നിലവിൽ കേരള യുണൈറ്റഡ് എഫ്സിയുടെ മുഖ്യ പരിശീലകൻ ആണ് ബിനോ ജോർജ്

ഈ വർഷം നവംബറിൽ ആരംഭിക്കാനിരിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടിയുള്ള കേരള സന്തോഷ് ട്രോഫി ടീമിന്റെ മുഖ്യ പരിശീലകനായി ബിനോ ജോർജിനെ നിയമിച്ചതായി കേരള ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു. സഹ പരിശീലകനായി ടി ജി പുരുഷോത്തമനും ചുമതലയേൽക്കും.

നിലവിൽ ഒക്ടോബർ നാലിന് ആരംഭിക്കുന്ന ഐ ലീഗ് യോഗ്യത ടൂർണമെന്റിന് ഒരുങ്ങുന്ന കേരള യുണൈറ്റഡ് എഫ്സിയുടെ മുഖ്യ പരിശീലകൻ ആണ് ബിനോ ജോർജ്. ടിജി പുരുഷോത്തമൻ ആകട്ടെ ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ റിസർവ് യുടെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചുവരികയാണ്. നിലവിൽ ഇരു പരിശീലകരും അവരുടെ ക്ലബ്ബുകളുമായി കരാർ ഒപ്പിട്ടിരിക്കുന്നതിനാൽ തന്നെ പ്രത്യേക അനുമതിയോടെയാണ് കേരള സന്തോഷ് ട്രോഫി ടീമിന്റെ സാരഥ്യം ഏറ്റെടുത്തിരിക്കുന്നത്.

ഈ വർഷം ഓഗസ്റ്റ് പകുതിയോടെ കേരള യുണൈറ്റഡ് എഫ്‌സിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ബിനോ ജോർജ് ക്ലബ്ബിനൊപ്പം ഐ ലീഗ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. കേരള യുണൈറ്റഡ് ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ കെങ്കരെ എഫ്‌സി, കോർബറ്റ് എഫ്‌സി, ഡൽഹി എഫ്‌സി, അരാ എഫ്‌സി എന്നിവരാണ് മറ്റ് ടീമുകൾ.

ടൂർണമെന്റിന് മുന്നോടിയായി കൊച്ചിയിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ സെർബിയൻ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ കീഴിൽ ഐഎസ്എല്ലിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്തിട്ടാണ് ബിനോ ജോർജിന്റെ കീഴിൽ ടീം തുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള രണ്ടാമത്തെ മത്സരം, ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ അവസാനിച്ചു. തുടർന്ന് കേരള പോലീസുമായി രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയം. കേരള സ്റ്റാർസ് XI മായി ഓരോ ഗോളുകൾ വീതം നേടിയ സമനില. കോഴിക്കോട് യങ് ചലഞ്ചർസ് ക്ലബ്ബിന് എതിരായി ഒന്നിനെതിരെ ആറ് ഗോളുകളുടെ തകർപ്പൻ വിജയം. അവസാനമായി ഇന്ത്യൻ എയർഫോർസുമായി ഒരു ഗോളിന്റെ തോൽവി എന്നതാണ് നിലവിൽ ബിനോ ജോർജിന്റെ കീഴിൽ ക്ലബ്ബിന്റെ പ്രീ സീസൺ പ്രകടനം.

ടിജി പുരുഷോത്തമൻ ആകട്ടെ ഈ വർഷം ആദ്യം നടന്ന കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ റിസർവ് നിരയെ നയിച്ച പരിശീലകനാണ്. ടീം ആകട്ടെ ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളിൽ കോവളം എഫ്‌സിയോടും ഗോൾഡൻ ത്രെഡ്സിനോടും വിജയിക്കുകയും കേരള യുണൈറ്റഡിനോടും കെഎസ്ഇബിയോടും തോൽക്കുകയും എംഎ ഫുട്ബോൾ അക്കാദമിയോട് സമനില പിടിക്കുകയും ചെയ്തു.

” കഴിഞ്ഞ തവണത്തെ അതേ പരിശീലകരാണ് ഇതവണയും എന്നത് സന്തോഷമുള്ള കാര്യമാണ്. വളരെ പ്രതീക്ഷയോടെയാണ് ടീമിനെ കാണുന്നത്. കേരളം കളിക്കുന്നത് ജയിക്കുന്നതിന് വേണ്ടിയാണ്. ടീമിലേക്ക് താരങ്ങളെ കണ്ടെത്താൻ ഉണ്ട്. അതിന്റെ പിന്നിൽ ഒരുപാട് അധ്വാനം ആവശ്യമുണ്ട്. അതിന് ശേഷമേ കൂടുതൽ പറയാൻ കഴിയൂ. ” – സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായി നിയമിതനായ ടിജി പുരുഷോത്തമൻ പ്രതികരിച്ചു.

2019ൽ അവസാനം നടന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത ടൂർണമെന്റിൽ ബിനോ ജോർജും ടിജി പുരുഷോത്തമനും നയിച്ച കേരള ടീം അസാമാന്യമായ പ്രകടനമാണ് കാഴ്ചവച്ചത്. ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും തമിഴ്നാടിനെ എതിരില്ലാത്ത ആറു ഗോളുകൾക്കും പരാജയപ്പെടുത്തി കേരളം അടുത്ത ഘട്ടത്തിലേക്ക് കടന്നുവെങ്കിലും കോവിഡ് പകർച്ചവ്യാധി വ്യാപനം മൂലം അവസാന ഘട്ട മത്സരങ്ങൾ നിർത്തിവെക്കുകയാണ് ഉണ്ടായത്. അതിനാൽ തന്നെ ഇത്തവണ കിരീടം ലക്ഷ്യമാക്കി കച്ച മുറുക്കുകയാണ് കേരളം.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.