കേരളത്തിലെ ഫുട്ബോൾ വളർച്ചയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്ന  പ്രശ്നങ്ങൾ  പരിഹരിക്കേണ്ടിയിരിക്കുന്നു.

ഫുട്ബോളിന് നല്ല വളക്കൂറുള്ള ഇന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മികച്ച ഫുട്ബോൾ ചരിത്രമുള്ള കേരളം, ഇടയ്ക്ക്  ഒരു ഘട്ടത്തിൽ കുറച്ചു പിന്നോക്കം പോയിരുന്നു. എന്നാൽ ഐ.സ്.ല്ലിന്റെ വരവോടെ കേരള ഫുട്ബോളിന്റെ  പഴയ പ്രതാപം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്  അതിന്റെ പിന്നിലെ  പ്രവർത്തകരും ആരാധകരും.

പണ്ടുണ്ടായ തരത്തിലുള്ള മലയാളി സാന്നിധ്യം    ഇന്ത്യൻ ടീമിൽ ഇന്ന്  കുറഞ്ഞിരിക്കുന്നു. ഫുട്ബോൾ കമ്പത്തിന് പേര് കേട്ട നാടിന്റെ ഫുട്ബോൾ വളർച്ചയെ  ചില പ്രശ്നങ്ങൾ  പിന്നോട്ടടിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളേതൊക്കെയെന്ന് നോക്കാം.

1.കേരള പ്രീമിയർ ലീഗ് കൂടുതൽ മെച്ചപ്പെടണം

മിസോറം ഫുട്ബോൾ ലീഗ്, കൽക്കട്ട ലീഗ്, ഗോവ പ്രൊ ലീഗ് തുടങ്ങിയ ലീഗുകൾ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാന ലീഗുകളാണ്. കേരള ഫുട്ബോൾ അസോസിയേഷൻ കേരള പ്രീമിയർ ലീഗ് നടത്തുന്നുണ്ടെങ്കിലും,  മറ്റു ലീഗുകളുമായി  താരതമ്യപ്പെടുത്തിയാൽ കെ പി ൽ ഇനിയും ഒത്തിരി മെച്ചപ്പെടാനുണ്ട്.

സന്തോഷ്‌ ട്രോഫി ടൂർണമെന്റിന് വേണ്ടി  കെ പി ൽ ഇടയ്ക്ക് വെച്ച് നിർത്തി വെയ്ക്കുകയും, പിന്നീട് ഒരവസരത്തിലേക്ക് അത് മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതുമൂലം വൻ സാമ്പത്തിക ബാധ്യത പല ടീമുകൾക്കുമുണ്ടായി. ഇതൊക്കെ കാരണം ചില ക്ലബ്ബ്കൾ ഇടയ്ക്ക് വെച്ച് പിന്മാറിയ അവസ്ഥയുമുണ്ടായി. ഇതിനിടയ്ക്ക്, MYCUJOO ഓൺലൈൻ ടെലികാസ്റ്റിംഗ് വെബ്‌സൈറ്റുമായി കരാറിലെത്തിയെന്നും, കെ പി ല്ലിന്റെ ടെലികാസ്റ്റിംഗും അപ്ഡേറ്റസും അതിലൂടെ നടത്തുമെന്നും കെ ഫ് എ അറിയിച്ചിരുന്നു. എന്നാൽ ആ വാഗ്ദാനവും പൂർത്തീകരിക്കാൻ കെ.ഫ്.യ്ക്ക്  കഴിഞ്ഞില്ല.

കൂടുതൽ ദൈർഖ്യമേറിയ ഒരു പ്രൊഫഷണൽ ലീഗായി കെ.പി.ൽ മാറണം. എന്നാൽ അത്തരത്തിലുള്ള ടൂര്ണമെന്റ് നടത്താൻ നല്ല സ്പോൺസർമാരെ കിട്ടുന്നില്ല എന്ന പ്രശ്നവും പലരും ഉന്നയിക്കുന്നു.

2.പ്രതിഭയുള്ള താരങ്ങൾ ഡിപ്പാർട്മെന്റ് ടീമുകളിൽ ഒതുങ്ങി പോകുന്നു

പല കഴിവുള്ള താരങ്ങൾക്കും ഡിപ്പാർട്മെന്റ് ടീമുകളിൽ ഒതുങ്ങി കൂടേണ്ട  അവസ്ഥ ഉണ്ടാകുന്നുണ്ട്. ഒരു സുരക്ഷിത ജോലി വിട്ട് ഐ സ് ൽ/ഐ ലീഗ് ക്ലബ്ബ്കളിലേക്ക് പോകുവാൻ മിക്കവരും  തയ്യാറല്ല. അതിന് അവരെ കുറ്റം പറയാനും  സാധിക്കില്ല. അത്തരത്തിലുള്ള നിരവധി താരങ്ങൾക്ക്  ഐ സ് ൽ /ഐ ലീഗ് ക്ലബ്ബ്കൾ നിന്ന് ഓഫറുകൾ ലഭിച്ചിരുന്നു.  എന്നാൽ പല ഡിപ്പാർട്മെന്റ് ടീമുകളിലെ ലീവിന്റെയും ജോലിയുടെയും പരിമിതി മൂലം  അവർക്ക്  വേണ്ടി കളിക്കാൻ കഴിയാത്ത അവസ്ഥയാണ് കളിക്കാർ നേരിടുന്നത്.

കേരള പോലീസിൽ 3 വർഷത്തെ പരിചയം നേടിയതിന് ശേഷമേ ഇത്തരത്തിൽ മറ്റു ക്ലബ്ബ്കൾക്ക് വേണ്ടി കളിക്കാൻ സാധിക്കുവെന്ന രീതി നിലവിലുണ്ട്.  സന്തോഷ്‌ ട്രോഫി നേടിയ ടീമിലെ ഒരു താരത്തിന്  കേരള പോലീസിൽ ജോലി ലഭിക്കുകയും,  എന്നാൽ ഐ സ് ൽ ക്ലബ്ബുകളിൽ നിന്ന് ഓഫർ ലഭിച്ചിട്ടും ഇത്തരത്തിലുള്ള ജോലിയുടെ പരിമിതി മൂലം അത് നിരാകരിക്കേണ്ട  സാഹചര്യം ഉണ്ടാവുകയും ചെയ്തു . സ്.ബി.ടി പോലുള്ള ടീമുകളിലെ താരങ്ങൾക്ക് നിശ്ചിത ദിവസത്തെ ലീവിനപ്പുറം കളിക്കാൻ പോയാൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.

കുറച്ചു കൂടി ആയാസകരമായ രീതിയിൽ ലീവിന്റെ ഘടന തീരുമാനിക്കുകയോ മറ്റു മികച്ച രീതികളോ സ്വീകരിച്ചാൽ  ഒരു പിടി തകർപ്പൻ താരങ്ങളെ ദേശിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ അത്  സഹായകരമാകും.

3.ഗ്രാസ്റൂട്ട് ഫുട്ബോൾ കേരളത്തിൽ ശക്തമല്ല

കാര്യമായ ഗ്രാസ്റൂട്ട്സ് പ്രവർത്തനം നടത്തിയാൽ മാത്രമേ മികച്ച ഭാവി താരങ്ങളെ സൃഷ്ഠിക്കുവാൻ കഴിയുകയുള്ളു.  എല്ലാ ജില്ലകളിലും ഹോം-എവേ അക്കാദമി ഫുട്ബോൾ മത്സരങ്ങൾ കെ ഫ് എ  നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാൽ ടൂർണമെന്റിന് അക്കാഡമികൾക്ക് രജിസ്റ്റർ ചെയ്യാൻ അമിതമായ തുകയാണ് കെ ഫ് എ ഈടാക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു.

2017ൽ രാജ്യത്തെ ഏറ്റവും മികച്ച ഗ്രാസ്റൂട്ട്സ് പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തിനുള്ള എ.ഐ.ഫ്.ഫ് ന്റെ അംഗീകാരം കേരളത്തിന് ലഭിച്ചിരുന്നു. കൂടുതൽ ബേബി ലീഗുകളും, ഗ്രാസ്റൂട് പ്രോഗ്രാമുകളും കേരളത്തിൽ നടക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രൊഫഷണൽ ടീമുകൾ ഗ്രാസ്റൂട്ട് പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

4.മികച്ച പരിശീലകരെ ഉറപ്പ് വരുത്തുകയും മറ്റുള്ളവർക്ക്  ഫുട്ബോൾ അവബോധം നൽകുകയും വേണം

ക്വാളിറ്റി പരിശീലകർ രാജ്യത്ത് കുറവാണെന്ന കാര്യത്തിൽ സംശയമില്ല.  വെറും 8.5 കോടി ജനങ്ങളുള്ള ജര്മനിയിൽ, 34,970 രജിസ്റ്റർ ചെയ്ത ഫുട്ബോൾ പരിശീലകരുണ്ടെന്ന് ബുണ്ടസ്‌ലീഗ 2018-ൽ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ, 150 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയിൽ, മികച്ച സാങ്കേതിക ജ്ഞാനമുള്ള വളരെ കുറച്ചു പരിശീലകർ മാത്രമേ ഉള്ളു. മികച്ച പരിശീലകരെ വളർത്തിയെടുത്താൽ, ജൂനിയർ ടീമുകൾ മുതൽ സീനിയർ നാഷണൽ ടീമുകൾ വരെ, ഒരേ ഘടനയിൽ പരിശീലിപ്പിച്ചെടുക്കാൻ സാധിക്കും.

ഗ്രാസ് റൂട്സ് പരിശീലകർക്ക് ക്വാളിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും, നിരന്തരമായുള്ള പരിശീലന രീതികളിലെ  മാറ്റങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുകയും ചെയ്യണം. പ്രാദേശിക തലത്തിൽ  കളിക്കാർക്കും രക്ഷിതാക്കൾക്കും കളിയുടെ മൂല്യം മനസിലാക്കി കൊടുക്കണം. അവർക്ക്  സ്പോർട്സിലെ  മറ്റു അവസരങ്ങളെ  കുറിച്ച്  അറിവ് നേടിയെടുക്കാനുള്ള അവസരമൊരുക്കണം.

5.ലോക്കൽ ലീഗിലുൾപ്പെടെയുള്ള അഴിമതി

സ്കൂൾ തല – ജില്ലാ തല മത്സരങ്ങളിൽ മുതൽ മറ്റു മറ്റു സീനിയർ  ടീം തിരഞ്ഞെടുപ്പിൽ വരെ അഴിമതി നടക്കുന്നതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പണ്ട് പല കളിക്കാരെയും ഡിപ്പാർട്മെന്റ് ടീമുകളിൽ കയറ്റി ജീവിതം സുരക്ഷിതമാക്കാൻ പല പരിശീലകരും ശ്രമിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.

ചില മാതാപിതാക്കൾ  ജില്ലാ തല മത്സരങ്ങളിൽ  രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചോ മറ്റോ  അനർഹരായ സ്വന്തം മക്കളെ  സ്‌ക്വാഡിൽ ഉൾപ്പെടുത്താനുള്ള  ശ്രമവും നടത്തിയിട്ടുണ്ട്. ഇതിന് മുൻപ് പല ജൂനിയർ ക്ലബ്‌ ടീമുകളും  കളിക്കാരുടെ പ്രായത്തിൽ തട്ടിപ്പ് കാണിച്ച് മുന്നേറാനുള്ള  ശ്രമങ്ങൾ നടത്തിയത് പിടിക്കപ്പെട്ടിരുന്നു.

6.യുവ കളിക്കാർക്ക് വേണ്ടാത്ത ഹൈപ്പ് നൽകുന്നു

രണ്ടോ മൂന്നോ  സ്കിൽ കാണിക്കുമ്പോഴേക്കും  കേരള മെസ്സിയെന്നോളം ചെറു കളിക്കാർക്ക്  ഹൈപ്പ് നൽകുന്നതിൽ കാര്യമില്ല. പല യുവ താരങ്ങൾക്കും  ഇത്തരത്തിൽ അധികമായി  ഹൈപ്പ് നല്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് പരിശീലകർ പറയുന്നു. മാനസികമായി അത്തരത്തിലുള്ള പ്രതീക്ഷ താങ്ങാൻ അവർക്ക് കഴിയണമെന്നില്ല. ഒന്നോ രണ്ടോ സ്കിൽ വീഡിയോ കണ്ടതുകൊണ്ട് ഒരു കളിക്കാരന്റെ ഭാവിയെകുറിച്ചു പറയുവാനും  സാധിക്കില്ല.

നാഗ്ജി പോലുള്ള  ടൂര്ണമെന്റുകളുടെ അഭാവം കേരള ഫുട്ബോളിനെ ബാധിക്കുന്നുണ്ട്. സെവൻസ് ഫുട്ബോൾ യുവ താരങ്ങൾക്ക് വളർന്നു വരാൻ നല്ലൊരു വേദിയാണ്. എന്നാൽ  പ്രൊഫഷണൽ താരങ്ങളെ സെവൻസ് ക്ലബ്ബ്കൾ കളിക്കളത്തിലിറക്കാൻ ശ്രമിക്കുന്ന പ്രവണത കേരള ഫുട്ബോളിനെ ഒരുതരത്തിലും ഗുണം ചെയ്യില്ല.

കേരളത്തിൽ ഫുട്ബോൾ പ്രേമികൾക്ക് ഒരു കുറവുമില്ല. അതുകൊണ്ട് തന്നെ  ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരള ഫുട്ബോളിന്റെ ഭാവി ശോഭനമായിരിക്കും.

For more updates, follow Khel Now on Twitter and join our community on Telegram.