Advertisement

Football in Malayalam

ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടിൽ ക്രിക്കറ്റുകൂടി വേണമെന്ന കെ.സി.എയുടെ നീക്കം ടർഫിനെ ബാധിക്കുമോ? വിദഗ്ധർ അഭിപ്രായം പറയുന്നു

Published at :June 24, 2020 at 6:47 PM
Modified at :December 13, 2023 at 7:31 AM
Post Featured

(Courtesy : ISL Media)

ഫുട്ബോൾ മത്സരങ്ങളോടൊപ്പം  ക്രിക്കറ്റ് മത്സരങ്ങളും  കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടത്തണമെന്നാവശ്യപ്പെട്ട്  കേരള ക്രിക്കറ്റ് അസോസിയേഷൻ ജി.സി.ഡി.എയ്ക്ക് കത്ത് നൽകി.

2018-ൽ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ്  മത്സരത്തെ കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള കെ.സി.എയുടെ ശ്രമം ആരാധകരുടെയും പല  പ്രശസ്ത വ്യക്തികളുടെയും പ്രതിഷേധം മൂലം പിൻവലിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ഉടമകളിലൊരാൾകൂടിയായ സച്ചിൻ ടെണ്ടുൽക്കർ, ശശി തരൂർ, സുനിൽ ഛേത്രി, സി.കെ വിനീത്, മഞ്ഞപ്പടയുൾപ്പെടെയുള്ള ഇന്ത്യയിലെ ഫുട്ബോൾ ക്ലബ് ആരാധകർ തുടങ്ങിയവർ ഇതിനെതിരെ  പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്ത് ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ ഉതകുന്ന ഉഗ്രൻ സ്റ്റേഡിയമുള്ളപ്പോൾ എന്തിനാണ് കൊച്ചിയിലെ ഫുട്ബോൾ പിച്ച്  പൊളിച്ചു മാറ്റി ക്രിക്കറ്റ് നടത്തുന്നത് എന്നായിരുന്നു ഇവരുടെ ചോദ്യം. അന്ന് കെ.സി.എ പിന്മാറിയെങ്കിലും വീണ്ടും കൊച്ചിയിൽ ക്രിക്കറ്റ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചു കഴിഞ്ഞു.

2014 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായാണ് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പ്രവർത്തിക്കുന്നത്. അണ്ടർ 17 വേൾഡ് കപ്പിന് വേദിയായ കലൂർ സ്റ്റേഡിയം ഫിഫ അക്രെഡിറ്റേഷൻ കിട്ടിയ ഇന്ത്യയിലെ 7 സ്റ്റേഡിയങ്ങളിൽ ഒന്നാണ്. വേൾഡ്കപ്പിന് വേണ്ടി സ്റ്റേഡിയത്തിലെ ടർഫ് ഉൾപ്പെടെയുള്ളവ ലോകോത്തൊര നിലവാരത്തിലാക്കിയിരുന്നു. ഐഎസ്എൽ ഒഫീഷ്യൽസ് അതിനെ അതേ നിലവാരത്തിൽ കാത്ത് സൂക്ഷിക്കുകയും ചെയ്തു. ഈയൊരു അവസരത്തിലാണ് ക്രിക്കറ്റ്‌ മത്സരങ്ങൾ വീണ്ടും കൊച്ചി സ്റ്റേഡിയത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് കെ.സി.എ ജി.സി.ഡി.എയ്ക്ക് കത്ത് നൽകിയത്. 20 -30 ദിവസങ്ങൾക്കുള്ളിൽ ക്രിക്കറ്റ് പിച്ചിനെ പഴയ ഫുട്ബോൾ ടർഫിന്റെ നിലവാരത്തിൽ എത്തിക്കാൻ കഴിയുമെന്നാണ് കെ.സി.എ പറയുന്നത്.

https://twitter.com/sachin_rt/status/976104260478779392

2014-ൽ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടത്തി ഒരു  മാസത്തിനുള്ളിൽ ഐഎസ്എൽ മത്സരങ്ങൾക്ക് വേണ്ടിയുള്ള  ടർഫ് ഒരുക്കുകയുണ്ടായി. എന്നാൽ ആ സീസണിൽ ഇയാൻ  ഹ്യൂം ഉൾപ്പെടെയുള്ള താരങ്ങൾ  കൊച്ചി ടർഫ് ഐഎസ്എൽ മത്സരങ്ങൾക്ക് ഉതകുന്നതല്ലെന്ന് പറഞ്ഞിരുന്നു. അന്നത്തെ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സുശാന്ത് മാത്യു ഈ വിഷയത്തിൽ ഖേൽ നൗവിനോട് പ്രതികരിച്ചതിങ്ങനെ - "ക്രിക്കറ്റ്  പിച്ച് പൂർണമായി ഒഴിവാക്കുകയാണെങ്കിൽ ഫുട്ബോൾ കളിക്കാൻ സാധിക്കും. കളിമണ്ണുകൊണ്ടുണ്ടാക്കിയ ക്രിക്കറ്റ് പിച്ചിന് മുകളിൽ പുല്ല് വെച്ചിട്ട് അതിൽ ഫുട്ബോൾ നല്ല രീതിയിൽ കളിയ്ക്കാൻ കഴിയില്ല. അത് ഒരിക്കലും ഐഎസ്എൽ സ്റ്റാൻഡേർഡിന് പറ്റിയ ടർഫ് ആകാനും കഴിയില്ല. ഫുട്ബോൾ കളിക്കണമെങ്കിൽ അത് ഫുട്ബോൾ കോർട്ട് തന്നെയാവണം, ക്രിക്കറ്റ് കൂടിയാവുമ്പോൾ ഇന്ത്യൻ  ഫുട്ബോളിന്റെ ഒന്നാം നമ്പർ ലീഗായ ഐഎസ്എല്ലിന്റെ സ്റ്റാൻഡേർഡിൽ മാച്ച് കളിക്കാൻ കഴിയില്ല എന്നതൊരു ഫാക്റ്റാണ്. അന്ന് ( 2014 ഐഎസ്എൽ സീസൺ ) പിച്ചിന്റെ മുകളിലായിരുന്നു പുല്ല് വെച്ചിരുന്നത്, അതുകൊണ്ട് ഞങ്ങൾക്ക് അവിടെ കളിക്കാൻ സ്മൂത്ത് അല്ലായിരുന്നു. അതിന് ശേഷം റിലയൻസ്  ഗ്രൗണ്ട് ഏറ്റെടുത്ത് പിച്ച് ഒഴിവാക്കിയതിന് ശേഷമാണ് ഫുട്ബോൾ അവിടെ നന്നായത്. മുൻപ് ഐ ലീഗ് അവിടെ കളിച്ചപ്പോഴും  മോശമായാണ് ഫീൽ ചെയ്തത്. 30 ദിവസം കൊണ്ടൊന്നും ക്രിക്കറ്റ് പിച്ച് തിരിച്ച്  ഫുട്ബോൾ ടർഫിന് പറ്റുന്ന രീതിൽ ആക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ കളി മോശമാവാനും റിസൾട്ടിനെ ബാധിക്കാനും ഈ നീക്കം കാരണമാകുമെന്നാണ് എനിക്ക് തോന്നുന്നത്."

യുവേഫയുടെയും ഫിഫയുടെയും പിച്ച് കൺസൾട്ടന്റും ഫിഫ  അണ്ടർ 17 വേൾഡ് കപ്പിന് കൊച്ചി സ്റ്റേഡിയം ടർഫിന്റെ നിർമാണത്തിൽ  മേൽനോട്ടവും  വഹിച്ച ഡീൻ ഗില്ലാസ്ബേ ഈ വിഷയത്തിൽ ഖേൽ നൗവിനോട് ഇപ്രകാരം പ്രതികരിച്ചു - "ഫുട്ബോളും ക്രിക്കറ്റും ഒരേ സ്ഥലത്തു കളിപ്പിക്കുന്നത് ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. എന്നാൽ ശരിയായ രീതികൾ പാലിച്ചാൽ അത് ഒഴിവാക്കാൻ കഴിയും. ഗ്രൗണ്ടിന്റെ ഒത്ത നടുക്ക്  കളിമണ്ണുകൊണ്ടുള്ള കട്ടിയേറിയ ക്രിക്കറ്റ് പിച്ചുള്ളത് ഫുട്ബോളിന് യോജിച്ചതല്ല. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ക്രിക്കറ്റിനും ഫുട്ബോളിനും വെവ്വേറെ ഗ്രൗണ്ട് സ്റ്റാഫാണുള്ളതെന്നത് മറ്റൊരു പ്രശനം. ഇത് ശരിയല്ല, രണ്ടും ഒരു കമ്പനിയുടെ കീഴിലാണ് നടത്തേണ്ടത്. ചുരുക്കത്തിൽ പറഞ്ഞാൽ ഐഎസ്എൽ സീസണിന് മുൻപേ ക്രിക്കറ്റ് പിച്ച് ഒഴിവാക്കിയിരിക്കണം. ഇത് എളുപ്പത്തിൽ നടത്താൻ സാധിക്കുന്ന ഒന്നല്ല. ക്രിക്കറ്റ് നടത്താം  പക്ഷെ ക്രിക്കറ്റ് പിച്ചിന്റെ പ്രതലം  നിലനിർത്തികൊണ്ട്  ഫുട്ബോൾ കളിക്കുന്നത്  പരിക്കുണ്ടാവാൻ  കാരണമാകുമെന്ന ആശങ്ക എനിക്കുണ്ട്. ഫുട്ബോളിന്റെയത്ര ക്രിക്കറ്റ് മല്സരത്തെ ഈ നീക്കം ബാധിക്കില്ലെന്ന് ഉറപ്പാണ്. ക്രിക്കറ്റ് പിച്ചിന്റെയും ഫുട്ബോൾ പിച്ചിന്റെയും കട്ടിയിൽ വലിയ വ്യത്യാസമുണ്ട്. അത് പരിക്കുകൾ കൂട്ടാൻ കാരണമാകും. ഡ്രോപ്പ് ഇൻ പിച്ചുകൊണ്ട് ശരിയായ സമയത് രണ്ടും നടത്താൻ സാധിക്കും. ഏകദേശ ഒരേ സമയത് രണ്ടും കളിക്കുകയെന്നത് വളരെ ബുദ്ധിമ്മുട്ടുള്ള കാര്യമാണ്"

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ജി.സി.ഡി.എ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് 2014-ൽ നൽകിയതാണ്. കരാർ പ്രകാരം കെ.സി.എ എല്ലാ വർഷവും 10 ലക്ഷം രൂപ വീതം ജി.സി.ഡി.എയ്ക്ക് നൽകുന്നുണ്ട്. ഇതുകൂടാതെ തുടക്കത്തിൽ 1 കോടി രൂപ ഡെപ്പോസിറ്റായി  ജി.സി.ഡി.എയ്ക്ക് നൽകിയിട്ടുമുണ്ട്. സ്റ്റേഡിയത്തിത്തിന്റെ പരിപാലനത്തിലായി നല്ലൊരു തുക കെ.സി.എ മുടക്കിയിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു.

സെൻട്രൽ കേരളയിലുള്ള കൊച്ചിയിൽ ക്രിക്കറ്റ് മത്സരം വന്നാൽ എല്ലാവർക്കും എളുപ്പത്തിൽ എത്താൻ കഴിയുമെന്നും ഐ.പി.ൽ ടീമിനോ മത്സരങ്ങൾക്കോ വരെ കൊച്ചിയിൽ സാധ്യതയുണ്ടെന്നുമാണ്  കെ.സി.എ പറയുന്നത്. 2014 ഒക്ടോബർ എട്ടിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ ഏറ്റവും ഒടുവിലായി രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് കെ.സി.എ സെക്രട്ടറി ശ്രീജിത്ത്‌ വി നായർ ഖേൽ നൗവിനോട്‌ പ്രതികരിച്ചതിങ്ങനെ- "2014ലിലാണ് 30 വർഷത്തെ കരാർ അടിസ്ഥാനത്തിൽ ജി.സി.ഡി.എയിൽ നിന്ന് സ്റ്റേഡിയം (കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം) ഞങ്ങളെടുത്തത്. ഇതുവരെ സ്റ്റേഡിയത്തിന്റെ പരിപാലനത്തിനായി കോടികൾ (10ൽ കൂടുതൽ എന്ന് കണക്കുകൾ) ഞങ്ങൾ അവിടെ മുടക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്രിക്കറ്റ്‌ മത്സരങ്ങൾ അവിടെ കളിക്കാൻ ഞങ്ങളെ അനുവദിക്കാത്തത് നീതികേടാണ്. ഫുട്ബോൾ നിലനിൽക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ക്രിക്കറ്റ്‌ കൂടി അവിടെ വേണമെന്ന  ആവശ്യം മാത്രമേയുള്ളു."

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഉത്തരവാദിത്വമുള്ള ജി.സി.ഡി.എയ്ക്ക് ക്രിക്കറ്റും ഫുട്ബോളും അവിടെ നടത്തണമെന്ന അഭിപ്രായമാണുള്ളത്. "എല്ലാ സ്പോർട്സും അവിടെ നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പരസ്പര സഹകരണത്തോടെ നമ്മൾ മുന്നോട്ട് പോവേണ്ടിയിരിക്കുന്നു, ഇതൊരു മികച്ച സ്റ്റേഡിയമാണ്, എല്ലാവര്ക്കും അത് ഉപകാരപ്രദമാകണം" വി സലിം, ജി.സി.ഡി.എ ചെയർമാൻ അടുത്തിടെ നടന്ന ഇന്റർവ്യൂവിൽ പറഞ്ഞു .

"ജി.സി.ഡി.എയിൽ നിന്ന് പാട്ടത്തിനാണ് സ്റ്റേഡിയം കെ.സി.എ എടുത്തതെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്കതിൽ ഒരു പ്രശ്നവുമില്ല, കാരണം, ജി.സി.ഡി.എയും കെ.സി.എയും തമ്മിലുള്ള കരാർ പ്രകാരം നാഷനൽ - ഇന്റർനാഷണൽ മത്സരങ്ങൾ ഞങ്ങൾക്ക് സ്റ്റേഡിയത്തിൽ നടത്താനുള്ള അവസരമുണ്ട്. ഇതിൽ ഐ.എസ്.ൽ മത്സരങ്ങളും പെടും. അതുകൊണ്ട് തന്നെ ക്രിക്കറ്റ് മത്സരങ്ങൾ അവിടെ നടത്തുന്നതിൽ ഞങ്ങൾക്ക് ആശങ്കയില്ല"- കെ.എഫ്.എ സെക്രട്ടറി അനിൽ കുമാർ ഖേൽ നൗവിനോട് പറഞ്ഞു .

കരാറും അവിടെ ചിലവഴിച്ച പണവും പരിഗണിച്ചാൽ  കെ.സി.എയുടേത് ന്യായമായ ആവശ്യമാണ്. എന്നാൽ ഐഎസ്എല്ലിന്റെ മത്സരങ്ങളുടെ താളം തെറ്റിക്കുന്ന രീതിയിൽ തീരുമാനങ്ങൾ എടുക്കുന്നത് അവിടെ കളിക്കുന്ന ഫുട്ബോൾ ടീമുകൾക്ക്  ബുദ്ധിമുട്ടും ഐഎസ്എൽ സ്റ്റാൻഡേർഡിന്  തകർച്ചയും സൃഷ്ടിക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ ജി.സി.ഡി.എ, കെ.എഫ്.എ, കെ.സി.എ, കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതർ തമ്മിൽ  കൂട്ടായ ചർച്ച നടത്തി എല്ലാവര്ക്കും ഗുണകരമായ രീതിയിൽ തീരുമാനം എടുക്കണം.

Hi there! I'm Khel Snap! 🚀 Click to get a quick summary of the post!