Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

നിഷു കുമാർ :കേരള ബ്ലാസ്‌റ്റേഴ്‌സിനെ എ.എഫ്.സി ചാമ്പ്യൻഷിപ്പിന് വേണ്ടി യോഗ്യരാക്കുകയെന്നത് എന്റെ സ്വപ്നമാണ്

Published at :August 14, 2020 at 6:14 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Gokul Krishna M


കേരള ബ്ലാസ്റ്റേഴ്‌സ് ആർമി സംഘടിപ്പിച്ച ഇൻസ്റ്റാഗ്രാം ലീവിൽ ഷൈജു ദാമോദരൻ നിഷു കുമാറുമായി അഭിമുഖം നടത്തി.

4 വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്ന കാര്യം ക്ലബ്ബ് ഔദ്യോഗികമായി മുൻപ് പ്രഖ്യാപിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ചും വരും സീസണിനെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ചും നിഷു വിശിദീകരിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണെന്ന കാര്യം ഏവർക്കുമറിയാം. കൊച്ചിയിൽ വന്ന് കളിച്ച എല്ലാ താരങ്ങളും തുറന്ന് സമ്മതിക്കുന്ന കാര്യവും അത് തന്നെയാണ്. കൊച്ചി സ്റ്റേഡിയത്തിലെ തന്റെ അനുഭവത്തെ കുറിച്ചു നിഷു പറഞ്ഞതിങ്ങനെ - " അവിടെ പോയ ആദ്യ അവസരത്തിൽ തന്നെ കൊച്ചി സ്റ്റേഡിയം മുഴുവൻ മഞ്ഞയിൽ പുതച്ചു നിൽക്കുകയായിരുന്നു. ഇത്രയധികം ആരാധകരെ കണ്ടത് എന്നെ ആശ്ചര്യപ്പെടുത്തി. കുറെയധികം എവേ കളികൾക്ക് ഞാൻ പോയിട്ടുണ്ട്, എന്നാൽ കേരളത്തിൽ വ്യത്യസ്തമായ അനുഭമാണ് എനിക്ക് ഉണ്ടായത്. 90 മിനുറ്റ് മുഴുവൻ 50-60 നായിരം ആരാധകർ സ്വന്തം ടീമിനെ പിന്തുണയ്ക്കുന്നത് തന്നെ വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ആരാധകരുടെ ശംബ്ദം മൂലം സഹ താരങ്ങളോട് കളിക്കളത്തിൽ സംസാരിക്കാൻ ശ്രമിച്ചാൽ പോലും അവർ കേൾക്കാറില്ല. തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാണവിടെ."

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തുടർന്ന് നിരവധി ക്ലബ്ബ്കൾ അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സാണ് തന്റെ അടുത്ത ടീമായി നിഷു കുമാർ തിരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതിലൂടെ പ്രതീക്ഷിക്കുന്ന മുന്നേറ്റങ്ങളെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. "എന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ടതും ബുദ്ധിമുട്ടേറിയതുമായ തീരുമാനമായിരുന്നു ഇത്. ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നു. പരിചയസമ്പത്തും യുവത്വവും ചേർന്ന മികച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. അതിനാൽ അവിടെ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. എന്റെ കോച്ചിനോടും ഞാൻ സംസാരിച്ചിരുന്നു, ഈ നീക്കം എന്റെ ഭാവിയിലേക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.", നിഷു പറഞ്ഞു.

നിഷുവിന്റെ വരവിനെ ആരാധകരൊട്ടാകെ ആഘോഷിച്ചിരുന്നു. സോഷ്യൽ മീഡിയയിലടക്കം വൻ സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ സൈനിങ്ങിന് ലഭിച്ചത്. ഈയൊരു സ്വീകാര്യത സമ്മർദ്ദമാണോ പ്രചോദനമാണോ ഉണ്ടാക്കിയത് എന്ന ചോദ്യത്തോടെ അദ്ദേഹം പ്രതികരിച്ചതിങ്ങനെ - "ഒത്തിരി ആരാധകർ എന്റെ വരവിനെ ആഘാഷിച്ചു, കുറെ പേർ നന്നായി കളിയ്ക്കാൻ വേണ്ടി എന്നെ വിഷ് ചെയ്യുന്നു, ഇതൊക്കെ കാരണം സമ്മർദം തീർച്ചയായിട്ടും ഉണ്ട്. നന്നായി പ്രകടനം നടത്തുക എന്ന ചുമതല എന്റെ തോളിൽ ഉണ്ടെന്ന കാര്യം എനിക്ക് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ആരാധകർക്ക് വേണ്ടി കഠിനാദ്ധാനം ചെയ്തു മികച്ച പ്രകടനം ഞാൻ കാഴ്ചവെക്കും. സമ്മർദ്ദമുണ്ട്, എന്നാൽ ഇത്രയധികം ആരാധകർ എന്നെ പിന്തുണയ്ക്കാൻ ഉള്ളത് എന്റെ ശക്തിയായി ഞാൻ കണക്കാക്കുന്നു."

തന്റെ ഇഷ്ട പൊസിഷനേതെന്ന ചോദ്യത്തിനും നിഷു മറുപടി നൽകി. "രണ്ട് സൈഡിലും കളിയ്ക്കാൻ എനിക്ക് ഇഷ്ടമാണ്. ഞാൻ റൈറ്റ് ഫൂട്ടർ ആയതിനാൽ വലത് ഭാഗത്തു കളിയ്ക്കാൻ കുറച്ചു കൂടി എളുപ്പമാണ്. പക്ഷെ മോഡേൺ ഫുട്ബോളിൽ പരിശീലകന് വേണ്ടത്ര ഓപ്ഷൻസ് നമ്മൾ നൽകേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ രണ്ട് പൊസിഷനിലും കളിക്കാൻ ഞാൻ ഇഷ്ടപെടുന്നു."

"മോഡേൺ ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട പൊസിഷനാണ് ഫുൾ ബാക്ക്. ആക്രമണത്തിലും പ്രതിരോധത്തിലും ഈ പൊസിഷന് മുഘ്യ പങ്കുണ്ട്. അതുകൊണ്ട് മികച്ച ഫിറ്റ്നസ് നിലനിർത്തുകയെന്നത് ഒരു ഫുൾ ബാക്കിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്."

കൊറോണ മഹാമാരി മൂലം ക്ലബ്ബ്കളും താരങ്ങളും പല തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിലവിലെ തന്റെ പരിശീലന രീതികളെ കുറിച്ചു നിഷു പറഞ്ഞതിങ്ങനെ - "വീടിനടുത്തു ഒരു സ്കൂൾ ഗ്രൗണ്ടുണ്ട്. ദിവസവും അവിടെ പോയി പരിശീലിക്കാറുണ്ട്. ഞങ്ങളുടെ ഫിറ്റ്നസ് ട്രെയ്നറിൽ നിന്നും ഫിറ്റ്നസ് നിലനിർത്താനുള്ള നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്, അതും നന്നായി പിന്തുടരുന്നുണ്ട്."

ഫുട്ബോളിനേക്കാൾ ക്രിക്കറ്റിനെ സ്നേഹിക്കുന്ന നാട്ടിൽ നിന്നാണ് നിഷു കുമാറിന്റെ വരവ്. അതുകൊണ്ട് തന്നെ ഫുട്ബോൾ കരിയർ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. തന്റെ മാതാപിതാക്കളാണ് തനിക്ക് എന്നും പിന്തുണ നൽകിയതെന്ന് നിഷു വ്യക്തമാക്കി. "കരിയറിന്റെ തുടക്ക ഘട്ടത്തിൽ എന്റെ മാതാപിതാക്കൾ എനിക്ക് വേണ്ടി ഒത്തിരി ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ പഠിക്കാൻ ഞാൻ മിടുക്കനായിരുന്നു, അതുകൊണ്ട് തന്നെ കുറെ പേർക്ക് ഞാൻ ഫുട്ബാളിൽ ശ്രദ്ധ കൊടുക്കുന്നതിൽ താല്പര്യം ഇല്ലായിരുന്നു. ഫുട്ബാളിലേക്ക് എന്നെ വിടരുതെന്ന് അവർ പറയുമായിരുന്നു. ഇതെല്ലം കാരണം ഫുട്ബോളാണ് എന്റെ ജീവിതം എന്ന് കളിച്ചു തന്നെ എല്ലാവരെയും ബോധ്യപ്പെടുത്തേണ്ടിയിരുന്നു.", നിഷു പറഞ്ഞു.

ജെസ്സെൽ കാർണേയ്‌റോയും നിഷുവും കൂടി ചേരുന്ന പ്രതിരോധ നിരയുടെ പ്രകടനത്തിനായാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്. അദ്ദേഹവുമായി കളിയ്ക്കാൻ കഴിയുന്നതിനെ കുറിച്ച് നിഷു പറഞ്ഞതിങ്ങനെ -"കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് ജെസ്സെൽ കാഴ്ചവെച്ചത്. അദ്ദേഹത്തിൽ നിന്നും പഠിക്കാൻ ഒത്തിരി കാര്യങ്ങളുണ്ട്. അദ്ദേഹത്തോടൊപ്പം കളിയ്ക്കാൻ ഞാൻ കാത്തിരിക്കുകയാണ്."

നിലവിലെ സാഹചര്യം കണക്കിലെടുത്തു കാണികൾക്ക് പ്രവേശനമില്ലാതെ ഐ.സ്.ൽ മുഴുവനായി നടത്താനാണ് സാധ്യത. എല്ലാ കളിക്കാരെയും പോലെ നിഷുവും തന്റെ വിഷമം പങ്കു വെച്ചു. "വളരെ ബുദ്ധിമുട്ടേറിയ സമയമാണ് ഇപ്പോൾ കടന്നുപോകുന്നത്. എന്റെ ആദ്യ സീസണിൽ തന്നെ (ബ്ലാസ്റ്റേഴ്‌സ്) ആരാധകർക്ക് മുൻപിൽ കളിയ്ക്കാൻ കഴിയുന്നില്ല എന്നത് വിഷമകരമാണ്, എന്ത് തന്നെയായാലും അവർ എന്നെ ടിവിയിൽ കാണാമല്ലോ. അവരെ ഞങ്ങളെല്ലാവരും മിസ്സ് ചെയ്യും, അടുത്ത വർഷം അവർക്ക് മുൻപിൽ കളിക്കാനുള്ള അവസരത്തിനായി ഞാൻ കാത്തിരിക്കും.", നിഷു പറഞ്ഞു.

ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയെ കുറിച്ചു നിഷുവിനുള്ള പ്രതീക്ഷകൾ എന്തൊക്കെയാണെന്ന് ഷൈജു ദാമോദരൻ ചോദിക്കുകയുണ്ടായി. അതിന് നിഷു ഉത്തരം നല്കിയതിങ്ങനെ - "ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി മികച്ചത് തന്നെയായിരിക്കും. ഇപ്പോൾ എല്ലാ ടീമിലും മികച്ച രീതിയിൽ കളിക്കുന്ന 3 - 4 യുവ താരങ്ങളുണ്ട്. പത്തു വർഷം മുൻപ് അത്രയധികം മികച്ച യുവ താരങ്ങളെ കാണാൻ കഴിയുമായിരുന്നില്ല. 17 -18 വയസ്സുള്ള യുവ താരങ്ങൾ സീനിയർ ടീമിന് വേണ്ടി നന്നായി കളിക്കുന്ന കാഴ്ചകൾ നമ്മൾ ഇപ്പോൾ കാണുന്നുണ്ട്."

എലൈറ്റ് അക്കാഡമിയിലൂടെയാണ് നിഷു തന്റെ ഫുട്ബോൾ കരിയറിൽ വലിയ വളർച്ച പ്രാപിച്ചത്. അവിടത്തെ അനുഭവങ്ങളെ കുറിച്ചും നിഷു വിശദീകരിച്ചു. "അണ്ടർ 17 ടീമിൽ ഞാൻ സെന്റർ ബാക്കായാണ് കളിച്ചിരുന്നത്. അണ്ടർ 19 ടീമിന് വേണ്ടി എലൈറ്റ് അക്കാഡമിയിൽ എത്തിയപ്പോഴാണ് ലെഫ്ട് ബാക്ക് പൊസിഷനിൽ കളിയ്ക്കാൻ പരിശീലകൻ എന്നോട് ആവശ്യപ്പെട്ടത്. അന്ന് മുതൽ ഫുൾ ബാക്കായാണ് ഞാൻ കളിക്കുന്നത്. തുടക്ക ഘട്ടത്തിൽ ഈ മാറ്റം വളരെ ബുദ്ധിമുട്ട് സൃഷ്ഠിച്ചിരുന്നു. പക്ഷെ പരിശീലകൻ എന്നിൽ വിശ്വാസം അർപ്പിച്ചു, പിന്നീട് മികച്ച പ്രകടനം നടത്താൻ എനിക്ക് കഴിഞ്ഞു.", നിഷു പറഞ്ഞു.

ഇനിയുള്ള ഫുട്ബോൾ സ്വപ്നങ്ങളെ കുറിച്ചു മനസ്സ് തുറക്കാൻ നിഷു തയ്യാറായി - "ഇന്ത്യൻ ടീമിലെ സ്ഥിരം അംഗമായി എനിക്ക് മാറണം. അതോടൊപ്പം തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എ.എഫ്.സി ചാമ്പ്യൻഷിപ്പിന് വേണ്ടി യോഗ്യരാക്കുകയെന്നതും എന്റെ സ്വപ്നമാണ്. ഇന്ത്യയെ ഏഷ്യൻ ഫുട്ബോളിലെ ആദ്യ 5 രാജ്യങ്ങളിൽ ഒന്നായി മാറ്റണം എന്ന ആഗ്രഹവും മനസ്സിലുണ്ട്."

Advertisement