Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഒഫീഷ്യൽ: മുൻ നോർവിച്ച് സിറ്റി താരം ഗാരി ഹൂപ്പറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

Published at :October 6, 2020 at 1:12 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : KBFC Media)

Dhananjayan M


ഇംഗ്ലീഷ് ക്ലബ്ബായ നോർവിച്ച് സിറ്റിയെ കൂടാതെ സ്കോട്ലാൻഡ് ക്ലബ്ബായ സെലിറ്റിക്കിന്റെയും താരമായിരുന്നു ഈ മുപ്പത്തിരണ്ടുകാരൻ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്ക് മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സ്ട്രൈക്കർ ഗാരി ഹൂപ്പറുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ക്ലബ് താരവുമായി ചർച്ചകൾ നടത്തുകയാണെന്ന് ഖേൽ നൗ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. പിന്നീട് സൈനിംഗ് പൂർത്തിയാക്കാൻ ക്ലബ് തയ്യാറായതായും ഖേൽ നൗ റിപ്പോർട്ട് ചെയ്തിരുന്നു.

ഇംഗ്ലണ്ടിലെ ഹാർലോയിൽ ജനിച്ച ഗാരി ഹൂപ്പർ ഏഴാം വയസ്സിൽ ലണ്ടനിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പർസിന്റെ അക്കാദമിയിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ഏഴ് വർഷം ടോട്ടൻഹാം അക്കാദമിയിൽ ഫുട്ബോൾ പരിശീലനം നേടിയ താരം തുടർന്ന് ലണ്ടനിന്റെ സമീപമുള്ള പ്രാദേശിക ക്ലബ്ബായ ഗ്രേസ് അത്ലറ്റിക്കിൽ ചേർന്നു. തൊട്ടടുത്ത വർഷം, പുതുതായി രൂപീകരിക്കപ്പെട്ട കോൺഫറൻസ് സൗത്ത് ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയ ക്ലബ്ബിന്റെ സീനിയർ ടീമിലൂടെ ഹൂപ്പർ പ്രൊഫഷണൽ ഫുട്ബോൾ കരിയറിനു തുടക്കം കുറിച്ചു. അതേവർഷം തന്നെ 30 മത്സരങ്ങളിൽ നിന്നായ്‌ 12 ഗോളുകൾ നേടി ക്ലബ്ബിനെ ലീഗ് ജേതാക്കൾ ആക്കി മാറ്റി.

തുടർന്ന് 2006ൽ സൗത്ത്ഏൻഡ് യുണൈറ്റഡിൽ ചേർന്ന താരം ഒരു സീസണ് ശേഷം അടുത്ത രണ്ടു സീസണുകളിൽ ലേയ്ടൺ ഓറിയന്റ് എഫ്‌സിയിലേക്കും ഹീർഫോർഡ് യുണൈറ്റഡിലേക്കും വായ്‌പ്പാടിസ്ഥാനത്തിൽ നീങ്ങി. ഹീർഫോർഡിലെ മികച്ച പ്രകടനം 2008ൽ ലീഗ് 2ൽ കളിക്കുന്ന സ്‌കൻതോർപ്പ് യുണൈറ്റഡിലേക്ക് ഗാരി ഹൂപ്പറെ എത്തിച്ചു. അവിടെ നിന്ന് 2010ൽ, സ്കോട്ടിഷ് വമ്പന്മാരായ സെലിറ്റിക്കിനൊപ്പം മൂന്ന് വർഷത്തേക്ക് കരാർ ഒപ്പിട്ട ഹൂപ്പർ ക്ലബ്ബിന് വേണ്ടി സ്കോട്ടിഷ് ലീഗിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ചു. സെലിറ്റിക്കിന് ഒപ്പമുള്ള ആദ്യ സീസണിൽ തന്നെ സ്കോട്ടിഷ് കപ്പ്‌ നേടിയ താരം തുടർന്നുള്ള രണ്ടു സീസണുകളിലും ടീമിനോപ്പം കിരീടനേട്ടത്തിൽ പങ്കാളിയായി. ക്ലബ്ബിനൊപ്പം 2012/13 സീസണിൽ 51 മത്സരങ്ങളിൽ നിന്നായി 31 ഗോളുകൾ നേടിയ താരം ക്ലബ്ബിന് ഇരട്ട കിരീടങ്ങൾ നേടി കൊടുത്തു.

https://twitter.com/KeralaBlasters/status/1313079453954826240

ഈ പ്രകടനം ഗാരി ഹൂപ്പറെ അടുത്ത സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ നോർവിച്ച് സിറ്റിയിൽ എത്തിച്ചു. ആദ്യ സീസണിൽ ക്ലബ്ബിന്റെ സീസണിലെ ഏറ്റവും അധികം ഗോൾ നേടിയ താരമായി മാറാൻ താരത്തിന് സാധിച്ചെങ്കിലും ക്ലബ് രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. എന്നാൽ ഹൂപ്പറിന്റെ മികച്ച പ്രകടനത്തിലൂടെ നോർവിച്ച് സിറ്റി അടുത്ത വർഷം തന്നെ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി.

ഒരു സീസൺ കൂടി ക്ലബ്ബിൽ ചിലവഴിച്ച ഹൂപ്പർ അടുത്ത സീസണിൽ നോർവിച്ചിൽ നിന്ന് വായ്പ്പാടിസ്ഥാനത്തിൽ  രണ്ടാം ഡിവിഷൻ ക്ലബ്ബായ ഷെഫീൽഡ് വെഡ്നെസ്‌ഡേയിലേക്ക് ചേക്കേറി. തുടർന്ന് 2019 വരെ ക്ലബ്ബിൽ തുടർന്ന താരത്തെ തുടർന്നുള്ള സീസണിൽ ഓസ്ട്രേലിയൻ എ - ലീഗ് ക്ലബ്ബായ വെല്ലിങ്ടൺ ഫീനിക്സ് സൈൻ ചെയ്തു. ക്ലബ്ബിന് വേണ്ടി ഒരു സീസൺ കളിച്ച താരം 8 ഗോളുകൾ നേടുകയും ടീമിനെ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിക്കാൻ സഹായിക്കുകയും ചെയ്തു. ഈ സീസണിൽ യുവത്വം നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സിൽ ചേരുന്ന ഗാരി ഹൂപ്പർ തന്റെ അനുഭവസമ്പത്തും ഫുട്ബോൾ വൈദഗ്ധ്യവും ഉപയോഗിച്ച് ടീമിനെ മുന്നേറാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള എന്റെ കരിയറിലെ അടുത്ത അധ്യായത്തെ ഞാൻ പ്രതീക്ഷയോടെ നോക്കികാണുന്നു. എന്റെ അനുഭവസമ്പത്ത് ടീമിനെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഒപ്പം ഐ‌എസ്‌എൽ കിരീടം നേടുവാൻ സഹായിക്കുന്നതിനായി ടീമിന് വേണ്ടി വളരെ പ്രധാനപെട്ട ഗോളുകൾ നേടുവാനും എനിക്ക് സാധിക്കും. ടീമിനൊപ്പം ചേരുവാനും പുതിയ സീസണിനായി പരിശീലനം ആരംഭിക്കുവാനും കാത്തിരിക്കുന്നു. " - ഗാരി ഹൂപ്പർ സംസാരിച്ചു.

" കളിക്കളത്തിൽ അപകടകാരിയായി മാറാൻ സാധിക്കുന്ന ഗാരിക്ക് ക്ലബ്ബിന് വേണ്ടി അവിശ്വസനീയമായ രീതിയിലുള്ള ഗോളുകൾ നേടാൻ കഴിയും. ക്ലബ്ബിന് വേണ്ടി നേടുന്ന മികച്ച ഗോളുകളിലൂടെ ആരാധകരുടെ സ്നേഹം അദ്ദേഹം നേടിയെടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള ഒരു താരം ടീമിൽ എത്തുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം വരുന്ന സീസണിൽ താരത്തോടൊപ്പമുള്ള പ്രവർത്തനങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. " - കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിന്‍കിസ് പ്രതികരിച്ചു.

Advertisement