കേരള പ്രീമിയർ ലീഗിലെ ഓരോ പൊസിഷനിലെയും ഏറ്റവും മികച്ച താരങ്ങൾ ഒത്തു ചേരുന്ന ലൈൻഅപ്പ്

ദക്ഷിണേന്ത്യയിലെ തന്നെ ഏക സ്റ്റേറ്റ് ലീഗായ കേരള പ്രീമിയർ ലീഗ് ഏഴാം സീസണിന് കൊച്ചിയിൽ കൊടിയിറങ്ങി. പന്ത്രണ്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിക്കുകയും കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഹോം – എവെ രീതിയിലുള്ള മത്സരങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു. ഗ്രൂപ്പ് എ മത്സരങ്ങൾക്ക് തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയം വേദി ആയപ്പോൾ ഗ്രൂപ്പ് ബി മത്സരങ്ങൾക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് ആതിഥേയം വഹിച്ചു.

ഫൈനലിൽ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഡിപ്പാർട്മെന്റ് ടീമായ കെഎസ്ഇബിയെ (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ) തോൽപ്പിച്ച് ഗോകുലം കേരള എഫ്‌സി റിസർവ്സ് തങ്ങളുടെ ചരിത്രത്തിലെ രണ്ടാം കെപിഎൽ കിരീടം ഉയർത്തി. മാർച്ച് അവസാനം ചരിത്രത്തിൽ ആദ്യമായി ഗോകുലം കേരള എഫ്‌സി ഐ ലീഗ് കിരീടം ഉയർത്തിയതിന്  ശേഷം ക്ലബ് ഈ വർഷം തന്നെ നേടുന്ന രണ്ടാമത്തെ ട്രോഫിയാണ് കേരള പ്രീമിയർ ലീഗ്. എന്നാൽ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകളെ ടൂർണമെന്റിൽ തങ്ങളുടെ പരിമിതികളിൽ നിന്ന് കൊണ്ട് തന്നെ തകർത്ത് മുന്നേറി ഫൈനൽ പ്രവേശനം നേടിയ കറുത്ത കുതിരകൾ ആയ കെഎസ്ഇബിയുടെ പോരാട്ടവീര്യം ആരും വിസ്മരിക്കരുത്.

കഴിവുള്ള ഒരു പിടി താരങ്ങളെ ഈ സീസണിലും കേരള പ്രീമിയർ ലീഗ് വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. കളിക്കളത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കേരള പ്രീമിയർ ലീഗിൽ ഓരോ പൊസിഷനിലും മികച്ചു നിന്ന താരങ്ങളെ ഉൾപെടുത്തി ഖേൽ നൗ ഒരു പതിനൊന്ന് അംഗ ടീമിന് രൂപം നൽകുകയാണ്. 4-2-1-3 ശൈലിയിൽ കളിക്കുന്ന ടീമിനെയാണ് ഒരുക്കുന്നത്.

ഗോൾകീപ്പർ : ഷൈൻ ഖാൻ (കെഎസ്ഇബി)

ടൂർണമെന്റിലെ കറുത്ത കുതിരകളായ കെഎസ്ഇബിയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച താരമാണ് ഇരുപത്തിമൂന്നുകാരനായ ഗോൾകീപ്പർ ഷൈൻ ഖാൻ. ബംഗളുരു എഫ്‌സിയുടെ റിസർവ് ടീമിലൂടെ വളർന്നു വന്ന താരം ഐ ലീഗ് രണ്ടാം ഡിവിഷനിൽ ആറ് മത്സരങ്ങളിൽ ക്ലബ്ബിന്റെ ഗോൾവല കാത്തിരുന്നു. 2018ൽ സന്തോഷ് ട്രോഫി സെമി ഫൈനലിൽ എത്തിയ കർണാടക  ടീമിന്റെയും ഭാഗമായിരുന്നു ഷൈൻ.

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ കെഎസ്ഇബി വഴങ്ങിയത് മൂന്ന് ഗോളുകൾ മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ച് മത്സരങ്ങളിൽ കോവളം എഫ്‌സിക്കും ഗോൾഡൻ ത്രെഡ്സിനും എതിരെ ക്ലീൻ ഷീറ്റ് നേടിയ താരം മറ്റ് മൂന്ന് ടീമുകൾക്ക് എതിരെ വഴങ്ങിയത് ഓരോ ഗോളുകൾ മാത്രമാണ്. ഗോൾ വലക്ക് കീഴിൽ കൃത്യമായ പൊസിഷൻ നിലനിർത്തുന്ന താരം എതിർ ടീമുകളുടെ അപ്രതീക്ഷിത വെടിയുണ്ടകളും ഫ്രീകിക്കുകളും ആവിശ്വസിനീയമായി ഡൈവ് ചെയ്ത് സേവ് ചെയ്തിട്ടുണ്ട്.

റൈറ്റ് ബാക്ക് : ബിബിൻ അജയൻ (ഗോൾഡൻ ത്രെഡ്സ് എഫ്‌സി)

ജാർഖണ്ഡിലെ സെയിൽ ഫുട്ബോൾ അക്കാദമിയിൽ നിന്ന് വളർന്നു വന്ന യുവതാരമാണ് ബിബിൻ അജയൻ. തുടർന്ന് ജാർഖണ്ഡ് ടീമിന് വേണ്ടി താരം സന്തോഷ് ട്രോഫിയുടെ ഭാഗമായി. കേരള സന്തോഷ് ട്രോഫി ടീമിന് വേണ്ടിയും ബൂട്ടാണിഞ്ഞ താരം തുടർന്ന് എഫ്‌സി കേരളക്ക് ഒപ്പം രണ്ടാം ഡിവിഷൻ ഐ ലീഗിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. തുടർന്ന് RFC കൊച്ചിയുടെ (നിലവിലെ കൊച്ചി സിറ്റി എഫ്‌സി) ഭാഗമായിരുന്ന താരം ഈ സീസണിലാണ് ഗോൾഡൻ ത്രെഡ്സിൽ എത്തുന്നത്.

കളിക്കളത്തിൽ പരിശീലകരുടെ ആവശ്യങ്ങൾ അനുസരിച്ചു വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ ശേഷിയുള്ള താരമാണ് ബിബിൻ അജയൻ. എതിർ ടീമിന്റെ കളിശൈലിക്ക് മനസിലാക്കി അതിന് അനുയോജ്യമായി താരത്തെ കളിക്കളത്തിൽ ഇറക്കാം. ഫുൾ ബാക്കായും വിങ് ബാക്കായും സ്റ്റോപ്പർ ബാക്ക് ആയും അറ്റാക്കിങ്/ഡിഫെൻസീവ് മിഡ്‌ പൊസിഷനിലും താരത്തെ പരിശീലകൻ ഉപയോഗിച്ചിട്ടുണ്ട്. റൈറ്റ് ബാക്കിൽ വളരെയധികം ആക്രമാണോൽസുകത പ്രകടിപ്പിക്കുന്ന താരത്തിന്റെ ശക്തമായി ഷോട്ടുകൾ എടുക്കാനുള്ള കഴിവ് ടീമിന് മുതൽക്കൂട്ടാണ്.

സെൻട്രൽ ഡിഫൻഡർ : മുഹമ്മദ് ആസിഫ് (ഗോകുലം കേരള എഫ്‌സി റിസർവ്സ്)

നേപ്പാൾ ചാമ്പ്യൻ ക്ലബ്​ മനാങ്​ മർഷ്യാങ്​ദിക്കായി എഎഫ്‌സി കപ്പിൽ അടക്കം കളിക്കളത്തിൽ ഇറങ്ങിയ മലപ്പുറത്ത് നിന്നുള്ള മലയാളി ഡിഫൻഡർ ആണ് മുഹമ്മദ്​ ആസിഫ്​. എംഎസ്പിയിലൂടെ വളർന്ന താരം പൂനെ എഫ്‌സിയുടെ അണ്ടർ 19 ടീമിലും തുടർന്ന് കൊൽക്കത്ത കസ്റ്റംസ്, സതേൺ സമിതി, നേപ്പാൾ ക്ലബ്ബായ ചയ്സൽ യൂത്തിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഒ.എൻ.ജി.സിയിൽ കളിക്കുമ്പോൾ മുംബൈ എലൈറ്റ് ഡിവിഷൻ കിരീടം നേടിയിട്ടുണ്ട്. മുൻ സീസണുകളിൽ സാറ്റ് തിരൂരിനായി കേരള പ്രീമിയർ ലീഗിലും ഏതാനും മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഈ ഇരുപതിനാലുകാരൻ. കഴിഞ്ഞ സീസണിൽ ഐ ലീഗിനുള്ള ഗോകുലം കേരളയുടെ പ്രീസീസൺ ടീമിൽ ഉണ്ടായിരുന്നു എങ്കിലും അവസാന സ്‌ക്വാഡിൽ ഇടം നേടാൻ കഴിഞ്ഞില്ല.

ഈ സീസൺ കേരള പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ താരമായി കരുതപ്പെടുന്ന ആസിഫ് കരുത്തുറ്റ ശരീരഘടനക്ക്‌ ഉടമയാണ്. അതിനാൽ തന്നെ എരിയൽ ഡുവൽസുകളിൽ താരത്തെ വെല്ലാൻ പലപ്പോഴും എതിരാളികൾക്ക് കഴിയാറില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഗോകുലം വഴങ്ങിയത് മൂന്ന് ഗോളുകൾ മാത്രമാണ് എന്നത് താരത്തിന്റെ കൂടി പ്രകടനത്തെ അടിവരയിടുന്നു.

സെൻട്രൽ ഡിഫൻഡർ : മുഹമ്മദ് ഉവൈസ് (കെഎസ്ഇബി)

ഈ സീസൺ കേരള പ്രീമിയർ ലീഗിൽ നിന്ന് ദേശീയ ടൂർണമെന്റുകൾ കളിക്കുന്ന ഫുട്ബോൾ ക്ലബ്ബുകൾ കരാറിൽ എത്താൻ സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് മുഹമ്മദ് ഉവൈസ്. കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിയുടെ കുതിപ്പിൽ മുഖ്യപങ്കു വഹിച്ച ഇരുപത്തിരണ്ടുകാരനായ ഈ യുവതാരം സുദേവ എഫ്‌സിയിലൂടെയാണ് വളർന്നു വന്നത്. തുടർന്ന് എഫ്‌സി കേരളയുടെയും ഓസോൺ എഫ്‌സിയുടെയും ബംഗളുരു യുണൈറ്റെഡിന്റെയും ഭാഗമായിരുന്നു.

ഇത്തവണ  കെഎസ്ഇബിയുടെ ഗോൾവലക്ക് മുന്നിൽ പ്രതിരോധകോട്ട കെട്ടുന്നതിൽ വിജയിച്ച താരം അതോടൊപ്പം തന്നെ എതിർ ടീമുകൾക്ക് ഭീക്ഷണിയാകുന്ന രീതിയിൽ മുന്നേറ്റ താരങ്ങൾക്ക് ലോങ്ങ് ബോളുകൾ നൽകുന്നതിലും കൃത്യമായ പങ്ക് വഹിച്ചിട്ടുണ്ട്.  ഇന്ത്യൻ ഫുട്ബോളിൽ വളരെ അപൂർവം ആയി മാത്രം കാണാൻ സാധിക്കുന്ന ഇടംകാലൻ സെന്റർ ബാക്കുകളിൽ ഒരാളാണ് ഉവൈസ് എന്നതിനാൽ തന്നെ ഒരു ഡിപ്പാർട്മെന്റ് ടീമിന് മുകളിൽ ദേശീയ ഫുട്ബോളിൽ ശോഭനീയമായ ഭാവി ഉവൈസിനെ കാത്തിരിക്കുന്നുണ്ട്.

ലെഫ്റ്റ് ബാക്ക് : മുഹമ്മദ് റാഫി (എംഎ ഫുട്ബോൾ അക്കാദമി)

കോതമംഗലം എംഎ ഫുട്ബോൾ അക്കാദമിക്ക്‌ വേണ്ടി കേരള പ്രീമിയർ ലീഗ് കളിച്ച താരമാണ് മുൻ ഇന്ത്യൻ ജൂനിയർ ദേശീയ ടീം അംഗമായിരുന്ന മുഹമ്മദ് റാഫി എന്ന പത്തൊൻപത്കാരൻ. തുടർന്ന് ബംഗളുരു എഫ്‌സിയുടെ അക്കാദമിയിലേക്ക് മാറിയ താരം ക്ലബ്ബിനൊപ്പം അണ്ടർ 18 ലീഗിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഇന്ത്യൻ അണ്ടർ 18 ടീമിലെത്തിയ താരം സാഫ് U18 കിരീടം നേടി. ബംഗളുരു റിസർവ് ടീമിനോപ്പം ബംഗളുരു സൂപ്പർ ഡിവിഷനും കളിച്ചിട്ടുണ്ട്.

പ്രതിരോധത്തിലെ നാല് പൊസിഷനുകളിലും പരീക്ഷിക്കാൻ കഴിയുന്ന താരമാണ് മുഹമ്മദ് റാഫി. ഗെയിം നിരീക്ഷിച്ചു കളിക്കുന്ന താരം വിങ്ങിലൂടെ ഓവർലാപ്പ് ചെയ്ത് മുന്നേറി അവസരങ്ങൾ സൃഷ്ട്ടിക്കുകയും വളരെ പക്വമായി തന്നെ ഫൈനൽ തേർഡിൽ സ്ലൈഡിങ് ടാക്കളുകൾ നടത്തി എതിർ ടീമിന്റെ അവസരങ്ങൾ പ്രതിരോധിക്കുകയും ചെയ്യും. അറ്റാക്കിങ് തേർഡിൽ കിട്ടുന്ന ത്രോ ബോൾ അവസരങ്ങളെ ഒരു ലോങ്ങ് ക്രോസ്സിനോ, ലോങ്ങ് ഫ്രീ കിക്കിനോ അല്ലെങ്കിൽ ഒരു കോർണർ കിക്കിനോ തുല്യമായി എടുക്കാൻ റാഫിക്ക് കഴിയും. താരത്തിന്റെ ത്രോയിലൂടെ രണ്ട് ഗോളുകൾ ഇത്തവണ ടീം ലീഗിൽ നേടിയിട്ടുണ്ട്. 

ഡിഫെൻസീവ് മിഡ്ഫീൽഡ് : ഋഷിദത്ത് (കേരള യുണൈറ്റെഡ് എഫ്‌സി)

ഇന്ത്യൻ ജൂനിയർ ദേശീയ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന മലയാളി ഫുട്ബോൾ താരമാണ് ഋഷിദത്ത്. തൃശ്ശൂർ അണ്ടർ 14 ഫുട്ബോൾ ടീമിന് വേണ്ടിയുള്ള പ്രകടനമാണ് താരത്തെ ദേശീയ തലത്തിൽ എത്തിച്ചത്. തുടർന്ന് ദേശീയ ടീമിന് വേണ്ടി അണ്ടർ 14, അണ്ടർ 16, അണ്ടർ 17, അണ്ടർ 19 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2017 അണ്ടർ 17 ലോകകപ്പിനുള്ള സ്‌ക്വാഡിൽ നിന്ന് അവസാന നിമിഷം പുറത്തായെങ്കിലും തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ ടീമിൽ എത്തിച്ചു. രണ്ടു വർഷം ടീമിന്റെ ഭാഗമായിരുന്ന ഋഷി പിന്നീട് സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ ഭാഗമായി. അവിടെ നിന്നാണ് ഒരു വർഷത്തെ കരാറിൽ ഇരുപതിയൊന്നുകാരനായ താരം കേരള യുണൈറ്റെഡ് എഫ്‌സിയിൽ എത്തുന്നത്.

കളിക്കളത്തിൽ കടുത്ത സമ്മർദ്ദമുള്ള അവസരങ്ങളിൽ പോലും കൃത്യമായി പന്ത് കൈവശപ്പെടുത്തി മുന്നോട്ട് നൽകാൻ ശേഷിയുള്ള താരമാണ് ഹൃഷിദത്ത്. മറ്റ് രണ്ട് മിഡ്‌ഫീൽഡേഴ്സിനെയും വിങ്ങർമാരെയും ആക്രമണത്തിന് പ്രചോദിപ്പിക്കുന്ന പാസ്സുകൾ നൽകുന്നതിലും നൽകുന്ന പാസ്സുകളിൽ പിഴവ് വളരെ കുറഞ്ഞിരിക്കുമെന്നതും താരത്തിന്റെ പ്രത്യേകതയാണ്. കളിക്കാൻ മധ്യനിരയിൽ സ്പേസ് ഇല്ലാതിരിക്കുമ്പോൾ പുറകിലോട്ട് ഇറങ്ങി സ്പേസ് രൂപപ്പെടുത്തി എടുക്കുന്ന, കളിയുടെ ഗതി മനസിലാക്കി കളിക്കുന്ന താരം കേരള ഫുട്ബോളിനും ഇന്ത്യൻ ഫുട്ബോളിനും ഒരു മുതൽകൂട്ട് ആണ്.

സെൻട്രൽ മിഡ്ഫീൽഡ് : റിഷാദ് പി (ഗോകുലം കേരള എഫ്‌സി)

കേരള പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സിയുടെ നായകൻ. സാറ്റ് തിരൂരിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച റിഷാദ് ചുരുങ്ങിയ കാലത്തിനുള്ളിൽ ഡിഎസ്കെ ശിവജിയൻസ്, മുംബൈ എഫ്‌സി എന്നിവക്ക് വേണ്ടി പ്രാദേശിക ലീഗുകളിലും PIFA കോലാബ എഫ്‌സി, ഡൽഹി യുണൈറ്റെഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി ഐ ലീഗ് രണ്ടാം ഡിവിഷനിലും കളിച്ചിട്ടുണ്ട്. കേരള പ്രീമിയർ ലീഗിന്റെ മുൻ സീസണുകളിൽ സാറ്റ് തിരൂരിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ സീസണിൽ ഐ ലീഗിനുള്ള ഗോകുലം കേരളയുടെ പ്രീസീസൺ ടീമിൽ ഉണ്ടായിരുന്നു എങ്കിലും അവസാന സ്‌ക്വാഡിൽ ഇടം നേടാൻ കഴിഞ്ഞില്ല.

നിലവിൽ കേരളത്തിലെ ഏറ്റവും മികച്ച ഒരു ഹോൾഡിങ് മിഡ്ഫീൽഡർ ആയി കണക്കാക്കുന്ന താരമാണ് റിഷാദ്. സ്വന്തം പ്രതിരോധ നിരയിൽ നിന്ന് പന്ത് എടുത്ത് മുന്നേറ്റ നിരയിൽ എത്തിച്ചു ടീമിന്റെ ആക്രമണത്തെ ശക്തിപ്പെടുത്തുക എന്നതാണ് റിഷാദിന്റെ കളിക്കളത്തിലെ കർത്തവ്യം. ടീമിന്റെ നായകനായ താരം ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഫൈനലിൽ കെഎസ്ഇബിയോട് ആദ്യം ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും രണ്ട് ഗോളുകൾ നേടിയുള്ള ക്ലബ്ബിന്റെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചതും റിഷാദ് ആയിരുന്നു.

അറ്റാക്കിങ്‌ മിഡ്‌ഫീൽഡ് : അർജുൻ ജയരാജ് (കേരള യുണൈറ്റെഡ് എഫ്‌സി)

ഒരു താരത്തിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിന് ആരാധകർ കാത്തിരുന്നിട്ടുണ്ടെങ്കിൽ അത് അർജുൻ ജയരാജിന്റെ ആയിരിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായിരുന്ന അർജുൻ 2017ൽ ഗോകുലം കേരള എഫ്‌സിയുടെ ഭാഗമായി. ക്ലബ്ബിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടുകയും സീനിയർ ടീമിന്റെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ട്രാൻസ്ഫർ ഫീ മുടക്കി കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ 2019ൽ സ്വന്തം തട്ടകത്തിൽ എത്തിച്ചു. എന്നാൽ ക്ലബ്ബിനൊപ്പം ഉള്ള ആദ്യ സീസൺ പരിക്ക് മൂലം നഷ്ടപ്പെട്ടപ്പോൾ രണ്ടാമത്തെ സീസണിൽ താരത്തിന് കളിക്കളത്തിൽ അവസരം ലഭിച്ചില്ല. തുടർന്ന് സീസണിന് മദ്ധ്യേ ഉള്ള ട്രാൻസ്ഫർ ജാലകത്തിൽ ടീം വിടുകയും കേരള യുണൈറ്റഡിന്റെ ഭാഗമാകുകയും ചെയ്തു.

എന്തുകൊണ്ട് അർജുൻ ഗോകുലം കേരള എഫ്‌സിയുടെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ഭാഗമായി എന്നത് മനസിലാക്കാൻ അവൻ കളിക്കളത്തിൽ മുന്നേറ്റ താരങ്ങൾക്ക് നൽകുന്ന പാസ്സുകൾ മാത്രം ശ്രദ്ധിച്ചാൽ മതി. കേരള യുണൈറ്റെഡിന്റെ കീ പ്ലേയർ എന്ന് വിശേഷിപ്പിക്കാവുന്ന അർജുൻ കൃത്യമായി മത്സരം നിരീക്ഷിച്ച് മുന്നിലേക്ക് തൊടുക്കുന്ന ഓരോ പാസ്സും എതിർ ടീമിന്റെ പ്രതിരോധത്തെ കീറിമുറിക്കാൻ ശേഷിയുള്ളവയാണ്. അതിനോടൊപ്പം തന്നെ ആവശ്യസമയങ്ങളിൽ ഗോളുകൾക്ക് വേണ്ടി ബോക്സിലേക്ക് വെടിയുതിർക്കുവാനും ശേഷിയുള്ള താരം.

റൈറ്റ് വിങ്ങർ: ശ്രീക്കുട്ടൻ വിഎസ് (കേരള ബ്ലാസ്റ്റേഴ്‌സ്)

ഇന്ത്യൻ ഫുട്ബോളിന്റെ ഉയർന്ന തലത്തിലേക്ക് മുന്നേറാൻ സാധിക്കും എന്ന് കളിയാരാധകർ ഉറച്ചു വിശ്വസിക്കുന്ന താരങ്ങളിൽ ഒരാളാണ് ശ്രീക്കുട്ടൻ വിഎസ്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരം ടീമിന് വേണ്ടി കേരള പ്രീമിയർ ലീഗിൽ 2 ഗോളുകളും 2 അസ്സിസ്റ്റുകളും നേടിയിട്ടുണ്ട്. എഫ്‌സി കേരളയോടൊപ്പം ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ച താരം പിന്നീട് അരാ എഫ്‌സിക്ക് ഒപ്പം കഴിഞ്ഞ സീസൺ ഐ ലീഗ് യോഗ്യത മത്സരവും കളിച്ചിട്ടുണ്ട്. 

വിങ്ങിലൂടെ വേഗത്തിൽ മുന്നോട്ടും പിന്നോട്ടും അതിവേഗം കുതിക്കാൻ സാധിക്കുന്ന വിങ്ങറാണ് ശ്രീക്കുട്ടൻ. വിങ്ങിൽ നിന്ന് ക്രോസുകൾ നൽകുക എന്നതിലപ്പുറം ബോക്സിലേക്ക് വെട്ടിച്ചു കയറി ഗോളുകൾ നേടാൻ ശ്രമിക്കുന്ന, ബോക്സിനുള്ളിൽ പരിമിതമായ സ്പേസിൽ പോലും വളരെ അപകടകാരിയായി മാറുന്ന ആധുനിക വിങ്ങർമാരിൽ ഒരാൾ. ഡ്രിബിളിങ്ങിലൂടെ താരങ്ങളെ വെട്ടിമാറി മുന്നോട്ട് കുതിച്ചു വളരെ ശാന്തമായി തന്നെ പന്തിനെ വലയിൽ എത്തിക്കാൻ കഴിവുള്ള താരം. ഫസ്റ്റ് ടച്ച് എടുക്കുന്നതിലുള്ള മികവും രണ്ട് വിങ്ങിൽ നിന്നും രണ്ട് കാലുകൾ കൊണ്ട് ഒരേ പോലെ പന്ത് ലക്ഷ്യത്തിൽ എത്തിക്കാനുള്ള കഴിവും താരത്തെ വേറിട്ടു നിർത്തുന്നു 

ലെഫ്റ്റ് വിങ്ങർ : ബുജൈർ വലിയാട്ട് (കേരള യുണൈറ്റെഡ് എഫ്‌സി)

കേരള പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളാണ് ബുജൈർ വലിയാട്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായിരുന്ന ബുജൈർ ടീമിനോപ്പം സൗത്ത് സോണിലും അഖിലേന്ത്യാ തലത്തിലും ജേതാവായിട്ടുണ്ട്. തുടർന്ന് ഗോകുലം കേരള എഫ്‌സിയുടെ റിസർവ് ടീമിന്റെ ഭാഗമായ താരം ബോഡുസ കപ്പിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തുടർന്ന് കെഎസ്ഇബിക്ക്‌ വേണ്ടി അതിഥിതാരമായി കളിക്കളത്തിൽ ഇറങ്ങിയ താരം ഈ സീസണിന് മുന്നോടിയായാണ് കേരള യുണൈറ്റെഡ് എഫ്‌സിയുടെ ഭാഗമായത്.

ഇടത് – വലത് വിങ്ങുകളിൽ ഒരേ പോലെ കളിക്കാൻ സാധിക്കുന്ന താരമാണ് ബുജൈർ. മധ്യ നിരയിൽ നിന്ന് പന്ത് വാങ്ങി വിങ്ങിലൂടെ കളി മെനയുന്ന താരം കേരള പ്രീമിയർ ലീഗിലെ ആറ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ സ്വന്തം വിങ്ങിലൂടെ വിങ്ബാക്കിനെ ഓവർലാപ്പ് ചെയ്യിപ്പിച്ച് ബോക്സിലേക്ക് വെടിയുണ്ട പോലെ കുതിക്കുന്ന താരം എല്ലാസമയവും ഗോൾ നേടാനുള്ള അവസരത്തിന് വേണ്ടി കളിക്കളത്തിൽ പരതിനടക്കാറുണ്ട്.

സ്ട്രൈക്കർ : നിംഷാദ് റോഷൻ ( ഗോകുലം കേരള എഫ്‌സി)

ആസിഫിനേയും റിഷാദിനെയും പോലെ തന്നെ കഴിഞ്ഞ സീസണിൽ ഐ ലീഗിനുള്ള ഗോകുലം കേരളയുടെ പ്രീസീസൺ ടീമിൽ ഉണ്ടായിരുന്ന, എന്നാൽ അവസാന സ്‌ക്വാഡിൽ ഇടം നേടാൻ സാധിക്കാതിരുന്ന താരമാണ് നിംഷാദും. ഫാക്ട് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന നിംഷാദ് 2015-16 വർഷത്തിൽ സെൻട്രൽ എക്സ്സൈസിനൊപ്പം അതിഥി താരമായി കേരള പ്രീമിയർ ലീഗിൽ അരങ്ങേറി. തുടർന്ന് രണ്ട് വർഷം മുൻപ് ഗോൾഡൻ ത്രെഡ്സിന്റെ ഭാഗമായ താരത്തെ കഴിഞ്ഞ സീസണിന്റെ പകുതിയിൽ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ഗോകുലം ടീമിൽ എത്തിക്കുകയായിരുന്നു.

വളരെയധികം ശാരീരികക്ഷമതയുള്ള താരമാണ് നിംഷാദ്. പന്തിനെ കൃത്യമായി ലക്ഷ്യത്തിലേക്ക് വെടിയുണ്ട കണക്കെ എത്തിക്കാൻ സാധിക്കുന്ന, വളരെ വേഗത്തിൽ ഓടാൻ കഴിയുന്ന നിംഷാദ് ഗോകുലത്തിന്റെ കീ പ്ലയേഴ്‌സിൽ ഒരാളാണ്. ഫൈനലിൽ കെഎസ്ഇബിയുടെ ലീഡ് അവസാനിപ്പിച്ച് മത്സരം ഗോകുലത്തിന്റെ കയ്യിൽ എത്തിച്ച നിർണായക ഗോൾ അടക്കം മൂന്ന് ഗോളുകൾ താരം നേടിയിരുന്നു.

ബെഞ്ച് : സച്ചിൻ (കേരള ബ്ലാസ്റ്റേഴ്‌സ്), കനേഷ് (കോവളം എഫ്‌സി), സഞ്ജു (കേരള പോലീസ് ), ഗണേശൻ (ഗോകുലം കേരള), മുഹമ്മദ് പാറക്കോട്ടിൽ (കെഎസ്ഇബി), റബീഹ് (ലുക്ക എസ്‌സി), നിജോ ഗിൽബർട്ട് (കെഎസ്ഇബി), ആദർശ് മാട്ടുമ്മൽ (കേരള യുണൈറ്റെഡ്), ബിപിൻ തോമസ് (കേരള പോലീസ്)

For more updates, follow Khel Now on TwitterInstagram and join our community on Telegram.