അർജുൻ ജയരാജ്: കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ പറ്റാത്തതിൽ സങ്കടമുണ്ട്

കേരളത്തിലെ മുൻനിര ക്ലബ്ബുകളുടെ ഭാഗമാകാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നു എന്നും അർജുൻ സൂചിപ്പിച്ചു.
അർജുൻ ജയരാജ് കേരളം കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ്. ദേശീയ ഫുട്ബോൾ ക്ലബ്ബുകളുടെ ചിറകിൽ മുന്നേറിയ, ഇന്ത്യൻ ഫുട്ബോൾ ആരാധകർ എക്കാലവും പ്രതീക്ഷയോടെ ഉറ്റുനോക്കികൊണ്ടിരുന്ന താരത്തിന് പരിശീലനവേളയിൽ അപ്രതീക്ഷിതമായി ഏറ്റ പരിക്ക് മൂലവും തുടർന്ന് സ്‌ക്വാഡിൽ നിന്ന് അവസരം ലഭിക്കാത്തത് മൂലവും രണ്ടു വർഷത്തോളം കളിക്കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു.
രണ്ടുവർഷത്തോളം സജീവ ഫുട്ബോളിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന ആ താരത്തിന്റെ ഗംഭീര തിരിച്ചു വരവിനാണ് ഈ സീസണിലെ കേരള പ്രീമിയർ ലീഗ് സാക്ഷ്യം വഹിച്ചത്. ഒരു പക്ഷെ ആരാധകർ മാത്രമല്ല, ഒരു താരത്തിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിന് കേരള ഫുട്ബോൾ മുഴുവൻ കാത്തിരുന്നിട്ടുണ്ടെങ്കിൽ അത് അർജുൻ ജയരാജിന്റെത് ആയിരിക്കും. കേരളത്തിൽ ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളുടെ ഭാഗമാകാൻ സാധിച്ച വളരെ ചുരുക്കം താരങ്ങളിൽ ഒരാൾ കൂടിയാണ് അർജുൻ.
മലപ്പുറം എംഎസ്പി സ്കൂളിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച അർജുൻ 2012 സുബ്രതോ കപ്പിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയോടൊപ്പം ഓൾ ഇന്ത്യ ചാമ്പ്യൻഷിപ് ജേതാവുമായി. 2017ൽ ഗോകുലം എഫ്സിയുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം നടത്തിയ സൗഹൃദ മത്സരത്തിലെ മികച്ച പ്രകടനമാണ് അർജുൻ ജയരാജിന് ഗോകുലം കേരളയിലേക്കുള്ള വഴി തുറന്നത്. തുടർന്ന് ആ വർഷം തന്നെ ഗോകുലം കേരളയുടെ റിസർവ് ടീമിനോപ്പം കേരള പ്രീമിയർ ലീഗ് നേടുകയും തൊട്ടടുത്ത വർഷം സീനിയർ ടീമിൽ ഇടം നേടി ഐ ലീഗിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അവിടെ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയെങ്കിലും ആദ്യ സീസൺ പരിക്ക് മൂലം നഷ്ടപ്പെട്ടു. രണ്ടാമത്തെ സീസണിൽ കളിക്കളത്തിൽ ഇറങ്ങാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് ക്ലബ്ബുമായി വേർപിരിയുകയും കേരള യുണൈറ്റെഡിന്റെ ഭാഗമാകുകയും ചെയ്തു.
ഖേൽനൗ നടത്തിയ അഭിമുഖത്തിൽ താൻ കേരള യുണൈറ്റഡ് തിരഞ്ഞെടുക്കാനുള്ള കാരണങ്ങളും ഭാവി തീരുമാനങ്ങൾ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളെക്കുറിച്ചു അർജുൻ ജയരാജ് സംസാരിച്ചു.
[KH_ADWORDS type="4" align="center"][/KH_ADWORDS]
"കേരളത്തിലെ മുൻനിര ക്ലബ്ബുകളുടെ ഭാഗമാകാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നു. ഒരിക്കലും ഇതൊന്നും പ്രതീക്ഷിച്ചല്ല ഫുട്ബോൾ ജീവിതം ആരംഭിച്ചത്. കാലം എനിക്ക് കൊണ്ട് എത്തിച്ചതാണ്. ഞാൻ ആദ്യമായി കളിച്ച പ്രൊഫഷണൽ ക്ലബ്ബ് ഗോകുലം കേരള എഫ്‌സി ആണ്. അവിടുത്തെ പ്രകടനം എന്നെ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിച്ചു. പരിക്കും മറ്റും മൂലം എനിക്ക് ക്ലബ്ബിന് വേണ്ടി അരങ്ങേറാൻ സാധിച്ചില്ല എങ്കിലും അത്രയും വലിയൊരു ക്ലബ്ബിന്റെ ഭാഗമാകൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. രണ്ടു വർഷത്തിൽ അനുഭവസമ്പത്തുള്ള പരിശീലകരുടെയും പരിചയസമ്പന്നരായ താരങ്ങളുടെയും കീഴിൽ എനിക്ക് ധാരാളം പഠിക്കാൻ കഴിഞ്ഞു. തുടർന്ന് കേരള യുണൈറ്റഡ് എന്നെ കളിക്കളത്തിലേക്ക് തിരിച്ചുകൊണ്ട് വന്നു. പൂനെ എഫ്‌സിയുടെ അക്കാദമിയുടെ ഭാഗമായിരുന്നു എന്നല്ലാതെ ഞാൻ ഒരിക്കലും പ്രൊഫഷണൽ ലെവലിൽ കേരളത്തിന് പുറത്തു പോയി കളിച്ചിട്ടില്ല. കാരണം സ്വന്തം നാടിന് വേണ്ടി കളിക്കുന്നത് വല്ലാത്തൊരു വികാരമാണ്," കേരളത്തിലെ മുഖ്യധാരാ ഫുട്ബോൾ ക്ലബ്ബുകളുടെ ഭാഗമാകാൻ സാധിച്ചതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകികൊണ്ട് അർജുൻ ജയരാജ് സംസാരിച്ചു തുടങ്ങി.
കേരള ബ്ലാസ്റ്റേഴ്‌സുമായി വഴി പിരിഞ്ഞ ശേഷം കരിയറിൽ എനിക്ക് ഉണ്ടായ വിടവ് നികത്താനും അത് വഴി മാച്ച് ഫിറ്റ്നസ് നേടിയെടുക്കാനാണ് കേരള യുണൈറ്റഡിന്റെ ഭാഗമായതെന്ന് അർജുൻ വ്യക്തമാക്കി.
“കേരളം ബ്ലാസ്റ്റേഴ്‌സുമായി വഴിപിരിയുമ്പോൾ ധാരാളം ഐ ലീഗ് ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ വന്നിരുന്നു. എന്നാൽ , ഒട്ടും പരിചിതമല്ലാത്ത പരിശീലരും താരങ്ങളും സാഹചര്യങ്ങളും ഒരു കംഫോര്ട് സോണിൽ നിന്ന് ആത്മവിശ്വാസത്തോടെ കളിക്കുന്നതിന് എനിക്ക് ഒരു തടസമാകും എന്നൊരു ചിന്ത എനിക്ക് ഉണ്ടായിരുന്നു. ആ സമയത്താണ് കേരള യുണൈറ്റഡ് എന്നെ സമീപിക്കുന്നത്. അവരുടെ പദ്ധതികളിൽ എനിക്ക് മതിപ്പ് തോന്നിയിരുന്നു . കൂടാതെ , ക്ലബ്ബിന്റെ പരിശീലകൻ ഷാജിറുദ്ധീൻ കോച്ചുമായി എനിക്ക് വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. ഞാൻ ഗോകുലം കേരള എഫ്‌സിയിൽ കളിക്കുമ്പോൾ അദ്ദേഹം അവിടെ അവിടെ അസ്സിസ്റ്റന്റ് കോച്ച് ആയിരുന്നു . എന്റെ കോളേജ് ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. എന്നെ പറ്റി വളരെയേറെ അറിയുന്ന വ്യക്തിയാണ് അദ്ദേഹം. കൂടാതെ, എന്റെ കൂടെ എംഎസ്‌പിയിൽ പഠിച്ച താരങ്ങൾ ക്ലബ്ബിൽ ഉണ്ടായിരുന്നു. ഇതെല്ലാം എന്റെ ആത്മവിശ്വാസം തിരികെ കൊണ്ട് വരാൻ സഹായിച്ചു. അതിനാൽ തന്നെ എന്റെ ഈ തിരിച്ചു വരവിൽ കേരള യുണൈറ്റഡിന് വളരെ വലിയൊരു സ്ഥാനം ഉണ്ട്," താരം പ്രതികരിച്ചു.
"ഗോകുലം കേരളക്ക് എന്റെ മനസ്സിൽ എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. എന്നെ പ്രൊഫഷണൽ ഫുട്ബാളിന്റെ വഴിയിലേക്ക് എത്തിച്ചത് ബിനോ ജോർജും ഗോകുലവുമാണ്. അതിനാൽ തന്നെ അവർ എതിരെ കളിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെ ആയിരുന്നു. പക്ഷെ, അന്നത്തെ കളിയിൽ എന്നെ സംബന്ധിച്ച് അന്നത്തെ മത്സരം എന്റെ ടീം ജയിക്കണം എന്നായിരുന്നു. കാരണം നിലവിൽ ഞാൻ കേരള യുണൈറ്റഡ് എഫ്‌സിയുടെ താരവും ക്യാപ്റ്റനും ആണ്," സെമി ഫൈനലിൽ ഗോകുലം കേരള എഫ്‌സിക്ക് എതിരെ കളിച്ചപ്പോൾ ഉണ്ടായ ചിന്തകൾ അർജുൻ ജയരാജ് പങ്കുവെച്ചു.
[KH_ADWORDS type="3" align="center"][/KH_ADWORDS]
കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെച്ച ശേഷം അർജുനിന് ആദ്യ സീസൺ പരിക്ക് മൂലം നഷ്ട്ടപെട്ടിരുന്നു . തുടർന്ന് രണ്ടാമത്തെ വര്ഷം കളിക്കളത്തിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ ടീമുമായി വഴി പിരിയേണ്ടി വന്നിരുന്നു . ഇഞ്ചുറി മൂലം നഷ്ട്ടപെട്ട ആ വർഷങ്ങളെ കരിയറിലെ ഏറ്റവും മോശം ദിനങ്ങൾ എന്നാണ് അർജുൻ വിശേഷിപ്പിച്ചത്. തുടർന്ന് മാച്ച് ഫിറ്റ്നസ് നേടുന്നതിന് കേരള യുണൈറ്റഡ് വഹിച്ച പങ്കും അദ്ദേഹം വ്യക്‌തമാക്കി.
“ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എന്റെ കരിയറിൽ ഇത്തരമൊരു ഇടവേള ഉണ്ടാകുമെന്ന്. ഇഞ്ചുറി മൂലം സീസൺ നഷ്ടപ്പെട്ടപ്പോൾ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നു പോയത്. ഒരുസമയത്ത് ഫുട്ബോളിൽ നിന്ന് ഞാൻ പുറത്തായി എന്ന ഭീതിയും എന്റെ കരിയർ തന്നെ അവസാനിച്ചു എന്ന തോന്നലും എന്നിൽ ഉണ്ടായി. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം രണ്ട് വർഷങ്ങൾ ആയിരുന്നു അത്. അതൊരിക്കലും കേരള ബ്ലാസ്റ്റേഴ്സിൽ പോയത്കൊണ്ടല്ല. മറിച്ച് ഇഞ്ചുറിയും കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ട അവസ്ഥയും രൂപപ്പെട്ടത് കൊണ്ടാണ്. പക്ഷെ, ദൈവത്തിന്റെ അനുഗ്രഹം മൂലം തിരിച്ചു വരാൻ പറ്റി.” - അർജുൻ സംസാരിച്ചു .
“കേരള ബ്ലാസ്റ്റേഴ്‌സ് പോലൊരു വലിയ ക്ലബിന് വേണ്ടി സൈൻ ചെയ്ത ശേഷം ഒരു മത്സരം പോലും കളിയ്ക്കാൻ സാധിക്കാത്തത് ഇന്നും ആലോചിക്കുമ്പോൾ സങ്കടം തന്നെയാണ്. അതിലാരെയും കുറ്റപ്പെടുത്തുന്നില്ല. കാരണം, കഴിഞ്ഞ സീസണിൽ എന്റെ പൊസിഷനിൽ വിദേശതാരങ്ങൾ ഉൾപ്പെടെയുള്ള ഒരു നിര തന്നെ ഉണ്ടായിരുന്നു. കൂടാതെ, അവർ എപ്പോഴും ഫിറ്റ് ആയിരുന്നു. എനിക്ക് ആണേൽ ഒരു സീസൺ മുഴുവൻ കളിക്കളത്തിൽ ഇറങ്ങാതിരുന്നതിനെ തുടർന്ന് ഉണ്ടായ ബുദ്ധിമുട്ടുകൾ ഉണ്ട്. ഒരുപക്ഷെ, ഞാൻ ക്ലബ്ബിൽ നിലനിന്നിരുന്നെകിൽ അവസാന മത്സരങ്ങളിൽ അവസരം കിട്ടിയേനെ. പക്ഷെ , ഇന്ത്യൻ സൂപ്പർ ലീഗ് പോലെയുള്ള അത്രയും ഇന്റെന്സിറ്റി ഉള്ള വേദിയിൽ സമീപകാലത്തു മത്സരങ്ങൾ കളിക്കാത്തതിനെ തുടർന്ന് നഷ്ടപെട്ട മാച്ച് ഫിറ്റ്നസും ഗെയിം റീഡ് ചെയ്യാനുള്ള കഴിവ് കുറഞ്ഞതും എന്റെ കളിയെ ബാധിക്കുമായിരുന്നു,“ അദ്ദേഹം വ്യക്തമാക്കി.
“എന്റെ മാച്ച് ഫിറ്റ്നസ് തിരികെ കൊണ്ടുവരുന്നതിൽ കേരള യുണൈറ്റഡ് വഹിച്ച പങ്ക് വളരെ വലുതാണ്. കോച്ചിന്റെ കീഴിൽ പരിശീലനം ആരംഭിച്ചു. കോച്ചിനോട് സംസാരിച്ചു ധാരാളം സൗഹൃദമത്സരങ്ങളിൽ മുഴുവൻ സമയവും കളിക്കാൻ അവസരം രൂപപ്പെടുത്തി. എനിക്ക് ആവശ്യത്തിന് മാച്ച് ഫിറ്റ്നസ് ഉണ്ടാകണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. മസിൽ, ഹാംസ്ട്രിങ് തുടങ്ങിയ ചെറിയ ഇഞ്ചുറികൾ ഉണ്ടാകുമ്പോൾ അധികം വിശ്രമം എടുക്കാതെ ചെറിയ രീതിയിൽ തന്നെ പരിശീലനം പുനരാരംഭിച്ചു. പിന്നെ കെപിഎൽ മത്സരങ്ങളും മാച്ച്ഫിറ്റ്നസ് വീണ്ടെടുക്കാൻ സഹായിച്ചു," അർജുൻ ജയരാജ് കൂട്ടിച്ചേർത്തു.
[KH_RELATED_NEWS title="Related News |Article Continues Below"][/KH_RELATED_NEWS]
ഈ ഒരു പാൻഡെമിക് സാഹചര്യത്തിലും വളരെ നല്ല രീതിയിൽ തന്നെ കെപിഎൽ മൽസരങ്ങൾ സംഘടിപ്പിച്ച കേരള ഫുട്ബോൾ അസോസിയേഷനോട് താരം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
“കേരളത്തിലുള്ള താരങ്ങളെ സംബന്ധിച്ചു വലിയൊരു ഭാഗ്യമാണ് ഈ സീസണിൽ കേരളം പ്രീമിയർ ലീഗ് നടന്നത്. കാരണം, ഈ ഒരു അവസരത്തിൽ കേരളത്തിലെ താരങ്ങൾക്ക് മുന്നോട്ട് കുതിക്കാനുള്ള അവസരം ഈ ലീഗ് ഒരുക്കിക്കൊടുത്തു. നല്ലൊരു ടെലികാസ്റ്റ് ഉണ്ടായത് താരങ്ങൾക്കും ക്ലബ്ബുകൾക്കും കൂടുതൽ ബൂസ്റ്റ് നൽകി. ഒരു കളി പോലും മുടങ്ങാതെ ഒരാൾക്ക് പോലും രോഗം പിടിപെടാതെ സീസൺ പൂർത്തീകരിച്ചതിൽ കേരള ഫുട്ബോൾ അസോസിയേഷൻ അഭിനന്ദനം അർഹിക്കുന്നു,” - താരം പ്രതികരിച്ചു.
“എന്റെ കേരള യുണൈറ്റഡുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചു. ഇനിയെന്ത് എന്ന് തീരുമാനിച്ചിട്ടില്ല. കേരള യുണൈറ്റഡ് അടക്കമുള്ള ക്ലബ്ബുകളുമായി സംസാരിക്കുന്നുണ്ട്. കാരണം കളിക്കളത്തിൽ എനിക്ക് പ്ലെയിങ് ടൈം കിട്ടണം ഒപ്പം ഇത് എനിക്കൊരു ജീവിതമാർഗം കൂടിയാണ്. സാധാരണ ഗതിയിൽ ഫിറ്റ്നസ് കീപ് ചെയ്ത് മുന്നോട്ട് പോകുന്ന ഒരു താരത്തിന് 35 വയസ്സുവരെയാണ് ഇന്ത്യയിൽ കളിയ്ക്കാൻ സാധിക്കുന്നത്. അങ്ങനെ കണക്കാക്കിയാൽ എനിക്ക് ഇനി പരമാവധി 10 വര്ഷം കൂടി ഫുട്ബാളിൽ തുടരാൻ സാധിച്ചേക്കും. അതിനാൽ തന്നെ കളിക്കാനുള്ള അവസരത്തിന് ഒപ്പം ഒരു വരുമാനമാർഗവും ആകണം ഇനി തെരഞ്ഞെടുക്കേണ്ട ക്ലബ് . കൂടാതെ , ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേതാക്കളായതിന്റെ ഭാഗമായി ഒരു ഗവണ്മെന്റ് ജോലി വന്നിട്ടുണ്ട്. അതിന് അപേക്ഷിച്ചിട്ടുണ്ട്. അത് കിട്ടുകയാണെങ്കിൽ ഫുട്ബോൾ കരിയർ അവസാനിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് വളരെ ഉപകാരമായിരിക്കും . കൂടാതെ കരിയറിന് ശേഷം കോച്ചിങ് ലൈസൻസുകൾ എടുത്ത് പരിശീലക മേഖലയിലേക്ക് നീങ്ങാനും ആഗ്രഹമുണ്ട്. ഒരു ജോലി കിട്ടി എന്ന കരുതി ഫുട്ബോളിനെ പാടെ ഒഴിവാക്കാൻ കഴിയില്ലലോ, കാരണം അത് എന്റെ പാഷൻ ആണ്,” അർജുൻ ജയരാജ് തന്റെ ഭാവിതീരുമാനങ്ങളെ പറ്റി കൂടി പറഞ്ഞ് അവസാനിപ്പിച്ചു.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
- Genoa vs Venezia Prediction, lineups, betting tips & odds
- Leeds United vs Sunderland Prediction, lineups, betting tips & odds
- Al Shorta vs Al Ain Prediction, lineups, betting tips & odds
- Al Ahli vs Al Gharafa Prediction, lineups, betting tips & odds
- Persepolis vs Al Nassr Prediction, lineups, betting tips & odds
- Manchester United: Six quickest managers to record five Premier League home defeats
- Top five big Saudi Pro League managerial signings that failed horribly
- Top five highly rated youngsters who moved to Saudi Pro League
- Top 10 players with most goals in Champions League history
- Real Madrid vs Manchester City: Top five best Champions League matches