിന്റെ വരവോടെ  കേരള  ഫുട്ബോളിന് ഒരു പുത്തനുണർവ് നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. ഐ സ് ൽ കിരീടം നേടാൻ ഇതുവരെ കഴിഞ്ഞില്ലെങ്കിലും ഒരു വൻ ആരാധക കൂട്ടത്തെ  സ്വന്തമാക്കാൻ ക്ലബ്ബിന് കഴിഞ്ഞു.

2014,16 സീസണുകളിൽ ഐ സ് ൽ ഫൈനലിൽ എത്തിയതൊഴിച്ചാൽ കാര്യമായ നേട്ടങ്ങളൊന്നും ക്ലബ്ബിന് അവകാശപ്പെടാനില്ല. എന്തുതന്നെയാലും ആരാധകരെ ആവേശം കൊള്ളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിരവധിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച  ഐ സ് ൽ 11 നെ ഖേൽ നൗ പരിശോധിക്കുകയാണ്.

ഗോൾ കീപ്പർ : സന്ദീപ് നന്ദി

മൂന്ന് വർഷം കേരള ബ്ലാസ്റ്റേഴ്സിന്റെ  ഗോൾ വല കാത്ത ഗോൾ കീപ്പറാണ് വെസ്റ്റ് ബംഗാളുകാരനായ സന്ദീപ് നന്ദി. ഡേവിഡ് ജെയിംസ്, സ്റ്റീഫൻ ബൈവാട്ടർ, ഗ്രഹാം സ്റ്റാക്ക് തുടങ്ങിയ വിദേശ  ഗോൾ കീപ്പർമാർക്ക് ടീമിൽ ഗോൾ കീപ്പിങ്ങിൽ ആദ്യ പരിഗണന നൽകുന്നത് പതിവായിരുന്നു. എന്നാൽ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാൻ സന്ദീപ് നന്ദിക്കായി.

മോഹൻ ബഗാൻ, ഈസ്റ്റ്‌ ബംഗാൾ, ചർച്ചിൽ ബ്രദർസ് തുടങ്ങിയ ക്ലബ്ബ്കൾക്ക് വേണ്ടി കളിച്ചിട്ടുള്ള നന്ദി,  18 മത്സരങ്ങളിൽ നിന്ന് 7 ക്ലീൻ ഷീറ്റുകൾ ബ്ലാസ്റ്റേഴ്സിനായി  നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയ 2016 ഐ സ്‌ ൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

റൈറ്റ് ബാക്ക് : മുഹമ്മദ് റാകിപ്പ്

2017-18 ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സീനിയർ ടീമിലേക്കുള്ള വാതിൽ അദ്ദേഹത്തിനായി തുറക്കപ്പെട്ടത്. തുടർന്ന് സീനിയർ ടീമിലും തന്റെ മികച്ച ഫോം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു.

2018-19 സീസണിൽ ഡേവിസ് ജയിംസിന്റെ കീഴിലാണ് റാക്കിപ്പിന് ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ  അരങ്ങേറ്റം കുറിക്കാൻ സാധിച്ചത്. ഇതുവരെ 27 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി അദ്ദേഹം കളിച്ചു. കഴിഞ്ഞ സീസണിൽ കളിച്ച 15 മത്സരങ്ങളിലും ആദ്യ പതിനൊന്നിൽ റാകിപ്പ് ഉണ്ടായിരുന്നു. ടീമിൽ എത്രത്തോളം  പ്രാധാന്യം അദ്ദേഹത്തിനുണ്ടെന്നുള്ളത് ഇത്‌ വ്യക്തമാക്കുന്നു.

സെന്റർ ബാക്ക് :സന്ദേശ് ജിങ്കൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സീസൺ മുതൽ ടീമിന്റെ പ്രതിരോധനിരയുടെ നെടുന്തൂണായി നിന്ന താരമാണ് സന്ദേശ് ജിങ്കൻ.

21ആം വയസ്സിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം, തന്റെ ആദ്യ സീസണിൽ തന്നെ എമേർജിങ് പ്ലയെർ ഓഫ് തി സീസൺ പുരസ്‌കാരം നേടി. എന്നാൽ പരിക്ക് മൂലം കഴിഞ്ഞ സീസൺ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസൺ ആരംഭിക്കുന്നത് വരെ, ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ജിങ്കൻ. മഞ്ഞപ്പടയ്ക്ക് വേണ്ടി 76 മത്സരങ്ങൾ കളിച്ച താരം, ഫൈനലിൽ എത്തിയ രണ്ട് തവണയും ടീമിന്റെ ഭാഗമായിരുന്നു. 

കേരള ബ്ലാസ്റ്റേഴ്സിൽ തുടങ്ങി നിലവിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാകാൻ ജിങ്കന് കഴിഞ്ഞു. പ്രതിരോധത്തിൽ സന്ദേശ് ജിങ്കൻ നടത്തിയ പ്രകടനങ്ങളും രക്ഷപ്പെടുത്തലുകളും ഒരാരാധകനും മറക്കാൻ കഴിയില്ല.

സെന്റർ ബാക്ക് : സെഡ്രിക് ഹെങ്ബാർട്

കേരള ബ്ലാസ്റ്റേഴ്സിനായി സെഡ്രിക് ഹെങ്ബാർട് കളിച്ച 2 തവണയും ടീം ഫൈനലിൽ എത്തി. 2014,16 സീസണുകളിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരം, 2015ൽ നോർത്ത് ഈസ്റ്റിന്റെ കൂടെ ആയിരുന്നു.

ബ്ലാസ്റ്റേഴ്സിനായി 30 മത്സരങ്ങൾ കളിച്ച താരം, 1 ഗോളും 4 അസിസ്റ്റും നേടിയിട്ടുണ്ട്. ആരോൺ ഹ്യൂഗ്സിന്റെ പങ്കാളിയായി ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ  മുഘ്യ പങ്കു വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സന്ദേശ് ജിങ്കൻറെ കൂടെ മികച്ച ഒത്തിണക്കം പ്രകടിപ്പിച്ച് തകർപ്പൻ പ്രകടനം കാഴ്ചവെച്ചതിലൂടെ ആരാധകരുടെ മനം കവരാൻ ഹെങ്ബർട്ടിന് സാധിച്ചു.

ലെഫ്റ്റ് ബാക്ക് : ലാൽരുവത്താര

2016-17 ഐ ലീഗ് സീസണിൽ കിരീടം നേടിയ ഐസ്വാൾ ഫ് സിയുടെ ഭാഗമായിരുന്ന ലാൽരുവത്താര തൊട്ടടുത്ത സീസണിൽ  ബ്ലാസ്റ്റേഴ്സിൽ എത്തി. കേരള ബ്ലാസ്റ്റേഴ്സിനായി ഇതുവരെ 33 മത്സരങ്ങൾ കളിച്ച ലാൽരുവത്താര അദ്ദേഹത്തിന്റെ ആദ്യ ഐ സ് ൽ സീസണിൽ എമേർജിങ് പ്ലയെർ ഓഫ് തി സീസൺ പുരസ്‌കാരം നേടുകയും ചെയ്തു.

ആക്രമണത്തിലും പ്രതിരോധത്തിലും മികച്ചു നിന്നിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ അവസാന സീസണുകളിൽ പഴയ ഫോം നിലനിർത്താൻ കഴിന്നിരുന്നില്ല. എന്നിരുന്നാലും ടീമിന് വേണ്ടി ഇതുവരെ കളിച്ച ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് അദ്ദേഹം തന്നെയാണെന്നതിൽ തർക്കമില്ല.

സെൻട്രൽ ഡിഫെൻസിവ് മിഡ്‌ഫീൽഡർ :മെഹ്താബ് ഹുസൈൻ

2014ലെ ഐ സ് ൽ ഡ്രാഫ്റ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യം നേടിയെടുത്ത താരമാണ് മെഹ്താബ് ഹുസൈൻ. ടീമിന്റെ സെൻട്രൽ ഡിഫെൻസിവ് മിഡ്‌ഫീൽഡർ എന്ന നിലയിൽ അദ്ദേഹം ടീമിനായി  സ്ഥിരതയാർന്ന പ്രകടനം നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിനായി കളിച്ച 38 മത്സരങ്ങളിലും ആദ്യ പതിനൊന്നിൽ അദ്ദേഹത്തിന് സ്ഥാനമുണ്ടായിരുന്നു.

മിഡ്‌ഫീൽഡ് നിയന്ത്രിച്ചും  കൌണ്ടർ അറ്റാക്ക് പോലുള്ള ഘട്ടങ്ങളിൽ പ്രതിരോധത്തെ സഹായിച്ചും അദ്ദേഹം തന്റെ മിടുക്ക് കാട്ടി. സ്റ്റീവ് കോപ്പൽ ക്ലബ്‌ വിടുന്നതിന് മുൻപ് മെഹ്താബിനെ ടീമിൽ നിലനിർത്താൻ ആവശ്യപ്പെട്ടിരുന്നു. എതിർടീമിന്റെ ആക്രമണത്തെ മിഡ്‌ഫീൽഡിൽ വെച്ച് തകർക്കാൻ അദ്ദേഹം സമർത്ഥനായിരുന്നു.

റൈറ്റ് മിഡ്‌ഫീൽഡർ :സി കെ വിനീത്

കണ്ണൂരുകാരനായ സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്സിനായി 43 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 3 അസിസ്റ്റും നേടിയിട്ടുണ്ട്. അവസാന നിമിഷങ്ങളിൽ ഗോൾ നേടി ആരാധകരുടെ ഇഷ്ടതാരമാകാനും അദ്ദേഹത്തിന് കഴിഞ്ഞു.

2016 ഐ സ് ൽ സീസണിൽ ടീമിന്റെ ടോപ് ഗോൾ  സ്കോററായ വിനീത്, ടീമിനെ അതേ സീസണിൽ ഫൈനലിൽ എത്തിക്കുന്നതിൽ മുഘ്യ പങ്ക്  വഹിച്ചു. പഴയ പ്രകടനം തുടരാൻ കഴിയാതെ വന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് അദ്ദേഹത്തെ ചെന്നൈയിൻ ഫ് സിയിലേക്ക് ലോണിൽ അയക്കുകയാണ് ഉണ്ടായത്. മഞ്ഞപ്പടയ്ക്ക് ഒരുപിടി നല്ല ഓർമ്മകൾ നൽകാൻ വിനീതിന്റെ പ്രകടനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

സെൻട്രൽ അറ്റാക്കിങ് മിഡ്‌ഫീൽഡർ :ഇയാൻ ഹ്യൂം

മഞ്ഞപ്പടയുടെ എക്കാലത്തെയും ഇഷ്ടതാരങ്ങളിൽ ഒരാളാണ്  ഇയാൻ ഹ്യൂം. മുൻ കാനഡ ഇന്റർനാഷണൽ താരമായ അദ്ദേഹം, ട്രാൻമിറെ റോവേഴ്സ്, ലെസ്റ്റർ സിറ്റി, പ്രെസ്റ്റൻ നോർത്ത് എൻഡ് തുടങ്ങിയ ടീമുകളിൽ കളിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

28 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിക്കുകയും  വേണ്ടി 10 ഗോളും മൂന്ന് അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനായി ആദ്യ ഹാട്രിക് നേടിയ താരവും ഹ്യുമാണ്. ഓഗ്‌ബെച്ചെയും വിനീതും ടീമിന്റെ ടോപ് സ്കോറെർ ആവുന്നതിന് മുൻപ് വരെ ആ പദവി ഹ്യൂമേട്ടന് സ്വന്തമായിരുന്നു.

ലെഫ്റ്റ് മിഡ്‌ഫീൽഡർ :ജോസു പ്രീറ്റോ കുറൈസ്

പല പൊസിഷനുകളിൽ കളിക്കാനും ആക്രമണത്തെയും പ്രതിരോധത്തെയും സഹായിക്കാനുള്ള കഴിവ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഇടത് വിങ്ങിൽ  മിഡ്‌ഫീൽഡറായും ലെഫ്റ്റ് ബാക്കായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. 2015 ഐ സ് ൽ സീസണിൽ പീറ്റർ  ടെയ്ലർ, ടെറി ഫലാൻ എന്നീ പരിശീലകരുടെ നിർദ്ദേശ പ്രകാരം മിഡ്‌ഫീൽഡിൽ അദ്ദേഹം കളിക്കുകയും 10 മത്സരങ്ങളിൽ നിന്ന് 1 ഗോളും 4 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി.

Kerala Blasters

2016ൽ സ്റ്റീവ് കോപ്പലിന്റെ വരവോടെ വിങ്ങിൽ കൂടുതലായി അദ്ദേഹം കളിക്കാൻ തുടങ്ങി. അതേ  സീസണിൽ ടീം ഫൈനലിൽ എത്തുകയും, കളിച്ച പതിനൊന്നു മത്സരങ്ങളിലും ആദ്യ പതിനൊന്നിൽ ഇടം നേടാനും  അദ്ദേഹത്തിന് കഴിഞ്ഞു. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും  കൂടുതൽ അസിസ്റ്റുകൾ (6) നൽകിയ താരവും ജോസുവാണ്.

സ്‌ട്രൈക്കർ :ബർത്തലോമിയോ ഓഗ്‌ബെച്ചേ

പി സ് ജി, ഡീപോർട്ടീവോ അൽവ്സ്, റിയൽ വല്ലഡോലിഡ്, മിഡ്‌ഡിൽസ്‌ബ്രോ തുടങ്ങിയ ടീമുകളിൽ കളിച്ച ഓഗ്‌ബെച്ചേ നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിലൂടെ ഐ സ് ല്ലിൽ എത്തുകയും, പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുകയും ചെയ്തു.

35 വയസ്സുകാരനായ ഓഗ്‌ബെച്ചേ 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്. സന്ദേശ് ജിങ്കൻറെ അഭാവത്തിൽ ടീമിന്റെ നയിച്ചതും ഓഗ്‌ബെച്ചേയായിരുന്നു.

സ്‌ട്രൈക്കർ :അന്റോണിയോ ജർമൻ

കേരള ബ്ലാസ്റ്റേഴ്സിനും (ഐ സ് ൽ ) ഗോകുലം കേരളയ്ക്കും(ഐ ലീഗ് ) വേണ്ടി കളിച്ച ഏക വിദേശ താരമാണ് അന്റോണിയോ ജർമൻ.ബ്ലാസ്റ്റേഴ്സിനായി 22 മത്സരങ്ങളിൽ നിന്ന് 6 ഗോളും 5 അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.

തുടർച്ചയായ പരിക്കുകളും മികച്ച ഫോം തുടരാൻ കഴിയാതെ പോയതിനാൽ അധിക കാലം ബ്ലാസ്റ്റേഴ്സിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞില്ല. മികച്ച ഫിനിഷിങ് മികവുള്ള ജർമൻ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ്.

ഹെഡ് കോച്ച് : സ്റ്റീവ് കോപ്പൽ

കഴിഞ്ഞ 6 സീസണുകളിൽ 10 മാനേജർമാരെ കേരള ബ്ലാസ്റ്റേഴ്‌സ് പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ടീമിന് തുടർച്ചയായ മുന്നേറ്റം നൽകാൻ കഴിയുന്ന പരിശീലകനെ കണ്ടുപിടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന്  ഇതുവരെ കഴിഞ്ഞിരുന്നില്ല. സ്റ്റീവ് കോപ്പലിന്റെ കീഴിൽ മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ തുടർന്നില്ല.

ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായിരുന്ന കാലയളവിൽ 17 മത്സരങ്ങളിൽ നിന്ന് 7 വിജയവും 6 തോൽവിയും നേടാൻ അദ്ദേഹത്തിന്റെ ടീമിന് കഴിഞ്ഞു. 41.18 എന്ന അദ്ദേഹത്തിന്റെ  വിജയ ശതമാനം ഇതുവരെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ച ഒരു പരിശീലകനും അവകാശപ്പെടാൻ കഴിയില്ല. 2016ൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കാനും സ്റ്റീവ് കോപ്പലിന്  കഴിഞ്ഞു.

Advertisement