Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ബ്ലാസ്റ്റേഴ്‌സ് വെഞ്ചേഴ്സ് വോളിബോളിലേക്ക്; സെർബിയൻ ക്ലബ്ബ്മായി പാർട്ണർഷിപ്പിൽ

Published at :August 25, 2020 at 3:01 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : KBFC Media)

Gokul Krishna M


സെർബിയൻ ഫസ്റ്റ് ഡിവിഷൻ ടൂർണമെന്റുകളിൽ ബ്ലാസ്റ്റേഴ്‌സ് വെഞ്ചേഴ്‌സിന്റെ വോളിബോൾ ടീം പങ്കെടുക്കും

മലയാളികൾക്ക് ഫുട്ബാളിൽ ആവേശം സൃഷ്ട്ടിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എന്ന സംരംഭത്തിന് ശേഷം പുതിയ വോളിബോൾ ക്ലബ്ബ് ആരംഭിക്കാൻ ബ്ലാസ്റ്റേഴ്‌സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് തയ്യാറെടുക്കുന്നു. സെർബിയൻ ക്ലബ്ബായ റാഡ്‌നിക്കി ബെൽഗ്രേഡുമായി സഹകരിച്ചാണ് പുതിയ ക്ലബ് രൂപീകരിച്ചത്. റാഡ്‌നിക്കി ബ്ലാസ്റ്റേഴ്‌സ് എന്ന് പേരിട്ടിട്ടുള്ള ക്ലബ് സെർബിയൻ വോളീബോൾ ഫസ്റ്റ് ഡിവിഷനിൽ കളിക്കും.

ഫുട്ബോളിനെ പോലെ വോളിബോളിനെയും സ്നേഹിക്കുന്ന കൂട്ടരാണ് മലയാളികൾ. ദേശിയ ടൂർണമെന്റുകളിൽ ഉൾപ്പെടെ കേരള വോളിബോൾ ടീമുകൾ കപ്പുകൾ വാരി കൂട്ടുന്ന കാഴ്ച നാമേവരും കാണാറുള്ളതാണ്. പ്രൊ വോളിബോളിന്റെ വരവോടെ കേരള വോളിബോളിൽ പുതിയൊരു ഉണർവ് വന്നിരുന്നു. എന്നാൽ പല കാരണങ്ങൾ മൂലം പ്രൊ വോളിബോളിലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇതുകൊണ്ടൊക്കെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഉടമകളുടെ ഈ നീക്കം കേരള വോളീബോൾ പ്രേമികൾക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. സാങ്കേതിക വൈദഗ്ധ്യം, പരിശീലന സൗകര്യങ്ങൾ, പിന്തുണ എന്നിവ നൽകുന്നതിനു പുറമേ വളർന്നുവരുന്ന പ്രതിഭകളെ അന്താരാഷ്ട്ര രംഗത്തേക്ക് കൊണ്ടുവരാനും ഈ നീക്കം കൊണ്ട് ഉദ്ദേശിക്കുന്നുണ്ടെന്ന് ക്ലബ് വ്യക്തമാക്കി.

https://twitter.com/KeralaBlasters/status/1297863316962861056

എഫ് ഐ ബി വോളി ഫെഡറേഷനിലെ പ്രധാനിയായ സെർബിയ വോളിബോൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ മികച്ചു നിൽക്കുന്ന രാജ്യമാണ്. രാജ്യത്തെ വനിതാ ദേശീയ വോളിബോൾ ടീം 2016 സമ്മർ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി, 2018 എഫ്ഐവിബി വോളിബോൾ വനിതാ ലോക ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞപ്പോൾ പുരുഷ ടീം സിഡ്നിയിൽ 2000 സമ്മർ ഒളിമ്പിക്സിൽ സ്വർണ്ണവും അറ്റ്ലാന്റയിൽ വെച്ച നടന്ന 1996 സമ്മർ ഒളിമ്പിക്സിൽ വെങ്കലവും നേടി.

ഈ നീക്കത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് സ്പോർട്സ് വെഞ്ചേഴ്സ് ഉടമകളിൽ ഒരാളായ നിഖിൽ ഭരദ്വാജ് പറഞ്ഞതിങ്ങനെ - “സ്പോർട്സ് എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ശാക്തീകരണത്തിനുള്ള ഒരു മാധ്യമമാണ്. കായിക സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക പഠനാനുഭവത്തിനും സ്പോർട്സ് പ്രധാനമാണ്. ഫുട്ബോളിനോടും സ്പോർട്സിനോടും കേരളത്തിനുള്ള അഭിനിവേശത്തെ കുറിച്ച് കഴിഞ്ഞ ആറു വർഷം കൊണ്ട് മനസ്സിലാക്കി. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ തുല്യ പ്രചാരമുള്ള വോളിബാളിനെ കുറിച്ചും ഈ കാലയളവിൽ ഞങ്ങൾ മനസ്സിലാക്കി. ഇതാണ് ഞങ്ങളെ റാഡ്‌നിക്കി ബ്ലാസ്റ്റേഴ്സിലേക്ക് നയിച്ചത്.

സംസ്ഥാനത്തു നിന്നുള്ള പ്രതിഭകളെ തിരിച്ചറിയാനും മികച്ച അവസരങ്ങൾ നൽകാനും അവരുടെ മികവ് തെളിയിക്കാനുള്ള ഒരു വേദി നിർമ്മിക്കാനുമായാണ് ഇതിനെ ഞങ്ങൾ കാണുന്നത്. വോളിബോളിൽ ആഴത്തിലുള്ള വേരുകളുള്ള റാഡ്‌നിച്കി ബെൽഗ്രേഡുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. കൃത്യമായ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് സാമൂഹിക സാംസ്‌കാരിക വിനിമയ പരിപാടികൾ, വിദഗ്ധ പരിശീലന ക്ലാസുകൾ ഇവിടത്തെ വോളിബോൾ താരങ്ങൾക്ക് ഗുണകരമായ രീതിയിൽ നല്കാൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നു."

ബ്ലാസ്റ്റേഴ്സുമായുള്ള സഹകരണത്തിൽ റാഡ്‌നിച്കി ബെൽഗ്രേഡ് ടീമും ഏറെ ആവേശത്തിലാണ്. റാഡ്‌നിച്കി ബെൽഗ്രേഡിന്റെ സ്പോർട്സ് ഡയറക്ടർ നിക്കോള ബിവറോവിക് ഇതേകുറിച്ച് പറഞ്ഞതിങ്ങനെ - “സെർബിയയിലെ ഏറ്റവും പ്രശസ്തമായ കായിക വിനോദങ്ങളിലൊന്നായ വോളിബോളിൽ മികച്ച പാരമ്പര്യമുള്ള ക്ലബ്ബാണ് റാഡ്‌നിച്കി ബെൽഗ്രേഡ്. കേരളത്തിലെ വോളിബോളിന്റെ വളർച്ച ലക്ഷ്യമിട്ടുള്ള ഈ മഹത്തായ പദ്ധതിയിൽ ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവുമുണ്ട്. ബി.എസ്.വി.പി എൽ ടീമും ഞങ്ങളെപ്പോലെ സ്പോർട്സിനോട് ഏറെ ഉത്തരവാദിത്വ ബോധത്തോടെ കാണുന്നവരാണ്.

അവരുമായി ഒരു ദീർഘകാല ബന്ധമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഭാവിയിൽ നമ്മുടെ ടീമിന്റെ പേര് റാഡ്‌നിച്കി ബ്ലാസ്റ്റേഴ്സ് എന്നാവും. കൂടാതെ നമ്മുടെ ഫസ്റ്റ് ടീമും, അക്കാദമി താരങ്ങളും “ റാഡ്‌നിച്കി ബ്ലാസ്റ്റേഴ്‌സ് “ എന്ന പേരിലുള്ള ജേഴ്സി അഭിമാനത്തോടെയും ഉത്തരവാദിത്വവും കൂടി അണിയും “.

Advertisement