ISL, I-League ടീമുകളിൽ കളിക്കാൻ ശേഷിയുള്ള 5 കേരള പ്രീമിയർ ലീഗ് താരങ്ങൾ
ഫൈനലിൽ കെഎസ്ഇബിയെ തോൽപ്പിച്ച് ഗോകുലം കേരള എഫ്‌സി തങ്ങളുടെ രണ്ടാം കെപിഎൽ കിരീടം ഉയർത്തി.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ഥിരതയോടെ പ്രവർത്തിച്ചു വരുന്ന ദക്ഷിന്ത്യയിലെ ഏക സ്റ്റേറ്റ് ലീഗാണ് കേരള പ്രീമിയർ ലീഗ്. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട സ്റ്റേറ്റ് ലീഗുകളിൽ ഒന്നായ കെപിഎല്ലിന്റെ ഏഴാം സീസണിനാണ് ഈയിടെ കൊടിയിറങ്ങിയത്.
കൊച്ചി മഹാരാജാസ് കോളേജ് മൈതാനത്ത് നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഡിപ്പാർട്മെന്റ് ടീമായ കെഎസ്ഇബിയെ ( കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ) തോൽപ്പിച്ചു ഗോകുലം കേരള എഫ്‌സിയുടെ റിസർവ് നിര കിരീടം ഉയർത്തി. വിഘ്‌നേഷിലൂടെ കെഎസ്ഇബി ആദ്യം ലീഡ് ഉയർത്തിയെങ്കിലും നിംഷാദിന്റെയും ഗണേശന്റെയും ഗോളുകളിലൂടെ ഗോകുലം വിജയം നേടിയെടുക്കുകയായിരുന്നു. 2017-18 സീസണിലും കേരള പ്രീമിയർ ലീഗ് ജേതാക്കളായ ഗോകുലത്തിന്റെ കരിയറിലെ രണ്ടാമത്തെ കെപിഎൽ ട്രോഫി ആണ് ഈ സീസണിലേത്.
ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിച്ച ധാരാളം വ്യക്തിഗത പ്രകടനങ്ങൾക്ക് ഈ സീസണിലെ കേരള പ്രീമിയർ ലീഗ് വേദിയായിരുന്നു. വരും സീസണുകളിൽ ഐ ലീഗ്, ഐഎസ്എൽ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങാൻ ശേഷിയുള്ള താരങ്ങളെയും ആ കൂട്ടത്തിൽ കാണാൻ സാധിക്കും.
ആ ആർട്ടിക്കിളിൽ, വരാനിരിക്കുന്ന സീസണുകളിൽ ദേശീയ ലീഗുകളിൽ കളിക്കാൻ ശേഷിയുണ്ടെന്ന് ഖേൽ നൗ വിശ്വസിക്കുന്ന ഏഴാം സീസണിലെ കേരള പ്രീമിയർ ലീഗിൽ നിന്നുള്ള അഞ്ച് താരങ്ങളെ പറ്റി തുടർന്ന് വായിക്കാം.
5. ശ്രീക്കുട്ടൻ വിഎസ് (കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ്)
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം താരമാണ് ശ്രീക്കുട്ടൻ. കഴിഞ്ഞ സീസണിലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന് ഈ സീസണിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഞാൻ സാധിച്ചില്ല. എഫ്‌സി കേരളയുടെ മുൻ പരിശീലകനായ ടിജി പുരുഷോത്തമന്റെ കീഴിൽ ഇറങ്ങിയ ടീം 5 മത്സരങ്ങളിൽ നിന്ന് 2 വിജയം മാത്രം നേടി ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.
കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് ശ്രീക്കുട്ടൻ വിഎസ്. ടീമിന് വേണ്ടി 2 ഗോളുകളും 2 അസ്സിസ്റ്റുകളും നേടിയിട്ടുണ്ട് താരം. കോവളം എഫ്‌സിക്ക് എതിരായ മത്സരത്തിലാണ് താരം ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ ഒരു ഗോൾ നേടുകയും രണ്ടെണ്ണത്തിന് വഴി ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആ മത്സരം വിജയിച്ച് സെമി പ്രതീക്ഷകൾ ബ്ലാസ്റ്റേഴ്‌സ് ശക്തമാക്കിയെങ്കിലും അവസാന മത്സരത്തിൽ കെഎസ്ഇബിയോടേറ്റ തോൽവി ടീമിനെ ടൂർണമെന്റിന് പുറത്തേക്ക് എത്തിച്ചു.
ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ശ്രീക്കുട്ടൻ കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു നീണ്ട കരാർ അർഹിക്കുന്നുണ്ട്. നിലവിൽ മുന്നേറ്റത്തിൽ അപര്യാപ്തമായ വിഭവങ്ങൾ മാത്രമുള്ള ക്ലബ്ബിന് ശ്രീക്കുട്ടൻ നിലവിൽ ഒരു മുതൽക്കൂട്ട് ആയിരിക്കും. ശ്രീക്കുട്ടനെ സീനിയർ ടീമിന്റെ ഭാഗമാക്കുന്നതിലൂടെ മുതിർന്ന താരങ്ങൾക്കൊപ്പം പരിശീലനം നടത്തുവാനും അതിനൊപ്പം തന്നെ മത്സരസമയം ലഭിക്കുന്നതിനായി മറ്റ് ഐ ലീഗ് ക്ലബ്ബുകളിലേക്ക് വായ്പാടിസ്ഥാനത്തിൽ കൈമാറാവുന്നതുമാണ്.
ദേശീയ തലത്തിൽ മത്സരപരിചയമുള്ള ശ്രീക്കുട്ടൻ കഴിഞ്ഞ വർഷം ഐ ലീഗ് യോഗ്യത മത്സരങ്ങളിൽ അറാ എഫ്‌സിയുടെ താരമായിരുന്നു എന്നും നമ്മൾ ഓർക്കേണ്ടതാണ്. ദേശീയ തലത്തിലുള്ള ടീമുകൾക്ക് ഒപ്പം ദീർഘകാലം കളിക്കുന്നത് തന്റെ കഴിവിന്റെ പരമാവധിയിലേക്ക് താരത്തിന് എത്തിച്ചേരാൻ താരത്തെ തീർച്ചയായും സഹായിക്കും.
4. അർജുൻ ജയരാജ് (കേരള യുണൈറ്റെഡ്)
കേരളത്തിന് പുറത്തുള്ളവർക്ക് പോലും വളരെ സുപരിചിതമായ പേരാണ് അർജുൻ ജയരാജ്. മൂന്ന് വർഷം മുൻപ് ഗോകുലം കേരള എഫ്‌സിയോടൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയ താരത്തിന്റെ തിരിച്ചുവരവിനാണ് ടൂർണമെന്റിലൂടെ കേരള ഫുട്ബോൾ സാക്ഷ്യം വഹിച്ചത്.
ഗോകുലം കേരളക്ക് ഒപ്പം കിരീടം നേടിയ ശേഷം രണ്ട് ഐ ലീഗിലും സൂപ്പർ കപ്പിലും കളിച്ച് മികവ് തെളിയിച്ച താരം പിന്നീട് 2019ൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായി. എന്നാൽ ആദ്യ വർഷത്തിൽ പരിക്ക് മൂലം സീസൺ നഷ്ട്ടപെട്ടപ്പോൾ രണ്ടാമത്തെ സീസണിൽ കളിക്കളത്തിൽ മത്സരസമയം ലഭിച്ചിരുന്നില്ല. തുടർന്ന് ക്ലബ്ബിന് വേണ്ടി അരങ്ങേറാൻ പോലും സാധിക്കാതെ 2020 ഡിസംബറിൽ താരം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു.
തുടർന്ന് കേരള യുണൈറ്റെഡിന്റെ ഭാഗമായ അർജുൻ ഈ സീസണിൽ കെപിഎല്ലിൽ ടീമിനെ നയിച്ചു. ലീഗ് ഘട്ടത്തിൽ കെഎസ്ഇബിക്ക് എതിരായി അർജുൻ ജയരാജ് കളിക്കളത്തിൽ ഇറങ്ങാത്ത ഒരു മത്സരത്തിൽ മാത്രമാണ് ടീം തോൽവി ഏറ്റുവാങ്ങിയത്. ടീമിന് എത്രമാത്രം പ്രധാനപെട്ടവൻ ആണ് അർജുൻ എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഹൃഷിദത്തിനൊപ്പം മധ്യനിരയിൽ അർജുൻ ഉണ്ടാക്കിയ പാർട്ണർഷിപ്പ്, ടീമിന് വേണ്ടി ഗോൾ അവസരങ്ങൾ സൃഷ്ട്ടിക്കുന്നതിലും കളിയുടെ ഗതി നിയന്ത്രിക്കുന്നതിലും പ്രധാന ഘടകമായിരുന്നു.
നിലവിൽ കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച മധ്യനിര താരമായ അർജുനിന് ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഐ ലീഗ് ടീമുകളിലേക്കും ചില ഐഎസ്എൽ ടീമുകളിലേക്കും വളരെ വേഗം വിളികൾ എത്താവുന്നതാണ്.
3. മുഹമ്മദ് ഉവൈസ് (കെഎസ്ഇബി)
കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിയുടെ പ്രകടനവും മുന്നേറ്റവും ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്‌സും ലുക്ക സോക്കർ ക്ലബും അടക്കമുള്ള ടീമുകൾ ഉള്ള ഗ്രൂപ്പിൽ നിന്നും ഒരു ഡിപ്പാർട്മെന്റ് ടീം നോക്ക്ഔട്ട് റൗണ്ടിലേക്ക് കടക്കുമെന്നോ, ഫൈനലിലേക്ക് കടക്കുമെന്നോ ആരും പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെ കളിക്കളത്തിലെ പ്രകടനത്തിന് നേടുംതൂണായി നിന്ന താരങ്ങളിൽ ഒരാളാണ് മുഹമ്മദ് ഉവൈസ്.
ഈ സീസണിൽ കെഎസ്ഇബിയുടെ പ്രതിരോധ നിരയുടെ നേതൃത്വം ഏറ്റെടുത്ത ഉവൈസിന് കീഴിൽ ലീഗ് ഘട്ടത്തിൽ മൂന്ന് ഗോളുകൾ മാത്രമേ ടീം വഴങ്ങിയിട്ടുള്ളു. കൂടാതെ താരം മുന്നേറ്റ നിരക്ക് നൽകുന്ന ലോങ്ങ്ബോളുകൾ ടീമിന് ഗോളുകൾ നേടാനുള്ള ധാരാളം അവസരങ്ങൾ സൃഷ്ട്ടിച്ചിരുന്നു.
റോയൽ ബാസ്കോക്ക് എതിരായ സെമി ഫൈനൽ മത്സരത്തിൽ എതിർ ടീമിന്റെ ആക്രമണ സമയത്ത് ബോക്സിൽ വഴുതിയതിനെ തുടർന്ന് സെൽഫ് ഗോൾ വഴങ്ങിയിരുന്നു. എന്നാൽ കെഎസ്ഇബി തിരിച്ചു വരവ് നടത്തി മത്സരം സമനില പിടിക്കുകയും തുടർന്ന് പെനാൽറ്റി ഷൂട്ട്ഔട്ടിൽ വിജയിക്കുകയുമായിരുന്നു. ഫൈനലിൽ ഗോകുലം കേരളക്ക് എതിരായ മത്സരം തോറ്റെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയാണ് താരം കളിക്കളം വിട്ടത്.
ഇന്ത്യൻ ഫുട്ബോളിൽ വളരെ അപൂർവം ആയി മാത്രം കാണാൻ സാധിക്കുന്ന ഇടംകാലൻ സെന്റർ ബാക്കാണ് ഉവൈസ്. ഇരുപത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ള ഈ യുവതാരത്തിന് ഇനിയും ഈ പ്രകടനം തുടരുന്നതിലൂടെ ഒന്നാം ഡിവിഷൻ ക്ലബ്ബുകളുടെ ഭാഗമാകാൻ സാധിക്കും.
2. ഗണേശൻ (ഗോകുലം കേരള റിസർവ്)
ഗോകുലം കേരള എഫ്‌സിയുടെ കൂട്ടായ പരിശ്രമമാണ് അവരെ രണ്ടാമതും കെപിഎൽ ജേതാക്കളാക്കിയത്. താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ ഒരേ പോലെ പ്രാധാന്യമർഹിക്കുമ്പോൾ തന്നെ ടീം മുഴുവനും ശക്തമായ ഒറ്റ യൂണിറ്റ് ആയാണ് പ്രവർത്തിച്ചിരുന്നത്. ആ ഒത്തൊരുമ എല്ലാ കളികളും വിജയിച്ച് ലീഗ് നേടാൻ ടീമിനെ സഹായിച്ചു.
വ്യക്തിഗത പ്രകടനങ്ങളിൽ ഗണേശൻ ടീമിലെ മറ്റ് ഏത് താരത്തേക്കാളും മികച്ചു നിന്നിരുന്നു. കെഎസ്‌ഇബിക്കെതിരായ കെപിഎൽ ഫൈനലിലെ രണ്ട് പ്രധാന ഗോളുകളിലൊന്ന് ഉൾപ്പെടെ താരം ടൂർണമെന്റിൽ മൂന്ന് ഗോളുകൾ നേടി.
കുറച്ചു വർഷങ്ങളായി ഗോകുലം കേരള എഫ്‌സിയുടെ റിസർവ് ടീമിന്റെ ഭാഗമായിരുന്ന ഗണേശൻ ഈ സീസണിൽ ഐ ലീഗ് ടീമിൽ ഉൾപ്പെടെണ്ടത്തായിരുന്നു. എന്നാൽ പരിക്ക് മൂലം ആ അവസരം നഷ്ടപെടുക ആയിരുന്നു. ഐ ലീഗ് ട്രോഫിയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചില്ലെങ്കിലും ക്ലബ്ബിന്റെ കേരള പ്രീമിയർ ലീഗ് വിജയത്തിന് താരം പ്രധാന പങ്ക് വഹിച്ചു.
വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഐ ലീഗ് - ഐഎസ്എൽ ടീമുകൾ താരത്തെ സമീപ്പിക്കാനുള്ള സാധ്യത ഉണ്ട്. ഗോകുലത്തിൽ തുടർന്നാൽ പോലും അവരുടെ സീനിയർ ടീമിലേക്കുള്ള വിളി ഉടനെ തന്നെ താരത്തെ തേടിയെത്താനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഗണേശൻ ദേശീയ തലത്തിൽ കളിക്കുന്ന ദിനങ്ങൾ ദൂരെയല്ല.
1. മുഹമ്മദ് പാറക്കോട്ടിൽ (കെഎസ്ഇബി)
ഈ സീസൺ കെപിഎല്ലിൽ കെഎസ്ഇബിയുടെ മുന്നേറ്റത്തെ പറ്റി മുൻപ് തന്നെ സൂചിപ്പിച്ചിരുന്നു. റണ്ണേഴ്സ് അപ്പ് ആയെങ്കിലും അവർ ടൂർണമെന്റിൽ കാഴ്ച വെച്ച പോരാട്ടവീര്യവും പ്രകടനവും ഒരിക്കലും വിസ്മരിക്കാൻ സാധിക്കില്ല.
പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകൾക്ക് വിദേശതാരങ്ങളെ സൈൻ ചെയ്യാനുള്ള സ്വാതന്ത്രം ലഭിക്കുമ്പോൾ ഡിപ്പാർട്മെന്റ് ടീമുകൾക്ക് അതിന് സാധിക്കില്ല. ഇത്തരം പോരായ്മകളിൽ ഉണ്ടായിട്ട് പോലും കെഎസ്ഇബി ഫൈനലിൽ എത്തിയത് തീർച്ചയായും പ്രശംസനീയമാണ്. ആ ടീമിൽ എടുത്ത് പറയേണ്ട ആദ്യത്തെ പേരാണ് മുഹമ്മദ് പാറക്കോട്ടിലിന്റേത്.
ടൂർണമെന്റിൽ ആകെ കളിയാരാധകരെ വിസ്മയിപ്പിച്ച പ്രകടനം പുറത്തെടുത്ത പാറക്കോട്ടിൽ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. കളിക്കളത്തിൽ കേരള യുണൈറ്റെഡ് എഫ്‌സിക്ക് എതിരെ ഇരട്ട ഗോളുകൾ നേടി താരം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കെഎസ്ഇബിയെ വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു.
മുൻ സന്തോഷ് ട്രോഫി ജേതാവ് കൂടിയായ പാറക്കോട്ടിലിന്റെ വേഗതയുടെയും പന്ത് നിയന്ത്രണത്തിന്റെയും ഫിനിഷിങ്ങിന്റെയും കൂടി ചിറകിലാണ് കെഎസ്ഇബി മുന്നേറിയത് എന്നത് വ്യക്തമാണ്. അതിനാൽ തന്നെ മുന്നേറ്റ താരങ്ങളുടെ കുറവ് ഇന്ത്യൻ ഫുട്ബോളിൽ അനുഭവപ്പെടുന്ന ഈ സമയത്ത്, അടുത്ത ട്രാസ്‌ഫെർ ജാലകത്തിൽ അദ്ദേഹം ഏതെങ്കിലും ഐഎസ്എൽ - ഐ ലീഗ് ടീമിന്റെ ഭാഗമായാലും അതിശയിക്കാൻ ഇല്ല.
പ്രത്യേക പരാമർശങ്ങൾ
ഷായിൻ ഖാൻ (കെഎസ്ഇബി), ഹൃഷിദത്ത് (കേരള യുണൈറ്റെഡ്), നിംഷാദ് റോഷൻ (ഗോകുലം കേരള റിസർവ്സ്).
For more football updates, follow Khel Now on Twitter, Instagram and join our community on Telegram.
- Santosh Trophy 2024-25: Full fixtures, schedule, results, standings & more
- I-League 2024-25: Full fixtures, schedule, results, standings & more
- ISL 2024-25: Full fixtures, schedule, results, standings & more
- Mohun Bagan chairman Sanjiv Goenka announces special gift for fans: ISL
- I am proud of how the team played today, says Kerala Blasters coach Mikael Stahre
- I-League 2024-25: Full fixtures, schedule, results, standings & more
- ISL 2024-25: Full fixtures, schedule, results, standings & more
- Mohun Bagan chairman Sanjiv Goenka announces special gift for fans: ISL
- I am proud of how the team played today, says Kerala Blasters coach Mikael Stahre
- Three East Bengal players who can replace Madih Talal after his ACL injury