ഇന്ത്യയിൽ ആരാധകരുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഫുട്ബോൾ ക്ലബ്ബായ ട്രാവൻകൂർ റോയൽസ് എഫ്‌സി ഇ സ്പോർട്സ് ടീമിനെ പുറത്തിറക്കുന്നു.

ജർമൻ ക്ലബായ ബയേൺ മ്യുണിക്, ഫ്രഞ്ച് ക്ലബായ പിഎസ്ജി, ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമ, ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി, സ്പാനിഷ് ക്ലബായ വലൻസിയ തുടങ്ങിയ ലോകത്തിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകൾക്ക് സ്വന്തമായി ഇ സ്പോർട്സ് ടീമുകൾ നിലവിലുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ആദ്യമായി ഒരു ഇ സ്പോർട്സ് ടീമിന് ഒരു ഫുട്ബോൾ ക്ലബ്‌ രൂപം കൊടുക്കുന്നത്. ലോകോത്തര ക്ലബ്ബുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇ സ്പോർട്സ് ടീമുകൾക്ക് തുല്യമായാണ് ട്രാവൻകൂർ റോയൽസിന്റെ ഇ സ്പോർട്സ് ടീം മുന്നോട്ട് പോവുക. ഇ സ്പോർട്സ് അസോസിയേഷൻ കേരളയുമായി സഹകരിച്ചാണ് ടീമിന്റെ പ്രവർത്തനം.

” ഭാവിയിൽ ഇ സ്പോർട്സിന് വലിയൊരു സാധ്യതയാണ് ഉള്ളത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ പ്രദർശന മത്സരമായി ഇ സ്പോർട്സ് ഉൾപെടുത്തിയിരുന്നു. ഭാവിയിൽ ഒളിമ്പിക്സ് പോലെയുള്ള ലോകത്തിലെ വലിയ കായികമത്സരങ്ങളിൽ ഒരു മത്സര ഇനമായി മാറാനും ഇ സ്പോർട്സിന് കഴിയും. ലോകത്തിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകൾക്ക് സ്വന്തമായി ഇ സ്പോർട്സ് ടീമുകൾ സ്വന്തമായുണ്ട്. അതെ ആശയം എന്തുകൊണ്ട് ഇന്ത്യയിലും കൊണ്ടുവന്നുകൂടാ എന്ന ചിന്തയാണ് ക്ലബിന് കീഴിൽ ഒരു ഇസ്പോർട്സ് ടീം രൂപീകരിക്കുക എന്ന ആശയത്തിൽ എത്തിച്ചത്. ” ഇസ്പോർട്സ് ടീം രൂപീകരിക്കാൻ ഇടയായ കാരണത്തെ കുറിച്ച് ട്രാവൻകൂർ റോയൽസിന്റെ സിഇഒ ജിബു ഗിബ്സൺ ഖേൽനൗവിനോട് സംസാരിച്ചു.

” കേരളത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ധാരാളം ഇ സ്പോർട്സ് കൂട്ടായ്മകൾ നിലവിലുണ്ട്. കേരളത്തിൽ ചിതറികിടക്കുന്ന ഇത്തരം കൂട്ടായ്മകളെ ഒരുമിപ്പിച്ചു കൊണ്ടുപോകുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിൽ ഉണ്ട്. അടുത്ത മുന്നോ നാലോ മാസങ്ങൾ കൊണ്ട് കേരളത്തിൽ ഏറ്റവും അധികം പ്രചാരമുള്ള ഫിഫയുടെയും പ്രൊ എവോല്യൂഷൻ സോക്കറിന്റെയും ടീമുകൾ ക്ലബ്ബിന്റെ കീഴിൽ രൂപീകരിക്കുക എന്നാണ് ആദ്യത്തെ ലക്ഷ്യം. അതിനായി കേരളത്തിലുടനീളം ടൂർണമെന്റുകൾ നടത്തി മികച്ച താരങ്ങളെ ടീമിൽ എത്തിക്കും. അവർക്ക് ടീമിലൂടെ ഇ സ്പോർട്സിൽ മികച്ച അവസരങ്ങൾ രൂപപ്പെടുത്തി നൽകുവാനും ശ്രമിക്കും. ” ജിബു ഗിബ്സൺ തുടർന്നു.

” ഇസ്പോർട്സിൽ താല്പര്യമുള്ള താരങ്ങളെ കണ്ടെത്തി അവർക്ക് ഗൈമിങ്ങിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചു കൊടുക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. അവർക്ക് പ്ലെയിങ് ഏരിയയും പരിശീലന മത്സരങ്ങൾക്കായുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കളിക്കാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി ഒരു മെൻറ്റർ. വീഡിയോ ഗെയിമുകൾ രൂപപ്പെടുത്തുന്ന സമ്മർദ്ദങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു മനഃശാസ്ത്രവിദഗ്ധനും ടീമിൽ ഉണ്ടാകും. അതിലൂടെ കൃത്യമായ ബോധവൽക്കരണം നൽകി താരങ്ങളെ ഗെയിമിനോടുള്ള കടുത്ത ആസക്തിയിൽ നിന്നും മാറ്റിനിർത്തുക എന്ന ലക്ഷ്യത്തിന് വേണ്ടിയും ക്ലബ്‌ പ്രവർത്തിക്കും. അവർക്ക് ഭാവിയിലേക്ക് ഒരു കരിയർ കൂടി രൂപപ്പെടുത്തി എടുക്കുന്ന രീതിയിലായിരിക്കും ടീമിന്റെ പ്രവർത്തനം. ” ജിബു ഗിബ്സൺ പറഞ്ഞു നിർത്തി.

For more updates, follow Khel Now on Twitter and join our community on Telegram.