കേരളത്തിന്റെ സ്വന്തം വിങ്ങർ പ്രശാന്തുമായി ഒരു വർഷത്തെക്കാണ് ക്ലബ്‌ കരാർ പുതുക്കിയത്.

കോഴിക്കോട് ജനിച്ചുവളർന്ന ഈ ഇരുപതിമൂന്നുകാരൻ ഒരു അത്ലറ്റ് ആയി കരിയർ ആരംഭിച്ച താരമാണ്. സംസ്ഥാന അത്ലറ്റിക് മീറ്റിൽ വെങ്കല മെഡൽ നേടിയ പ്രശാന്ത് 2008ൽ തന്റെ സഹോദരന്റെ പ്രചോദനത്താലാണ് ഫുട്ബോളിലേക്ക് തിരിയുന്നത്. 2010ൽ കേരളത്തിന്റെ അണ്ടർ 14 ജൂനിയർ ഫുട്ബോൾ ടീം അംഗമായിരുന്ന പ്രശാന്ത് രണ്ടു വർഷങ്ങൾക്ക് ശേഷം
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള റീജിയണൽ ഫുട്ബോൾ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്ന് ഗോവയിലുള്ള എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്കും താരം ചേക്കേറി.

തുടർന്ന് ഡിഎസ്കെ ശിവജിയൻസ് അക്കാദമിയിൽ എത്തിയ താരം ടീമിന് വേണ്ടി അണ്ടർ 19 ഐ ലീഗിൽ ബൂട്ടണിഞ്ഞു. 2016ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലൂടെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിനു തുടക്കം കുറിച്ച താരത്തെ മത്സര പരിചയത്തിനായി തൊട്ടടുത്ത സീസണിൽ ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റി എഫ്‌സിയിലേക്ക് വായ്‌പാടിസ്ഥാനത്തിൽ നൽകി. കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിനെതിരെ താരം തന്റെ കരിയറിലെ ആദ്യ ഗോളും നേടി. 2017/18 സീസണിൽ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് മടക്കി വിളിക്കുകയും മൂന്ന് വർഷത്തെ കരാർ നൽകുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ ഐ‌എസ്‌എല്ലിൽ ക്ലബ്ബിന് വേണ്ടി 12 മത്സരങ്ങളിലാണ് പ്രശാന്ത് കളിച്ചത്. എഫ്‌സി ഗോവയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ഒരു അസിസ്റ്റ് നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ കളിക്കളത്തിലെ വേഗതയും വിങ്ങുകളിലൂടെ ക്രോസുകൾ സൃഷ്ടിക്കാനുള്ള കഴിവും വരാനിരിക്കുന്ന സീസണിൽ താരത്തെ ക്ലബിന്റെ കുന്തമുനയാക്കി മാറ്റാൻ സാധിക്കും. കേരളത്തിലെ പ്രതിഭകളെ പരിപോഷിപ്പിക്കാനും ഇന്ത്യൻ ഫുട്ബോളിന്റെ കേന്ദ്രമായി കേരളത്തെ മാറ്റാൻ ശ്രമിക്കുന്ന ക്ലബ്ബിന്റെ കാഴ്ചപ്പാടിന് ഊന്നൽ നൽകുന്നതാണ് പ്രശാന്തുമായുള്ള ഈ കരാർ പുതുക്കൽ.

“എന്റെ ഫുട്ബോൾ ജീവിതത്തിൽ എന്നും പ്രത്യേക സ്ഥാനം വഹിക്കുന്ന ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ ഞാൻ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു,” പ്രശാന്ത് മോഹൻ പ്രതികരിച്ചു.

“എന്റെ കഴിവുകളിൽ പരിശീലകരും മാനേജുമെന്റും കാണിക്കുന്ന വിശ്വാസം എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. വരാനിരിക്കുന്ന സീസണിൽ ടീമിനായി എന്റെ നൂറുശതമാനവും സമർപ്പിച്ചുകൊണ്ട് എന്നിലുള്ള അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം, എന്റെ നാടായ കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തിന്റെ ഭാഗമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ക്ലബുമായുള്ള കരാർ പുതുക്കിയതിന് ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.

“ടീമിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് പ്രശാന്ത്, അദ്ദേഹത്തിന്റെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുയും, തന്റെ പോരായ്മകളും പരിഹരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. എല്ലാ പരിശീലന സെഷനുകളിലും പങ്കെടുക്കുകയും പരിശീലന സമയത്ത് നൂറു ശതമാനം ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നു. ക്ലബ്ബുമായുള്ള പ്രശാന്തിന്റെ കരാർ പുതുക്കൽ കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിഫലനം മാത്രമല്ല, സംസ്ഥാനത്തോടും ആരാധകരോടും ഉള്ള പ്രതിബദ്ധത കൂടിയാണ്. അദ്ദേഹം ഒരു മികച്ച ഫുട്ബോൾ കളിക്കാരനാണ്, വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു, “
കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പ്രതികരിച്ചു.

ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയും വിങ്ങറായും കളിക്കുന്ന പ്രശാന്ത് ഇന്ത്യൻ അണ്ടർ 19 ദേശീയ ടീമിന് വേണ്ടിയും കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

For more updates, follow Khel Now on Twitter and join our community on Telegram.