ഗോകുലം കേരള എഫ്‌സിയോടൊപ്പം കഴിഞ്ഞ സീസൺ ഐ ലീഗ് നേടിയിരുന്നു.

കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി ബൂട്ട് കെട്ടിയ മധ്യനിര താരം സൽമാൻ കള്ളിയത്തിനെ തട്ടകത്തിലെത്തിക്കാൻ കേരള യുണൈറ്റഡ് എഫ്‌സി ശ്രമിക്കുന്നതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു.

“സൽമാൻ കള്ളിയത്തുമായുള്ള കരാർ പൂർത്തിയാക്കാൻ കേരള യുണൈറ്റഡ് എഫ്‌സി ശ്രമിക്കുന്നു,” ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു. ഇറ്റാലിയൻ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസിന്റെ കീഴിൽ 2020-21 സീസണിൽ ഗോകുലം കേരള എഫ്‌സിയോടൊപ്പം ഐ ലീഗ് നേടിയ ടീമിന്റെ ഭാഗമായിരുന്നു സൽമാൻ.

 ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്ന മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ച സൽമാൻ സ്കൂൾ ടീമുകളിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. മലപ്പുറം എംഎസ്പി സ്കൂളിന് വേണ്ടി ദേശീയ ടൂർണമെന്റായ സുപ്രതോമുഖർജി കപ്പിൽ കാഴ്ച വെച്ച പ്രകടനം താരത്തെ മലപ്പുറം ജില്ല ടീമിൽ എത്തിച്ചു. എംഎസ്പി സ്കൂൾ ഫൈനലിൽ ഉക്രൈൻ ക്ലബ്ബായ ഡൈനമോ കീവിനോട് തോറ്റ് റണ്ണർസ് അപ്പ് ആയി മാറുകയായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ കേരള സന്തോഷ് ട്രോഫി ടീം ക്യാമ്പിൽ സ്ഥിരം സാന്നിധ്യം ആയിരുന്നു താരം എങ്കിലും ടീമിന്റെ അവസാന സ്‌ക്വാഡിൽ ഇടം കണ്ടെത്താൻ സാധിച്ചിട്ടില്ല. സെവൻസ് മൈതാനങ്ങളിൽ വേഗതയും കളി മികവും കൊണ്ട് ആ കാലത്ത് സ്ഥിരം സാന്നിധ്യമായിരുന്നു.

തുടർന്ന് കോളേജ്/യൂണിവേഴ്സിറ്റി ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ താരത്തിന്റെ കഴിവ് മനസിലാക്കിയ പരിശീലകൻ ബിനോ ജോർജ് താരത്തിന് കൊൽക്കത്തൻ ക്ലബ്ബായ യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിൽ കളിക്കാൻ അവസരം രൂപപ്പെടുത്തി കൊടുത്തു. തുടർന്ന് ഒരു വർഷത്തിന് ശേഷം താരം 2017ൽ കേരളത്തിൽ നിന്ന് പുതുതായി രൂപം കൊണ്ട ഗോകുലം എഫ്‌സിയുടെ പരിശീലകൻ ബിനോ ജോർജിന് കീഴിൽ ആദ്യ സ്‌ക്വാഡിന്റെ ഭാഗമായി.

ക്ലബ് രൂപീകരിച്ചത് മുതൽ കഴിഞ്ഞ നാല് വർഷവും താരം ഗോകുലത്തിന്റെ ഭാഗമാണ്. കളിക്കളത്തിൽ സ്വാഭാവികമായി ഒരു മിഡ്‌ഫീൽഡർ ആയ താരത്തെ ആവശ്യങ്ങൾക്ക് അനുസരിച്ചു വിങ്ങർ, സ്ട്രൈക്കർ, വിങ്ങ്ബാക്ക് എന്നീ പൊസിഷനുകളിലും കളിപ്പിക്കാൻ സാധിക്കും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡിന്റെ സഹോദര ക്ലബ്ബായ് കഴിഞ്ഞ വർഷം നിലവിൽ വന്ന കേരള യുണൈറ്റഡ് എഫ്‌സി ആകട്ടെ ഈ വർഷത്തെ കേരള പ്രീമിയർ ലീഗിലെ അരങ്ങേറ്റത്തിൽ ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. സെമിഫൈനലിൽ ടൂർണമെന്റ് ജേതാക്കളായ ഗോകുലം കേരള എഫ്‌സിയോട് നിശ്ചിതസമയത്തു സമനില പിടിച്ച ടീം പെനാൽറ്റി ഷൂട്ട്ഔട്ടിൽ വീഴുകയായിരുന്നു. കേരള പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിന്റെ ഫലമായി അടുത്ത സീസൺ ഐ ലീഗ് രണ്ടാം ഡിവിഷനിലേക്ക് യോഗ്യത പ്രതീക്ഷിക്കുന്ന ക്ലബ് തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുന്ന ശ്രമത്തിലാണ്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.