ഏറ്റെടുക്കലിന് ശേഷം കേരള യുണൈറ്റഡ് എഫ്‌സി എന്നാണ് ക്വാർട്സ് എഫ്‌സി അറിയപെടുക.

മറ്റൊരു വൻ ഏറ്റെടുക്കലിന് കൂടി സാക്ഷ്യം വഹിച്ച് ഇന്ത്യൻ ഫുട്ബോൾ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വാർട്സ് എഫ്‌സിയെ ഏറ്റെടുക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡ് എഫ്‌സിയുടെ ഉടമകളായ സൗദി ആസ്ഥാനമായ സ്പോർട്സ് മാനേജ്മെന്റ് സ്ഥാപനമായ  യുണൈറ്റഡ് വേൾഡ് ഗ്രൂപ്പ്‌.

1976ലാണ് കോഴിക്കോട് ആസ്ഥാനമായി ക്വാർട്സ് എഫ്‌സി സ്ഥാപിക്കപ്പെടുന്നത്. തുടർന്ന് ജില്ല ലീഗുകളിലൂടെ വളർന്ന ക്ലബ് പിന്നീട് സംസ്ഥാന ടൂർണമെന്റുകളിലും ദേശീയ തലത്തിലും എത്തുകയായിരുന്നു. 2009ൽ സ്വന്തമായി അക്കാദമി ആരംഭിച്ച ക്ലബ് 2012ൽ ഐ ലീഗ് രണ്ടാം ഡിവിഷനിൽ പങ്കെടുത്തിട്ടുണ്ട്. 2011ലും 2012ലും കോഴിക്കോട് ജില്ല ലീഗ് നേടിയ ക്ലബ് 2017/18 സീസണിൽ ൽ കേരള പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി.

നിലവിൽ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ കീഴിലെ നാലാമത്തെ ക്ലബ്ബാണ് കേരള യുണൈറ്റഡ് എഫ്‌സി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡിനെ കൂടാതെ ബെൽജിയൻ പ്രൊ ലീഗ് ക്ലബ്ബായ ബീർസ്കോട് വിഎ, യുഎഇ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽ ഹിലാൽ എഫ്‌സി എന്നിവരും ഈ സ്ഥാപനത്തിന്റെ കീഴിലുണ്ട്.

” ഞങ്ങളുടെ ലക്ഷ്യം കേരള യുണൈറ്റഡിനെ സമൂഹത്തോട് പ്രതിപത്തിയുള്ള ക്ലബ്ബാക്കി മാറ്റി ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും ഉയർന്ന മേഖലയിൽ കളിപ്പിക്കുക എന്നതാണ്. കഠിനാധ്വാനം കൊണ്ടും പ്രതിബദ്ധത കൊണ്ടും ആരാധകരുടെ ശക്തമായ പിന്തുണ കൊണ്ടും ഇവ നേടിയെടുക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ടീമിന് ശക്തമായ ഒരു അടിത്തറയുണ്ടാക്കുകയും ഒരു നല്ല അക്കാദമിക്ക് രൂപം കൊടുത്ത് പ്രാദേശിക താരങ്ങളെ വളർത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം ” – യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ സിഇഒ അബ്ദുള്ള അത്ഘാദി പ്രതികരിച്ചു

അടുത്ത സീസൺ മുതൽ രണ്ടാം ഡിവിഷൻ ഐ ലീഗിൽ മത്സരിക്കാനും കേരള പ്രീമിയർ ലീഗിൽ സ്ഥിരസാന്നിധ്യമാകാനും ആണ് കേരള യുണൈറ്റഡ് എഫ്‌സി ശ്രമിക്കുന്നത്. പുതിയ സീസൺ വേണ്ടി ഗർഹ്വാൾ എഫ്‌സിയിൽ നിന്ന് ഷെഫീർ മുഹമ്മദിനെയും മോഹൻബഗാൻ ജൂനിയർ ടീമിൽ നിന്ന് ലാൽത്തന്ഖുമ ദുഃവേലയെയും കേരള സന്തോഷ്‌ ട്രോഫി താരം നൈസൺ മൗസൂഫിനേയും ക്ലബ് ടീമിൽ എത്തിച്ചിട്ടുണ്ട്.

For more updates, follow Khel Now on Twitter and join our community on Telegram.