2020/21 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യൻ താരമാണ് ജോർദാൻ മുറെ.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് വേണ്ടി 25 വയസ്സുകാരനായ ഓസ്ട്രേലിയൻ മുന്നേറ്റ താരം ജോർദാൻ മുറെയേ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഓസ്ട്രേലിയയിലെ വേല്ലോങ്ങോങ്ങിൽ ജനിച്ച ജോർദാൻ മുറെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവസാന വിദേശ സൈനിങ് ആണ്. അടുത്ത സീസൺ മുതൽ ലീഗിൽ നടപ്പാക്കാൻ ഒരുങ്ങുന്ന പുതിയ വിദേശതാര നിയമങ്ങൾക്ക് വിധേയമായാണ് ഏഷ്യൻ താരമെന്ന നിലയിൽ ജോർദാൻ മുറെയെ ടീമിലെത്തിച്ചത്.

ന്യൂ സൗത്ത് വെയ്ൽസിലെ ബുള്ളി എഫ്‌സിക്ക് ഒപ്പം യൂത്ത് കരിയർ ആരംഭിച്ച മുറെ, തുടർന്ന് സെമി പ്രൊഫഷണൽ ലീഗായ നാഷണൽ പ്രീമിയർ ലീഗിൽ മത്സരിക്കുന്ന വേല്ലോങ്ങോങ് വോൾവ്സിലെത്തി. ക്ലബ്ബിന്റെ യൂത്ത് ടീമിലൂടെ തന്റെ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ച താരം തുടർന്ന് 2014-15 സീസണിൽ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുക ആയിരുന്നു. ക്ലബിന് വേണ്ടി 38 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്. തുടർന്ന് 2016ൽ നാഷണൽ പ്രീമിയർ ലീഗിൽ കളിക്കുന്ന APIA ലേയ്ച്ചർഡ് എഫ്‌സിയിൽ ചേർന്നു. ടീമിനൊപ്പം 64 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ നേടിയ താരം 2018ൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് പുരസ്കാരത്തിന് അർഹനായി.

കളിക്കളത്തിൽ അസാമാന്യ സ്ഥിരത പുലർത്തിയ താരത്തെ 2018ൽ രണ്ടു വർഷത്തേക്ക് സൗത്ത് വെയ്ൽസിൽ നിന്ന് എ-ലീഗ് കളിക്കുന്ന സെൻട്രൽ കോസ്റ്റ് മറൈൻഴ്സ് സ്വന്തമാക്കി. ടീമിനൊപ്പം 41 മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ നേടിയിട്ടുണ്ട് താരം. അവിടെ നിന്നാണ് മുറായ് പുതിയ സീസണ് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. പ്രീ-സീസൺ പരിശീലനത്തിനായി ഉടൻ തന്നെ മുറെ ഗോവയിലെ ടീമിനൊപ്പം ചേരും.

  ” ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നിന് വേണ്ടി കളിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ആദ്യമേ നന്ദി പറയുന്നു. എന്നിൽ വെച്ച വിശ്വാസത്തിന് പരിശീലകൻ കിബു, കരോലിസ്, ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് എന്നിവർക്കും ഞാൻ നന്ദി പറയുന്നു.കൂടാതെ  പുതിയ ടീമംഗങ്ങളെ കണ്ടുമുട്ടാൻ ഞാൻ ആഗ്രഹിക്കുന്നു, ഒപ്പം എന്റെ മുന്നിലുള്ള വെല്ലുവിളിയിൽ ഞാൻ ആവേശവാനാണ്. നിങ്ങളെ എല്ലാവരെയും ഉടൻ തന്നെ നേരിൽ കാണാൻ സാധിക്കട്ടെ ” – ജോർദാൻ മുറെ സംസാരിച്ചു.

” വളരെ ഊർജസ്വലനായ, കളിക്കളത്തിൽ ആവേശമുള്ള കളിക്കാരനാണ് ജോർദാൻ. ആക്രമണത്തിൽ സമർത്ഥനയായ താരം പ്രതിരോധത്തിലും ഒരേ പോലെ ടീമിനെ സഹായിക്കും. ഫുട്ബോളിനോട് അദ്ദേഹം കാണിക്കുന്ന മനോഭാവത്തെ ഞാൻ വളരെയധികം വിലമതിക്കുന്നു, ഒപ്പം അവനെ ഞങ്ങളുടെ ടീമിനൊപ്പം കാണുന്നതിൽ വളരെ ആവേശഭരിതനുമാണ് ” – കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

For more updates, follow Khel Now on Twitter and join our community on Telegram.