Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഇന്ത്യൻ ആരോസ് താരം ഗിവ്സൺ സിംഗിനെ സൈൻ ചെയ്യാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

Published at :May 25, 2020 at 7:06 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : I-League Media)

Jouhar Choyimadam


കഴിഞ്ഞ ഐ ലീഗ് സിസണിൽ ഇന്ത്യൻ ആരോസിന് വേണ്ടി 16 മത്സരങ്ങളും കളിച്ചിരുന്നു ഈ പതിനേഴുകാരൻ.

ഇന്ത്യൻ ആരോസ് താരം ഗിവ്സൺ സിംഗിനെ സൈൻ ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. പതിനേഴുകാരനായ ഈ അറ്റാക്കിങ് മിഡ്ഫീൽഡറുമായി 3 വർഷത്തെ കരാർ സൈൻ ചെയ്യാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിയെന്നാണ് ഖേൽനൗവിന് വിശ്വാസ്യമായ ചില വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കൗമാരക്കാരനെ സൈൻ ചെയ്യുന്നതിന് വേണ്ടി മറ്റൊരു ഐ.എസ്.എൽ ടീമായ മുംബൈ സിറ്റി എഫ് സിയും മത്സര രംഗത്തുണ്ടാകുമെന്ന് കരുതിയിരുന്നു.

2019-20 ഐ ലീഗ് സീസണിൽ ഇന്ത്യൻ ആരോസിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ഗിവ്സൺ സിങ്. നടന്ന 16 മത്സരങ്ങളിലും താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ആകെ 1340 മിനുട്ട് താരം കളിച്ചപ്പോൾ 2 ഗോളും ഒരു അസിസ്റ്റും നേടുകയും ചെയ്തു.

Givson Singh stat

താരത്തിന്റെ കഴിഞ്ഞ സീസണിലെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഹെഡ് കോച്ച് കിബൂ വികുനയിൽ ഏറെ മതിപ്പുളവാക്കിയെന്ന് തോന്നിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടിയ മോഹൻ ബഗാന്റെ കോച്ചായിരുന്നു വികൂന. കഴിഞ്ഞ സീസണിൽ 2020 ജനുവരി 9 ന് മോഹൻ ബഗാനുമായി 1-0 ന് ഇന്ത്യൻ ആരോസ് പരാജയപ്പെട്ടെങ്കിലും മത്സരത്തിൽ ഗിവ്സൺ സിങ് 90 മിനുട്ടും കളിച്ചിരുന്നു.

പഞ്ചാബ് എഫ് സി ആയിരുന്നു (മിനർവ പഞ്ചാബ് എന്നറിയപ്പെട്ടിരുന്ന) മണിപ്പൂരുകാരനായ 17 കാരന്റെ ആദ്യ ടീം. താരത്തിന്റെ ടീമിലെ സ്ഥിരതയാർന്ന പ്രകടനം ദേശീയ യൂത്ത് ടീമിലേക്കുള്ള സെലക്ഷനിൽ വഴിവെക്കുകയായിരുന്നു. ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷനാണ് 2016-ൽ താരത്തെ എലൈറ്റ് അക്കാദമിയിലേക്ക് കൊണ്ടുവന്നത്. 2018-ൽ അണ്ടർ 16 എ.എഫ്.സി ചാംപ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ഗിവ്സൺ സിങ്. 2019-ലാണ് താരം ഇന്ത്യൻ ആരോസിൽ ജോയിൻ ചെയ്തത്. ശേഷം സീസണിലുടനീളം ടീമിന്റെ മുന്നേറ്റനിരക്ക് വലിയ സംഭാവനകളാണ് താരം നൽകിയത് - 2019 ഡിസംബർ 28 ന് ചർച്ചിൽ ബ്രദേഴ്സുമായി നടന്ന മത്സരത്തിൽ സമനില ഗോൾ നേടുകയും (മത്സരത്തിൽ ആരോസ് 2-1 ന് വിജയിച്ചു) 2020 മാർച്ച്‌ 3 ന് പഞ്ചാബ് എഫ് സിക്കെതിരെ നടന്ന മത്സരത്തിൽ 1-1 ന് സമനില പിടിക്കാൻ സഹായകമായ ഒരു ഇഞ്ചുറി ടൈം പെനാൽറ്റിയും താരം നേടി.

കഠിനാധ്വാനത്തിന്റെ ഫലമായി തന്റെ സമപ്രായക്കാരായ മറ്റു കളിക്കാരിൽ നിന്നും ഏറെ വേറിട്ടു നിൽക്കുന്ന താരമാണ് ഗിവ്സൺ സിങ്. താരത്തിന്റെ ആക്രമണാത്മക മനോഭാവം, മധ്യനിരയിൽ നിന്നും ഗോൾ നേടാനുള്ള കഴിവ്, ഫോർവേഡുമായി ലിങ്ക് ചെയ്യാനുളള കഴിവ്, മികച്ച പാസിംഗ് എന്നിവ കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിന് വളരെയധികം ഗുണം ചെയ്തിരുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ കോച്ച് കിബൂ വികൂനക്ക് കീഴിൽ ഒരുപാട് വളർച്ച നേടാനാവുമെന്നാണ് താരത്തിന്റെ പ്രതീക്ഷ, യുവ കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകി അവരെ വളർത്തിക്കൊണ്ട് വരാൻ വേണ്ടി പ്രവർത്തിക്കുമെന്ന് കോച്ച് പറഞ്ഞിരുന്നു.

Advertisement