ഇയാൻ ഹ്യൂമുമായി ഇന്ത്യൻ സൂപ്പർ ലീഗ് അവതാരക ഖുറി ഇറാനി ഇൻസ്റ്റഗ്രാം ലൈവിൽ അഭിമുഖം നടത്തി.

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇതിഹാസം ഇയാൻ ഹ്യുമുമായി ഇന്ത്യൻ സൂപ്പർ ലീഗ് അവതാരക ഖുറി ഇറാനി ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ അഭിമുഖം നടത്തി. മഞ്ഞപ്പടയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെ ഖുറി ഇറാനി നടത്തുന്ന “OFF THE PITCH WITH KHURI” എന്ന ടോക് ഷോയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വന്തം ഹ്യുമേട്ടൻ എത്തിയത്. ആരാധകരിൽ നിന്നും സ്വീകരിച്ച ഒരുപിടി ചോദ്യങ്ങളും സംശയങ്ങളുമായി ഖുറി ഒരു മണിക്കൂറോളം ഇയാൻ ഹ്യുമുമായി സംവദിച്ചു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.

? ഈ ഒരു സമയത്തെ ജീവിതം എങ്ങനെ പോകുന്നു?

കുടുംബത്തോടൊപ്പം ജീവിക്കുന്നു. അത്യാവശ്യം വ്യായാമങ്ങൾ ദിവസവും ചെയ്യുന്നുണ്ട്.

? ഫുട്‌ബോളിൽ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ അനുഭവം എങ്ങനെ ആയിരുന്നു?

വളരെ നല്ല അനുഭവമാണ് ഇന്ത്യയിൽ ഉടനീളം. മികച്ച വ്യക്തിബന്ധമാണ് എനിക്ക് ഇന്ത്യയിൽ എല്ലായിടത്തുമുള്ളത്. കേരളത്തിലേത് അതിശയിപ്പിക്കുന്ന ആരാധകവൃന്ദമാണ്.

? എവിടെയെങ്കിലും കേരളവുമായി താരതമ്യം ചെയ്യാൻ കഴിയുമോ?

ഒരിക്കലുമില്ല. ഞാൻ ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്, ചൈനയിൽ കളിച്ചിട്ടുണ്ട്, പക്ഷെ കേരളം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്.

? കൊച്ചിയിൽ കേരളത്തിന് എതിരെ കളിച്ചപ്പോഴുള്ള അനുഭവം എന്തായിരുന്നു?

അവിടെയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. സ്വന്തം ടീമിനെതിരെ കളിക്കുമ്പോഴും എനിക്ക് വേണ്ടിയുള്ള ആരവങ്ങൾ എനിക്ക് സ്റ്റേഡിയത്തിൽ നിന്ന് കേൾക്കാമായിരുന്നു.

? അടുത്തൊരു ദിവസം ബ്ലാസ്റ്റേഴ്‌സിൽ കോച്ചായി വിളിച്ചാൽ എന്താവും പ്രതികരണം?

കോച്ചാവുന്നതിന് ഒരുപാട് പഠിക്കാനുണ്ട്. എനിക്ക് പരിച്ചയസമ്പത്ത് ഇല്ല. അത്കൊണ്ട് ആദ്യം കോച്ചാവുന്നതിന് മുമ്പ് ഒരുപാട് ചെയ്യാനുണ്ട്.

? അന്റോണിയോ ഹബാസ്, ഡേവിഡ് ജെയിംസ്, ജോസ് മൊളീന ഇവരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ?

ഹബാസ്. തീർച്ചയായും ഡേവിഡ്‌ ജെയിംസും മൊളീനയും നല്ല പരിശീലകരാണ്. മൊളീന പ്രതിരോധാത്മക ഫുട്‌ബോൾ കളിക്കുന്ന പരിശീലകനാണ്. പക്ഷെ എന്റെ ചോയ്സ് ഹബാസ് ആണ്.

? ബ്ലാസ്റ്റേഴ്‌സിൽ ഒഗ്‌ബചെയുടെ സാന്നിധ്യത്തെയും പ്രകടനത്തെയും കുറിച്ചുള്ള അഭിപ്രായം?

വളരെ നല്ല തുടക്കമാണ് ഒഗ്‌ബചെയുടേത്. മധ്യനിരയിൽ നിന്നുള്ള അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്താൻ ഒഗ്‌ബചെക്ക് കഴിയുന്നു. മാത്രമല്ല ഓഗ്ബചെ ഇപ്പൊ ക്ലബ്ബിന്റെ ഓൾ ടൈം ടോപ്പ് സ്‌കോറർ ആയതും അത് വെളിപ്പെടുത്തുന്നു.

? താങ്കൾ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടായിരുന്ന ആദ്യ കാലത്ത് സന്ദേശ് ജിങ്കൻ ഒരു പുതുമുഖ താരമായിരുന്നു. അദ്ദേഹത്തെ പറ്റി?

ടീമിന്റെ നെടും തൂണായ ഒരു കളിക്കാരൻ ആണ് ജിങ്കൻ. ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, സെന്റർ ബാക്ക് എന്നീ പൊസിഷനുകൾ എല്ലാം കളിക്കുന്ന ‘ടിപ്പിക്കൽ പഞ്ചാബി ബോയ്’ ആണ് അദ്ദേഹം. മാത്രമല്ല ഒരു നല്ല ലീഡർ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന് ടീമംഗങ്ങളെ നന്നായി കോർഡിനേറ്റ് ചെയ്ത് കൊണ്ട് പോകാൻ കഴിയും.

? കേരളത്തെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എന്താണ്?

തീർച്ചയായും ഇവിടുത്തെ പ്രകൃതി തന്നെയാണ് ആദ്യമായി ഓർക്കുന്നത്. കായലുകൾ, മലകൾ, ആനകൾ…എല്ലാം സുന്ദര അനുഭവങ്ങളായിരുന്നു.

? ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട നഗരം ഏതാണ്?

തീർച്ചയായും അത് കൊച്ചി തന്നെ ആണ്.

? കേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് എന്താണ്?

കേരളാ ഫുഡ് അധികവും ഇഷ്ടമാണ്. പ്രത്യേകിച്ച് മലബാരി പൊറോട്ടയും ബീഫ്‌ ഫ്രൈയും.

സൂപ്പർ താരം സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് വിടുന്നു എന്ന വാർത്തകളോട് കഴിഞ്ഞ ദിവസം താരം തന്റെ ട്വിറ്റർ അകൗണ്ടിലൂടെ പ്രതികരിച്ചിരുന്നു. ഒരു വർഷം പരിക്ക് വലച്ചാൽ അടുത്ത വർഷത്തിൽ ക്ലബ്ബിന് തങ്ങളുടെ മേലുള്ള വിശ്വാസം ഇല്ലാതാകുന്ന തനിക്ക് സംഭവിച്ച അതേ അവസ്ഥ തന്നെയാണ് ജിങ്കനും ഇപ്പോൾ സംഭവിച്ചത് എന്ന് താരം ക്ലബ്ബ് മാനേജ്മെന്റിനെ വിമർശിച്ച് പറഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹ്യുമേട്ടനെ പോലെ തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമായ ജിങ്കൻ ക്ലബ്ബ് വിടുന്നു എന്ന വാർത്ത ആരാധകർക്കിടയിൽ ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ക്ലബ്ബിന്റെ ഓദ്യോഗിക വൃത്തങ്ങൾ സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പരിക്കായിരുന്നു ഇയാൻ ഹ്യുമിന് പലപ്പോഴും വില്ലനായി നിന്നിരുന്നത്. 2008-ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് സീരിയസ് ഹെഡ് ഇഞ്ചുറി സംഭവിച്ച ഹ്യുമിന് ഐ എസ് എല്ലിലും പരിക്ക് ഏറെ വില്ലനായി. പുനെ സിറ്റിയുടെ താരമായിരിക്കുമ്പോൾ സംഭവിച്ച കാൽമുട്ടിലെ പരിക്കാണ് 2008-ലെ ഹെഡ് ഇഞ്ചുറിയേക്കാളും കഠിനം എന്ന് ഹ്യൂം പറഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിൽ ആയിരിക്കുമ്പോളും പരിക്ക് കാരണം ഒരുപാട് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട് ഹ്യുമിന്.

അടുത്തതായി ടാക് ഷോയിൽ ഖുറി ഇറാനിക്കൊപ്പം ചേരുന്ന ജോസുവിനെ കുറിച്ചും താരം സംസാരിച്ചു. “ഒരുപാട് സുന്ദരമായ ഓർമ്മകൾ ഉണ്ട് ജോസുവിനൊപ്പം. മികച്ച ഒരു ടീം ആയിരുന്നു അന്ന് ബ്ലാസ്റ്റേഴ്‌സിന്റെ കൈമുതൽ.” മുൻ ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡറെ കുറിച്ച് ഹ്യൂം പറഞ്ഞു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.