റിസർവ് നിരയിൽ നിന്ന് നാല് മലയാളി താരങ്ങൾ ഉൾപ്പെടെ 6 കളിക്കാർ പ്രീസീസൺ ടീമിൽ ഇടം നേടി

വരാനിരിക്കുന്ന 2021-2022 ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി ജൂലൈ മുപ്പത് മുതൽ പ്രീസീസൺ ഒരുക്കങ്ങൾ തുടങ്ങുന്നതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.

പ്രീസീസണിന്റെ ആദ്യ ഘട്ടത്തിന് വേണ്ടി മുഖ്യ പരിശീലകനും ഇവാൻ വുകുമനോവിക്കും പരിശീലന സംഘവും താരങ്ങളും കൊച്ചിയിൽ എത്തും. പ്രീ സീസണിന്റെ ബാക്കി ഘട്ടങ്ങൾ നടക്കുക വിദേശത്തും ആയിരിക്കും. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പരിശീലന ക്യാമ്പിൽ താരങ്ങൾക്ക് പ്രതിരോധ കുത്തിവയ്പുകളും മെഡിക്കൽ പരിശോധനകളും നടത്തും. തുടർന്നായിരിക്കും അവരുടെ ഫിസിക്കൽ കണ്ടിഷനിംഗിൽ ശ്രദ്ധ ചെലുത്തുക.

ഈ പ്രീ സീസൺ സ്‌ക്വാഡിലേക്ക് ക്ലബ്ബിന്റെ റിസർവ് നിരയിൽ നിന്ന് ആറുപേർക്ക് കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. അവരിൽ നാല് പേര് മലയാളി താരങ്ങളും. സച്ചിൻ സുരേഷ്, ശ്രീക്കുട്ടൻ വിഎസ്, ഷഹജാസ് തെക്കൻ, ബിജോയ് എന്നിവരാണ് ആ നാൽവർസംഘം. അവരെകൂടാതെ യോയൻപാ മീറ്റി, അനിൽ ഗോയങ്കർ എന്നിവരും പ്രീസീസൺ ടീമിന്റെ ഭാഗമാകും.

“ഓഗസ്റ്റ് ആദ്യം തന്നെ ഞങ്ങളുടെ കളിക്കാരെ മൈതാനത്ത് കാണാൻ സാധിക്കും എന്നതിൽ ഞാൻ സന്തുഷ്ടനാണ്. കളിക്കാരോടൊപ്പം പ്രവർത്തിക്കാനും അവരെ മനസിലാക്കാനും ശാരീരികമായ തയ്യാറെടുപ്പിനും അവരിൽ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും കോച്ചിംഗ് സ്റ്റാഫിന് കൂടുതൽ സമയം നൽകാൻ കഴിയും എന്നതിലും എനിക്ക് സന്തോഷമുണ്ട്, ”കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.

“ ഈ പ്രവർത്തങ്ങൾ നടത്തുന്നതിന് ധാരാളം സമയം ആവശ്യമുള്ളതിനാൽ പ്രീ സീസൺ പരിശീലന ക്യാമ്പ് ഇപ്പോൾ ആരംഭിക്കുന്നത് ടീമിന് വളരെയധികം പ്രയോജനപ്രദമാണ്. കളിക്കാർ ഈ ഒരു സമയത്ത് ഫുട്ബോൾ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഇത് യുവാക്കളുടെ ടീമാണ്. അവരാകട്ടെ ഏറ്റവും മികച്ചത് നൽകാൻ വേണ്ടി ആഗ്രഹിക്കുന്നവരും. കൂടാതെ റിസർവ് നിരയിലുള്ള ധാരാളം താരങ്ങൾക്ക് പരിശീലക സ്റ്റാഫിലെ അംഗങ്ങളിൽ മതിപ്പ് ഉളവാക്കി സീനിയർ ടീമിൽ ഇടം നേടാനുമുള്ള അവസരമാണ് ഇത്. കൊച്ചിയിൽ എത്തി എല്ലാവരേയും നേരിട്ട് കാണാൻ ഞാൻ കാത്തിരിക്കുന്നു. ” – അദ്ദേഹം കൂട്ടിച്ചേർത്തു.

സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ക്ലബ്ബിന് ഒരു നീണ്ട പ്രീസീസൺ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. സീസണിലെ ആദ്യ മത്സരത്തിനായി ബൂട്ട് കിട്ടുന്നതിന് മുൻപ് മുമ്പ് താരങ്ങൾ അവരുടെ മികച്ച ഫോമിലായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ” പരിശീലകൻ ഇവാൻ വുക്കോമാനോവിച്ച് പറഞ്ഞു.

സീസണിന് മുന്നോടിയായി കളിക്കാർക്കും കോച്ചിംഗ് ടീമിനും പരസ്പരം ഒരു  ബന്ധം ഉണ്ടാകുന്നതിന് ഈ കാലയളവ് സഹായിക്കും. ഏറ്റവും മികച്ച രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു നീണ്ട പ്രീ-സീസൺ പ്ലാൻ ഞങ്ങളുടെ പക്കലുണ്ടെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.  കൊച്ചിയിൽ വന്ന് എല്ലാ കളിക്കാരെയും കാണാൻ ഞാൻ കാത്തിരിക്കുന്നു, ” – അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്കുള്ള വിദേശതാരങ്ങളുടെ തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്. പുതിയ വിദേശ താരങ്ങൾ ക്ലബ്ബുമായുള്ള  കരാർ സൈൻ ചെയ്യുന്നതിന് അനുസരിച്ച് ടീമിന്റെ ഭാഗമായിക്കൊണ്ടിരിക്കും. 

നിലവിൽ COVID-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, എല്ലാ കളിക്കാരും കോച്ചിംഗ് സ്റ്റാഫും കോവിഡ്  പ്രോട്ടോക്കോൾ കർശനമായി പാലിക്കും എന്നും ക്ലബ് അറിയിച്ചു. യാതൊരു വീഴ്ചയും കൂടാതെ എല്ലാ സുരക്ഷാ മുൻകരുതലുകളും അവർ കൃത്യമായി തന്നെ സ്വീകരിക്കും.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.