Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

നിങ്ങൾക്ക് ഇന്ത്യക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാൻ കഴിയില്ലെങ്കിൽ നിങ്ങൾ പടിയിറങ്ങണം: വിരാട് കോഹ്‌ലി

Published at :May 19, 2020 at 5:44 PM
Modified at :May 19, 2020 at 5:44 PM
Post Featured Image

Jouhar Choyimadam


ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുമായി ഇൻസ്റ്റഗ്രാമിൽ അഭിമുഖ സംഭാഷണം നടത്തി.

രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന ലോക്ഡൗണിനിടയിൽ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി ഒരു പത്രപ്രവർത്തകനെന്ന നിലയിലെ തന്റെ കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കായികതാരങ്ങളെ ഇൻസ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെ ഇന്റർവ്യൂ ചെയ്തുകൊണ്ടാണ് അദ്ദേഹം ലോക്ഡൗണിനെ സുന്ദരമാക്കുന്നത്. ഐ എം വിജയൻ, സാനിയ മിർസ, അശ്വനി പൊന്നപ്പ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ഛേത്രിയുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. ഞായാറാഴ്ചയാണ് വിരാട് കോഹ്‌ലിയും ഈ ലിസ്റ്റിലേക്ക് കയറിയത്.

സച്ചിൻ ടെണ്ടുൽക്കർ വിരമിച്ചതിനു ശേഷം താൻ ക്രിക്കറ്റിനെ പിന്തുടരുന്നത് നിർത്തി എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് ഛേത്രി സെഷൻ ആരംഭിച്ചത്. പക്ഷേ പിന്നീട് അദ്ദേഹം വീണ്ടും ഈ കളിയെ എൻജോയ് ചെയ്യാൻ തുടങ്ങുകയും ചെയ്തു, അതിന് അദ്ദേഹം ഇന്ത്യൻ നായകനോട് നന്ദി പറയുകയും ചെയ്തു.

"വളർന്നു വരുമ്പോൾ ഞങ്ങൾ എല്ലാവരും സച്ചിന്റെ ആരാധകരായിരുന്നു, പക്ഷെ പിന്നീട് അദ്ദേഹം വിരമിച്ചു, അപ്പോൾ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്റെ പ്രൊഫെഷൻ തന്നെ ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ ക്രിക്കറ്റിനെ പിന്തുടരൽ നിർത്തി," ഛേത്രി പറഞ്ഞു."പിന്നെ വിരാട് കോഹ്‌ലി വന്നു. തുടക്കത്തിൽ തന്നെ ഈ പുതിയ താരം തകർപ്പൻ പ്രകടനമായിരുന്നു. പിന്നെ ഇന്ത്യക്ക് വേണ്ടി അദ്ദേഹം നിരന്തരം സ്വഞ്ചറികൾ നേടാനും ഇന്ത്യയെ മത്സരങ്ങളിൽ ജയിപ്പിക്കാനും തുടങ്ങി. അതായിരുന്നു ഞാൻ വീണ്ടും ക്രിക്കറ്റ് കാണാൻ ആരംഭിക്കാനുള്ള കാരണം."

"അദ്ദേഹത്തിന്റെ സ്ഥിരതയാണ് ഞാൻ അദ്ദേഹത്തിന്റെ ആരാധകൻ ആവാനുള്ള മറ്റൊരു കാരണം. ഓരോ കളിക്കും അദ്ദേഹം അദ്ദേഹത്തിന്റെ മാക്സിമം നൽകുന്നു. ഒരു മത്സരത്തിന് വേണ്ടി തയ്യാറാകുമ്പോൾ അദ്ദേഹം ഒരു സമയവും വെറുതെ കളയുന്നില്ല, അത് അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തിലോ മറ്റേതെങ്കിലോ ആണെങ്കിലും," അദ്ദേഹം വിവരിച്ചു.

"താങ്കൾ (ഛേത്രി) ഈ ഇന്റർവ്യൂവിന് വേണ്ടി ആദ്യം തന്നെ എനിക്ക് സമയം തന്നത് കൊണ്ട് എനിക്ക് എന്റെ പരിശീലനം കൃത്യ സമയത്ത് തീർക്കാനായി. നിങ്ങൾക്ക് ഒരിക്കലും നായകനോട് വേണ്ട എന്ന് പറയാൻ കഴിയില്ലല്ലോ…!" ചാറ്റിൽ ചേർന്നയുടനെ സെഷൻ രസകരമാക്കിക്കൊണ്ട് കോഹ്‌ലി പറഞ്ഞു. രാജ്യം മുഴുവൻ പൂട്ടിയിട്ടിരിക്കുന്ന ഈ ഒരു സന്ദർഭത്തിൽ തന്റെ ഒരു ദിവസം എങ്ങെനെയാണ് പോകുന്നത് എന്ന് അദ്ദേഹം വിവരിച്ചു.

"ഞാൻ ദിവസവും കുറച്ചുസമയം പരിശീലനം നടത്തുന്നു. അത് എങ്ങനെയാണെന്ന് നിങ്ങൾക്ക് അറിയാം എന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് വിശ്രമിക്കാം, പക്ഷേ നിങ്ങൾക്ക് നിങ്ങളുടെ ചര്യകളിൽ നിന്ന് വ്യതിചലിക്കാൻ ഒരിക്കലും സാധിക്കില്ല. കാരണം ഈ ലോക്ഡൗണിന് ശേഷം വീണ്ടും നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വങ്ങളിലേക്ക് മടങ്ങേണ്ടവരാണ്.

വീഡിയോ ചാറ്റിനിടക്ക് രണ്ടുപേരും ജനിച്ച് കളിച്ചു വളർന്ന ഡൽഹിയിലെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ചു വളർന്ന കുട്ടിക്കാലത്തെ പറ്റിയും ഓർമിച്ചു. ടർഫ് പിച്ചുകളില്ലാതെ ഇരുവരും കളിക്കുന്നതിനെ പറ്റി നമുക്ക് സങ്കൽപിക്കാൻ പോലും കഴിയില്ലെങ്കിലും ഇരുവരും തെരുവ് ക്രിക്കറ്റുകളിലും ബാഡ്മിന്റൻ നെറ്റുകൾ കൊണ്ടും വിളക്കുകാലുകളെ കൊണ്ടും നിർമ്മിച്ചവയുമായ സാധാരണ ബാല്യം ഇവരുടെ കുട്ടിക്കാലത്തും ഉണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അദ്ദേഹത്തിന്റെ കളിയിൽ ശരിയായ മാനസികാവസ്ഥ അദ്ദേഹത്തിൽ ഏറെ പ്രാധാന്യമാണെന്നും അദ്ദേഹം പറഞ്ഞു. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രത്യേക മാനസികാവസ്ഥയാണ് അദ്ദേഹത്തെ ആരാധിക്കുന്നതിന്റെ പ്രധാന കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.

"ഗ്രൗണ്ടിൽ ഒരുപാട് മികച്ച താരങ്ങൾ ഉണ്ട് എന്നാൽ എന്നാൽ വലിയ മത്സരങ്ങളിൽ ക്രിസ്ത്യാനോ വേറിട്ടു നിൽക്കുന്നു. ഈ സീസണിലെ യുവന്റസ്-അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് മത്സരം പോലെ. ആദ്യ പാദത്തിൽ 2-0 ന് യുവന്റസ് തോറ്റു. പക്ഷെ അദ്ദേഹം തന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും "ഇത് ഒരു പ്രത്യേക രാത്രിയാകും" എന്ന് പറഞ്ഞ് അടുത്ത പാദം കാണാൻ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം ഹാട്രിക് നേടി ടീമിനെ അടുത്ത ഘട്ടത്തിലേക്ക് നയിച്ചു. അവിശ്വസനീയമായിരുന്നു ഇവയെല്ലാം. ഒരു പ്രത്യേകതരം മാനസികാവസ്ഥയാണ് അദ്ദേഹത്തിനുള്ളത്" കോഹ്‌ലി പറഞ്ഞു.

ഇതുപോലെ പറയുകയും പറഞ്ഞത് പോലെ ചെയ്യാൻ കഴിയുന്നതും വളരെ സ്ചുരുക്കം പേർക്കാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് എനിക്ക് ഏറെ പ്രചോദനം നൽകുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

ശേഷം സുനിൽ ഛേത്രി കോഹ്‌ലിയുടെ അമാനുഷികമായ ഫിറ്റ്നസിന്റെ രഹസ്യത്തെ പറ്റി ചോദിച്ചു. അതിന്റെ പൂർണ്ണ ക്രെഡിറ്റും ഐ.പി.എല്ലിലെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഫിറ്റ്നസ് ട്രെയിനർ ശങ്കർ ബസുവിനാണ് അദ്ദേഹം നൽകിയത്."ഫിറ്റ്നസും ട്രെയിനിങ്ങുമാണ് എന്നെ സംബന്ധിച്ചിടത്തോളം എല്ലാം, പക്ഷെ അതിന്റെ ക്രെഡിറ്റ് എനിക്ക് അവകാശപ്പെട്ടതല്ല. എന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നതിൽ ഏറെ പങ്കുവഹിച്ചത് ശങ്കർ ബസ്സുവാണ്. ആർ സി ബിയിലെ ഫിറ്റ്നസ് പരിശീലകനായിരുന്ന അദ്ദേഹമാണ് എന്നെ ലിഫ്റ്റിങ് പരിചയപ്പെടുത്തിയത്. ചില പ്രശ്നങ്ങൾ ഉള്ളതിനാൽ എനിക്ക് അൽപ്പം മടിയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയ ഒരു വസ്തുതയുമായിരുന്നു. പക്ഷെ മൂന്നാഴ്ച്ചക്ക് ശേഷം എനിക്ക് ലഭിച്ച ഫലങ്ങൾ കണ്ടു ഞാൻ അത്ഭുതപ്പെട്ടു. കോഹ്‌ലി ബംഗളൂരു എഫ് സി സ്‌ട്രൈക്കറോട് പറഞ്ഞു.

"അതിന് ശേഷം എന്റെ ഭക്ഷണക്രമത്തിൽ അദ്ദേഹം ശ്രദ്ധിച്ചു. എന്റെ ശരീരത്തിൽ വരുന്ന മാറ്റങ്ങളെ ഞാനും നിരീക്ഷിക്കാൻ തുടങ്ങി. എന്റെ കരിയറിന് ആവശ്യമുള്ള അടിസ്ഥാന കാര്യങ്ങൾ മാത്രമാണ് ഞാൻ ചെയ്യുന്നത്" അദ്ദേഹം തുടർന്നു. "ഞാൻ ഈ കളിക്കുന്ന കാലം വരെ ഞാൻ ഒരു ഭ്രാന്തനെ പോലെയാകും, നിങ്ങൾ രാജ്യത്തിനായി കളിക്കുകയാണെങ്കിൽ നിങ്ങൾ നന്നായി കഠിനാധ്വാനം ചെയ്യണം, നിങ്ങൾക്ക് അതിന് കഴിയുന്നില്ലെങ്കിൽ നിങ്ങൾ പിന്മാറണം," കോഹ്‌ലി പറഞ്ഞു.

2011 ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാവായ താരം തന്റെ ക്രിക്കറ്റ് കരിയറിൽ ഇതുവരെ നേടിയ ബഹുമതികളെല്ലാം തന്റെ പരേതനായ പിതാവിന് സമർപ്പിച്ചു. "തുടക്കം മുതൽ അദ്ദേഹം വ്യക്തമായ നിലപാടുകൾ എടുത്തു. കളിക്കുന്നതിനൊപ്പം തന്നെ പഠിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കാര്യത്തിൽ 200% വിശ്വാസമുണ്ടെകിൽ മാത്രമേ എനിക്ക് ആ കാര്യം നേടാൻ സാധിക്കൂ എന്ന് പിതാവ് നിരന്തരം ഓർമിപ്പിച്ചു. അണ്ടർ 19 ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ വരാൻ തുടങ്ങിയപ്പോൾ പഠനത്തെ കുറിച്ച് അധികമായി പറയുന്നത് അദ്ദേഹം അവസാനിച്ചു, എന്നിൽ കഴിവുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു," കോഹ്‌ലി പറഞ്ഞു.

"അദ്ദേഹം കുടുംബത്തിന് വേണ്ടി ഒരുപാട് ചെയ്തുവെങ്കിലും എനിക്ക് അദ്ദേഹത്തിന് വേണ്ടി ചെയ്യാനുള്ളത് അദ്ദേഹത്തിന് സുഖകരമായ ഒരു വിശ്രമ ജീവിതം നൽകുക എന്നത് മാത്രമായിരുന്നു. യാതൊരു വിഷമങ്ങളുമില്ലാതെ സുഖകരമായ ഒരു ജീവിതം നൽകുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന് എനിക്ക് തിരിച്ചു നൽകാൻ കഴിയുന്ന ഒരേയൊരു സമ്മാനം. ഞങ്ങൾ അദ്ദേഹത്തെ ഏറെ മിസ് ചെയ്യുന്നു.

1990 കളിലെ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടങ്ങളെ പറ്റിയും ഇരുവരും സംസാരിച്ചു. "എനിക്ക് ഇവയിൽ നിന്ന് കളിക്കാൻ ആഗ്രഹമുള്ള ഏതെങ്കിലും ഒരു ഇന്നിംഗ്സ് തിരഞ്ഞെടുക്കാൻ പറയുകയാണെങ്കിൽ 1998 ലെ കൊക്കക്കോള കപ്പിൽ ആസ്‌ട്രേലിയക്കെതിരെ സച്ചിൻ നടത്തിയ 'ഡെസേർട് സ്റ്റോം" ഇന്നിംഗ്സ് ആണ് ഞാൻ തിരഞ്ഞെടുക്കുക. ആ ഓർമ്മകൾ സുന്ദരമായിരുന്നു, ഒരിക്കലും മറക്കാൻ കഴിയില്ല," കോഹ്‌ലി കൂട്ടിച്ചേർത്തു.

Advertisement