ഗോകുലം കേരളക്ക് ഒപ്പം കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടിയിട്ടുണ്ട്.

യുവ ഗോവൻ വിങ്ങർ വിൻസി ബാരറ്റോയുടെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഖേൽ നൗ മുൻപ് റിപ്പോർട്ട് ചെയ്തത് പോലെ ഗോകുലം കേരള എഫ്‌സിയിൽ നിന്ന്  പുറത്തു വെളിപ്പെടുത്താത്ത ട്രാൻസ്ഫർ ഫീസ് നൽകിയാണ് ഒന്നിലേറെ വർഷത്തെ കരാറിൽ ഇരുപത്തിയൊന്നുകാരനായ താരത്തെ ക്ലബ് സ്വന്തമാക്കിയത്.

2024 വരെ ക്ലബ്ബിൽ മൂന്ന് വർഷത്തെ കരാറിൽ വിൻസി ബാരെറ്റോ ഒപ്പുവെച്ചതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിന് മുമ്പ് ഈ യുവതാരം ഗോകുലം കേരള എഫ്‌സിയുടെ ഭാഗമായിരുന്നു, ” – ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഗോവയിലെ ഡെമ്പോ എഫ്‌സിയുടെ അക്കാദമിയിൽ നിന്നാണ് വിൻസി ബാരേറ്റോ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ഡെമ്പോ എഫ്‌സിക്ക് ഒപ്പം അണ്ടർ – 18 ഐ ലീഗിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറുന്നത്. 2017ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്‌സി ഗോവയുടെ റിസർവ് നിരയുമായി താരം തന്റെ ആദ്യ സീനിയർ കരാർ ഒപ്പുവെച്ചു. മൂന്ന് വർഷം ക്ലബ്ബിന്റെ ഭാഗമായിരുന്നു. 2018-19 ഗോവ പ്രൊഫഷണൽ ലീഗ് നേടിയ എഫ്‌സി ഗോവ റിസർവ് ടീമിലെ പ്രധാന താരമായിരുന്നു വിൻസി. 2019-20 സീസണിൽ ഐ ലീഗ് രണ്ടാം ഡിവിഷനിലും പ്രാദേശിക ലീഗിലുമായി എഫ്‌സി ഗോവക്ക് വേണ്ടി 17 മത്സരങ്ങളോളം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ കേരളത്തിൽ നിന്നുള്ള ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്‌സിക്ക് വേണ്ടി കളിക്കുകയും ലീഗ് കിരീടം നേടുകയും ചെയ്തിട്ടാണ് വിൻസി ബാരേറ്റോ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. ഗോകുലത്തിന് വേണ്ടി ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം 13 മത്സരങ്ങളിൽ നിന്നായി ഒരു അസ്സിസ്റ്റ് നേടിയിട്ടുണ്ട്. മുന്നേറ്റ നിരയിൽ പല പൊസിഷനുകളിലും ഉപയോഗിക്കാവുന്ന താരം കൊമ്പന്മാർക്ക് ഒരു മുതൽകൂട്ട് തന്നെയാണ്.

സൈനിങ്ങിനെ പറ്റി

“കേരളത്തെ വീണ്ടും ഒരിക്കൽ കൂടി പ്രതിനിധീകരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.  കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ആരാധകവൃന്ദത്തെക്കുറിച്ച് ഞാൻ ധാരാളം കേട്ടിട്ടുണ്ട്, ഇത്തരമൊരു ടീമിന്റെ ഭാഗമാകാനും അനുഭവസമ്പത്ത് നേടുന്നതിലും ഞാൻ വളരെ ആവേശത്തിലാണ്.  വ്യക്തിപരമായി മുന്നോട്ട് നീങ്ങാനും കേരള ബ്ലാസ്റ്റേഴ്‌സിനായി എന്റെ മികച്ച പ്രകടനം കാഴ്ച വെക്കുവാനും ഞാൻ ആഗ്രഹിക്കുന്നു ”, – വിൻസി ബാരെറ്റോ പറയുന്നു.

“യുവ താരമായ വിൻസി ബാരെറ്റോ ടീമിന്റെ ഭാഗമാക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്.  അസാമാന്യ കഴിവുള്ള ഒരു മികച്ച കളിക്കാരനാണ് ബാരെറ്റോ. കളിക്കളത്തിലെ തന്റെ വേഗതയും വൈദഗ്ധ്യവും ഉപയോഗിച്ച്, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവൻ സ്വന്തമായി ഒരു വ്യക്തിത്വം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.  അവന് ഫുട്ബോൾ കരിയറിൽ എന്റെ മുഴുവൻ പിന്തുണയും നൽകുമെന്ന ഉറപ്പിനൊപ്പം എല്ലാവിധ ആശംസകളും നേരുന്നു. ” – കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.

പുതിയ സീസണിന് വേണ്ടി കച്ച മുറുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി സെർബിയൻ പരിശീലകൻ ഇവാൻ വുക്കുമനോവിച്ചിനെ ക്ലബ്ബിൽ എത്തിച്ചിട്ടുണ്ട്. വിൻസി ബാരേറ്റോയെ കൂടാതെ റുവിയ ഹോർമിപാമിന്റെയും സഞ്ജീവ് സ്റ്റാലിന്റെയും കരാറുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ച ക്ലബ് ബംഗളുരു എഫ്‌സിയിൽ ഹർമൻജോത് ഖബ്രയെയും ടീമിൽ എത്തിച്ചിട്ടുണ്ട്.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.