ഫ്രഞ്ച് ലീഗ് ക്ലബ്ബായ ലയോണിന്റെ മുൻ പ്രതിരോധ താരം ബക്കരി കോൻ കേരള ബ്ലാസ്റ്റേഴ്‌സിൽ.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അവസാന രണ്ട് വിദേശ താരങ്ങളുടെയും കരാർ പൂർത്തിയാക്കി. ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ അവസാനിച്ച ഇന്നലെ (ചൊവ്വാഴ്ച) യാണ് താരങ്ങളുമായുള്ള കാരാർ പൂർത്തിയാക്കിയത്. അതിൽ ഒരാൾ ബുർക്കിന ഫാസോയുടെ പ്രതിരോധ താരം ബക്കറി കോൻ ആണെന്ന് ഖേൽ നൗ സ്ഥിരീകരിക്കുന്നു.

” കേരള ബ്ലാസ്റ്റേഴ്‌സുമായി ആറുമാസത്തെ കരാർ സംബന്ധിച്ച നിബന്ധനകൾ അംഗീകരിച്ച ബക്കരി കോൻ ക്ലബ്ബുമായി കരാറിലെത്തി. ” – കരാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. കൂടാതെ താരം കഴിഞ്ഞ ദിവസം ബുർകിനോ ഫാസോയിലെ ഇന്ത്യൻ എംബസിയിൽ എത്തിയതായും ഇന്ത്യയിൽ എത്തുന്നതിന് വേണ്ടിയുള്ള വിസയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്നതായും ഖേൽ നൗ സ്ഥിരീകരിക്കുന്നു. ഈ ആഴ്ച അവസാനം ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്ന കോൻ ശനിയാഴ്ച ഗോവയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം താമസിക്കുന്ന ഹോട്ടലിൽ എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നു .

CFTPK ആബിദ്ജൻ ക്ലബിലൂടെ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ച താരം 2005ൽ പ്രാദേശിക ക്ലബ്ബായ ടുലെ ഫിലന്റെയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറുന്നത്. തൊട്ടടുത്ത വർഷം അദ്ദേഹം ഫ്രഞ്ച് ക്ലബ്ബായ ഗൈൻഗമ്പുമായി കരാറിലെത്തി. തുടർന്ന് ക്ലബ്ബിന്റെ റിസർവ് ടീമിനൊപ്പം ഫ്രഞ്ച് ലീഗിലെ നാലാം ഡിവിഷൻ കളിച്ച താരം രണ്ട് സീസണ് ശേഷം ക്ലബ്ബിന്റെ സീനിയർ ടീമിൽ എത്തി. 2007ൽ സീനിയർ ടീമിനൊപ്പം രണ്ടാം ഡിവിഷൻ ഫ്രഞ്ച് ലീഗിൽ അരങ്ങേറിയ താരം ടീമിനൊപ്പം അഞ്ച് സീസണുകളിൽ 117 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2009ൽ ഫ്രഞ്ച് കപ്പ് എന്നറിയപ്പെടുന്ന കോപ്പ ഡേ ഫ്രാൻസ് ടൂർണമെന്റിന്റെ ഫൈനലിൽ Ligue 1 ക്ലബ്ബായ റെന്നെസിനെ തോൽപ്പിച്ച് കിരീടം നേടിയ ടീം അംഗമായിരുന്നു കോൻ.

2011ൽ Ligue 1 കളിക്കുന്ന മുൻനിര ഫ്രഞ്ച് ക്ലബ്ബായ ലയോണുമായി കരാറിലെത്തിയ താരം അഞ്ച് വർഷം ക്ലബ്ബിന്റെ ഭാഗമായിരുന്നു. ലയോണ് വേണ്ടി 114 മത്സരങ്ങൾ കളിക്കളത്തിൽ ഇറങ്ങിയ താരം ക്ലബിനൊപ്പം 2011/12 സീസണിൽ ഫ്രഞ്ച് കപ്പും 2012/13 സീസണിൽ ഫ്രഞ്ച് സൂപ്പർ കപ്പും നേടി. ലയോണിന് ഒപ്പം കളിച്ചിരുന്ന സീസണുകളിൽ യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് തുടങ്ങിയ വിവിധ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കളിക്കുകയും ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട് കോൻ.

തുടർന്ന് സ്പാനിഷ് ഒന്നാം ഡിവിഷൻ (ലാലീഗ) ക്ലബ്ബായ എസി മലാഗ, ഫ്രഞ്ച് Ligue 1 ക്ലബ്ബായ ആർസി സ്ട്രാസ്‌ബൗർഗ്, ടർക്കിഷ് ക്ലബ്ബായ MKE അംഗറഗക്യൂ, റഷ്യൻ ക്ലബ്ബായ ആഴ്സണൽ ട്യൂല എന്നീ ക്ലബ്ബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. കൂടാതെ ബുർക്കിന ഫാസോക്ക് വേണ്ടി 81 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച കോൻ ഫിഫ ലോകകപ്പ് യോഗ്യതയിൽ രാജ്യത്തിന് വേണ്ടി ഇരുപതിനടുത്ത് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 400ൽ അധികം മത്സരങ്ങൾ കളിച്ച ഈ സെൻട്രൽ ഡിഫെൻഡർ തന്റെ കരിയറിൽ 10 ഗോളുകളും 5 അസ്സിസ്റ്റുകളും നേടിയിട്ടുണ്ട്.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസിന്റെയും ഹെഡ് കോച്ച് കിബു വികുനയുടെയും കീഴിൽ പുതിയ സീസണിലേക്കായി മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ ശ്രമിക്കുകയാണ്.

For more updates, follow Khel Now on Twitter and join our community on Telegram.