നാല് രാജ്യങ്ങളെ ഉൾപെടുത്തി വനിത ഫുട്ബോൾ ടൂർണമെന്റ് കൊച്ചിയിൽ വെച്ച് നടത്താനും തീരുമാനമായി

അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും എന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോടിക്കണക്കിന് രൂപ ചിലവഴിച്ചു നിർമ്മിച്ച സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനായി ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു കമ്പനിക്ക് രൂപം കൊടുത്തതായും അദ്ദേഹം അറിയിച്ചു. സന്തോഷ് ട്രോഫി സംഘടിപ്പിക്കുന്നതിലൂടെ കായികമേഖലയിലും ഫുട്ബോളിലുമുള്ള താല്പര്യം പുനരുജ്ജീവിപ്പിക്കാനുള്ള അവസരം ഉണ്ടാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബറിൽ നടക്കാനിരിക്കുന്ന 75 – മത് സന്തോഷ് ട്രോഫി മേഖലാ തല മത്സരങ്ങൾ പൂർത്തിയായ ശേഷം അടുത്ത വര്‍ഷം ആദ്യമാണ് ഫൈനല്‍ റൗണ്ട് നടക്കുക. സന്തോഷ് ട്രോഫി ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ ഉണ്ടാവും. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ ഫൈനല്‍ നടക്കും. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായും മന്ത്രി സൂചിപ്പിച്ചു. നിലവിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബായ കേരള യുണൈറ്റഡ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് പയ്യനാട് സ്റ്റേഡിയം.

കൂടാതെ 2022ൽ ഇന്ത്യ ആതിഥേയം വഹിക്കുന്ന എഎഫ്‌സി വനിത ഏഷ്യൻ കപ്പിന് മുന്നോടിയായി ൽ, അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെയും കേരള ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ കേരള സർക്കാർ നാല് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര വനിതാ ഫുട്‌ബോള്‍ ടൂർണമെന്റ് ഡിസംബറില്‍ കൊച്ചിയിൽ സംഘടിപ്പിക്കും. അന്താരാഷ്ട്ര വനിതാ ടൂര്‍ണമെന്റില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമും പങ്കെടുക്കും. ആകെ 7 മത്സരങ്ങളാണ് ഈ വനിത ടൂർണമെന്റിൽ ഉണ്ടാവുക.

ദേശീയതലത്തിലെ ജൂനിയര്‍, സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടത്തുമെന്നും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ് പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിൽ പ്രഖ്യാപനങ്ങൾ ഉണ്ടായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ഈ ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ ഏകദേശം 40 മത്സരങ്ങള്‍ വീതം ഉണ്ടാകും. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ കേരളത്തിൽ വനിത ഫുട്ബോളിനെയും ബീച്ച് ഫുട്ബോളിനെയും പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

അണ്ടർ 17 ലോകകപ്പ് യോഗ്യത ടൂർണമെന്റിൽ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന്റെ ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന ക്യാമ്പ് കേരളത്തില്‍ നടത്താന്‍ സംസ്ഥാനം തയ്യാറായി. ഇതുമായി ബദ്ധപ്പെട്ട ധാരണാപത്രം സർക്കാർ എഐഎഫ്എഫുമായി ഒപ്പിട്ടു. കേരളത്തിലെ പ്രാദേശിക ടീമുകള്‍ക്ക് ഈ ടീമുമായി മത്സരിക്കാനും അവസരവും ഉണ്ടാകും. ഇതിനൊപ്പം ദേശീയ വനിതാ സീനിയര്‍ ടീമിന്റെ ക്യാമ്പും കേരളത്തില്‍ നടക്കും.

എഐഎഫ്എഫിന്റെ മേൽനോട്ടത്തിൽ പ്രാദേശിക തലം മുതല്‍ സംസ്ഥാനതലം വരെ ബേബി ലീഗും ജൂനിയര്‍, സീനിയര്‍ ലീഗുകളും കേരളം സംഘടിപ്പിക്കും. ബംഗാളില്‍ ഈ പദ്ധതി നേരത്തെ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ജേതാക്കളാകുന്ന ടീമുകള്‍ ജില്ലാ തലത്തില്‍ മത്സരിക്കും. അവിടെ ജേതാക്കളാകുന്ന 14 ടീമുകള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും.

സംസ്ഥാനത്ത് ഗ്രാസ്സ്റൂട്ട് ഫുട്ബാൾ വികസനത്തിന്റെ ഭാഗമായി ദേശീയ ഫുട്ബോൾ ഫെഡററേഷന് ഒപ്പം സർക്കാർ പ്രവർത്തിക്കുമെന്നും അതിന്റെ ഭാഗമായി എഐഎഫ്എഫിന്റെ കോച്ചിങ് ലൈസൻസുകൾ നേടാനുള്ള പരിശീലന ക്ലാസുകള്‍ കേരളത്തിൽ നടത്താൻ ഫെഡറേഷൻ മുന്‍കൈയെടുക്കും. സംസ്ഥാനത്തെ കോച്ചുകൾക്ക് പ്രയോജനകരമാകുന്ന റിഫ്രഷർ കോഴ്സുകൾക്ക് പുറമെ എഎഫ്സി ലൈസൻസ് കോഴ്സുകളും സംസ്ഥാനത്ത് നടത്തും. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന പരിശീലകരുടെ സേവനം ഈ ക്ലാസുകളില്‍ നൽകുമെന്നും എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വനിത പരിശീലകരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുവന്ന് ഫെഡറേഷൻ സൂചിപ്പിച്ചു. റഫറിമാര്‍ക്കുള്ള പരിശീലനത്തിനും സഹകരണങ്ങൾ നൽകുകയും ചെയ്യും.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.