Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകർ: അവർ ഇപ്പോൾ എവിടെയാണ്?

Published at :April 13, 2021 at 1:54 PM
Modified at :April 14, 2021 at 2:33 PM
Post Featured Image

Dhananjayan M


കഴിഞ്ഞ ഏഴ് വർഷത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നിയമിച്ചത് ഒൻപത് പരിശീലകരെ

ഓരോ സീസൺ ആരംഭിക്കുമ്പോഴും ടീമിൽ എത്തിക്കുന്ന പരിശീലകരെ സീസണിന് ഇടയിലോ അല്ലെങ്കിൽ സീസൺ അവസാനിപ്പിക്കുമ്പോഴോ പുറത്താക്കുന്നതിൽ കുപ്രസിദ്ധി നേടിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ടീം കളിച്ച സീസണുകളെക്കാൾ കൂടുതൽ പരിശീലകർ ക്ലബ്ബിനെ കഴിഞ്ഞ വർഷങ്ങളിൽ നിയന്ത്രിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒൻപത് പേരെയാണ് നിയമിക്കുകയും പുറത്താക്കുകയും ചെയ്തിട്ടുള്ളത്.

ഇത്തരത്തിൽ തുടർച്ചയായി പരിശീലകരെ മാറ്റുന്ന പ്രവണത ടീമിന്റെ വികസനത്തെ തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്. അതിനുമപ്പുറം, നിലവിൽ ഭാവിയിലേക്കുള്ള കൃത്യമായ പദ്ധതികൾ ഇല്ലാത്തത് ക്ലബ്ബിന്റെ വ്യക്തിത്വത്തെയും അസ്തിത്വത്തെയും ചോദ്യം ചെയ്യുന്നു.  ഏറ്റവും അവസാനമായി, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിനോടുവിൽ കഴിഞ്ഞ സീസണിലെ പരിശീലകൻ ആയിരുന്ന കിബു വിക്യൂനയുമായി ക്ലബ് വഴിപിരിയുകയുണ്ടായി. എന്നാൽ, യഥാർത്ഥത്തിൽ ക്ലബ്ബിൽ ഉണ്ടായിരുന്ന ധാരാളം പ്രശ്നങ്ങൾ ശരിയാക്കാൻ ഉള്ള സമയം അദ്ദേഹത്തിന് കൊടുക്കാൻ മാനേജ്മെന്റിന് സാധിച്ചില്ല.

അതിനാൽ തന്നെ കഴിഞ്ഞ ഏഴ് സീസനുകളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന മുഖ്യ പരിശീലകർ നിലവിൽ എവിടെയാണ് എന്ന് ഖേൽ നൗ പരിശോധിക്കുകയാണ്.

ഡേവിഡ് ജെയിംസ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ചരിത്രത്തിലെ ആദ്യ പരിശീലകനായിരുന്നു മുൻ ലിവർപൂൾ താരമായിരുന്ന ഡേവിഡ് ജെയിംസ്. പരിശീലകവേഷത്തോടൊപ്പം ടീമിന്റെ ഗോൾവല കാത്ത താരം ആദ്യ സീസണിൽ തന്നെ ടീമിനെ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിക്കുകയുണ്ടായി. എന്നാൽ ഫൈനലിൽ അതിലറ്റിക്കോ ഡി കൊൽക്കത്തയോട് ടീം പരാജയപ്പെടുകയുണ്ടായി.

തുടർന്ന് സീസണിന് ഒടുവിൽ ടീം വിട്ട താരം പിന്നീട് 2018/19 സീസണിൽ പരിശീലകനായി തന്നെ തിരിച്ചെത്തുകയുണ്ടായി. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹം ടീമിന് പുറത്തേക്ക് പോയി. നിലവിൽ അദ്ദേഹം പല നെറ്റ്‌വർക്കുകൾക്ക് വേണ്ടി ചർച്ചകളിൽ പങ്കെടുക്കുന്ന ഫുട്ബോൾ പണ്ഡിറ്റിന്റെ കുപ്പായം അണിഞ്ഞിരിക്കുന്നു.

പീറ്റർ ടെയ്‌ലർ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എക്കാലവും മറക്കാൻ ആഗ്രഹിക്കുന്ന രണ്ടാം സീസണിൽ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത് മുൻ ഇംഗ്ലണ്ട് താരം പീറ്റർ ടെയ്‌ലർ ആണ്. ഡേവിഡ് ജെയിംസിന്റെ പകരക്കാരൻ ആയി വന്ന അദ്ദേഹത്തിന് കേവലം ആറ് മത്സരങ്ങളിൽ മാത്രമേ ടീമിനെ നയിക്കാൻ സാധിച്ചുള്ളൂ. ആദ്യ മത്സരം വിജയിക്കുകയും രണ്ടാം മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തതിന് ശേഷം അടുത്ത നാല് മത്സരങ്ങൾ തുടർച്ചയായി തോറ്റതാണ് അദ്ദേഹത്തിന് ക്ലബ്ബിന് പുറത്തേക്ക് പോകാൻ വഴി ഒരുക്കിയത്.

ആ സീസണിന് ശേഷം അദ്ദേഹം ന്യൂസിലാൻഡ് ദേശീയ ഫുട്ബോൾ ടീമിന്റെ സഹപരിശീലകൻ ആയി ചുമതല ഏറ്റിരുന്നു. നിലവിൽ അദ്ദേഹം ഇംഗ്ലീഷ് ഫുട്ബോളിലെ അഞ്ചാം ഡിവിഷൻ ക്ലബ്ബായ ഡാജൻഹം & റെഡ്ബ്രിഡ്ജിന്റെ മുഖ്യപരിശീലകൻ ആണ്.

ട്രെവർ മോർഗൻ

പീറ്റർ ടെയ്‌ലറിന് ശേഷം ടീമിന്റെ മുഖ്യ പരിശീലകൻ ആയി നിയമിക്കപ്പെട്ട ട്രെവർ മോർഗൻ ഒരു മത്സരത്തിൽ മാത്രമാണ് ടീമിനെ നയിച്ചത്. തുടർന്ന് ടെറി ഫെലൻ ടീമിന്റെ ചുമതല ഏറ്റെടുത്തപ്പോൾ അദ്ദേഹത്തെ സഹപരിശീലകന്റെ ചുമതല നൽകി.

തുടർന്ന് ഇന്ത്യൻ ക്ലബ്ബുകളായ ഡെമ്പോയുടെയും ഈസ്റ്റ് ബംഗാളിന്റെയും പരിശീലകസ്ഥാനം വഹിക്കുകയുണ്ടായി. തുടർന്ന് ഭൂട്ടാൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹം അതിന് ശേഷം എഫ്‌സി പൂനെ സിറ്റിയുടെ അവസാന സീസണിൽ ക്ലബ്ബിൽ സഹപരിശീലകന്റെ സ്ഥാനം വഹിച്ചു. നിലവിൽ ഫിലിപ്പിൻസിലെ യുണൈറ്റെഡ് സിറ്റി എഫ്‌സിയുടെ പരിശീലകനായി നിയമിക്കപ്പെട്ടിട്ടുണ്ട്.

ടെറി ഫെലൻ 

2015 സീസണിൽ പീറ്റർ ടെയ്‌ലറിനും ട്രെവർ മോർഗനും ശേഷം ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത് ടെറി ഫെലൻ ആയിരുന്നു. ഏഴ് മത്സരങ്ങളിൽ ടീമിനെ നയിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. തുടർന്ന് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്ത് ടീം സീസൺ അവസാനിച്ചപ്പോൾ അദ്ദേഹത്തിന് പകരമായി അടുത്ത സീസണിൽ സ്റ്റീവ് കോപ്പലിനെ എത്തിച്ചു.

2019 ൽ, ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബായ സൗത്ത് യുണൈറ്റെഡിന്റെ ടെക്‌നിക്കൽ ഡയറക്ടർ ആയി അദ്ദേഹം സ്ഥാനമേറ്റിരുന്നു.

സ്റ്റീവ് കോപ്പൽ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ 41.18% വിജയശതമാനത്തോടുകൂടി ഏറ്റവും അധികം വിജയങ്ങൾ സ്വന്തമാക്കിയ പരിശീലകൻ ആണ് സ്റ്റീവ് കോപ്പൽ. ആ സീസണിൽ അദ്ദേഹം ക്ലബ്ബിനെ ടൂർണമെന്റ് ഫൈനലിൽ എത്തിച്ചിരുന്നെങ്കിലും പെനാൽറ്റി ഷൂട്ട്ഔട്ടിൽ അത്ലേറ്റിക്കോ ഡി eകൊൾകത്തയോട് തോൽക്കുകയുണ്ടായി.

എന്നാൽ, ആ സീസണിന് ശേഷം അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജംഷെഡ്പൂർz,എഫ്‌സിയിലേക്ക് മാറി. തുടർന്ന് എടികെയിലേക്കും. നിലവിൽ അദ്ദേഹം ഏത് ക്ലബ്ബിന് വേണ്ടിയും പ്രവർത്തിക്കുന്നില്ല.

റെ​നെ മ്യു​ല​ൻ​സ്​​റ്റീ​ൻ

2017/18 സീസണിൽ ക്ലബ് തട്ടകത്തിൽ എത്തിച്ച പരിശീലകൻ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റെഡിന്റെ സഹ പരിശീലകൻ ആയിരുന്ന റെ​നെ മ്യു​ല​ൻ​സ്​​റ്റീ​ൻ. ഏഴ് കളികളിൽ മാത്രം ടീമിനൊപ്പം ഉണ്ടായിരുന്ന അദ്ദേഹം തുടർന്ന് വ്യക്തിപരമായ കാരണങ്ങളാൽ ടീം വിടുകയായിരുന്നു.

അദ്ദേഹത്തിന് പകരക്കാരനായി ഡേവിഡ് ജെയിംസ് ടീമിൽ എത്തി. നിലവിൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹപരിശീലകൻ ആണ് ഈ ഡച്ചുകാരൻ.

നെലോ വിങ്ങാട

2018/19 സീസണിൽ ഡേവിഡ് ജെയിംസ് പുറത്താക്കപ്പെട്ടതിന് ശേഷം ക്ലബ്ബിന്റെ ഇടക്കാല പരിശീലകൻ. ഏഴു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം വിജയം. നിലവിൽ ഈജ്പിറ്റ് ദേശീയ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ ആയി അദ്ദേഹം നിയമിക്കപ്പെട്ടു.

എല്‍ക്കോ ഷട്ടോരി

2019/20 സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നിയമിച്ച പരിശീലകൻ ആണ് എല്‍ക്കോ ഷട്ടോരി. ഇന്ത്യൻ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ, യുണൈറ്റെഡ് എസ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റെഡ് എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

അദ്ദേഹത്തിന് കീഴിൽ ആ സീസൺ മുഴുവൻ കളിച്ച ടീം നാല് വിജയങ്ങൾ മാത്രം നേടി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. തുടർന്ന് അദ്ദേഹം ടീമുമായി വഴിപിരിയുകയായിരുന്നു. ഐഎസ്എൽ 2020/21 സീസണിൽ മാച്ച് അനലിസ്റ്റ് ആയി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

കിബു വിക്യൂന

2020/21 സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നിയമിച്ച പരിശീലകൻ ആണ് കിബു വിക്യൂന. അതിന് തൊട്ട് മുൻപത്തെ സീസണിൽ മോഹൻബഗാനൊപ്പം ഐ ലീഗ് കിരീടം അദ്ദേഹം നേടിയിരുന്നു. എന്നാൽ 18 മത്സരങ്ങളിൽ നിന്നായി 16 പോയിന്റുകൾ മാത്രം നേടാൻ സാധിച്ച കോച്ച് സീസൺ അവസാനിക്കുന്നതിന് മുന്നോടിയായി പുറത്തുപോകുകയായിരുന്നു. നിലവിൽ ഏത് ക്ലബ്ബുമായും കരാർ ഇല്ല.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.