സൈപ്രസ് ക്ലബ്ബായ അപ്പൊല്ലോൺ ലൈമസോൾ എഫ്‌സിയിൽ നിന്നാണ് 32കാരനായ ഫകുണ്ടോ പെരേരയെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത്.

2020-21 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സൈൻ ചെയ്ത ആദ്യത്തെ വിദേശതാരമാണ് ഫകുണ്ടോ അബേൽ പെരേര. അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയും മുന്നേറ്റനിരക്കാരനായും കളിക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലേത്തിയെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഖേൽ നൗ സ്ഥിരീകരിച്ചിരുന്നു.

അർജന്റീനയിലെ സരാറ്റയിൽ ജനിച്ച പെരേര 2006ൽ എസ്റ്റുഡിയന്റസ് ഡെ ബുനോസ് ഐരെസ് എന്ന് അമേചർ ഫുട്ബോൾ ക്ലബിന് വേണ്ടി കളി തുടങ്ങി. തുടർന്ന് 2009ൽ പാലെസ്റ്റിനോ എന്ന ചിലിയൻ ഫുട്ബോൾ ക്ലബ്ബിലേക്ക് വായ്പാടിസ്ഥാനത്തിൽ  പോകുകയും സിഡി കോബ്രെലോക്കിന് എതിരെ കളത്തിൽ ഇറങ്ങി തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിനു തുടക്കം കുറിക്കുകയും ചെയ്തു. ക്ലബിന് വേണ്ടി 6 കളികളിൽ നിന്ന് 2 ഗോളുകളും 1 അസ്സിസ്റ്റും നേടി. തുടർന്ന് ചിലിയൻ ക്ലബ്ബായ ഔടാസ് ഇറ്റാലിയനോ, മെക്സിക്കൻ ക്ലബ്ബായ സാൻ ലുയിസ് എഫ്‌സി, അർജന്റീനിയൻ ക്ലബായ ജിമ്നഷ്യ എൽപി എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ശേഷമാണ് ഗ്രീക്ക് ക്ലബ്ബായ PAOKയിൽ എത്തുന്നത്.

PAOKയിൽ ‘ഫാനൂറിസ്’ (അന്നത്തെ ടീം പരിശീലകൻ നൽകിയ വിളിപ്പേര്) എന്നറിയപ്പെട്ട താരം മൂന്ന് വർഷത്തോളം ക്ലബ്ബിൽ ചെലവഴിച്ചു. ടീമിന് വേണ്ടി 14 ഗോളുകളും നേടി.  തുടർന്ന് ആസർബേയ്ജൻ ക്ലബ്ബായ ഗാബാല എഫ്കെ, അർജന്റീനയിലെ റേസിംഗ് ക്ലബ്‌, അത്ലറ്റിക് കോളൺ, മെക്സിക്കയിലെ നെക്കാസ തുടങ്ങിയ ക്ലബ്ബുകൾക്കും വേണ്ടി താരം കളിച്ചു. തുടർന്ന് സൈപ്രസ് ക്ലബ്ബായ അപ്പൊല്ലോൺ ലൈമസോൾ എത്തിയ താരം 53 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളും 3 അസ്സിസ്റ്റുകളും നേടി. അവിടെ നിന്നാണ് താരം 2020-21 സീസണിലേക്ക് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

” ഇന്ത്യയിൽ ഏറ്റവും മികച്ച ആരാധകപിന്തുണയുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി കരാറിലെത്തുന്നത് വലിയൊരു കാര്യമാണ്.  ഇന്ത്യയിൽ കളിക്കുക എന്നത് എന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും സന്തോഷമുള്ള ഒന്നാണ്. ഫുട്ബോളിന്റെ വികസനത്തിനായുള്ള ക്ലബ്ബിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെയും പദ്ധതികളും കേരളവും കേരളത്തിലെ ആരാധകർക്ക് ഫുട്ബോളിനോടുള്ള കടുത്ത അഭിനിവേശവും ക്ലബിന് വേണ്ടി സൈൻ ചെയ്യാൻ എന്നെ പ്രചോദിപ്പിച്ചു. ക്ലബ്ബിന്റെ വിജയത്തിന് വേണ്ടിയും ആരാധകർ സ്റ്റേഡിയത്തിൽ വന്ന് മത്സരങ്ങൾ ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ വഴികളിലൂടെയും ഞാൻ മുന്നോട്ട് പോകും.” ക്ലബ്ബിലേക്കുള്ള വരവിനെ കുറിച്ച് ഫകുണ്ടോ പെരേര പറഞ്ഞു.

“ഫകുണ്ടോ ഞങ്ങളുടെ ടീമിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തെക്കേ അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി ക്ലബ്ബുകളുടെ ഭാഗമായി മുൻനിര ലീഗുകളിൽ കളിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ശ്രദ്ധേയമാണ്.  വരുന്ന സീസണിൽ  ടീമിനെ ശക്തിപ്പെടുത്തുന്നതിനും ടീമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഞങ്ങളെ സഹായിക്കുവാനും കഴിയുന്ന ഒരു ഫുട്ബോൾ കളിക്കാരൻ കൂടിയാണ് ഫകുണ്ടോ. =”  കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിന്ക്യസ് ഫകുണ്ടോ പെരേരയുടെ സൈനിങ്ങിനെ കുറിച്ച് പ്രതികരിച്ചു.  

For more updates, follow Khel Now on Twitter and join our community on Telegram.