രണ്ട് വർഷത്തേക്കാണ് താരം ക്ലബ്ബുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

ഉറുഗ്വേൻ മധ്യനിര താരം അഡ്രിയൻ ലൂണ ക്ലബ്ബുമായി കരാർ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിലെ അംഗരാജ്യമായ ആസ്ട്രേലിയയിലെ എ ലീഗ് ക്ലബ്ബായ മെൽബൺ സിറ്റി എഫ്‌സിയോടൊപ്പം വിജയകരമായ രണ്ട് സീസണുകൾക്ക് ശേഷമാണ് താരം കേരളത്തിലേക്ക് എത്തുന്നത്.

ആരാധകർക്ക് താരത്തെ പറ്റിയുള്ള യാതൊരുവിധ സൂചനകളും നൽകാതെ വളരെ അപ്രതീക്ഷിതമായാണ് വ്യാഴാഴ്ച രാത്രി 12ന് ക്ലബ് താരത്തിന്റെ സൈനിങ് പ്രഖ്യാപിച്ചത്. 2022-23 സീസൺ വരെ താരത്തെ ടീമിനോപ്പം നിലനിർത്തുന്ന രണ്ട് വർഷത്തെ കരാറിലാണ് അഡ്രിയൻ ലുണ ക്ലബ്ബുമായി ഒപ്പുവെച്ചതെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രഖ്യാപനത്തിൽ വ്യക്തമാക്കി.

താരത്തെ പറ്റി

ഉറുഗ്വേയിലെ ക്ലബ് അറ്റ്ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവീഡിയോ വാണ്ടറേഴ്സ്, ഡിഫെൻസർ സ്പോർട്ടിംഗ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലൂടെയാണ് അഡ്രിയൻ ലൂണ തന്റെ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഡിഫെൻസർ സ്പോർട്ടിംഗിന്റെ അണ്ടർ 19 ടീമിലും ക്രമേണ 2010ൽ സീനിയർ ടീമിലേക്കും സ്ഥാനക്കയറ്റം നേടിയെടുത്തു. തുടർന്ന് അവിടെ നിന്ന് സ്പാനിഷ് ക്ലബ്ബുകളായ എസ്പാൻയോൾ, ജിംനാസ്റ്റിക്, സിഇ സബാഡെൽ എന്നിവയിലേക്കും ഉറുഗ്വേൻ ക്ലബ് ക്ലബ് നാഷനൽ ഡി ഫുട്ബോൾ ലേക്കും വായ്പ അടിസ്ഥാനത്തിൽ നീങ്ങുകയും ശേഷം 2013ൽ ഡിഫെൻസറിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

തുടർന്ന് അടുത്ത രണ്ട് സീസണുകൾ ഡിഫെൻസറിൽ തുടർന്ന താരം പിന്നീട് മെക്സിക്കോയിലേക്ക് നീങ്ങി. മെക്സിക്കോയിൽ ഒന്നാം ഡിവിഷൻ ക്ലബ്ബായ ടിബറോനെസ് റോജോസിലും അവിടെ നിന്ന് വായ്പ അടിസ്ഥാനത്തിൽ വെനാഡോസ് എഫ്‌സിയിലും കളിച്ചു . 2019 ജൂലൈയിൽ ഓസ്‌ട്രേലിയൻ എ ലീഗ് ക്ലബ്ബായ മെൽബൺ സിറ്റിക്കായി ലൂണ കരാർ ഒപ്പുവെച്ചു. തുടർന്ന് രണ്ട് സീസൺ ക്ലബ്ബിന്റെ ഭാഗമായ താരം 51 മത്സരങ്ങളിൽ ബൂട്ട്കെട്ടി. കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

 അണ്ടർ 17, അണ്ടർ 20 വിഭാഗങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ അഡ്രിയൻ ലുണ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.  2009ൽ ഫിഫ അണ്ടർ 17 ലോകകപ്പിലും 2011ൽ ഫിഫ അണ്ടർ 20 ലോകകപ്പിലും ഉറുഗ്വേൻ ജെഴ്‌സി അണിഞ്ഞ അദ്ദേഹം രണ്ട് ടൂർണമെന്റുകളിലും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്. 11 വർഷത്തിലേറെയായ തന്റെ ക്ലബ് ഫുട്ബോൾ കരിയറിൽ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ എല്ലാ ക്ലബ്ബുകൾക്കുമായി 336 മത്സരങ്ങളിൽ കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്. അതിൽ നിന്ന് ഇതേ വരെ 47 ഗോളുകളും 46 അസിസ്റ്റുകളും നേടിയെടുത്തു.

താരത്തെ പറ്റി ചില രസകരമായ വസ്തുതകൾ കൂടിയുണ്ട്. 2012ൽ സിഇ സാബഡെലിൽ എഫ്‌സി ഗോവയുടെയും ചെന്നൈയിൻ എഫ്‌സിയുടെയും മുൻ താരം മാനുവൽ ലാൻസരോട്ടയോടൊപ്പം അഡ്രിയൻ ഒരുമിച്ച് കളിച്ചിരുന്നു. 2013ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുൻ താരം സിമാവോ സാബ്രോസയ്‌ക്കൊപ്പം എസ്പാൻയോളിൽ കളിച്ചിട്ടുണ്ട്. എസ്പാൻയോളിലാകട്ടെ ഡൽഹി ഡൈനാമോസിന്റെയും എടി‌കെയുടെയും മുൻ താരം കാലു ഉച്ചെയുടെ പകരക്കാരൻ ആയാണ് അഡ്രിയൻ ക്ലബ്ബിൽ എത്തുന്നത്.

കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തിന് ഒടുവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തെത്തിയ കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ സീസണിന്റെ അദ്ദേഹം എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.ജൂണിൽ പുതിയ ഹെഡ് കോച്ചായി ഇവാൻ വുക്കോമാനോവിച്ച് ചുമതലയേറ്റ ശേഷം ക്ലബ്ബിന്റെ ആദ്യ വിദേശ സൈനിംഗാണ് അഡ്രിയാൻ ലൂണ.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ തയ്യാറെടുപ്പുകൾ

 ജൂൺ 30 ന് കൊച്ചിയിൽ പ്രീ-സീസൺ ക്യാമ്പ് ആരംഭിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ബുധനാഴ്ച അറിയിച്ചിരുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന 29 അംഗ പ്രീസീസൺ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ അഡ്രിയൻ ലൂണ ഈ ടീമിന്റെ ഭാഗമാകും.

നിലവിൽ ദെനേചന്ദ്ര മൈതെയ്, സന്ദീപ് സിംഗ് എന്നിവരുടെ കരാർ നീട്ടിനൽകിയ ക്ലബ് തുടർന്ന് സഞ്ജീവ് സ്റ്റാലിൻ, റുയിവ ഹോർമിപാം, വിൻസി ബാരെറ്റോ, ഹർമൻജോത് ഖബ്ര എന്നിവരെ ടീമിൽ എത്തിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ താരങ്ങളെ തട്ടകത്തിൽ എത്തിക്കാനും നിലവിൽ ഉള്ള താരങ്ങളിൽ ചിലരുടെ കരാർ നീട്ടാനും സാധ്യത ഉണ്ടെന്ന് ലൂണയുടെ സൈനിങ് സൂചിപ്പിക്കുന്നു.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.