2019-20 ൽ കേരള പ്രീമിയർ ലീഗ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം അംഗം ആയിരുന്നു ഷഹജാസ്.

മുൻ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം ക്യാപ്റ്റൻ ഷഹജാസ് തെക്കനുമായുള്ള കരാർ പൂർത്തിയാക്കാൻ ഗോകുലം കേരള എഫ്സി ഒരുങ്ങുന്നതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. ഈ വർഷം ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട ഐഎസ്എല്ലിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടീമിലേക്ക് താരം സ്ഥാനക്കയറ്റം നേടിയിരുന്നു. നിലവിൽ, സെപ്റ്റംബർ അവസാനത്തോടെ ഷഹജാസ് ടീമുമായി പരസ്പര സമ്മതത്തോടെ വഴി പിരിയുകയായിരുന്നു.

” ഐ ലീഗ് സീസണിന് മുന്നോടിയായി ഷഹജാസ് തെക്കൻ ഗോകുലം കേരള എഫ്‌സിയുമായി കരാർ ഒപ്പിടും. ക്ലബ്ബിന്റെ രണ്ട് വർഷത്തെ കരാറിറിലെ നിബന്ധനകൾ താരം ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്. എല്ലാം കൃത്യമായി മുന്നോട്ടുപോവുകയാണെങ്കിൽ, 2021-22ലെ ഐ-ലീഗ് സീസണിൽ താരം മലബാറിയൻസിന് വേണ്ടി ബൂട്ട് കെട്ടും. ” – ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖെൽ നൗവിനെ അറിയിച്ചു.

2017ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ഷഹജാസ് തെക്കൻ ക്ലബ്ബിന്റെ റിസർവ് നിരയുടെ ഭാഗമായി. ടീമിനൊപ്പം ഐ ലീഗ് രണ്ടാം ഡിവിഷനിലെ കുറച്ചു മത്സരങ്ങളും കളിച്ചിരുന്നു. 2019-20 സീസണിൽ റിസർവ് നിരയോടൊപ്പം കേരള പ്രീമിയർ ലീഗ് ജേതാക്കളായി. ആ വർഷം തന്നെ സീനിയർ ടീമിൽ സ്ഥാനം പിടിക്കും എന്ന് കരുതിയെങ്കിലും പരിക്ക് വില്ലനായി.

തുടർന്ന് റിസർവ് നിരയുടെ ക്യാപ്റ്റനായ ഷഹജാസ് ക്ലബ്ബിനൊപ്പം ഈ വർഷം ആദ്യം നടന്ന കേരള പ്രീമിയർ ലീഗിൽ കളിക്കളത്തിൽ കാഴ്ചവച്ച മികച്ച പ്രകടനവും, വർഷങ്ങളായി അദ്ദേഹം പ്രകടിപ്പിച്ച സ്ഥിരതയും, കേരള ബ്ലാസ്റ്റേഴ്സ് പ്രീ-സീസൺ ടീമിൽ ഇടം നേടാൻ താരത്തെ സഹായിച്ചു. നിലവിൽ, പ്രീ സീസണിന്റെ ഭാഗമായി ക്ലബ് കൊച്ചിയിൽ കുറച്ച് സൗഹൃദമത്സരങ്ങൾ കളിക്കുകയും ഡ്യുറണ്ട് കപ്പിൽ പങ്കെടുക്കുകയും ചെയ്ത സമയത്ത് താരത്തിന് പരിമിതമായ അവസരങ്ങൾ മാത്രമാണ് ലഭിച്ചത്. ഇതാകാം ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിക്കാനുള്ള കാരണം എന്ന് കരുതപ്പെടുന്നു.

ഈ വാർത്തയെ പറ്റിയുള്ള സ്ഥിരീകരണത്തിനായി ഖേൽ നൗ ഷഹജാസിനെ സമീപിച്ചപ്പോൾ താരം പ്രതികരിക്കാൻ വിസമ്മതിക്കുകയാണ് ഉണ്ടായത്.

ഗോകുലം കേരളത്തിന്റെ പ്രീ-സീസൺ തയ്യാറെടുപ്പുകൾ

കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പം നിലവിലെ ഡ്യുറണ്ട് കപ്പ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സി ഈ വർഷത്തെ ടൂർണമെന്റിലും പങ്കെടുത്തിരുന്നു. ആർമി റെഡ്, ഹൈദരാബാദ് എഫ്സി, അസം റൈഫിൾസ് എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിൽ നിന്ന് ക്ലബ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയെങ്കിലും ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് മുഹമ്മദൻസ് എസ്‌സി അവരെ പരാജയപ്പെടുത്തി. ഡ്യൂറൻഡ് കപ്പിൽ നിന്നും അവർ പുറത്തായെങ്കിലും കഴിഞ്ഞ വർഷം കേരളത്തിലേക്ക് എത്തിച്ച ഐ ലീഗ് കിരീടം ഈ സീസണിലും നിലനിർത്താനാണ് ഗോകുലം കേരള എഫ്സി കച്ച മുറുക്കുന്നത്.

മുഖ്യ പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ ആനിസിന്റെ നേതൃത്വത്തിൽ, ഗോകുലം കേരള ഇതിനകം തന്നെ പുതിയ താരങ്ങളെ ക്ലബ്ബിൽ എത്തിച്ചിട്ടുണ്ട്. വിദേശ താരങ്ങളായി റഹീം ഒസുമാനു, എൽവിസ് ചിക്കത്താര, അമിനോ ബൗബ എന്നിവർ ക്യാപ്റ്റൻ ഷെരീഫ് മുഖമ്മദിനൊപ്പം അണിനിരക്കുന്നു. മുഹമ്മദ് ഉവൈസ്, രക്ഷിത് ദാഗർ, ദീപക് സിംഗ്, കൃഷ്ണാനന്ദ സിംഗ് തുടങ്ങിയവ ഇന്ത്യൻ താരങ്ങളെയും ക്ലബ്ബ് തട്ടകത്തിൽ എത്തിച്ചിട്ടുണ്ട്.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.