Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഗോകുലം കേരളയുടെ നവോചാ സിങ് മുംബൈ സിറ്റി എഫ്‌സിയിലേക്ക്

Published at :May 6, 2021 at 9:31 PM
Modified at :May 6, 2021 at 9:31 PM
Post Featured Image

Dhananjayan M


ഗോകുലം കേരള എഫ്‌സിയോടൊപ്പം താരം ഐ ലീഗും ഡ്യുറണ്ട് കപ്പും നേടിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി 2021-22 സീസണിന് മുന്നോടിയായി തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി ഗോകുലം കേരള എഫ്‌സിയുടെ പ്രതിരോധ താരം നവോചാ സിങ്ങുമായുള്ള കരാർ പൂർത്തിയാക്കാൻ ക്ലബ് ശ്രമിക്കുകയാണെന്ന് ഖേൽ നൗ സ്ഥിരീകരിക്കുന്നു.

" നവോചാ സിങ്ങുമായുള്ള കരാർ പൂർത്തിയാക്കാൻ മുംബൈ സിറ്റി ശ്രമിക്കുന്നു ". ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു. ഇതൊരു നീണ്ടകാലത്തേക്കുള്ള കരാർ ആണെന്നും ഖേൽ നൗ മനസിലാക്കുന്നു.

നേറോക്ക എഫ്‌സിയുടെ അണ്ടർ 18 ടീമിലൂടെയാണ്  റൈറ്റ് ബാക്കായ ഹൂയ്‌രോം നവോചാ സിങ് തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. തുടർന്ന് 2017ൽ ട്രാവു എഫ്‌സിയിൽ എത്തിയ താരം ക്ലബ്ബിനൊപ്പം രണ്ടാം ഡിവിഷൻ ഐ ലീഗിന്റെ ഭാഗമായി. തുടർന്ന് തൊട്ടടുത്ത സീസണിൽ നേറോക്കയിലേക്ക് മടങ്ങിയ താരം റിയൽ കാശ്മീരിനെതിരായ മത്സരത്തിൽ ഐ ലീഗിൽ അരങ്ങേറ്റം നടത്തി.

തുടർന്ന് ഗോകുലം കേരള എഫ്‌സി താരത്തെ ടീമിൽ എത്തിച്ചു. ആ വർഷത്തെ ഡ്യുറണ്ട് കപ്പിലേക്കുള്ള ക്ലബ് സ്‌ക്വാഡിൽ താരത്തെ ഉൾപെടുത്തിയിരുന്നു. ആ ടൂർണമെന്റിൽ ഗോകുലം ജേതാക്കളാകുകയും ചെയ്തിരുന്നു. ഫൈനലിൽ മോഹൻബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടീം പരാജയപ്പെടുത്തിയപ്പോൾ മാർക്കസ് ജോസഫ് നേടിയ രണ്ടാമത്തെ ഗോളിന് അസിസ്റ്റ് നൽകിയത് നവോചാ സിങ് ആയിരുന്നു.

തുടർന്ന് 2019-20 സീസണിൽ കോവിഡ് 19 രോഗഭീതി മൂലം ലീഗ് അവസാനിപ്പിക്കുന്നതിന് മുന്നോടിയായി 14 മത്സരങ്ങളിൽ താരം കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഗോകുലം കേരള എഫ്‌സി ചരിത്രത്തിൽ ആദ്യമായി ഐ ലീഗ് കിരീടം നേടിയ കഴിഞ്ഞ സീസണിൽ ആകട്ടെ 15 മത്സരങ്ങളിൽ കൂടി താരം ക്ലബിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

ഗോകുലം കേരള എഫ്സി ഐ ലീഗ് നേടുന്നതിൽ മുഖ്യപങ്കുവഹിച്ച താരമായിരുന്നു നവോചാ സിങ്. പക്ഷേ ഇന്ന് താരം ഐ ലീഗിൽ നിന്ന് ഒരുപടികൂടി ഉയർന്ന് ഐഎസ്എല്ലിന്റെ ഭാഗമാകും. മുംബൈ സിറ്റി എഫ്സിക്ക് ആകട്ടെ വളരെ മികച്ചൊരു സീസൺ ആയിരുന്നു കഴിഞ്ഞു പോയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ലീഗ് ഘട്ടത്തിൽ ചാമ്പ്യൻമാരായ ക്ലബ്ബ് 2022ലെ എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിരിക്കുകയാണ്. കൂടാതെ തന്നെ ടൂർണമെൻറ് ഫൈനലിൽ എടികെ മോഹൻബഗാനെ തോൽപ്പിച്ച് ഐഎസ്എൽ ട്രോഫി നേടുകയും ചെയ്തു. സ്പാനിഷ് തന്ത്രജ്ഞനായ സെർജിയോ ലോബെറയുടെ കീഴിൽ ക്ലബ് ഇന്ത്യയിലെതന്നെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നായി മാറിയിരിക്കുന്നു.

അടുത്ത വർഷത്തെ എഎഫ്സി ചാമ്പ്യൻസ് ലീഗ് മുന്നിൽ കണ്ടുകൊണ്ട് മുംബൈ സിറ്റി എഫ് സി തങ്ങളുടെ ടീം കുറേക്കൂടി ശക്തമാക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി ബിപിൻ സിംഗ്, അമേയ് രണവടെ, പ്രഞ്ചൽ ഭ്യുംജി, വൽപുയിയ, വിഘ്‌നേഷ് ദക്ഷിണാമൂർത്തി എന്നിവരുടെ കരാർ നീട്ടിയിട്ടുണ്ട്. അതിന്റെ ഭാഗമായി തന്നെ വരും ദിവസങ്ങളിൽ കൂടുതൽ സൈനിങ്ങുകളും കരാർ നീട്ടലുകളും ക്ലബ്ബിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാൻ സാധ്യത ഏറെയാണ്. 

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement