Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഗാരി ഹൂപ്പറിന്റെയും കോസ്റ്റ നമോയിൻസുവിന്റെയും സൈനിങ്ങുകൾ പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി

Published at :October 3, 2020 at 8:54 PM
Modified at :October 3, 2020 at 8:54 PM
Post Featured Image

Dhananjayan M


പുതിയ സീസണിലേക്കുള്ള ക്ലബ്ബിന്റെ വിദേശതാരങ്ങളുടെ സൈനിങ്ങുകൾക്ക് വേഗതകൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.

ഇംഗ്ലീഷ് മുന്നേറ്റതാരം ഗാരി ഹൂപ്പറിന്റെയും സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിൻസുവിനെയും സൈനിങ്ങുകൾ പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ശ്രമിക്കുന്നതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. ഇരു താരങ്ങളും ഒരു കൊല്ലം വീതമുള്ള കരാറുകളിൽ ആയിരിക്കും ടീമിലെത്തുക. ക്ലബ്ബിന്റെ ഭാഗത്ത് നിന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്ന ദിവസങ്ങളിൽ ഉണ്ടായേക്കാം.

കഴിഞ്ഞ ഓഗസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുൻ നോർവിച്ച് സിറ്റി താരം ഗാരി ഹൂപ്പറുമായി ചർച്ചകൾ നടത്തുന്നു എന്ന് ഖേൽ നൗ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നുള്ള ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ക്ലബ്‌ താരത്തിന്റെ പുതിയ സീസണിലേക്കുള്ള കരാറുമായി ബന്ധപ്പെട്ട ഇടപാടുകളുമായി മുന്നോട്ട് പോയി. സമാനമായ രീതിയിൽ തന്നെ സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റയുമായും ക്ലബ്‌ ചർച്ചകൾ നടത്തി. 2011ൽ പോളിഷ് ക്ലബ്ബായ സാഗ്ലബി ലുബിനിൽ നിലവിലെ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകനായ കിബു വിക്യൂന അസിസ്റ്റന്റ് കോച്ചായി പ്രവർത്തിക്കുന്ന സമയത്ത് ആ ടീമിലെ കളിക്കാരൻ ആയിരുന്നു കോസ്റ്റ.

ഇംഗ്ലണ്ടിലെ ഹാർലോയിൽ ജനിച്ച ഗാരി ഹൂപ്പർ അവസാനമായി കളിച്ചത് കഴിഞ്ഞ സീസണിൽ ഓസ്ട്രേലിയൻ എ - ലീഗ് ക്ലബ്ബായ വെല്ലിങ്ടൺ ഫീനിക്സിനു വേണ്ടി ആയിരുന്നു. സീസണിൽ താരം എട്ട് ഗോളുകളും അഞ്ചു അസ്സിസ്റ്റുകളും നേടി ക്ലബ്ബിനെ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിക്കാൻ പ്രധാന പങ്കുവഹിച്ചു. സ്‌കൻതോർപ്പ് യുണൈറ്റഡ്, സെലിറ്റിക് എഫ്‌സി, നോർവിച്ച് സിറ്റി, ഷെഫീൽഡ് വെഡ്നെസ്‌ഡേ, ലെയ്ട്ടൺ ഓറിയന്റ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി താരം കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇ‌എഫ്‌എൽ ചാമ്പ്യൻഷിപ്പ്, ഇ‌എഫ്‌എൽ ലീഗ് 1, ഇ‌എഫ്‌എൽ ലീഗ് 2, എഫ്‌എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ്, ഫുട്ബോൾ ലീഗ് ട്രോഫി, എഫ്എ ട്രോഫി, യുവേഫ ചാമ്പ്യൻസ് ലീഗ് , യുവേഫ യൂറോപ്പ ലീഗ്, സ്കോട്ടിഷ് കപ്പ്, സ്കോട്ടിഷ് ലീഗ് കപ്പ്, സ്കോട്ടിഷ് പ്രീമിയർഷിപ്പ് എന്നീ ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ഏക ഫുട്ബോൾ താരമാണ് മുപ്പത്തിരണ്ടുകാരനായ ഹൂപ്പർ.

ചെക്ക് ഫുട്ബോൾ ലീഗിലെ ഒന്നാം ഡിവിഷൻ ക്ലബ്ബായ എസി സ്പാർട്ട പ്രാഗിന് വേണ്ടി കഴിഞ്ഞ സീസണിൽ ബൂട്ട് കെട്ടിയ താരമാണ് കോസ്റ്റ നമോയിൻസു. 2006ൽ സിംബാബ്‌വൻ ഫുട്ബോൾ ക്ലബ്ബായ മാസ്വിങ്ങോ യുണൈറ്റഡിലൂടെ ഫുട്ബോൾ കരിയർ ആരംഭിച്ച കോസ്റ്റ 2008ൽ പോളണ്ടിലെ അഞ്ചാം ഡിവിഷൻ ക്ലബ്ബായ WSS വിസ്‌ലയിലെത്തി. ആറു മാസങ്ങൾക്കു ശേഷം പോളിഷ് ക്ലബ്ബായ സാഗ്ലബി ലുബിനിൽ എത്തുകയും അഞ്ച് സീസൺ ക്ലബിൽ തുടരുകയും ചെയ്തു. തുടർന്ന് 2013ൽ ചെക്ക് ഫുട്ബോൾ ക്ലബ്ബായ സ്പാർട്ട പ്രാഗിൽ ചേർന്നു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ക്ലബ്ബിന് വേണ്ടി 200ൽ അധികം മത്സരങ്ങൾ കളിച്ച താരം യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലുമായി 40 മത്സരങ്ങളോളം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിനോടുവിൽ ക്ലബ്‌ താരവുമായുള്ള കരാർ പുതുക്കാൻ ശ്രമിക്കാതിരിക്കുകയും കോസ്‌റ്റയെ ക്ലബ്ബിന്റെ ഇതിഹാസതാരമായി പ്രഖാപിക്കുകയും ചെയ്തു.

അതേസമയം, വരാനിരിക്കുന്ന ഐഎസ്എൽ സീസണ് മുന്നോടിയായി തങ്ങളുടെ ടീമിനെ ശക്തമാക്കുന്നതിനുള്ള നടപടികളുമായി കേരള ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ സീസണുകളിലെ ടീമിലെ അപാകതകൾ പരിഹരിക്കാനായി ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ കിബു വിക്യൂനയും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസും ഈ ട്രാൻസ്ഫർ ജാലകത്തിലൂടെ മികച്ച വിദേശതാരങ്ങളെ ക്ലബ്ബിൽ എത്തിക്കുകയാണ്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ ഫക്കുണ്ടോ പെരേരയെയും ഡിഫെൻസീവ് മിഡ്ഫീൽഡർ ആയ വിസെന്റെ ഗോമസിനെയും കരാറുകൾ ക്ലബ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്, സ്പാനിഷ് മധ്യനിര താരം സെർജിയോ സിഡോഞ്ചയെ ഒരു വർഷത്തേക്ക് കൂടി ക്ലബ്‌ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, അവസാനത്തെ രണ്ട് വിദേശതാരങ്ങളുടെ കരാറുകൾ കൂടി കേരള ബ്ലാസ്റ്റേഴ്‌സിനു പൂർത്തിയാക്കേണ്ടതുണ്ട്, അവരിൽ ഒരാൾ സെന്റർ ബാക്കും മറ്റൊരാൾ ഒരു സ്‌ട്രൈക്കറും ആണെന്ന് ഖേൽ നൗ സ്ഥിരീകരിക്കുന്നു. ഞങ്ങളുടെ സ്രോതസ്സുകൾ അനുസരിച്ച്, ക്ലബ്‌ അടുത്തതായി കരാർ പൂർത്തിയാക്കുന്നത് ഒരു ഏഷ്യൻ മുന്നേറ്റതാരത്തിന്റെതാണ്. അതിനുശേഷം അവർ ഒരു വിദേശ പ്രതിരോധതാരത്തെ കണ്ടെത്താനുള്ള ചർച്ചകളുമായി മുന്നോട്ട് പോകും.

Advertisement