Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കേരള ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കി മലയാളി ലോകകപ്പ് താരം രാഹുൽ കെപി.

Published at :September 22, 2020 at 3:19 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Dhananjayan M


അഞ്ച് വർഷത്തേക്കാണ് രാഹുൽ കെപി ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കിയത്.

“ കേരള ബ്ലാസ്റ്റേഴ്സുമായി അഞ്ച് വർഷത്തെ കരാറിൽ രാഹുൽ കെപി ഒപ്പിട്ടു.” കരാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. കരാർ പുതുക്കലിനായി ക്ലബ്‌ അധികൃതർ താരവുമായി ഓഗസ്റ്റ് മുതൽ തന്നെ ചർച്ചകൾ നടത്തിയിരുന്നെങ്കിലും വെളിപ്പെടുത്തിയിട്ടില്ലാത്ത ചില സാഹചര്യങ്ങൾ മൂലം ചർച്ചകൾ പുരോഗതിയില്ലാതെ നിന്നുപോയി. തുടർന്ന് ഈ മാസം ആദ്യം ചർച്ചകൾ പുനരാരംഭിക്കുകയും രാഹുൽ ക്ലബ്ബിന്റെ നിബന്ധനകൾ അംഗീകരിച്ചു പുതിയ കരാറിൽ ഒപ്പിടുകയും ചെയ്തു. അതോടെ ഏതെങ്കിലും ക്ലബ്ബുമായി 2024-25 സീസന്റെ അവസാനം വരെ നീണ്ടുനിൽക്കുന്ന കരാർ ഒപ്പിടുന്ന രാജ്യത്തെ നാലാമത്തെ കളിക്കാരനായി രാഹുൽ മാറി.

എഐഎഫ്എഫിന്റെ കീഴിലുള്ള എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന രാഹുൽ 2017 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പിൽ കളിച്ച ഇന്ത്യൻ ദേശീയ ടീമിൽ അംഗമായിരുന്നു. മുഖ്യ പരിശീലകനായ ലൂയിസ് നോർട്ടൺ ഡി മാറ്റോസിന്റെ കീഴിലെ 21 അംഗ ടീമിലെ ഏക മലയാളിയായ രാഹുൽ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ രാജ്യത്തിനായി കളിക്കളത്തിൽ ഇറങ്ങി.

ലോകകപ്പിനെ തുടർന്ന് ടീമിലെ താരങ്ങൾക്ക് കളിക്കളത്തിൽ മത്സരസമയം നൽകുക എന്ന ലക്ഷ്യത്തോടെ എഐഎഫ്എഫ് ആരംഭിച്ച ഡെവലപ്മെന്റൽ ടീമായ ഇന്ത്യൻ ആരോസിൽ എത്തിയ രാഹുൽ, ഐ ലീഗിൽ ചെന്നൈ സിറ്റി എഫ്‌സിക്ക് എതിരെ കളിക്കളത്തിൽ ഇറങ്ങി തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. ഇന്ത്യൻ ആരോസിനു വേണ്ടി 39 മത്സരങ്ങളിൽ നിന്നായി ആറോളം ഗോളുകൾ നേടിയിട്ടുണ്ട്. 2019ലെ ഇന്ത്യൻ സൂപ്പർ കപ്പിന്റെ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ആരോസിനു വേണ്ടി മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗോൾ നേടുകയും ആ ടൂർണമെന്റിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി മാറുകയും ചെയ്തു രാഹുൽ.

ഇന്ത്യൻ ആരോസിലെ മികച്ച പ്രകടനം 2019ൽ താരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിച്ചു. ആ സീസണിൽ ടീമിന് വേണ്ടി എട്ടോളം മത്സരങ്ങളിൽ കളിക്കളത്തിൽ ഇറങ്ങിയ ഈ ഇരുപതുകാരൻ ഹൈദരാബാദ് എഫ്‌സിക്ക് എതിരെ ടീമിനായുള്ള തന്റെ ആദ്യ ഗോൾ നേടി.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകൻ കിബു വികുനയുടെയും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിന്‍കിസിന്റെയും കീഴിൽ ടീമിൽ വിപുലമായ പുനസംഘടനക്ക് ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി സഹൽ അബ്ദുൾ സമദ്, ജെസ്സൽ കാർനെറോ, അബ്ദുൽ ഹക്കു, സെയ്‌ത്യാസെൻ സിങ് എന്നിവരുമായി ദീർഘകാലത്തേക്ക് ക്ലബ്‌ കരാർ നീട്ടിയിട്ടുണ്ട്. കൂടാതെ നിഷു കുമാർ, ഗിവ്‌സൺ സിംഗ്, പ്രഭ്സുഖാൻ സിങ് ഗിൽ, പ്യൂട്ടിയ തുടങ്ങിയ യുവതാരങ്ങളുമായും ക്ലബ്‌ കരാർ ഒപ്പിട്ടിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫിൽ കയറാൻ കഴിയാതെ ഇരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങളുമായി കൂടുതൽ കരാറുകളിൽ ഏർപ്പെട്ടും നിലവിൽ ഉള്ള താരങ്ങളുടെ കരാറുകൾ പുതുക്കിയും കിരീട പ്രതീക്ഷകളുമായി പുതിയ സീസണിലേക്ക് കുതിക്കുകയാണ്.

Advertisement