Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കിബു വിക്കുന: രാജ്യത്തെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന്റെതാണ്

Published at :July 6, 2020 at 3:11 AM
Modified at :July 6, 2020 at 5:13 PM
Post Featured Image

Gokul Krishna M


മഞ്ഞപ്പട ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് ഖുറി ഇറാനി കിബു വൈകുനയുമായി അഭിമുഖം നടത്തുകയുണ്ടായി.

മോഹൻ ബഗാന് തന്റെ ആദ്യ ഐ ലീഗ് സീസണിൽ തന്നെ കിരീടം നേടി കൊടുത്ത പരിശീലകനാണ് കിബു വികുന. ഈൽകോ ഷെറ്റോറി ടീം വിട്ടതിന് ശേഷം അദ്ദേഹത്തിന് പകരക്കാരനായി മാനേജ്‌മന്റ് തിരഞ്ഞെടുത്തത് ഈ തന്ത്രശാലിയായ പരിശീലകനെയാണ്. മഞ്ഞപ്പട ആരാധക കൂട്ടായ്മയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നടത്തിയ അഭിമുഖത്തിൽ കിബു തന്റെ അനുഭവങ്ങളും പദ്ധതികളും പങ്കുവെച്ചു .

കേരള ബ്ലാസ്റ്റേഴ്സിൽ കിബു ചേരാനുള്ള കാരണത്തെ കുറിച്ച് തന്നെ ആദ്യം അദ്ദേഹം വ്യക്തമാക്കി - "ഇന്ത്യയിലെ തന്നെ മികച്ച ക്ലബ്ബ്കളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. രാജ്യത്തെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബ്ബും കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകർ വളരെയധികം പ്രധാനപെട്ടതാണ്, അവർ ടീമിലെ പന്ത്രണ്ടാം കളിക്കാരനെപോലെയാണ്. ഈ ചലഞ്ചു വളരെ ആവേശം നൽകുന്നതാണ്, അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്."

അടുത്ത സീസണിനിലേക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ -" ഐ സ് ൽ മത്സരങ്ങൾ വളരെ ബുദ്ധിമുട്ടുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷമായിട്ട് പ്ലേയോഫിൽ കടക്കാൻ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല, അതുകൊണ്ട് തന്നെ പ്ലേയോഫിൽ എത്തുകയെന്നതാണ് ആദ്യ ലക്ഷ്യം. എല്ലാ പരിശീലകർക്കും അവരുടേതായ കളിശൈലിയുണ്ട്. കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ കളികളും ഞാൻ കണ്ടിരുന്നു. ആക്രമണ ഫുട്ബോൾ കളിയ്ക്കാൻ ഉതകുന്ന കളിക്കാർ നമുക്കുണ്ട്. നമുക്ക് നേടിയെടുക്കാൻ കഴിയുന്ന മികച്ച ടീമിനെ തന്നെ വരുന്ന ഐ സ് ൽ സീസണിനായി ഒരുക്കും."

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന്റെ കാരണത്തെ കുറിച്ച് കിബു വിശദീകരിച്ചു - "കഴിഞ്ഞ സീസണിൽ ടീം നന്നായി കളിച്ചിരുന്നു. മിക്ക കളികളിലും കൂടുതൽ പൊസഷൻ ബ്ലാസ്റ്റേഴ്സിന്റെ കയ്യിലായിരുന്നു. ചില സമയങ്ങളിൽ പൊസഷനേക്കാൾ പ്രധാനം എതിരാളികളേക്കാൾ അവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ്. ചില മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ പൊസഷൻ ഉണ്ടായിരുന്നു, എന്നാൽ അധികം അവസരങ്ങൾ സൃഷ്ഠിക്കാൻ കഴിഞ്ഞിരുന്നില്ല. പരിക്കുകൾ കൊണ്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നതും കാരണമാണ്. ഡിഫെൻസിൽ നമ്മൾ കൂടുതൽ ഓർഗനൈസ്ഡ് ആവേണ്ടതുണ്ട്, കൂടുതൽ ഗോളുകൾ ടീം വഴിങ്ങിയതായും എനിക്ക് തോന്നി. ആക്രമണവും പ്രതിരോധവും തമ്മിൽ ബാലൻസ് ഉണ്ടാവുകയെന്നതാണ് ഫുട്ബോളിലെ പ്രധാന ഘടകം. ഫുട്ബോളിന്റെ എല്ലാ തലത്തിലും മുന്നേറുകയെന്നത് അതുകൊണ്ട് പ്രധാനമാണ്, അതിന് വേണ്ടി ശ്രമിക്കുയും ചെയ്യും".

ഒരു ഫുട്ബോൾ ടീമിൽ കളിക്കാരുടെ മാനസിക ശക്തിയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു -"മാനസിക ശക്തിയെന്നത് കളിയിൽ വളരെ പ്രാധാന്യമുള്ള ഒരു ഘടകമാണ്. ടാക്ടിക്കൽ പ്ലാനിങ്ങിന്റെ കാര്യത്തിലുമെല്ലാം ഐ സ് ൽ ആയാലും ഐ ലീഗ് ആയാലും പരിശീലകർ വളരെയധികം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടാവും. മികച്ച ആത്മവിശ്വാസവുമായി ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട് കളിച്ചാൽ വേണ്ട റിസൾട്ടുകൾ നേടിയെടുക്കുന്നതിൽ നമുക്ക് കൂടുതൽ അടുക്കാൻ കഴിയും."

കഴിഞ്ഞ തവണ മികച്ച പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നില്ല. അത് പ്രകടനത്തെ ബാധിച്ചിരുന്നുവെന്നും ഈൽകോ ഷെറ്റോറി മുൻപ് പറഞ്ഞിരുന്നു. പ്രീ സീസണിന്റെ പ്രാധാന്യത്തെ കുറിച്ച് കിബു വിശദീകരിച്ചു - "പ്രീ സീസൺ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്, ഫിറ്റ്നസിന്റെ കാര്യത്തിൽ മാത്രമല്ല, ഒരു കളിശൈലി ഉണ്ടാക്കിയെടുക്കാനും അത് പ്രധാനമാണ്. ഇപ്പോൾ ഞങ്ങളുടെ പരിശീലകർ കളിക്കാർക്ക് ശാരീരികമായി ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്ത അയച്ചു കൊടുക്കാറുണ്ട്. കളിക്കാരുമായി നിരന്തരം ഞങ്ങൾ ബന്ധപ്പെടാറുണ്ട്, ടാക്ടിക്കൽ ആയാലും ഫിറ്റ്നസിന്റെ കാര്യത്തിലായാലും ഞങ്ങൾ പറഞ്ഞു കൊടുക്കാറുണ്ട്."

കളിക്കാരുടെ കഴിവുകൾക്കനുസരിച്ചാണോ പദ്ധതികൾ തയ്യാറാകുന്നത് അതോ അദ്ദേഹത്തിന്റെ ഫിലോസഫിക്ക് ഉതകന്ന തരത്തിൽ സ്‌ക്വാഡ് ഉണ്ടാക്കുകയാണോ ചെയ്യുന്നത് എന്ന ചോദ്യത്തിന് കിബു ഉത്തരം നല്കിയതിങ്ങനെ - "അതിലും ഒരു ബാലൻസ് പ്രധാനമാണ്. എല്ലാ പരിശീലകർക്കും അവരുടേതായ രീതികളുണ്ട്, നമ്മുടെ രീതികൾക്ക് ഉതകുന്ന കളിക്കാർ ആരൊക്കെയെന്ന് നമ്മൾ മനസ്സിലാക്കണം. ഫുട്ബോളിൽ രണ്ട് ഡൈമെൻഷൻസ് ഉണ്ട്, ടാക്റ്റിക്കൽ ആയിട്ട് എങ്ങനെ കളിക്കണമെന്നത് ഒന്നാമത്തേത്, എതിർ ടീമിന്റെ കളിയനുസരിച്ച് സ്ട്രാറ്റജിക്കൽ ആയിട്ട് കളിക്കുകയെന്നതാണ് രണ്ടാമത്തെ ഡൈമെൻഷൻ. ടാക്റ്റിക്കൽ ഡൈമെൻഷനും വളരെ പ്രധാനമാണ് ,അതുപോലെ തന്നെ ഓരോ കളിയും എതിർ ടീമിനെ മനസ്സിലാക്കി കളിയ്ക്കാൻ സ്ട്രാറ്റജിക്കൽ ഡൈമെൻഷനും പ്രധാനമാണ്".

ഒരുപിടി മികച്ച ഇന്ത്യൻ യുവ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ട് . അവരെ എങ്ങനെ ഐ സ് ൽ സീസണിന് വേണ്ടി ഒരുക്കുന്നുവെന്ന് കിബു വ്യക്തമാക്കി - "അവർക്ക് ക്ലബ്ബ് വളരെ പ്രാധാന്യം നൽകുന്നുണ്ട്. റിസേർവ് ടീമിലെ ചില കളിക്കാർക്ക് പ്രീ സീസണിൽ അവസരം നൽകും. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനിൽ ഇത്തരത്തിൽ നടത്തിയപ്പോഴാണ് സ് കെ സാഹിൽ, ശുഭ ഘോഷ് തുടങ്ങിയ താരങ്ങൾക്ക് അവസരം ലഭിച്ചത്, ആ രീതി ഇവിടെയും നടത്താനാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. നിഷു കുമാർ,സഹൽ സമദ്, ജീക്സൺ, ജെസ്സെൽ, പ്രശാന്ത്, രാഹുൽ ,നവോറം തുടങ്ങിയവരെല്ലാം മികച്ച കളിക്കാരാണ്. കളിക്കാർക്ക് അവസരം നൽകി റിസേർവ് ടീമും സീനിയർ ടീമും തമ്മിൽ ഒരു ബന്ധം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കും. രാഹുൽ ,ജീക്സൺ ,പ്രഭ്ശുകൻ ഗിൽ, നവോറം, ആരോസിൽ നിന്ന് വന്ന ഗിവ്‌സൺ തുടങ്ങിയ യുവ താരങ്ങൾ നമുക്കുണ്ട്. അതുപോലെ നിഷു കുമാർ, അബ്ദുൽ ഹക്കു, പ്രശാന്ത്, സത്യാസെൻ തുടങ്ങിയ ഐ സ് ൽ പരിചയസമ്പത്തുള്ള ഇന്ത്യൻ താരങ്ങളും നമുക്കുണ്ട്."

ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും വിദേശ താരങ്ങളെ താരതമ്യപ്പെടുത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരമിങ്ങനെയാണ് "രണ്ട ലീഗിലും മികച്ച വിദേശ താരങ്ങൾ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ ഐ സ് ല്ലിൽ കൂടുതൽ പരിചയ സമ്പത്തുള്ള വിദേശ കളിക്കാറുണ്ടെന്ന് എനിക്ക് തോന്നുന്നു. ഏതു തരത്തിലായാലും രണ്ട് ലീഗിലെയും ടീമുകൾക്ക് കൂടുതൽ ക്വാളിറ്റി കൊണ്ടുവരാൻ വിദേശ താരങ്ങൾക്ക് കഴിയുന്നുണ്ട് ".

"കളിക്കളത്തിന് അകത്ത് മാത്രമല്ല കളിക്കളത്തിന് പുറത്തും വിദേശ താരങ്ങൾ മാതൃക കാട്ടേണ്ടതാണ്. അവരുടെ പരിചയ സമ്പത്തു വെച്ചിട്ട് അവർ എങ്ങനെ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നുവെന്നും പ്രൊഫഷണൽ ആയി അവർ എങ്ങനെ പെരുമാറുന്നുവെന്നും അതുപോലെ യുവ താരങ്ങളെ സഹായിക്കുന്നതിലും അവർക്ക് മുഖ്യ പങ്കുണ്ട്. ഒരു നല്ല കളിക്കാരായിട്ട് മാത്രമല്ല ,നേതൃത്വ പാടവും സഹ കളിക്കാർക്ക് പിന്തുണ നൽകുന്നതിലും അവർ മുന്നിട്ട് നിൽക്കേണ്ടത് പ്രധാനമാണ്."-കിബു വിദേശ താരങ്ങളെ കുറിച്ച പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ചില ഐ സ് ൽ മത്സരങ്ങളെങ്കിലും ആരാധകർക്ക് പ്രവേശനം അനുവദിക്കാതെ നടത്താൻ സാധ്യതയുണ്ട്. അതിനെ കുറിച്ചും കിബു തന്റെ അഭിപ്രായം വ്യക്തമാക്കി - " ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന നമുക്ക് അറിയില്ല. ഇനിയും സമയമുണ്ടല്ലോ, നമ്മുടെ ആരാധകരുടെ പിന്തുണ ഞങ്ങൾക്ക് വളരെ പ്രധാനമാണ്. അതുകൊണ്ട് ക്ലോസ്ഡ് ഡോർ മത്സരങ്ങൾ ഉണ്ടാവില്ലെന്ന് പ്രത്യാശിക്കാം."

കേരള ബ്ലാസ്റ്റേഴ്സിലെ മികച്ച ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ "സഹൽ അബ്ദുൽ സമദ് വളരെ മികച്ച കളിക്കാരനാണ്,അദ്ദേഹം നല്ല ഭാവന സമ്പന്നമായ കളി പുറത്തെടുക്കാറുണ്ട്. വ്യത്യസ്തമായ കളിക്കാരാണദ്ദേഹം, അദ്ദേഹത്തിന്റെ ലാസ്‌റ് പാസുകൾ, ത്രൂ പാസുകൾ എന്നിവയെല്ലാം മികച്ചതാണ്, നല്ല വിഷനും അദ്ദേഹത്തിന്റെ കളിയിലുണ്ട്. രാഹുലും വളരെ പ്രതിഭയുള്ള താരമാണ്,അതുപോലെ മിഡ്‌ഫീൽഡിൽ ജീക്സൺ, ജെസ്സെൽ, നിഷു കുമാർ, നവോറം, പ്രശാന്ത്, ഹക്കു തുടങ്ങിയവരെല്ലാം അടുത്ത സീസൺ മികച്ചതാക്കാൻ തയ്യാറെടുക്കേണ്ടതുണ്ട്."

"കളിക്കാരുമായി പേർസണൽ ആയി കൂടുതൽ മികച്ച ബന്ധം ഉണ്ടാക്കുകയെന്നത് പ്രധാനമാണ്. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരുടെ ശക്തിയും പോരായ്മകളും അവരെ ബോധ്യപ്പെടുത്താനും അത് ഉപകാരപ്പെടും. ടീമിലെ ഏറ്റവും പ്രാധാന്യമുള്ള കളിക്കാരൻ ആ ടീം തന്നെയാണെന്നാണ് എന്റെ അഭിപ്രായം."-കിബു പറഞ്ഞു .

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന പല താരങ്ങളും ടീം വിട്ടിരുന്നു. അതിനെക്കുറിച്ചു കിബുവിന് പറയാനുള്ളത് ഇപ്രകാരമാണ് - "കളിക്കാർ പോകുന്നതും വരുന്നതും ഫുട്ബോളിന്റെ ഭാഗമാണ്. ക്ലബ്ബാണ് ഏറ്റവും പ്രധാനം, കളിക്കാരും പരിശീലകരും വരുകയും പോകുകയും ചെയ്യും. ചില കളിക്കാർ ക്ലബ്ബ് വിട്ടിട്ടുണ്ട്, അതുപോലെ ചില കളിക്കാർ ടീമിലേക്ക് പുതുതായി വന്നിട്ടുമുണ്ട്. അവർക്ക് ഭാവി ടീമുകളിൽ നന്നായി കളിയ്ക്കാൻ സാധിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

Advertisement