സഹലിന്റെ വിജയ രഹസ്യം തുറന്നു പറഞ്ഞു മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ
മനസ്സ് തുറന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ.
ലോകം ഒട്ടാകെ ദുരന്ത ഭീതി വിതച്ച കോവിഡ് 19 വൈറസ് എല്ലാവരെയും കേവലം നാലു ചുവരുകളിൽ ഒതുക്കിയിരിക്കുകയാണ്. ഫുട്ബാൾ രംഗത്ത് കളിക്കളത്തിൽ നിന്നും പുതിയ വിവരങ്ങൾ ഒന്നും ലഭിക്കാത്തത് കൊണ്ട് താരങ്ങളുടെയും പരിശീലകരുടെയും ഓൺലൈൻ അഭിമുഖങ്ങളിൽ കൂടിയാണ് പുതിയ വിവരങ്ങൾ ലഭിക്കുന്നത്. ഒരു ഭാഗ്യം എന്ന നിലയിൽ ആണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് റിസർവ് ടീമിന്റെ മുൻ പരിശീലകൻ ഷമീൽ ചെമ്പകത്ത് തന്റെ തിരക്കുകൾക്ക് ഇടയിലും ഖേൽ നൗവിന്റെ 10 ചോദ്യങ്ങൾക്ക് ഫോണിൽ കൂടി മറുപടി പറയാൻ തന്റെ വിലപ്പെട്ട സമയത്തിൽ നിന്നും കുറച്ച് ഭാഗം മാറ്റി വച്ചത്, അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇതാ…
ഒരു പരിശീലകൻ എന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രയാണത്തിനെ എങ്ങനെ വിലയിരുത്തുന്നു?
ഒരു പരിശീലകന്റെ വീക്ഷണകോണിൽ കൂടി നോക്കി കാണുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഇതുവരെയുള്ള പ്രകടനം വളരെ തൃപ്തികരമായ വിധത്തിൽ ആണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇന്ന് ഒരു വിത്തു മണ്ണിൽ വിതക്കുമ്പോൾ അതിൽ നിന്ന് ഉണ്ടാകുന്ന മധുരമുള്ള ഫലം നാളെ തന്നെ നമുക്ക് കഴിക്കാൻ കഴിയും എന്നു കരുതുന്നത് ബാലിശമായ ഒരു ചിന്താഗതിയാണ്, അത് കിളിർക്കണം തളിരിടണം പൂക്കണം കായ്ക്കണം അതിന് അതിന്റെതായ സമയം ആവിശ്യമാണ് അതുപോലെയാണ് ഒരു ഫുട്ബാൾ ക്ലബ്ബും. കേരളത്തിൽ അങ്ങോളമിങ്ങോളം സെലക്ഷൻ ക്യാമ്പുകൾ നടത്തി കുരുന്നു പ്രതിഭകളെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ് വിത്തു വിതച്ചു കഴിഞ്ഞു, ഇതൊരു ദീർഘകാല അടിസ്‌ഥാനത്തിൽ ഉള്ള പ്രക്രിയ ആണ്. ഈ കുരുന്നു താരങ്ങൾ ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന് ഒരു മുതൽക്കൂട്ട് ആകേണ്ടവർ ആണ്. ആ ഫലം നമുക്ക് ലഭിക്കും അതിനായി ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി.
ഇന്ത്യൻ ഫുട്ബോളിൽ സഹലിന്റെ ഭാവി എന്താവും?
ഭാവി ഒരിക്കലും നമുക്ക് പ്രവചിക്കാൻ കഴിയില്ല, ഞാൻ പരിശീലിപ്പിച്ചിട്ടുള്ള താരങ്ങളിൽ വച്ചു ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ തന്നെയാണ് സഹൽ അബ്ദുൽ സമദ് എന്നു നിസ്സംശയം പറയാൻ കഴിയും. സഹലിന്റെ ഏറ്റവും മികച്ച ഗുണം കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സ് ആണ്. ഓരോ നിമിഷവും കൂടുതൽ മെച്ചപ്പെടാൻ അവൻ ആഗ്രഹിക്കുന്നു, അവന്റെ കഠിനാദ്ധ്വാനം തന്നെയാണ് ഭാവിലേക്ക് ഉള്ള അവന്റെ നിക്ഷേപം അതിന്റെ ഗുണങ്ങൾ ഇപ്പോൾ തന്നെ സഹലിന് ലഭിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല വളരെ വേഗം ഇന്ത്യൻ ദേശീയ ടീമിലേക്ക് എത്താൻ അവന് സാധിച്ചു. ഛേത്രിയെയൊക്കെ പോലെ തന്റെ മികവിനെ കൂടുതൽ മൂർച്ചയുള്ളതാക്കാൻ ദീർഘകാലം സഹൽ കഠിനാദ്ധ്വാനം ചെയ്താൽ ഇന്ത്യയിലെ എറ്റവും മികച്ച അറ്റാക്കിങ് മിഡ് ഫീൽഡർമാരിൽ ഒരാൾ ആയി സഹൽ വളരും.
നിരവധി പരിശീലകർ വന്നു പോയ ബ്ലാസ്റ്റേഴ്‌സിൽ ഇതുവരെ ഉള്ള ബ്ലാസ്റ്റേഴ്‌സ് കോച്ചുകളിൽ ഏറ്റവും മികച്ചത് ആരാണ്?
അത് അങ്ങനെ ഒരാളെ മാത്രം ചൂണ്ടി കാണിക്കാൻ കഴിയില്ല ഓരോ പരിശീലകരുടെയും പരിശീലന രീതികൾ വ്യത്യസ്തമായ തരത്തിൽ ആകും. അത് ലഭ്യമായ വിഭവങ്ങൾ വച്ചുകൊണ്ട് എത്രമാത്രം ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുന്നു എന്നതാണ് ഒരു പരിശീലകന്റെ വിജയം. പരിശീലകർക്ക് ലഭ്യമായ വിഭവങ്ങൾ എതിരാളികളുടെ ബലം ഇതെല്ലാം ഇവിടെ പരിഗണിക്കേണ്ട സംഗതികൾ ആണ്, അതു കൊണ്ട് ആരാണ് മികച്ചത് ആരാണ് മോശം എന്നു പറയാൻ കഴിയില്ല എല്ലാം അപേക്ഷികമാണ്.
എന്തൊക്കെ ആണ് ബ്ലാസ്റ്റേഴ്സിന്റെ ഭാവി പദ്ധതികൾ, അവ എത്ര മാത്രം ഫലപ്രദമാകും എന്നാണ് തങ്ങളുടെ വിലയിരുത്തൽ?
പ്രദേശിക വികാരത്തിന് അപ്പുറത്തേക്ക് ഇന്ത്യൻ ഫുട്ബോളിന്റെ പുരോഗതിയാണ് മറ്റുള്ള എല്ലാ ടീമുകളേയും പോലെ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെയും ലക്ഷ്യം. എന്നു കരുതി കേരളത്തിനെ അവഗണിക്കുകയല്ല കേരളത്തിലെ എല്ലാ ജില്ലകളിലും നമ്മൾ സെലക്ഷൻ ക്യാമ്പുകൾ നടത്തുന്നുണ്ട് അവിടെ നിന്ന് പ്രതിഭയുള്ള താരങ്ങളേ കണ്ടെത്തി മികച്ച പരിശീലനം നൽകി ഭാവിയിലെ ഇന്ത്യൻ ടീമിന്റെ പതാക വാഹകർ ആക്കുകയാണ് ഭാവി പദ്ധതിയുടെ രത്നചുരുക്കം.
യുവ താരങ്ങളെ കണ്ടത്തുന്നതിൽ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ തൃപ്തികരമാണോ, എന്തൊക്കെയോ പോരായ്മകൾ ഉള്ളതായി തോന്നുന്നു പലർക്കും, താങ്കൾക്ക് എങ്ങനെ തോന്നുന്നു?
അങ്ങനെ എടുത്തു പറയത്തക്ക പോരായ്മയൊന്നും ഉള്ളതായി എനിക്ക് തോന്നുന്നില്ല. മുൻ വർഷത്തെ ടീം സ്ക്വാഡ് പരിശോധിച്ചാൽ തന്നെ അറിയാം യുവ താരങ്ങൾക്ക് ഇത്രയധികം അവസരങ്ങൾ നൽകിയ മറ്റൊരു ടീം ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം, കഴിഞ്ഞ സീസണിൽ തന്നെ ശരാശരി പ്രായം ഏറ്റവും കുറഞ്ഞ ടീം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ്.
ബ്ലാസ്റ്റേഴ്‌സ് ടീമിനെ നയിച്ചതിൽ ഡേവിഡ് ജെയിംസ് മുതൽ ഓഗ്‌ബച്ചേ വരെയുള്ളവരെ പരിഗണിക്കുമ്പോൾ ആരാണ് മികച്ച ക്യാപ്റ്റൻ?
നേരത്തേ തന്നെ പറഞ്ഞില്ലേ ഓരോ പരിശീലകർക്കും ഓരോ ശൈലി ഉണ്ടായിരിക്കും, അതിന് അനുസരിച്ച് ആയിരിക്കും ക്യാപ്റ്റന്റെ റോളും പലപ്പോഴും നിർവചിക്കാൻ പോകുന്നത്. ആരോൺ ഹ്യൂഗ്സ്സിനെപ്പോലെ നേതൃ പാടവം ഉള്ള നായകന്മാർ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയിട്ട് ഉണ്ട്. ഡേവിഡ് ജെയിംസ് മുതൽ ഓഗ്‌ബച്ചേ വരെയുള്ള ഓരോ നായകന്മാരും തങ്ങളുടെ റോൾ ഭംഗിയായി ചെയ്തിട്ട് ഉണ്ട്,ഹ്യൂസിനെപ്പോലെയും ജിങ്കനെപോലെയും ഓഗ്‌ബച്ചേയെയും പോലെ ഉള്ള താരങ്ങൾ ടീമിന് നൽകുന്ന ഉത്തേജനം വളരെ വലുതാണ്.
ഒരു ടീം ജയിക്കുന്നതിൽ ആരാധകരുടെ പിന്തുണ എത്രത്തോളം ബാധിക്കുന്നുണ്ട്, മഞ്ഞപ്പടയെ പറ്റി എന്താണ് അഭിപ്രായങ്ങൾ?
എടുത്തു പറയേണ്ട ഒരു വസ്തുത തന്നെയാണ് ആരാധകരുടെ പിന്തുണ, എന്നോട് പല താരങ്ങളും പറഞ്ഞിട്ട് ഉണ്ട് ഗാലറിയിൽ നിന്നും ഒരു ആവേശം തങ്ങളുടെ സിരകളിലേക്ക് പ്രവഹിക്കുന്നു എന്നു. എതിർ ടീമിലെ അംഗങ്ങൾക്ക് പലപ്പൊഴും കൊച്ചിയിലെ ആരവം അലോസരപ്പെടുത്തുന്ന അനുഭവം ആയിരുന്നു. നിറഞ്ഞു കവിഞ്ഞ ആർത്തു വിളിക്കുന്ന ഗാലറി എപ്പോഴും താരങ്ങളുടെ ഒരു എക്സ്ട്രാ എനർജിയാണ്, ആ ഊർജം ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്നുണ്ട് അതിൽ മഞ്ഞപ്പടയുടെ പങ്ക് വളരെ വലുതാണ്. ട്രാവലിഗ് ഫാൻസ് ഒക്കെ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്.
സഹലിനെ പുറത്ത് ഇരുത്തിയ എൽക്കോ ഷറ്റോറിയുടെ തീരുമാനതിനോട് താങ്കൾക്ക് എത്ര മാത്രം യോജിക്കുവാൻ കഴിയും?
ഞാൻ നേരത്തെ പറഞ്ഞത് പോലെ ഓരോ പരിശീലകരുടെയും പരിശീലന രീതികൾ വ്യത്യസ്തമായ തരത്തിൽ ആകും. അത് ലഭ്യമായ വിഭവങ്ങൾ വച്ചുകൊണ്ട് എത്രമാത്രം ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുന്നു എന്നതാണ് ഒരു പരിശീലകന്റെ വിജയം. സഹലിനെ പോലെ ഉള്ള താരങ്ങളേ എൽക്കോ ഷറ്റോറി പുറത്ത് നിർത്തി എങ്കിൽ അതിനു കാരണങ്ങൾ ഉണ്ടാകാം. ബർത്തലേമിയോ ഓഗ്‌ബച്ചേ റാഫേൽ മെസ്സി ബൗളി, സിഡോ തുടങ്ങിയവർ മുന്നിരയിൽ നിറഞ്ഞു കളിച്ചപ്പോൾ സഹലിന് കൂടുതൽ അവസരങ്ങൾ കിട്ടിയില്ല എന്നതിനോട് ഞാൻ യോജിക്കുന്നു എങ്കിലും ചില കളികളിൽ താരം കളത്തിൽ ഇറങ്ങിരുന്നു. കിട്ടിയ അവസരങ്ങൾ താരം ഫലപ്രദമായി വിനിയോഗിക്കയും ചെയ്തു സ്ഥിതിവിവര കണക്കുകൾ നോക്കിയാൽ അത് അറിയാൻ സാധിക്കും.
ഒരു ആരാധകന്റെ കണ്ണിൽ കൂടി നോക്കിയാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരാണ്?
ഒരു മലയാളി ഫുട്‌ബോൾ പ്രേമി എന്ന നിലയിൽ ആരാധകരേ സന്ദേശ് ജിങ്കനെ പോലെ ഇത്ര മാത്രം പ്രചോദനം നൽകിയ ഒരു ക്യാപ്റ്റൻ വേറെ ഇല്ല, പരിശീലന വേളകളിൽ ഒരു ടീമിലെ യുവ താരങ്ങൾക്ക് ഇത്രയും പിന്തുണ നൽകാൻ തയ്യാറാകുന്ന മറ്റൊരു നായകൻ ഇല്ല എന്നു തന്നെ വേണമെങ്കിൽ പറയാം. ടീം വിജയിച്ച ശേഷം നടത്തുന്ന വൈക്കിങ് ക്ലാപ് സെഷനിൽ നോക്കിയാൽ അറിയാം അലറി വിളിച്ചു കൊണ്ട് ആരാധക ഹൃദയത്തിലേക്ക് ആണ് ജിങ്കൻ കുതിച്ചു കയറുന്നത്, ഒരു ഇൻ ബോൺ നായകനാണ് സന്ദേശ്.
ഈ ഒരു കാലയളവിന് ഉള്ളിൽ ബ്ലാസ്റ്റേഴ്‌സ് പ്രൊഡ്യൂസ് ചെയ്ത ഏറ്റവും മികച്ച രണ്ടു താരങ്ങൾ ആരൊക്കെയാണ്?
നിസംശയം പറയാം അത് സഹലും റാക്കിപ്പും ആണ്…
For more updates, follow Khel Now on Twitter and join our community on Telegram.
- Top five footballers to play for both Manchester United and Manchester City
- List of all countries to host FIFA World Cup
- Ballon d’Or 2025: Top five favourites as of December 2024
- Oscar Bruzon angry at refereeing standards after Jeakson Singh red card & Madih Talal injury in ISL
- ISL 2024-25: Full fixtures, schedule, results, standings & more